February 13, 2025 |
Share on

ഭിക്ഷ ചോദിക്കരുത്, കൊടുക്കരുത്; ഇന്‍ഡോറില്‍ പുതിയ നിയമം

നിരവധി മാഫിയ സംഘങ്ങളെ അടുത്തിടെ ഭരണകൂടം പിടികൂടുകയും ഭിക്ഷാടനം നടത്തിയിരുന്നവരെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു

മധ്യപ്രദേശിലെ ഇൻഡോറിൽ യാചകർക്ക് പണം നൽകുന്നവർക്കെതിരെ 2025 ജനുവരി ഒന്ന് മുതൽ കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങി ഭരണകൂടം. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ആശിഷ് സിങ്ങ് പറഞ്ഞു. ഭിക്ഷാടനത്തിനെതിരായ തങ്ങളുടെ ബോധവൽക്കരണം ഈ മാസം അവസാനം വരെ നടക്കുമെന്നും ജനുവരി ഒന്ന് മുതൽ ആരെങ്കിലും യാചകർക്ക് പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും കളക്ടർ പറഞ്ഞു. ഭിക്ഷ നൽകി പാപികളാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ആശിഷ് സിങ്ങ് പറഞ്ഞു. Indore bans begging

നിരവധി മാഫിയ സംഘങ്ങളെ അടുത്തിടെ ഭരണകൂടം പിടികൂടിയെന്നും ഭിക്ഷാടനം നടത്തിയിരുന്നവരെ പുനരധിവസിപ്പിച്ചുവെന്നും ആശിഷ് സിങ്ങ് അറിയിച്ചു. ഭിക്ഷാടനം ഇല്ലാതാക്കുന്നതിനുള്ള കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ പൈലറ്റ് പ്രോജക്ടിന്റെ ഭാ​ഗമായി തിരഞ്ഞെടുത്ത പത്ത് ന​ഗരങ്ങളിലൊന്നാണ് ഇൻഡോർ. ഡൽഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, മുംബൈ, നാഗ്പൂർ, പട്ന, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങൾ. യാചകർക്ക് പണം നൽകുന്നത് അവസാനിപ്പിക്കുന്നതിലൂടെ ഭിക്ഷാടനം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഭരണകൂടം കണക്കാക്കുന്നത്.

ബിഎൻഎസിൻ്റെ സെക്ഷൻ 163 പ്രകാരം ഈ വർഷം ജൂലൈയിലാണ് ഭിക്ഷാടനം നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സെപ്റ്റംബർ 14ന് ഓർഡർ കാലഹരണപ്പെട്ടു. ദാനം നൽകുന്നവരെയും വാങ്ങുന്നവരെയും കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിയാതെ വന്നു. ഈ കാലയളവിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 35-ലധികം കുട്ടികളെ ഡബ്ല്യുസിഡി ടീമുകൾ രക്ഷപ്പെടുത്തി സർക്കാർ അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചു.

കഴിഞ്ഞയാഴ്ച ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിക്കുന്നതിനിടെ ഡബ്ല്യുസിഡി രക്ഷപ്പെടുത്തിയ വയോധികയ്ക്ക് ഒരാഴ്ചയ്ക്കിടെ ഭിക്ഷയായി ലഭിച്ചത് 75,000 രൂപയാണ്. 60 കാരിയായ സ്ത്രീയെ ഉജ്ജയിനിലെ സേവധാം ആശ്രമത്തിൽ പാർപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെ സമീപിക്കുകയും ചെയ്തു.

ഈ വർഷം ഫെബ്രുവരിയിൽ കുട്ടികളെ ഭിക്ഷാടനത്തിന് പ്രേരിപ്പിച്ചതിന് ലുവ്കുഷ് സ്‌ക്വയറിൽ ഒരു സ്ത്രീയെ പിടികൂടിയതിനെ തുടർന്നാണ് ഭിക്ഷാടനത്തിനെതിരെ നടപടി ആരംഭിച്ചത്. കുട്ടികളെ ഭിക്ഷാടനത്തിനിറക്കിയതിലൂടെ വീടും മോട്ടോർ സൈക്കിളും സ്‌മാർട്ട്‌ഫോണുമടക്കം സ്ത്രീ സമ്പാദിച്ചുവെന്നത് അധികാരികളെ ഞെട്ടിച്ചു. വെറും ആറ് മാസത്തെ ഭിക്ഷാടനത്തിലൂടെ 2.5 ലക്ഷം രൂപയാണ് അവർ സമ്പാദിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. Indore bans begging
Content Summary: Starting January 1, cases will be filed against those who give money to beggars in Indore

Indore Anti-begging initiative Law enforcement Begging regulation

×