June 03, 2026 |
Share on

തായ് വാന്‍ തര്‍ക്കം മുറുകുന്നു; ജപ്പാന്‍ സന്ദര്‍ശനത്തിന് വിലക്കുമായി ചൈന

ശത്രുതയ്ക്ക് പിന്നിലെന്ത്?

തായ് വാന്‍ ദ്വീപിനെക്കുറിച്ച് ജപ്പാന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ, ജപ്പാനിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈന. ചൈന, തായ് വാനെ ആക്രമിക്കുകയാണെങ്കില്‍, ജപ്പാന്‍ സ്വന്തം പ്രതിരോധ സേനയെ ഉപയോഗിച്ച് തിരിച്ചടിക്കും എന്ന പ്രധാനമന്ത്രി സനേ തകൈച്ചിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ചൈനയും ജപ്പാനും തമ്മിലുള്ള വാഗ്വാദങ്ങള്‍ രൂക്ഷമായി.

ചൈനയും ജപ്പാനും തമ്മിലുള്ള ചരിത്രപരമായ ശത്രുതയെയും സ്വയംഭരണ പ്രദേശമായ തായ് വാന്റെ പരമാധികാരത്തിലുള്ള ദീര്‍ഘകാല ‘തന്ത്രപരമായ അവ്യക്തത’യെയും ഈ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. തകൈച്ചിയുടെ പ്രസ്താവനയെ തുടര്‍ന്ന് ബെയ്ജിങിലെ തങ്ങളുടെ അംബാസഡറെ തിരിച്ച് വിളിച്ചിരിക്കുകയാണ് ചൈന.

തായ് വാന്‍ ദ്വീപില്‍ എന്താണ് സംഭവിച്ചത്?

കഴിഞ്ഞ വെള്ളിയാഴ്ച ജപ്പാന്‍ പാര്‍ലമെന്റില്‍ നടന്ന യോഗമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. തായ് വാനെ ചുറ്റിപ്പറ്റിയുള്ള ഏതെല്ലാം സാഹചര്യങ്ങളാണ് ജപ്പാന്റെ നിലനില്‍പ്പിന് ഭീഷണിയാകുക എന്ന് ഒരു പ്രതിപക്ഷ നിയമസഭാംഗം തകൈച്ചിയോട് ചോദിച്ചു. ‘യുദ്ധക്കപ്പലുകളും ബലപ്രയോഗങ്ങളും ഉണ്ടാകുന്നത്, രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായ സാഹചര്യമാകും സൃഷ്ടിക്കുക’ തകൈച്ചി പ്രതികരിച്ചു.

‘നിലനില്‍പ്പിന് ഭീഷണിയായ സാഹചര്യം’ എന്നത് 2015 ലെ ജപ്പാന്റെ സുരക്ഷാ നിയമപ്രകാരം നിയമപരമായ ഒരു പദമാണ്. സഖ്യകക്ഷികള്‍ക്കെതിരായ സൈനികാക്രമണം ജപ്പാന്റെ നിലനില്‍പ്പിന് ഭീഷണിയാകുമ്പോള്‍ ഈ പദം ഉപയോഗിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍, ഭീഷണി നേരിടാന്‍ ജപ്പാന്റെ സ്വയം പ്രതിരോധ സേനയെ വിന്യസിക്കാന്‍ കഴിയും’.

തകൈച്ചിയുടെ ഈ പ്രതികരണമാണ് ബെയ്ജിങില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ പ്രസ്താവനകളെ ‘അതിശക്തം’ എന്നാണ് വിശേഷിപ്പിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച ജാപ്പനീസ് നഗരമായ ഒസാക്കയിലെ ചൈനീസ് കൗണ്‍സില്‍ ജനറലായ ഷു ജിയാന്‍, തകൈച്ചിയുടെ പാര്‍ലമെന്റ് പ്രസ്താവനകളെ കുറിച്ച് ഒരു ലേഖനം എക്‌സില്‍ പങ്കുവച്ചിരുന്നു. അതോടൊപ്പം, ‘സ്വയം പറ്റിപ്പിടിച്ചിരിക്കുന്ന വൃത്തികെട്ട തല വെട്ടിമാറ്റണം’ എന്ന അഭിപ്രായവും പങ്കുവച്ചു.

ഷു ജിയാന്റെ പ്രസ്താവനയില്‍ ടോക്കിയോ, ചൈനയോട് അതൃപ്തി രേഖപ്പെടുത്തി. ഷു ജിയാന്‍ പിന്നീട് പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും, തകൈച്ചിയുടെ പ്രതികരണത്തില്‍ പ്രതിഷേധം ആളുകയാണ്.

ഇതിനിടെ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന തകൈച്ചി, തന്റെ പരാമര്‍ശം സര്‍ക്കാരിന്റെ പരമ്പരാഗത നിലപാടുകള്‍ക്ക് അനുസൃതമാണെന്ന് വാദിച്ചു. അതേസമയം, തായ് വാന്‍ കടലിടുക്കിലെ കാര്യങ്ങളില്‍ സൈനികമായി ഇടപെടാന്‍ ശ്രമിക്കുകയും ചെയ്താല്‍, ജപ്പാന് കനത്ത നഷ്ടം നേരിടേണ്ടിവരുമെന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (PLA) ഇരുമ്പുമതിലിന് മുന്നില്‍ ജപ്പാന് കനത്ത വില നല്‍കേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

തകൈച്ചി, അമേരിക്കയുമായി ബന്ധം ശക്തമാക്കുന്നതും ജപ്പാന്റെ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തതും ബെയ്ജിങില്‍ വലിയ ആശങ്കകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

ചൈനയോട് ശക്തമായ വിദ്വേഷം പുലര്‍ത്തുന്ന തകൈച്ചി, ദീര്‍ഘകാലമായി തായ് വാനെ ശക്തമായി പിന്തുണയ്ക്കുന്ന നേതാവുമാണ്. തായ് വാനെ ഉപരോധിക്കുന്നത് ജപ്പാന് ഭീഷണിയാകുമെന്നും, ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍ ജപ്പാന്‍ സൈന്യത്തെ സജ്ജമാക്കാന്‍ കഴിയുമെന്നും തകൈച്ചി മുമ്പ് പറഞ്ഞിരുന്നു.

സ്വയംഭരണമുള്ള തായ് വാന്‍ ദ്വീപിനെ സ്വന്തം പ്രദേശമായി അവകാശപ്പെടുന്ന ബെയ്ജിങ്ങിന് ഇതിനോട് പ്രത്യേക എതിര്‍പ്പുണ്ട്. തായ് വാനെ പിടിച്ചെടുക്കാന്‍ ബലപ്രയോഗം നടത്താനുള്ള സാധ്യത ചൈന തള്ളിക്കളയാത്തത് തായ്പേയിയിലും മറ്റ് സഖ്യകക്ഷികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നു.

ശത്രുതയുടെ നീണ്ട ചരിത്രം

1800 കളിലെ സായുധ പോരാട്ടങ്ങളുടെയും രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയില്‍ ജപ്പാന്‍ നടത്തിയ ക്രൂരമായ സൈനിക നടപടികളുടെയും ഫലമായി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായുള്ള ശത്രുത നിലനില്‍ക്കുന്നുണ്ട്. 1894-95 ലെ ഒന്നാം ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍ വിജയിച്ചതിനെത്തുടര്‍ന്ന്, 1895-ല്‍ ഒപ്പുവെച്ച ഷിമോനോസെക്കി ഉടമ്പടി പ്രകാരം, ചൈനയിലെ ക്വിങ് രാജവംശം തായ് വാനെ ജപ്പാന് കൈമാറി.

ജപ്പാന്റെ ആദ്യത്തെ വിദേശ കോളനിയായിരുന്നു തായ് വാന്‍. ഇത് ജപ്പാന്റെ ‘തെക്കന്‍ വിപുലീകരണ സിദ്ധാന്തം’ നടപ്പിലാക്കുന്നതിനുള്ള ആദ്യപടിയായി കണക്കാക്കപ്പെടുന്നു. 50 വര്‍ഷത്തെ ജാപ്പനീസ് ഭരണകാലത്ത്, തായ് വാനില്‍ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സമ്പദ്വ്യവസ്ഥ എന്നിവയില്‍ ജപ്പാന്‍ വലിയ മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ ഇതിനൊപ്പം തന്നെ അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി നിലനിന്നിരുന്നു.

1945 ല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതോടെ തായ് വാനിലെ ജാപ്പനീസ് ഭരണം അവസാനിച്ചു. 1951-ലെ സാന്‍ ഫ്രാന്‍സിസ്‌കോ സമാധാന ഉടമ്പടിയിലൂടെ ജപ്പാന്‍ തായ് വാനുള്ള എല്ലാ അവകാശവാദങ്ങളും ഔദ്യോഗികമായി ഉപേക്ഷിച്ചു.

യുദ്ധാനന്തരം തായ് വാന്‍ റിപ്പബ്ലിക് ഓഫ് ചൈന (ROC) സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. ചൈനയിലെ ആഭ്യന്തരയുദ്ധത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നാഷണലിസ്റ്റ് നേതാവായ ചിയാങ് കൈ-ഷെക് തായ് വാനിലേക്ക് പലായനം ചെയ്തു. ഈ കാലയളവില്‍, ജപ്പാന്‍ അമേരിക്കയെ പിന്തുടര്‍ന്ന് ബെയ്ജിങ്ങിന് പകരം തായ് വാനിലെ റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം നിലനിര്‍ത്തി.

1972ല്‍ ജപ്പാന്‍, അമേരിക്കന്‍ മാതൃക പിന്തുടര്‍ന്ന് ചൈനയുടെ ‘ഏക ചൈന’ നയം അംഗീകരിക്കുകയും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി (ബെയ്ജിങ്) നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ജപ്പാനും തായ് വാനും തമ്മിലുള്ള ഔദ്യോഗിക നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാതായി.

അന്ന് മുതല്‍ ഉഭയകക്ഷി ബന്ധത്തില്‍ തുടരുന്ന ശത്രുതാ മനോഭാവം ഉണങ്ങാത്ത മുറിവായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അനുയായിയായ തകൈച്ചിയുടെ കടന്നുവരവ് പിരിമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Content Summary: Taiwan dispute; China against in Japan

Leave a Reply

Your email address will not be published. Required fields are marked *

×