ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനം നടക്കുന്ന പൂനെയിലെ പിച്ചിനെ കുറിച്ച് ക്യൂറേറ്റര്‍ മുന്‍കൂര്‍ വിവരം ചോര്‍ത്തി നല്‍കിയതായി പരാതി. ഇന്ത്യ ടുഡെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. പൂനെയിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതാണെന്നു ക്യൂറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗൗങ്കര്‍ തന്നെ സമീപിച്ച ഇന്ത്യ ടുഡെ ചാനല്‍ സംഘത്തിനു വിവരം നല്‍കിയെന്നാണ് ആരോപണം. വാതുവയ്പ്പുകാരെന്ന വ്യാജേനയാണ് ചാനല്‍ സംഘം ക്യുറേറ്ററെ സമീപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുമെന്നും 337 റണ്‍സ് വരെ പിന്തുടര്‍ന്നു വിജയിക്കാന്‍ കഴിയുമെന്നുമാണ് സാല്‍ഗൗങ്കര്‍ വെളിപ്പെടുത്തിയത്.
ക്രിക്കറ്റ് നിയമങ്ങളുടെ കടുത്ത ലംഘനമാണ് ക്യൂറേറ്റര്‍ നടത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗികവിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഗൗരവതരമായ നടപടികള്‍ ആലോചിക്കുമെന്നും അധികൃതര്‍ പറയുന്നു. ഒരുപക്ഷേ ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനമത്സരം റദ്ദ് ചെയ്യാനും സാധ്യതയുണ്ട്.
https://www.facebook.com/IndiaToday/videos/10156435969822119/
മുന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം കൂടിയായ സാല്‍ഗൗങ്കര്‍ക്കെതിരേ കടുത്ത ശിക്ഷ നടപടി സ്വീകരിക്കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചു. സാല്‍ഗൗങ്കറെ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന് എംസിഎയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിസിസഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. കുറ്റം ചെയ്തതായി വ്യക്തമായി തെളിഞ്ഞാല്‍ സാല്‍ഗൗങ്കറിനെതിരേ കൂടുതല്‍ ശിക്ഷനടപടടികള്‍ വരുമെന്നും ചൗധരി അറിയിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇതേ പിച്ചില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തെക്കുറിച്ച് ഐസിസിയടക്കം പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യയെ 333 റണ്‍സിനാണ് അന്ന് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നുമായി ഇന്ത്യ നേടിയത് 105, 107 എന്നീ സ്‌കോറുകളായിരുന്നു.
വിവാദത്തില്‍പ്പെട്ട സാല്‍ഗൗങ്കര്‍ 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര രഞ്ജി ട്രോഫി ടീമിന്റെ ചീഫ് സിലക്ടര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.