April 20, 2025 |
Share on

വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണർ ആർ. എൻ രവിക്കെതിരെ വിമർശനം കടുക്കുന്നു

ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യം

കോളേജ് വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആഹ്വനം ചെയ്ത തമിഴ്നാട് ​ഗവർണർ ആർ. എൻ രവിക്കെതിരെ വിമർശനവുമായി നിരവധി രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ. ​ഗവർണർ നടത്തിയത് സത്യപ്രതി‍ജ്ഞ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളുയരുന്നത്. ആര്‍ എന്‍ രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

മധുരയിലെ ത്യാഗരാജർ എഞ്ചിനീയറിങ് കോളജിൽ നടന്ന ഒരു പരിപാടിയിലാണ് ​ഗവർണർ കുട്ടികളോട് ജയ് ശ്രീറാം എന്ന് വിളിക്കാൻ ആഹ്വനം ചെയ്തത്. സാഹിത്യ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാനായി പരിപാടിയിലെ മുഖ്യാതിഥിയായിട്ടാണ് ​ഗവർണർ എത്തിയിരുന്നത്.

വിദ്യാർത്ഥികളെ അഭിനന്ദിച്ച് സംസാരിച്ച ​ഗവർണർ, നിങ്ങൾ എന്റെ പിന്നാലെ ജയ് ശ്രീ റാം വിളിക്കൂ എന്ന് ആവശ്യപ്പെടുകയായിരുന്നു. ​ഗവർണറുടെ പ്രേരണയാൽ വിദ്യാർത്ഥികൾ മൂന്ന് തവണ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പരിപാടിയുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ആർ എൻ രവിയെ ഉടൻ ഗവർണർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധരുടെ സംഘടനയായ സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം(SPCSS) രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രസ്താവനയും സംഘടന ഇറക്കിയിരുന്നു.

വിദ്യാഭ്യാസം ഒരു മതേതര പ്രവർത്തനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾ സർക്കാരിന്റെ ഏജന്റുമാരാണ്, ഇന്ത്യൻ ഭരണഘടനയുടെ ദർശനത്തിനും വ്യവസ്ഥകൾക്കും അനുസൃതമായി വിദ്യാഭ്യാസം നൽകേണ്ട ഉത്തരവാദിത്തമുണ്ട്. ക്ലാസ് മുറി പ്രവർത്തനങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും വിദ്യാർത്ഥികൾക്ക് ഒരു മതപരമായ നിർദേശവും നൽകരുത്, എസ്പിസിഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ അക്കാദമിക് ഘടനയെയും സാംസ്കാരിക പശ്ചാത്തലത്തെയും കുറിച്ച് ഗവർണർ ആർ എൻ രവിക്ക് ധാരണയില്ലെന്നും സമാധാനം തകർക്കാനും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഗവർണർ തുടർന്നു കൊണ്ടിരിക്കുകയാണെന്നും സംഘടന കൂട്ടിചേർത്തു.

ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണെന്ന് ആരോപിച്ച് ഡിഎംകെയും രംഗത്തെത്തിയിരുന്നു. ഭരണഘടനയെ ലംഘിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ ഒരു ആർഎസ്എസ് വക്താവാണെന്നും ഡിഎംകെ വക്താവ് ധരണീധരൻ ആരോപിച്ചു. ഗവർണർ മതനേതാവിനെപ്പോലെ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ ആസാൻ മൗലാനയും രംഗത്തെത്തിയിട്ടുണ്ട്.

തമിഴ്നാട് നിയമസഭ പാസാക്കിയ പത്ത് ബില്ലുകൾ തടഞ്ഞുവെച്ചതിനെ തുടർന്ന് സുപ്രീം കോടതി ആർ. എൻ രവിക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

Content Summary: Tamilnadu Governor R. N. Ravi Criticized for Urging Students to Chant ‘Jai Shri Ram’

Leave a Reply

Your email address will not be published. Required fields are marked *

×