June 14, 2026 |
Share on

വിട ഉസ്താദ്; ആ മാന്ത്രിക വിരലുകള്‍ നിശബ്ദമായിരിക്കുന്നു

ഉസ്താദ് സാക്കീര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചു

തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. ഇതിഹാസ കലാകാരന്റെ മരണം അദ്ദേഹത്തിന്റെ കുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു 73 കാരനായ ഉസ്താദിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ്(ഐപിഎഫ്) ആണ് അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളായി ആദരിക്കപ്പെടുന്ന കലാകാരനാണ് സാക്കിര്‍ ഹുസൈന്‍. അന്റോണിയ മിനക്കോളയാണ് ഭാര്യ. അനീസ ഖുറേഷി(ഭര്‍ത്താവ് ഫിലിപ്പ് ടെയ്‌ലര്‍, മകള്‍ സാറ), ഇസബല്ല ഖുറേഷി എന്നിവരാണ് മക്കള്‍. തൗഖ് ഖുറേഷി, ഫസല്‍ ഖുറേഷി എന്നിവര്‍ ഉസ്താദിന്റെ സഹോദരന്മാരും, ഖുര്‍ഷിദ് ഓലിയ സഹോദരിയുമാണ്.

മഹനായ തബല കലാകാരന്‍ അല്ല രാഖയുടെ മകനാണ് സാക്കിര്‍ ഹുസൈന്‍. 1951 ല്‍ ജനിച്ച സാക്കിര്‍ ഹുസന്‍ ഇന്ത്യന്‍ പ്രതിഭകളായ, രവിശങ്കര്‍, അലി അക്ബര്‍ ഖാന്‍, ശിവകുമാര്‍ ശര്‍മ തുടങ്ങി നിരവധി പേരെടുത്ത കലാകാരന്മാര്‍ക്കൊപ്പം വേദി പങ്കിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ദ ബീറ്റില്‍സ് ഉള്‍പ്പെടെയുള്ള വിവിധ പാശ്ചാത്യ സംഗീത ട്രൂപ്പുകളുമായി ചേര്‍ന്നും ഉസ്താദിന്റെ തബലപ്പെരുക്കം ലോകത്ത് മുഴങ്ങിയിട്ടുണ്ട്. യോ-യോ മാ, ചാള്‍സ് ലോയ്ഡ്, ബേല ഫ്‌ളെക്ക്, എഡ്ഗര്‍ മേയെര്‍, മിക്കി ഹാര്‍ട്ട്, ജോര്‍ജ് ഹാരിസണ്‍, ജോണ്‍ മക്‌ലോഹിന്‍ എന്നിവരുടെ വേദിയിലൂടെ ഇന്ത്യ ക്ലാസിക്കല്‍ സംഗീതത്തെ അന്താരാഷ്ട്ര ശ്രോതാക്കള്‍ക്ക് അനുഭവവേദ്യമാക്കാനും ഉസ്താദിന് കഴിഞ്ഞിട്ടുണ്ട്. അതിര്‍വരമ്പുകള്‍ ഭേദിച്ചും, തലമുറ വ്യത്യാസമില്ലാതെയും ലോകം മുഴുവന്‍ ആ മഹാനായ കലാകാരന്റെ വിരലുകളുടെ ആരാധകരായി മാറി. അദ്ദേഹം ഒരു മികച്ച സംഗീത സംവിധായകന്‍ കൂടിയായിരുന്നു. അതുപോലെ, മഹത്തായ കണ്‍സേര്‍ട്ടുകളും ഉസ്താദ് ഒരുക്കിയിട്ടുണ്ട്. അലോണ്‍സോ കിംഗ്‌സ് ലൈന്‍സ് ബാലെ, ദി മാര്‍ക്ക് മോറിസ് ഡാന്‍സ് ഗ്രൂപ്പ് തുടങ്ങിയ ലോക പ്രശസ്ത ഡാന്‍സ് കമ്പനികളുമായും അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

ഉസ്താദിനെ രാജ്യം പദ്മശ്രീ(1988), പദ്മ ഭൂഷണ്‍(2002), പദ്മ വിഭൂഷണ്‍(2023) പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 66 മത് ഗ്രാമി പുരസ്‌കാര ചടങ്ങില്‍ മൂന്ന് അവാര്‍ഡുകളാണ് ഉസ്താദ് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിന് കൈവന്നു.  Tabla maestro Zakir Hussain passes away, family confirmed 

Content Summary; Tabla maestro Zakir Hussain passes away, family confirmed

Leave a Reply

Your email address will not be published. Required fields are marked *

×