കേരളത്തിലെ ആന പ്രേമിയും സംരക്ഷകനുമായി അറിയപ്പെടുന്ന കൊല്ലം സ്വദേശി ഓമനകുട്ടന്‍ പിള്ള നിയമവിരുദ്ധമായി ആനകളെ കടത്തിയെന്ന് ആരോപണം. കേരളത്തിലെ ആനപ്രേമികളുടെ ആരാധനപാത്രമായ കുഞ്ഞുലക്ഷ്മിയെന്ന പെണ്‍ ആനയുടെ ഉടമയാണ് പിള്ള. ഇദ്ദേഹം അരുണാചല്‍ പ്രദേശില്‍ നിന്ന് അസം വഴി കേരളത്തിലേക്ക് ആനകളെ കടത്തിയെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 ആനകളെ ഇത്തരത്തില്‍ പിള്ള കടത്തിയെന്നും ഈ ആനകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നുമാണ് വാര്‍ത്ത. വാര്‍ത്തയ്‌ക്കൊപ്പം തന്നെ ഓമനകുട്ടന്‍ പിള്ള അരുണാചല്‍ പ്രദേശില്‍ നിന്ന് ആനകളെ ലോറിയില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ പഴുതുകളാണ് ഇത്തരക്കാര്‍ക്ക് സഹായകമാവുന്നതെന്നും പിള്ള മുന്‍പും ആനകടത്ത് അടക്കമുള്ള നിയമലംഘനത്തിന്റെ പേരില്‍ ഒന്നിലധികം കേസുകള്‍ നേരിടുന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ മാസം നാലാം തിയ്യതിയാണ് 10 ആനകളെ കടത്തിയത്. അസമിലെ ധേമാജി, ടിന്‍സുകിയ ജില്ലകളിലെ വനങ്ങളില്‍ നിന്ന് പിടികൂടിയ ആനകളാണിതെന്നാണ് സൂചന. അരുണാചല്‍ പ്രദേശില്‍ നിന്ന് കാട് കടന്നെത്തിയ ആനകളെ അസമില്‍ നിന്ന് പിടികൂടുകയായിരുന്നു എന്ന തരത്തില്‍ വ്യാജരേഖ ഉണ്ടാക്കാനുള്ള ശ്രമം നടന്നതായും ആരോപണമുണ്ട്.
അതേസമയം, 2021ല്‍ ലക്ഷ്മി, ഉണ്ണി എന്നീ പെണ്‍ ആനകളെ മൈക്രോ ചിപ്പില്ലാതെ കൊണ്ടുപോകുന്നതിനിടെ പിള്ളയെ അസം അതിര്‍ത്തിയില്‍ വെച്ച് പശ്ചിമ ബംഗാള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഫണ്ട് ഉപയോഗിച്ച് ഗുജറാത്തിലെ ജാംനഗറിലെ രാധേ കൃഷ്ണ ക്ഷേത്രം നടത്തുന്ന എലിഫെന്റ് വെല്‍ഫെയര്‍ ട്രസ്റ്റിലേക്കാണ് ഈ ആനകളെ കൊണ്ടുപോവുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തിമാക്കിയത്. ആനകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചതാണെന്ന്അവകാശപ്പെടുന്ന രേഖകള്‍ ഹാജാരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തുകയും ബംഗാള്‍ അധികൃതര്‍ ആനകളെ അസമിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
അരുണാചല്‍ പ്രദേശിലെ പാപും പാരെ ജില്ലയിലെ ബന്ദേര്‍ദേവയില്‍ നിന്നാണ് ലക്ഷ്മിയെയും ഉണ്ണിയെയും കടത്തിയത്. എന്നാല്‍ 2012ല്‍ മൃഗങ്ങളെ കൈമാറ്റം ചെയ്ത കേസില്‍ പിള്ള ഊരിപ്പോന്നു. അസമിലെ മനസ് ദേശീയ ഉദ്യാനത്തില്‍ സംരക്ഷിച്ചിരുന്ന ഈ ആനകളെ പിന്നീട് ഗുജറാത്തിലേക്ക് കൊണ്ടുപോകാന്‍ അനുമതിയും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 2014-ല്‍ തൂണുകി എന്ന മറ്റൊരു പെണ്‍ ആനയെ മൈക്രോചിപ്പ് ഇല്ലാതെ അസമില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുപോയതും കണ്ടെത്തി. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് ഭക്ഷണമോ വെള്ളമോ ഒന്നും കിട്ടാത്ത അവസ്ഥയില്‍ കടത്താന്‍ ശ്രമിച്ചതും അധികൃതര്‍ കണ്ടെത്തിയിരുന്നു. ആ ആനകളെ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു പിള്ളയുടെ വാദം.ലഖിംപൂര്‍ ജില്ലയിലെ ഭൂപെന്‍ ഗൊഗോയിയില്‍ നിന്നാണ് പിള്ള ആനയെ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇവയെല്ലാം വന്യജീവി നിയമത്തിന്‍രെ പഴുതുകളാണ് ചൂണ്ടികാണിക്കുന്നത്.
English summary; Ten elephants illegally transported from Arunachal to Kerala via Assam