ശ്രീലങ്കയില്‍ ഇടതുപക്ഷ പ്രസിഡന്റോ?

രണ്ടാം ഘട്ട വോട്ടെണ്ണലിലായിരിക്കും വിജയെ തീരുമാനിക്കുക

anura dissanayake

അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റ് ആകുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദിസ്സനായകെ ആണ് ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് മുന്നില്‍ നില്‍ക്കുന്നത്. എങ്കിലും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടിയെങ്കില്‍ മാത്രമാണ് ദിസ്സനായകെ ഔദ്യോഗികമായി വിജയിയാകുകയുള്ളൂ. ഇടതുപക്ഷ നേതാവിന് ആ ഒരു സംഖ്യയിലേക്ക് എത്താന്‍ ആയിട്ടില്ല. മാര്‍ക്‌സിസ്റ്റ് ജെവിപിയുടെ വിശാല മുന്നണിയായ നാഷണല്‍ പീപ്പിള്‍സ് പവറിന്റെ(എന്‍പിപി) സ്ഥാനാര്‍ത്ഥിയായാണ് പിപ്പീള്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവായ ദിസനായകെ പ്രസിഡന്റാകാന്‍ മത്സരിക്കുന്നത്.

ഞായറഴാച്ച രാവിലെ മുതല്‍ പുറത്തു വരാന്‍ തുടങ്ങിയ ഫല സൂചികകള്‍ അനുസരിച്ച് 39 ശതമാനം വോട്ടുകളാണ് ദിസനായകെ നേടിയിരിക്കുന്നത്. 34 ശതമാനം വോട്ടുകള്‍ നേടി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസ പിന്നിലുണ്ട്. ശനിയാഴ്ച്ചയായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഗോതബായ രാജപക്‌സയെ അധികാര കസേരയില്‍ നിന്നു പുറത്താക്കിയ ജനപ്രക്ഷോഭം ആരംഭിച്ച 2022 ന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാവശ്യമായ വോട്ടുകള്‍ നേടാനായില്ലെങ്കില്‍, രണ്ടാം ഘട്ട വോട്ടെണ്ണല്‍ നടത്തുകയും അതില്‍ വോട്ടര്‍മാരുടെ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും തീരുമാനം എന്തായിരുന്നുവെന്നു കൂടി കണക്കാക്കി ഫല പ്രഖ്യാപനം നടത്തുകയായിരിക്കും ചെയ്യുക. വോട്ടെടുപ്പില്‍ വോട്ടര്‍മാരോട് മൂന്നു സ്ഥാനാര്‍ത്ഥികളെ മുന്‍ഗണന ക്രമത്തില്‍ അടയാളപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ രണ്ടാമതൊരു വോട്ടെടുപ്പ് നടക്കില്ല.

ഇത്തരത്തില്‍ രണ്ടാംഘട്ട വോട്ടെണ്ണലിലേക്ക് കാര്യങ്ങള്‍ പോകുകയാണെങ്കില്‍ അത് ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. 1982 മുതല്‍ നടന്നിരിക്കുന്ന എട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഒന്നാം ഘട്ട വോട്ടെണ്ണലില്‍ തന്നെ വിജയിയെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തേത് രാജ്യ ചരിത്രത്തില്‍ തന്നെ ഏറെ നിര്‍ണായകമായ ഒന്നാണ്.

17 ദശലക്ഷം ജനങ്ങളാണ് ശനിയാഴ്ച്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചത്. ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും സമാധനപരമായ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. എങ്കിലും ജനങ്ങളുടെ സുരക്ഷയെ മാനിച്ച് രാജ്യത്ത് ശനിയാഴ്ച്ച രാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ച്ച രാവിലെ ഫലപ്രഖ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ ദിസനായകെയുടെ ലീഡ് കുതിച്ചുയരുകയായിരുന്നു. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെ പ്രമുഖ്യ വ്യക്തിത്വങ്ങളെല്ലാം ദിസനായകയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ ദിസനായകെയുടെ കുതിപ്പിന് തിരിച്ചടി നേരിടുകയായിരുന്നു. പലഘട്ടങ്ങളിലും പ്രേമദാസെ അദ്ദേഹത്തിന് കന്നത്ത വെല്ലുവിളി ഉയര്‍ത്തി ഒപ്പത്തിനൊപ്പം എത്തി.

നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇതുവരെ അദ്ദേഹത്തിന് കിട്ടിയിരിക്കുന്നത് 17 ശതമാനം വോട്ടുകള്‍ മാത്രമാണ്.

ആരാണ് പുതിയ പ്രസിഡന്റ് എങ്കിലും വലിയ വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. രാജ്യം പരമദരിദ്രമായ അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നേരിയ അയവെങ്കിലും വരുത്താന്‍ പുതിയ ഭരണാധികാരിക്ക് കഴിയാത്ത പക്ഷം ജനരോഷം തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. രാജപക്‌സെ ഭരണകൂടത്തിനെതിരേ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച കലാപത്തിന്റെ തീ ഇപ്പോഴും രാജ്യത്ത് അണഞ്ഞിട്ടില്ല. ആ സമയത്ത്, ശ്രീലങ്കയുടെ വിദേശ കറന്‍സി ശേഖരം ശൂന്യമായിരുന്നു, ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് രാജ്യത്തിന് കഴിഞ്ഞില്ല. പൊതുകടം 83 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, പണപ്പെരുപ്പത്തിന്റെ തോത് 70 ശതമാനമായി ഉയര്‍ന്നു. പെട്രോളിനും കുടിവെള്ളത്തിനും പാചക വാതകത്തിനുമൊക്കെയായി ജനം ദിവസങ്ങളാണ് ക്യൂവില്‍ നിന്നത്. കാര്യങ്ങളൊന്നും ഇപ്പോഴും നേരെയായിട്ടില്ല. ജന ജീവിതത്തിന്റെ നിലവാരം ഇനിയും ഉയരാനുണ്ട്. വലിയ പ്രതിസന്ധികള്‍ തന്നെയാണ് മുന്നില്‍ കിടക്കുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ജനങ്ങളെ പട്ടിണിയിലും ദാരിദ്ര്യത്തിലേക്കും തള്ളിയിട്ടത്. ആരോടും വ്യക്തമായ പിന്തുണ നല്‍കാന്‍ ജനം തയ്യാറാകാതെ നില്‍ക്കുന്നതിന് കാരണവും രാഷ്ട്രീയക്കാരിലുള്ള വിശ്വാസ്യത കുറവാണ്. രാജപകസെ കുടുംബം ശ്രീലങ്കയെ പത്തുവര്‍ഷത്തോളം കൊള്ളയടിക്കുകയായിരുന്നുവെന്നാണ് ജനത്തിന്റെ ആരോപണം. അതിനുള്ള അവരുടെ രോഷമായിരുന്നു ശ്രീലങ്കയില്‍ കത്തിയെരിഞ്ഞത്. പ്രസിഡന്റിന്റെ വസതിയടക്കം പ്രക്ഷോഭകാരികള്‍ തകര്‍ത്തിരുന്നു.

ഉല്‍പ്പാദനം, കൃഷി, ഐടി മേഖലകള്‍ വികസിപ്പിക്കുമെന്നായിരുന്നു ദിസനായകെയുടെ വാഗ്ദാനം. നികുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനും നികുതി അടിത്തറ വിപുലപ്പെടുത്തുന്നതിനും താന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

25 പുതിയ വ്യാവസായിക മേഖലകള്‍ സ്ഥാപിക്കുന്നതിനൊപ്പം ഐടിയുടെ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുമെന്നായിരുന്നു സജിത് പ്രേമദാസയുടെ വാഗ്ദാനം. രാജ്യത്തിന്റെ ഏറ്റവും വലിയ വിദേശ കറന്‍സി വരുമാനമായി മാറുന്നതിന് ടൂറിസം മേഖലയെ വളര്‍ത്തിയെടുക്കുമെന്നതും പ്രേമദാസെ നല്‍കിയ വാഗ്ദാനമായിരുന്നു.

വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുമെന്നും വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ദേശീയ സമ്പത്ത് ഫണ്ടും പുതിയ സാമ്പത്തിക മേഖലകളും സ്ഥാപിക്കുമെന്നുമായിരുന്നു റനില്‍ വിക്രമസിംഗെ പ്രചാരണ വേളയില്‍ പറഞ്ഞത്.

നിലവിലെ ഫല സൂചനകള്‍ നല്‍കുന്നത് ജനം ആരെയും കണ്ണടച്ച് വിശ്വസിച്ചിട്ടില്ലെന്നാണ്. srilankan president election left leader anura kumara dissanayake leading 

Content Summary; Srilankan president election left leader Anura Kumara Dissanayake leading

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment