ആദ്യം മുഖ്യമന്ത്രി, പിന്നാലെ പാര്‍ട്ടിയും തള്ളിയതോടെ പി വി അന്‍വര്‍ എന്ന ഇടത് സ്വതന്ത്രന്റെ രാഷ്ട്രീയം വീണ്ടും വഴി മാറുമെന്ന് ഉറപ്പ്. ശനിയാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായി തന്നെ അന്‍വറിന് മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും നിലമ്പൂര്‍ എംഎല്‍എയെ പാടെ തള്ളിയിരിക്കുകയാണ്. പാര്‍ട്ടിക്കും സര്‍ക്കാരിനും അന്‍വര്‍ ക്ഷീണമുണ്ടാക്കിയെന്നാണ് സിപിഎം പറയുന്നത്. ഇത് തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപവും.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയ പരാതികളില്‍ അന്വേഷണം, സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും നടന്നുകൊണ്ടിരിക്കെ ഗവണ്‍മെന്റിനും പാര്‍ട്ടിക്കുമെതിരേ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വഴി ആരോപരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് പാര്‍ട്ടി നടത്തുന്ന കുറ്റവിചാരണ. പി വി അന്‍വറിനോട് യാതൊരു തരത്തിലും പാര്‍ട്ടി യോജിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നാണ് പരാതി. ഇതോടെ അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങളിലും ഇനിയുണ്ടാകുന്ന നടപടികള്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയായിരുന്നു അന്‍വര്‍ പ്രധാനമായി ലക്ഷ്യം വച്ചത്. മുഖ്യമന്ത്രി ശശി കൈവിടാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയും അതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പരാതി പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍മാഷ് അന്‍വറിനോട് പറഞ്ഞതാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള പരിശോധനയോ അന്വേഷണമോ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ പ്രസ്താവനയില്‍ പറയുന്നത്, അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനെയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളാണെന്നാണ്. അന്‍വറിനോട് തിരുത്താനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ക്ക് പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നു കൂടി ഇന്നത്തെ പ്രസ്താവനയില്‍ വ്യംഗ്യമായി സൂചിപ്പിട്ടുണ്ട്.
ശനിയാഴ്ച്ചത്തെ വാര്‍ത്തസമ്മേളനത്തില്‍ കരുതികൂട്ടി, സമയമെടുത്ത് തന്നെയാണ് പിണറായി വിജയന്‍ നിലമ്പൂര്‍ എംഎല്‍എയ്‌ക്കെതിരേയുള്ള നിലപാട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. അന്‍വറിനെ ഒരുഘട്ടത്തില്‍ പോലും പിന്തുണയ്ക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അദ്ദേഹത്തോടുള്ള നീരസം മുഖ്യമന്ത്രിയുടെ വാക്കുകളിലെല്ലാം നിഴലിച്ചിരുന്നു. ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്തു കൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ കാര്യമാക്കില്ലെന്നുമാണ് പിണറായി തറപ്പിച്ചു പറഞ്ഞത്.
അന്‍വര്‍ അദ്ദേഹത്തിനുള്ള പരാതി പാര്‍ട്ടിയിലോ തന്നോടോ പറയാതെ, പരസ്യമായി പറഞ്ഞതിലാണ് പിണറായിയുടെ നീരസം. കൂട്ടത്തില്‍ നില്‍ക്കുന്നൊരാള്‍ സ്വീകരിക്കേണ്ട നിലപാട് അതല്ലായിരുന്നുവെന്നാണ് അന്‍വറിനോടുള്ള അതൃപ്തിയായി മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.
പി ശശിയെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ശശിയെ പാര്‍ട്ടിയാണ് തന്റെ ഓഫിസിലേക്ക് നിയോഗിച്ചിരിക്കുന്നതെന്നും, മാതൃകാപരമായ പ്രവര്‍ത്തികളാണ് അദ്ദേഹം നടത്തുന്നതെന്നുമാണ് പിണറായിക്ക് പറയാനുള്ളത്.
അന്‍വര്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന പരാതികളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് പിണറായി വിജയന്റെ ഇന്നത്തെ വാര്‍ത്തസമ്മേളനം വ്യക്തമാക്കുന്നത്. രണ്ടുവട്ടം തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചശേഷം മാത്രം തന്നെ വന്നു കണ്ടതില്‍ അന്‍വറിനോട് പിണറായിക്ക് കടുത്ത നീരസമാണ്. അന്‍വറിന് കോണ്‍ഗ്രസ് പാരമ്പര്യമാണുള്ളതെന്ന കുറ്റപ്പെടുത്തലും അതിന്റെ ഭാഗമായിരുന്നു.
മുഖ്യമന്ത്രി തഴഞ്ഞതോടെ പാര്‍ട്ടിയും സമാന നിലപാട് തന്നെ അന്‍വറിന്റെ കാര്യത്തില്‍ എടുക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അന്‍വറിന് ഇടതുപക്ഷത്ത് നിന്ന് തന്നെ ധാരാളം അനുയായികളുണ്ട്. അവരെയെല്ലാം പിണക്കി കൊണ്ട് പരസ്യമായൊരു നിലപാട് പാര്‍ട്ടി എടുക്കില്ലെന്ന് കരുതിയവരുമുണ്ട്. എന്നാല്‍, വ്യക്തികളെക്കാള്‍ വലുത് പാര്‍ട്ടിയാണെന്ന സന്ദേശം എല്ലാവര്‍ക്കും നല്‍കുകയാണെന്ന തരത്തിലാണ്, പാര്‍ട്ടിയെ അനുസരിച്ച് നിന്നാല്‍ ഒപ്പം നില്‍ക്കാം അല്ലെങ്കില്‍ സ്വന്തം വഴി നോക്കാമെന്ന താക്കീത് പാര്‍ട്ടി സെക്രട്ടറിയേറ്റ് വക നല്‍കിയിരിക്കുന്നത്.
അന്‍വറിനെ തള്ളി, ശശിയെ തുണച്ചു; കൂറ് വ്യക്തമാക്കി മുഖ്യമന്ത്രി
ഇപ്പോള്‍ എല്ലാവരും നോക്കുന്നത്, അന്‍വറിന്റെ വഴിയിന് ഏതെന്നാണ്. മുസ്ലിം ലീഗില്‍ നിന്ന് ക്ഷണം വന്നു കഴിഞ്ഞു. നേതൃത്വത്തിന്റെതല്ലെങ്കിലും, നേതാക്കളില്‍ പലരും അന്‍വറിനെ ആഗ്രഹിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ കോണ്‍ഗ്രസിലേക്കും ക്ഷണിച്ചിട്ടുണ്ട്. അന്‍വര്‍ വന്നാല്‍ അതിന്റെതായ ഗുണം കിട്ടുമെന്ന് അവര്‍ക്ക് അറിയാം. അത് കേവലം നിലമ്പൂര്‍ മണ്ഡലത്തെ ആശ്രയിച്ചു മാത്രമല്ല, സിപിഎമ്മിനും പിണറായി വിജയനും എതിരേ പ്രയോഗിക്കാവുന്ന ഏറ്റവും നല്ലൊരു ആയുധം കൂടിയായതുകൊണ്ടാണ്. ഒരുപരിധി വരെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ അന്‍വറിനെ കൊണ്ട് കഴിയും, അതിപ്പോഴെ സാധിച്ചിട്ടുമുണ്ട്. പൊലീസിലെ സംഘപരിവാര്‍ ബന്ധം, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പ്രത്യേക അജണ്ടകള്‍, ഇതൊന്നും കൂടാതെ മുഖ്യമന്ത്രി സംശയത്തിന്റെ മറയില്‍ നിര്‍ത്താനും ഇപ്പോഴത്തെ ആരോപണങ്ങള്‍ കൊണ്ട് അന്‍വരിന് സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഒന്നും പറയില്ലെന്നാണ് ഇപ്പോഴും പറയുന്നതെങ്കിലും പരോക്ഷമായി മുഖ്യമന്ത്രിയുടെ ഇമേജിന് പരിക്കേല്‍പ്പിക്കാന്‍ അദ്ദേഹം കാരണമായിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഒരുകാര്യത്തില്‍ തീരുമാനമായിട്ടുണ്ട്, നിലവിലെ ആരോപണങ്ങള്‍ തുടരാന്‍ ഇടതുപക്ഷത്ത് നിന്നുകൊണ്ട് അന്‍വറിന് സാധിക്കില്ല. പാര്‍ട്ടി ശക്തമായി തടയും. ഒരുപക്ഷേ അന്‍വര്‍ ആഗ്രഹിക്കുന്നതും അതായിരിക്കും. താനാട്ടി പോകാതെ, തന്നെ പുറത്താക്കുന്ന തരത്തിലുള്ള നടപടി വന്നാല്‍, അത് സ്വന്തം ഇമേജിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നുണ്ടാകും. അങ്ങനെ വന്നാല്‍ ഇടതുപക്ഷ അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും കിട്ടും. വരുന്ന തെരഞ്ഞെടുപ്പിലും സഹായിക്കും. പക്ഷേ, അപ്പോഴും അന്‍വര്‍ പേടിക്കേണ്ട ചില കാര്യങ്ങളുണ്ട്. അന്‍വറിനെതിരേയും വലിയ പരാതികളും ആരോപണങ്ങളുമുണ്ട്. അവയുടെ കാര്യത്തില്‍ സിപിഎമ്മും മുഖ്യമന്ത്രിയും എന്ത് തീരുമാനങ്ങള്‍ എടുക്കുമെന്നതാണത്. അന്‍വര്‍ പാര്‍ട്ടിയെ വെറുതെ വിടുന്നില്ലെങ്കില്‍ അന്‍വറിനെയും വെറുതെ വിടാന്‍ പാര്‍ട്ടിയും തയ്യാറാകില്ലല്ലോ! After CM Pinarayi Vijayan’s CPM issued a warning to PV Anvar mla, what will be Anvars next move?
Content Summary; After CM Pinarayi Vijayan’s CPM issued a warning to PV Anvar mla, what will be Anvars next move?