June 04, 2026 |
Share on

ഇന്ത്യ ഭയക്കുന്ന ‘ഓഫ് സ്പിന്‍ ഭീഷണി’

ഈ ലോകകപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്

ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഒരുദിവസം മാത്രം ബാക്കി. അഹമ്മദാബാദിലെ ഞായറാഴ്ച്ചത്തെ ഫൈനലില്‍, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയും ന്യൂസിലന്‍ഡിന്റെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടത്തെയാണ്. ടൂര്‍ണമെന്റില്‍ വമ്പന്‍ സ്‌കോറുകള്‍ അടിച്ചുകൂട്ടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെ തകര്‍ക്കാന്‍ ന്യൂസിലന്‍ഡ് തങ്ങളുടെ പക്കലുള്ള ഏറ്റവും ലളിതവും എന്നാല്‍ മാരകവുമായ ‘ഓഫ് സ്പിന്‍’ ആയുധം പ്രയോഗിക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യമാണ് ന്യൂസിലന്‍ഡിനെ ഓഫ് സ്പിന്‍ പ്ലാനിലേക്ക് നയിക്കുന്നത്. സഞ്ജു സാംസണ്‍ ടീമിലെത്തിയിട്ടും ഇന്ത്യയുടെ ആദ്യ എട്ട് ബാറ്റര്‍മാരില്‍ അഞ്ചുപേരും ഇടംകൈയ്യന്മാരാണ്. ഈ ലോകകപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്. ടൂര്‍ണമെന്റില്‍ മറ്റേതൊരു ടീമിനേക്കാളും കൂടുതല്‍ തവണ (15 തവണ) ഓഫ് സ്പിന്നിന് മുന്നില്‍ ഇന്ത്യ വിക്കറ്റുകള്‍ വീണു. ശരാശരിയാകട്ടെ വെറും 15.87. ഈ കണക്ക് തന്നെയാണ് കിവികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യ ഏറ്റവും അധികം വിശ്വാസം അര്‍പ്പിച്ചിരുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ കാര്യത്തിലാണ് ടീമിന് ഓഫ് സ്പിന്‍ പേടി. എതിരാളികളുടെ കെണിയില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങിയിട്ടുള്ളതും ശര്‍മ തന്നെയാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായ മൂന്ന് തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്തായത്. ഓഫ് സ്പിന്നിനെതിരെ 9.67 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. സു്പധാന താരങ്ങളായ ഇഷാന്‍ കിഷനും തിലക് വര്‍മ്മയും ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പലതവണ കീഴടങ്ങിയിട്ടുണ്ട്. വലംകൈയ്യന്‍ ബാറ്ററായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പോലും ഓഫ് സ്പിന്നര്‍മാരുടെ മുന്നില്‍ ഉഴറുകയാണ്. സൂര്യ വരുമ്പോള്‍ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ എതിരാളികള്‍ക്ക് സാധിക്കുന്നുണ്ട്.

നാളത്തെ ഫൈനലില്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാവുക ന്യൂസിലന്‍ഡിന്റെ കോള്‍ മക്കോഞ്ചിയായിരിക്കും. പകരക്കാരനായി ടീമിലെത്തിയ ഈ 34-കാരന് പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളൊരു ഓഫ് സ്പിന്നര്‍ ആണ്. സെമിഫൈനലില്‍ രണ്ടാമത്തെ ഓവര്‍ എറിയാനെത്തി, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനെയും റയാന്‍ റിക്കല്‍ട്ടനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മക്കോഞ്ചി തന്റെ മികവ് തെളിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ അടി തെറ്റിയതും ആ ഓവറിലായിരുന്നു. ഗ്ലെന്‍ ഫിലിപ്സിനെപ്പോലെയുള്ള പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍മാരെയും ഇന്ത്യയുടെ ഇടംകൈയ്യന്‍മാരെ തളയ്ക്കാന്‍ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഉപയോഗിച്ചേക്കും.

ശാന്തനായ പോരാളിയായ മിച്ചല്‍ സാന്റ്‌നറും, ആവനാഴിയില്‍ പല ആയുധങ്ങളുള്ള മാറ്റ് ഹെന്റിയും കൂടി ചേര്‍ന്ന് ഇന്ത്യയുടെ പടുകൂറ്റന്‍ ബാറ്റിംഗ് കോട്ടയെ അഹമ്മദാബാദില്‍ തകര്‍ക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗോലിയാത്തിനെ നേരിടാന്‍ കവണയുമായി എത്തിയ ദാവീദിനെ പോലെ ഇന്ത്യന്‍ വമ്പന്മാരെ വീഴ്ത്താന്‍ ഓഫ് സ്പിന്‍ എന്ന തന്ത്രവുമായി തന്നെയാകും നാളെ കിവികള്‍ അഹമ്മദാബാദില്‍ ഇറങ്ങുക.

Content Summary; T20 World Cup India-New Zealand Final; Will India fall into the Kiwis’ off-spin trap?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×