വീണ്ടും വീണ്ടും ട്വിസ്റ്റുകള്‍; തമിഴ് നാടകം തുടരുന്നു

വിജയ്‌യുടെ സത്യപ്രതിജ്ഞ നീളുന്നു

Vijay-Tamil Nadu Politics

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നാടകീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായത്. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം കക്ഷികളുടെ പിന്തുണയോടെ 118 എന്ന കേവല ഭൂരിപക്ഷം വിജയ് മറികടന്നുവെന്നായിരുന്നു സൂചനയെങ്കിലും, വി.സി.കെ (വിടുതലൈ ചിരുതൈകള്‍ കച്ചി) അന്തിമ തീരുമാനം വൈകിപ്പിച്ചത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി.

വിജയിന്റെ പനയൂരിലെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് വിജയാഘോഷം തുടങ്ങുകയും ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ വിജയ് കണ്ടപ്പോള്‍, രേഖാമൂലം പിന്തുണയുള്ള എം.എല്‍.എമാരുടെ എണ്ണം 116 മാത്രമാണെന്ന് ഗവര്‍ണറുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ സാങ്കേതികമായ തടസ്സങ്ങള്‍ നേരിട്ടു.

വി.സി.കെ നേതാവ് തിരുമാളവന്‍ ഇടത് പാര്‍ട്ടികളുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നെങ്കിലും, വെള്ളിയാഴ്ച വൈകിയിട്ടും ഗവര്‍ണര്‍ക്ക് പിന്തുണക്കത്ത് കൈമാറിയില്ല. ഇതിനിടെ തിരുമാളവന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിയുമായും (ഇ.പി.എസ്), മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും ചര്‍ച്ചകള്‍ നടത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. തിരുമാളവനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ചേര്‍ന്ന് പുതിയൊരു നീക്കത്തിന് ശ്രമിക്കുന്നതായി തമിഴ് രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു.

മറ്റൊരു നിര്‍ണ്ണായക നീക്കമായി എഎംഎംകെ ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ ഗവര്‍ണറെ കണ്ട് തന്റെ പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ കാമരാജിനെ കാണാനില്ലെന്ന് പരാതി നല്‍കി. വിജയിന്റെ പാര്‍ട്ടി തന്റെ എം.എല്‍.എയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും കുതിരക്കച്ചവടമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഗൗരവമായി എടുത്ത ഗവര്‍ണര്‍, എം.എല്‍.എയെ കണ്ടെത്താന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കുകയും ശനിയാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു.

വിജയ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ടി.വി.കെ സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണ മാത്രമേയുള്ളൂവെന്ന് ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെക്ക് 108 സീറ്റുകളാണ് ലഭിച്ചത്. ബുധനാഴ്ച തന്നെ വിജയ് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അത് അംഗീകരിച്ചിരുന്നില്ല.

വെള്ളിയാഴ്ച സി.പി.ഐയും സി.പി.എമ്മും വിജയിന് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ച് കത്ത് നല്‍കിയിരുന്നു. വിജയ് സി.പി.എം ഓഫീസ് സന്ദര്‍ശിച്ച് പി. ഷണ്‍മുഖം ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ചയും നടത്തി. എന്നാല്‍ ഐ.യു.എം.എല്ലിന്റെയും വി.സി.കെയുടെയും നിലപാടുകള്‍ അപ്പോഴും അവ്യക്തമായി തുടരുകയായിരുന്നു. വി.സി.കെ നിര്‍ണ്ണായകമായ ഒരു പ്രമേയം പാസാക്കിയതായും ശനിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ ടി.വി.കെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക എഴിലരസി ആണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടി.വി.കെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. തമിഴ് രാഷ്ട്രീയത്തില്‍ അത്യന്തം ഉദ്വേഗഭരിതമായ ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ശനിയാഴ്ചത്തെ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാകും.

Content Summary: Political crisis in Tamil Nadu deepens as TVK chief Vijay fails to prove a clear majority. With VCK delaying support. Governor puts the swearing-in ceremony on hold

This post was last modified on May 9, 2026 8:04 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment