June 05, 2026 |
Share on

കളങ്കിത മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിക്ക് ദൂര്‍ദര്‍ശന്റെ 15 കോടി കരാര്‍

വ്യാജ വാര്‍ത്തയ്ക്കും പണം തട്ടലിനും രണ്ട് തവണ ജയിലില്‍ കിടന്ന വാര്‍ത്താ അവതാരകന്‍

കളങ്കിതനായ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് സുധീര്‍ ചൗധരിയുമായി വര്‍ഷം 15 കോടിയുടെ കരാര്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദൂരദര്‍ശന്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും മാധ്യമ ഉപജാപങ്ങളില്‍ ഏര്‍പ്പെട്ടതിനും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഒരു വിവാദ വാര്‍ത്താ അവതാരകനുമായാണ് പൊതു പ്രക്ഷേപണ മാധ്യമമായ ദൂരദര്‍ശന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മാധ്യമസംഘം നേരിട്ട് നിരീക്ഷണം നടത്തുന്ന സ്ഥാപനമാണ് ദൂരദര്‍ശന്‍ ന്യൂസ്(ഡിഡി ന്യൂസ്). അങ്ങനെയൊരുള്ള സ്ഥാപനം ഒരു കളങ്കിത മാധ്യമപ്രവര്‍ത്തകനുമായി കരാറില്‍ ഏര്‍പ്പെടുന്നത് രാഷ്ട്രീയഗൂഢാലോചനയും സ്വജനപക്ഷപാതവുമായാണ് വിലയിരുത്തപ്പെടുന്നത്.

‘2017 ലെ ജിഎഫ്ആര്‍ ചട്ടം 194 (ക്ലോസ് (iii) ഉം (iv) ഉം) പ്രകാരം നോമിനേഷന്‍ അടിസ്ഥാനത്തില്‍ മെസ്സേഴ്‌സ് ഇഎസ്പിആര്‍ഐടി(M/s ESSPRIT) പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും പ്രമുഖ വാര്‍ത്താ അവതാരകന്‍ സുധീര്‍ ചൗധരിയും ഡിഡി ന്യൂസിനു വേണ്ടി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്‌സ്‌ക്ലൂസീവ് ഷോ നിര്‍മ്മിക്കുന്നതിനുള്ള (ആഴ്ചയില്‍ 5 ദിവസം സംപ്രേഷണം ചെയ്യാന്‍) ബോര്‍ഡിന്റെ കരാര്‍ അംഗീകരിക്കുന്നു. പ്രതിവര്‍ഷം 15 കോടി രൂപയും ജിഎസ്ടിയും ഈ കരാര്‍ പ്രകാരം ഈടാക്കും. ഇത് എല്ലാ വര്‍ഷവും 10% നിരക്കില്‍ വര്‍ദ്ധനവിന് വിധേയമായിരിക്കും” എന്നുമാണ് കരാറില്‍ പറയുന്നത്.

‘പുനഃസംഘടിപ്പിക്കപ്പെട്ട നെഗോഷ്യേഷന്‍ കമ്മിറ്റി 2025 ഫെബ്രുവരി 6 മുതല്‍ 20 വരെ അഞ്ച് തവണ യോഗം ചേരുകയും സുധീര്‍ ചൗധരി പ്രതിനിധീകരിക്കുന്ന നിര്‍മ്മാണ കമ്പനിയായ മെസ്സേഴ്‌സ് ഇഎസ്പിആര്‍ഐടി പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഹാര്‍ഡ്വെയര്‍, സ്റ്റുഡിയോ ഉപയോഗച്ചെലവ്, സ്ഥലം, ഫര്‍ണിച്ചര്‍, വാര്‍ത്താ ഏജന്‍സി ചാര്‍ജുകള്‍, മറ്റ് പലവക ചെലവുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ പ്രസാര്‍ ഭാരതി വഹിക്കേണ്ടി വരുന്ന നിര്‍മാണ ചെലവിനെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ്, ഡിഡി ന്യൂസില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്‌സ്‌ക്ലൂസീവ് ഷോകളുടെ നിര്‍മ്മാണച്ചെലവ് (ഒരു വര്‍ഷത്തില്‍ ആകെ 260 ഷോകള്‍) പ്രതിവര്‍ഷം 15.00 കോടി രൂപയും ജിഎസ്ടിയും ആയി നിശ്ചയിക്കാന്‍ ഇരു കക്ഷികളും സമ്മതിച്ചു. 24.5.2012 ലെ സിബിസി അംഗീകൃത നിരക്കുകള്‍ പ്രകാരം, 260 ഷോകളുടെ ഒരു മണിക്കൂര്‍ പ്രോഗ്രാം നിര്‍മ്മിക്കുന്നതിനുള്ള 28.60 കോടി രൂപയും നികുതിയും ഉള്‍പ്പെട്ടതായിരുന്നു ഇത്’. ദൂരദര്‍ശന്‍ അടക്കമുള്ള പൊതുപ്രക്ഷേപണ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പ്രസാര്‍ ഭാരതിയുടെ അജണ്ടയില്‍ പറയുന്ന കാര്യങ്ങളാണിത്.

2025 ഫെബ്രുവരി 6 നും 20 നും ഇടയില്‍ യോഗം ചേര്‍ന്ന നെഗോഷ്യേഷന്‍ കമ്മിറ്റികളില്‍ കരാറിന് അന്തിമ രൂപം നല്‍കുന്നതിനായി സുധീര്‍ ചൗധരി പ്രതിനിധീകരിക്കുന്ന ഇഎസ്പിആര്‍ഐടി പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രതിവര്‍ഷം 260 എപ്പിസോഡുകള്‍ക്കുള്ള നിര്‍മാണ ചെലവ് അംഗീകൃത ബജറ്റിനുള്ളില്‍ വന്നിട്ടും സുധീര്‍ ചൗധരിക്കുവേണ്ടി പ്രസാര്‍ ഭാരതി അധിക ചെലവ് വഹിക്കുകയാണെന്നും രേഖകള്‍ പറയുന്നു. അതായത്, 2012 കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍(സിബിസി) അംഗീകരിച്ച ബജറ്റിനുള്ളില്‍ ചെലവ് വന്നിട്ടും, ഈ നിരക്ക് രണ്ട് കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ അംഗീകരിച്ചിട്ടും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രസാര്‍ ഭാരതി ബജറ്റ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഇത് സുധീര്‍ ചൗധരിയെ സഹായിക്കാനാണോ എന്നാണ് ചോദ്യം. ഇരുകക്ഷികളും സമ്മതിച്ച ബജറ്റ് അംഗീകൃത നിരക്കുകള്‍ക്കുള്ളില്‍ വന്നിട്ടും, പ്രസാര്‍ ഭാരതി ചെയ്തത് അടിസ്ഥാന സൗകര്യങ്ങളുടെ പേരില്‍ അധിക ചെലവുകള്‍ മുന്നോട്ടു വയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്.

വ്യാജ വാര്‍ത്തയും ബ്ലാക് മെയ്‌ലിംഗും
കരാറില്‍ സുധീര്‍ ചൗധരിയെ പ്രതിനിധീകരിക്കുന്ന മെസ്സേഴ്‌സ് ഇഎസ്എസ്പിരിറ്റ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ച് പൊതു രേഖകളോ വിശദാംശങ്ങളോ ഒന്നും ലഭ്യമല്ല.

രണ്ട് തവണയാണ് വ്യാജ വാര്‍ത്തകളുടെ പേരില്‍ സുധീര്‍ ചൗധരി ജയില്‍ ശിക്ഷ നേരിടേണ്ടി വന്നത്. 2008ല്‍, സ്‌കൂള്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിയോഗിച്ചുവെന്നാരോപിച്ച് ഒരു സ്‌കൂള്‍ അധ്യാപികയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് സുധീര്‍ ചൗധരി അറസ്റ്റിലാവുകയും അയാളെ ജയിലിലടയ്ക്കുകയും ചെയ്തു. ഈ സമയത്ത് ലൈവ് ഇന്ത്യ ചാനല്‍ എഡിറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു ചൗധരി. വ്യാജ വാര്‍ത്തയുടെ പേരില്‍ ചാനലിന് താത്കാലിക നിരോധനവും നേരിടേണ്ടി വന്നു.

2012 ല്‍ സുധീര്‍ ചൗധരി വീണ്ടും ജയിലിലായി. ഇത്തവണ ബ്ലാക്ക് മെയ്ല്‍ ചെയ്തു പണം വാങ്ങാന്‍ ശ്രമിച്ചതിനായിരുന്നു. കല്‍ക്കരി തട്ടിപ്പ് കേസില്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ പങ്ക് മറച്ചു വയ്ക്കാമെന്ന് പറഞ്ഞു 100 കോടി ജിന്‍ഡാല്‍ ഗ്രൂപ്പില്‍ നിന്ന് ആവശ്യപ്പെട്ടതായിരുന്നു കേസ്. ഈ സമയത്ത് സുഭാഷ് ചന്ദ്രയുടെ സീ ഗ്രൂപ്പിന്റെ കൂടെയായിരുന്നു. 100 കോടിയുടെ ബ്ലാക്‌മെയ്ല്‍ കേസില്‍ സുധീര്‍ ചൗധരിയെയും സീ ബിസിനസ് എഡിറ്റര്‍ സമീര്‍ അലുവാലിയയെയും അറസ്റ്റ് ചെയ്തു തിഹാര്‍ ജയിലില്‍ അടച്ചു. ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി നവീന്‍ ജിന്‍ഡാല്‍ നല്‍കിയ പരാതിയിലായിരുന്നു ഡല്‍ഹി പോലീസ് കേസ് എടുത്തത്. സീ ഗ്രൂപ്പിന്റെ സുഭാഷ് ചന്ദ്രയെയും ഈ കേസില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.

നിരപരാധിയായ ഒരു സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരേ വ്യാജ വേശ്യാവൃത്തി വാര്‍ത്ത പ്രചരിപ്പിച്ചതിന് ജയിലില്‍ കിടന്ന മാധ്യമപ്രവര്‍ത്തകനെയാണ് സീ ഗ്രൂപ്പ് വിളിച്ച് ജോലി കൊടുത്തത്. സീ ഗ്രൂപ്പില്‍ ജോലി നോക്കിയശേഷം അയാള്‍ പോയത് ഇന്ത്യ ടുഡേ ഗ്രൂപ്പിലേക്കായിരുന്നു. ബ്ലാക്‌മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ നോക്കിയതിന് ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന് രണ്ടു വര്‍ഷം ഇന്ത്യ ടുഡേ ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദി സുധീര്‍ ചൗധരിക്ക് പല തവണ അഭിമുഖം അനുവദിച്ചിട്ടുണ്ടെന്നതും കൗതുകമാണ്. അഴിമതിക്കെതിരേ പ്രസംഗിക്കുന്ന പ്രധാന മന്ത്രി തന്നെയാണ് ബ്ലാക്‌മെയ്‌ലിംഗിനും വ്യാജ വാര്‍ത്തതയ്ക്കും രണ്ടു തവണ ജയിലില്‍ അടക്കപ്പെട്ടൊരാള്‍ക്ക് മുന്നില്‍ ഇരുന്നുകൊടുത്തത്. ഇപ്പോള്‍ മോദിയുടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതാകട്ടെ വ്യാജ വേശ്യാവൃത്തി കഥ ചമയ്ക്കുകയും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് രണ്ടുതവണ തടവില്‍ കിടന്ന അതേ സുധീര്‍ ചൗധരിക്ക് പൊതുജനത്തിന്റെ പണം കൊടുത്ത് കരാര്‍ ഉണ്ടാക്കിയിരിക്കുന്നു.  Sudhir Chaudhary a tainted journalist signed a 15 crore yearly deal with Doordarshan

Content Summary; Sudhir Chaudhary a tainted journalist signed a 15 crore yearly deal with Doordarshan

Leave a Reply

Your email address will not be published. Required fields are marked *

×