കൊട്ടിഗ്‌ഘോഷിച്ച് കൊണ്ടുവന്ന ടീമിന്റെ കോച്ച് റെനെ മ്യൂളന്‍സ്റ്റീനെ പുറത്താക്കി ഞെട്ടിച്ച ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്, ഒരു സൂപ്പര്‍ താരത്തെ കൂടി കൈവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ബള്‍ഗേറിയക്കാരന്‍ ദിമിദര്‍ ബെര്‍ബെറ്റോവിനെയാണ് ടീമില്‍ നിന്നും പുറത്താക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍ വരുന്നത്.
ഐഎസ്എല്ലിന്റെ നാലാം സീസണില്‍ തുടര്‍ തോല്‍വി കാരണം പോയിന്റ് പട്ടികയിലും സെമി സാധ്യതയും മങ്ങിനില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ആറ് കളികള്‍ മാത്രമാണ് ബെര്‍ബറ്റോവ് കളിച്ചത്. 36 കാരനായ ബെര്‍ബറ്റോവയുടെ ഫോം തീര്‍ത്തും മോശമായിരുന്നു. പരിക്കും താരത്തെ അലട്ടി. പന്തിന് പിറകേ ഓടാനാവാതെ ബെര്‍ബ കിതക്കുന്നത് കാണേണ്ടിയും വന്നു. അതികായനായ വിദേശ താരം ടീമിലെത്തിയ സന്തോഷത്തില്‍ ആരാധകര്‍ അത്ഭുതം പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.
ഡേവിഡ് ജെയിംസ് കോച്ചായതിന് ശേഷം ഒറ്റ കളിയില്‍ മാത്രമാണ് ബെര്‍വ ജഴ്‌സിയണിഞ്ഞത്. ജനുവരിയിലുള്ള ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാനായി ബെര്‍ബയെ പുറത്താക്കാന്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനമെന്നാണ് സ്‌പോര്‍ട്‌സ്‌കീഡ എന്ന കായിക വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.