തായ്ലൻഡ് – കംബോഡിയ അതിർത്തി തർക്കം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേരാണ് പലായനം ചെയ്തത്. സംഘർഷത്തിൽ ഏകദേശം 15 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് വൈകുന്നേരം അടിയന്തര യോഗം ചേരുമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇരു രാജ്യങ്ങളും ഉൾപ്പെടുന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ അസോസിയേഷന്റെ അധ്യക്ഷത വഹിക്കുന്ന മലേഷ്യ, തായ് – കംബോഡിയ സംഘർഷത്തിൽ മധ്യസ്ഥതയിലേർപ്പെടും. തുടർന്ന് ഇരു രാജ്യങ്ങളോടും സംഘർഷം അവസാനിപ്പിക്കാൻ നിർദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തായ്ലൻഡിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംഘർഷം ശക്തമായ തായ് അതിർത്തി പ്രവിശ്യകളിലെ ഗ്രാമങ്ങളിൽ നിന്ന് 58000 ത്തിലധികം ആളുകൾ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 4000ത്തിലധികം ജനങ്ങൾ ഒഴിഞ്ഞുപോയതായി കംബോഡിയൻ അധികൃതരും അറിയിച്ചു. സംഘർഷത്തിൽ തായ്ലൻഡിൽ 14 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കംബോഡിയയിൽ ഇന്ന് ആദ്യ മരണം സ്ഥിരീകരിച്ചു.
ഇന്ന് പുലർച്ചെ തായ്ലൻഡ്-കംബോഡിയ അതിർത്തിയിലെ നിരവധി പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകളുണ്ടായി. കമ്പോഡിയൻ സൈന്യം പീരങ്കികളും റഷ്യൻ നിർമ്മിത BM-21 റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചതായി തായ് സൈന്യം അറിയിച്ചു. ബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയിൽ, തായ് റോക്കറ്റ് ഒരു ബുദ്ധമത പഗോഡയിൽ പതിച്ചതായും ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ സാധാരണ പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ആരോപണം തായ്ലൻഡ് സൈന്യം നിഷേധിച്ചു. കംബോഡിയ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ചതായി കംബോഡിയ ആരോപിച്ചു.
സംഘർഷം രൂക്ഷമായതോടെ അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ഗ്രാമീണർക്ക് വീടുകൾ വിട്ട് പോകേണ്ടി വന്നു. തായ്ലൻഡിൽ അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സുരിൻ പ്രവിശ്യയിലെ ഒരു യൂണിവേഴ്സിറ്റി ജിമ്മിൽ ഏകദേശം 600 പേർ അഭയം തേടിയതായാണ് ലഭിക്കുന്ന വിവരം. വെടിയൊച്ചകളുടെ ശബ്ദമാണ് കേട്ടത്. കൈയിൽ കിട്ടിയ സാധനങ്ങൾ എടുക്ക് രക്ഷപ്പെടുകയായിരുന്നു, ഒരു തായ് വനിത പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുൻകൂട്ടി മുന്നറിയിപ്പ് ഇല്ലാതെയാണ് കുട്ടികളെയും പ്രായമായവരെയും ആക്രമിച്ചതെന്നും ഇത്രയും അക്രമാസക്തമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും 2011 ലെ ഏറ്റുമുട്ടലിന് സാക്ഷിയായ രത്താന മീയിംഗ് പറഞ്ഞു. സിസാകെറ്റ് പ്രവിശ്യയിൽ, ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് സമീപ ഗ്രാമവാസികൾ കാറുകളിലും ട്രക്കുകളിലും മോട്ടോർ സൈക്കിളുകളിലുമായി വീടുകൾ വിട്ടുപോവുകയായിരുന്നു.
കംബോഡിയൻ ഭാഗത്ത് ഒദ്ദാർ മീഞ്ചെ പ്രവിശ്യയ്ക്കടുത്തുള്ള ഗ്രാമങ്ങൾ ഭൂരിഭാഗവും വിജനമായിരുന്നു.
വ്യാഴാഴ്ച രാവിലെ ഖമര്‍ ഹിന്ദു ക്ഷേത്രമായ ടാ മുയെന്‍ തോമിന് സമീപത്തായാണ് ആദ്യം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് വിവരം. കംബോഡിയന്‍ സൈന്യം ക്ഷേത്രത്തിന് സമീപം വെടിയുതിര്‍ത്തുവെന്നും പിന്നാലെ ഒരു നീരീക്ഷണ ഡ്രോണ്‍ വിന്യസിച്ചിരുന്നുവെന്നും തായ് സൈന്യം ആരോപിക്കുന്നു.
Content Summary: Thailand-Cambodia clash; Mass evacuations at the border
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.