ഒരു പോസ്റ്റര്‍ മേക്കിങ് അപാരത

ശരീരം ക്യാന്‍വാസാക്കിയ ഫേസസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍

നീലേഷ് ഇ കെ എന്ന നവാഗതനായ സംവിധായകന്റെ പുതിയ ചിത്രം ഫേസസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിക്കൊണ്ടിരിക്കുകയാണ്. കലേഷ് രാമാനന്ദും ഹന്നാ റജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ബോഡി പെയിന്റിങ് ചെയ്ത ഈ പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്. ടോപ്പ്‌ലെസ് ആയി വന്ന നായകന്റെയും നായികയുടെയും ദേഹത്ത് തീർത്ത പോസ്റ്റർ വളരെ ആകർഷകവും വേറിട്ട ചിന്തയുമാണ്. ഒരുപക്ഷെ മലയാള സിനിമയിൽ ആദ്യമായി ആയിരിക്കാം ബോഡി പെയിന്റി്ങ് പോസ്റ്ററിനായി ഉപയോഗിക്കുന്നത്.

യഥാർഥ പെയിന്റിങ് കലാകാരന്മാരെ ഉപയോഗിച്ച് ഒരുപാട് സമയത്തെ പ്രയത്‌നത്തിനൊടുവിലാണ് ചിത്രം വരച്ച് അവസാനിപ്പിച്ചത്. പോസ്റ്ററിനോടൊപ്പം പുറത്തിറങ്ങിയ ബിഹൈന്റ് ദി സീൻ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഛായക്കൂട്ടിനിടയിൽ രണ്ടുപേർ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിൽ കലേഷും ഹന്നയും നിൽക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനു വേണ്ടി ഇരുവരും ക്യാൻവാസായി മാറിയപ്പോൾ ലഭിച്ചത് ക്രിയാത്മാകവും ആകർഷണീയവുമായ ഒരു കലാസൃഷ്ടിയാണ്.

പോസ്റ്റർ ആളുകളിലേക്ക് എത്തുമ്പോൾ അത് ശ്രദ്ധിക്കപ്പെടുന്നതിനോടൊപ്പം എന്തെങ്കിലുമൊന്ന് ക്രിയാത്മകമായി അതിൽ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് ഒരു പുതിയ തരം വിഷ്വൽ ട്രീറ്റ്‌മെന്റ് നൽകുന്ന ചിത്രമായിരിക്കും ഫേസസ്, അപ്പോൾ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അത്തരത്തിൽ വേറിട്ടതായാൽ നന്നായിരിക്കുമെന്ന് തോന്നി. പെയിന്റിങ് സിനിമയുടെ കഥയുമായി വളരെയധികം കണക്ടഡ് ആണ്. ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളും പെയിന്റിങ് ചെയ്യുന്ന, ഇഷ്ടപ്പെടുന്ന ആളുകളാണ്. അങ്ങനെ ഈ സബ്ജക്ട് മനുവുമായി സംസാരിക്കുമ്പോൾ അദ്ദേഹം തന്നെയാണ് ഈയൊരു കോൺസെപ്റ്റിനെക്കറിച്ച് പറഞ്ഞത്. കേട്ടപ്പോൾ എനിക്കും വളരെ ആകർഷണീയമായി തോന്നി, മലയാള സിനിമയിൽ ഇതുവരെ ഇങ്ങനെ ഒരു പോസ്റ്റർ വന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംവിധായകൻ നീലേഷ് പറയുന്നു.

ഫേസസ് എന്ന സിനിമയുടെ ഭാഗമായിരുന്നില്ല ഞാൻ ആദ്യം, ഷൂട്ടിങ് എല്ലാം കഴിഞ്ഞ ശേഷമാണ് നീലേഷ് എന്നെ കാണാൻ വരുന്നത്. സിനിമയുടെ കഥ കേട്ടപ്പോൾ ഇതൊരു റൊമാന്റിക് ത്രില്ലർ ആണ്, പെയിന്റിങിനും പ്രാധാന്യമുണ്ട് പിന്നെ കഥയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു മലയാളത്തിൽ അധികം കണ്ട് വന്നിട്ടില്ലാത്ത ഒരു കഥയാണ് സിനിമയുടേത്. മറ്റു സിനിമകളെ അപേക്ഷിച്ച് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട കുറെ എലമെന്റുകളും ചിത്രത്തിൽ ഉണ്ടായിരുന്നു, അതുകൊണ്ട് പോസ്റ്ററിനും ധാരാളം സാധ്യതകളുണ്ടായിരുന്നു, അപ്പോഴാണ് ഞാൻ നീലേഷിനോട് പറഞ്ഞത് ബോഡി പെയിന്റിങ് ചെയ്താലോ എന്ന്. അതിന് ഒരുപാട് റിസ്‌കുകളും ഉണ്ട് നായകന്റെയും നായികയുടെയും സമ്മതമാണ് ഏറ്റവും പ്രധാനം. നാല്, അഞ്ച് പ്ലാനുകൾ ബാക്കപ്പ് ആയി ഉണ്ടായിരുന്നു അതിൽ നിന്നും ഇതാണ് സ്‌ട്രൈക്കിങ് ആയി തോന്നിയത്, അങ്ങനെ ബോഡി പെയിന്റിങ് എന്ന കോൺസെപ്റ്റ് എടുക്കുകയായിരുന്നു. മൂന്ന്, മൂന്നര മണിക്കൂർ സമയമെടുത്താണ് പെയിന്റിങ് പൂർത്തിയാക്കിയത് അത്രയും സമയം ഹന്നയും കലേഷും ക്ഷമയോടെ നിന്നു. അനന്തു എന്ന് പറയുന്ന തിരുവനന്തപുരത്ത് നിന്നുള്ള ആർട്ടിസ്റ്റാണ് ചിത്രം വരച്ചതൊക്കെ. അതിനിടയിലും കുറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, അപ്പോഴും ഇത്തരത്തിലുള്ള ഒരു പോസ്റ്ററിലെ വ്യത്യസ്തത ആളുകൾക്ക് ഇഷ്ടപ്പെടും എന്ന് തോന്നിയത് കൊണ്ട് ഞാൻ അതിൽ ഉറച്ച് നിൽക്കുകയായിരുന്നു. പോസ്റ്റർ ഡിസൈനർ മാമിജോ വ്യക്തമാക്കി.

ഇത്രയും മനോഹരമായ കലാസൃഷ്ടി ഉണ്ടായപ്പോഴും അതിലെ ന​ഗ്നത മാത്രം കാണാനും അത് വിഷയമാക്കാനും ധാരാളം മലയാളികൾ രം​ഗത്തെത്തിയത് കൂടി പറയാതെ വയ്യ. പോസ്റ്ററിൽ അഭിനയിച്ചവർക്കെതിരെയും കമന്റുകളിട്ടാണ് ഇത്തരക്കാർ തങ്ങളുടെ ഉള്ളിൽ വിങ്ങിക്കിടക്കുന്ന സംസ്കാരം പുറത്തെടുത്തത്.

SVKA മൂവീസിൻ്റെ ബാനറിൽ SKR, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നീലേഷ് ഇ.കെ. ആണ്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി.കെ. ഹരിനാരായണൻ്റെതാണ് വരികൾ.

സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർജെ വിജിത, മറീന മൈക്കിൾ, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ. strange first look poster of the movie faces

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ അണ്ണാമലൈ ഈശ്വർ, പ്രൊഡക്‌ഷൻ കൺട്രോളർ ജബ്ബാർ മതിലകം, ചീഫ് അസ്സോ. ഡയറക്‌ടർ നൗഫൽ ഹുസൈൻ, കലാ സംവിധാനം സജിത്ത് മുണ്ടയാട്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം മെർലിൻ ലിസബെത്, സംഘട്ടനം ബ്രൂസ‌ലീ രാജേഷ്, കണ്ടന്റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്‌റ്റർ ഡിസൈൻ മാമിജോ.strange first look poster of the movie faces

 

Content summary; strange first look poster of the movie faces

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

അതുല്യ മുരളി: സബ് എഡിറ്റർ
Related Post
Leave a Comment