മുംബൈ ഭീകാരാക്രമണത്തിന്റെ മുഖ്യസൂത്രധാരരില്‍ ഒരാളായ തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച്ച രാത്രിയോടെ യുഎസില്‍ നിന്നും ഇന്ത്യയില്‍ എത്തിയ റാണയെ വൈകാതെ തന്നെ പാട്യല ഹൗസ് പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു. 20 ദിവസത്തേക്കായിരുന്നു എന്‍ ഐ എ സംഘം കസ്റ്റഡി ചോദിച്ചിരുന്നത്. രഹസ്യമായിട്ടായിരുന്നു കോടതി നടപടികള്‍. ബധനാഴ്ച്ച യു എസില്‍ നിന്നും പുറപ്പെട്ട വിമാനം വ്യാഴാഴ്ച്ച രാത്രിയോടെ ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു.
16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു
മുംബൈ ആക്രമണത്തിനായി രഹസ്യ നിരീക്ഷണം നടത്തിയിരുന്ന ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി(ദാവൂദ് ഗിലാനി)യുടെ അടുത്ത സഹായിയിരുന്നു തഹാവൂര്‍ റാണ എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. 2006ല്‍ ‘ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്’ എന്ന തന്റെ സ്ഥാപനത്തിന് മുംബൈയില്‍ റാണ ശാഖ തുറന്നിരുന്നു. ഇതൊരു മറവായിരുന്നു. ഹെഡ്ലിക്ക് മുംബൈയില്‍ ലക്ഷ്യസ്ഥാനങ്ങള്‍ പരിശോധിക്കുന്നതിന് നിയമാനുസൃതമായ സംരക്ഷണം നല്‍കാന്‍ റാണ കണ്ടെത്തിയ വഴി. റാണ ചെയ്തു കൊടുത്ത ഈ സഹായങ്ങളുടെ വിവരങ്ങളെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നവംബര്‍ 26 ന് ആയിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നത്. ഇതിനു മുമ്പായി റാണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2008 നവംബര്‍ 11 മുതല്‍ 21 വരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റാണ താമസിച്ചിരുന്നു. 2023 ല്‍ സമര്‍പ്പിച്ച ഒരു അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കോള്‍മാന്‍ ഹെഡ്‌ലി നിര്‍ദേശങ്ങള്‍ തേടി റാണയ്ക്ക് മെയ്‌ലുകള്‍ അയച്ചത് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. ഹെഡ്ലിക്കും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്കും ഇടയിലുള്ള ഒരു ഇടനാഴിയായിയാണ് റാണ പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നൊഴിവാകാന്‍ റാണ ഏറെ പരിശ്രമിച്ചിരുന്നു. 2023 മെയ് 16-ന് കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി റാണയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ റാണ ഒമ്പതാം സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീലില്‍ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തു, അതെല്ലാം തന്നെ നിരസിക്കപ്പെടുകയാണ് ചെയ്തത്. പിന്നാലെ ഒരു റിട്ട് ഓഫ് സെര്‍ട്ടിയോറാറി, രണ്ട് ഹേബിയസ് ഹര്‍ജികള്‍, യുഎസ് സുപ്രീം കോടതിയില്‍ ഒരു അടിയന്തര അപേക്ഷ എന്നിവയിലൂടെ ഇന്ത്യയിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി നോക്കി. എന്നാല്‍ ആ അപേക്ഷകളുമെല്ലാം തന്നെ നിരസിക്കപ്പെടുകയാണുണ്ടായത്. ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനിലെതിരേയുള്ള സറണ്ടര്‍ വാറണ്ട് യു എസില്‍ നിന്നും നേടിയെടുക്കാന്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചു. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത്.
ഇനി തഹാവൂര്‍ ഹുസൈന്‍ റാണ ഇന്ത്യയിലെ നിയമനടപടികള്‍ നേരിടേണ്ടിവരും. ഇന്ത്യ പ്രതീക്ഷിക്കുന്നൊരു കാര്യം മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരുടെ പങ്ക് റാണയെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്നാണ്. 2008 നവംബറില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും റാണ ചില യാത്രകള്‍ നടത്തിയിരുന്നു. ഈ യാത്രകളുടെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് റാണയില്‍ നിന്നും ഉത്തരം കിട്ടേണ്ടതുണ്ട്.
2008 നവംബര്‍ 13 നും നവംബര്‍ 21 നും ഇടയില്‍ റാണ ഭാര്യ സമ്രാസ് റാണ അക്തറിനൊപ്പം ഉത്തര്‍പ്രദേശിലെ ഹാപൂര്‍, ആഗ്ര, ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. റാണയുടെ ഈ യാത്രകള്‍, മുംബൈക്ക് പുറമെ മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നോ എന്ന് സംശയമുണ്ട്. ഇക്കാര്യങ്ങളിലും റാണയിലൂടെ തന്നെ ദേശീയ അന്വേഷണ ഏജന്‍സി സംശയനിവാരണം നടത്തുമെന്നാണ് ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
16 വര്‍ഷത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് റാണയെ കൈയില്‍ കിട്ടുന്നതില്‍ ഇന്ത്യ വിജയിച്ചിരിക്കുന്നത്. 168 മനുഷ്യരുടെ ജീവനെടുക്കുകയും 238ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, ഒരിക്കലും മറക്കാത്ത മുറിവായിരുന്നു 2008 നവംബര്‍ 26 ന് ഇന്ത്യക്കുണ്ടായത്. ആയുധധാരികളായി കൊടുംഭീകരര്‍ താജ്മഹല്‍ പാലസ് ഹോട്ടല്‍, സിഎസ്ടി റെയില്‍വേ സ്‌റ്റേഷന്‍. ചബദ്ഹൗസ് എന്നിവിടങ്ങളില്‍ കണ്ണില്‍ കണ്ട മനുഷ്യരെയെല്ലാം കൊന്നൊടുക്കുകയായിരുന്നു.
അതേസമയം, പാകിസ്താന്‍ ആവര്‍ത്തിച്ചികൊണ്ടിരിക്കുന്ന കാര്യം, തഹാവൂര്‍ റാണയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ്. റാണ ഒരു കനേഡിയന്‍ പൗരനാണെന്നും, രണ്ട് പതിറ്റാണ്ടിലേറെയായി അയാള്‍ പാക് പൗരത്വം പുതുക്കിയിട്ടില്ലെന്നുമാണ് അയല്‍ക്കാരുടെ വാദം. Tahawwur Rana Extradition; NIA secures 18 day custody of Mumbai terror attack accused
Content Summary; Tahawwur Rana Extradition; NIA secures 18 day custody of Mumbai terror attack accused
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.