April 20, 2025 |

കോപ്പിയടിയും കൊലപാതകവും രണ്ട്; ആ കുട്ടികളെ കൊണ്ട് പരീക്ഷ എഴുതിച്ചത് ബാലാവകാശ നിയമം

കുട്ടികളുടെ അവകാശം സംരക്ഷിക്കുക സംസ്ഥാനത്തിന്റെ കടമയാണ്

എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിവസം പ്രതിഷേധങ്ങളുടെയും അക്രമങ്ങളുടെയുമായിരുന്നു. കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ മരണത്തിന് കാരണക്കാരായ കുട്ടികളെ പരീക്ഷ എഴുതിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോപ്പിയടിക്കുന്ന കുട്ടികളെ ഡീബാര്‍ ചെയ്യുകയും കൊലപാതകം ചെയ്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും ചെയ്യുന്നത് രണ്ടുതരം നീതിയാണെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്. ഇതിനെല്ലാം വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും കൂട്ടുനില്‍ക്കുന്ന എന്ന ആരോപണവും ശക്തമാണ്. എന്നാല്‍ ഷഹബാസിന്റെ കൊലപാതകത്തിന് കാരണക്കാരായ കുട്ടികളെ പരീക്ഷ എഴുതിച്ചതില്‍ സര്‍ക്കാരും ബാലാവകാശ കമ്മീഷനും തെറ്റുകാരല്ല. കാരണം രാജ്യത്ത് നിലനില്‍ക്കുന്ന ബാലാവകാശ നിയമമാണ് ഈ കുട്ടികളെ കൊണ്ട് പരീക്ഷ എഴുതിച്ചത്.thamarassery shahabas murder; the child right act was written for the examination by children 

’18 വയസിന് താഴെയുള്ളവര്‍ എത്ര വലിയ തെറ്റ് ചെയ്താലും അവര്‍ക്ക് ഒരവസരം കൊടുക്കണം എന്ന നിയമമാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ കുറ്റകൃത്യം ചെയ്താല്‍ അവരെ റീഹാബിലിറ്റേഷന്‍ ചെയ്യുക എന്നതാണ് നിയമം ഉദേശിക്കുന്നത്. അല്ലാതെ ശിക്ഷിക്കുക എന്നല്ല നിയമം പറയുന്നതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. ജെ സന്ധ്യ അഴിമുഖത്തോട് പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട് അവര്‍ എത്ര ഹീനമായ കുറ്റകൃത്യം ചെയ്താലും അവര്‍ക്ക് മാറി ചിന്തിക്കാനും പഠിക്കാനുമായി രണ്ടാമതൊരു അവസരം കൂടി നല്‍കണമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ അവകാശം സംരക്ഷിക്കുക എന്നത് സംസ്ഥാനത്തിന്റെ കടമയാണ്.

കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ മരണത്തിന് കാരണക്കാരായ കുട്ടികളെ പരീക്ഷ എഴുതിക്കുന്നതും ഈ നിയമപ്രകാരമാണ്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്ന കുട്ടികളെ ഡീബാര്‍ ചെയ്യുന്നില്ലേ എന്നാണ്. 18 വയസ് കഴിഞ്ഞ കുട്ടികളാണ് അവര്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കുന്നില്ല. അതാണ് അവരെ ഡീബാര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുന്നതെന്നും’ അഡ്വ. സന്ധ്യ അഴിമുഖത്തോട് പറഞ്ഞു.

താമരശേരി എളേറ്റില്‍ എംജെ ഹയര്‍സെക്കന്ററി സ്‌കൂളിലെ പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. ഷഹബാസിന്റെ കൊലപാതകത്തിന് കാരണക്കാരായ കുട്ടികളെ കൊണ്ട് പരീക്ഷ എഴുതിച്ചതില്‍ സങ്കടമുണ്ടെന്നായിരുന്നു ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞത്. കൊലപാതകത്തിന് കാരണക്കാരായ കുട്ടികള്‍ കോഴിക്കോട് വെള്ളിമാട് കുന്നിലെ ജുവനൈല്‍ ഹോമില്‍ പ്രത്യേകം സജ്ജീകരിച്ച സെന്ററിലായിരുന്നു പരീക്ഷ എഴുതിയത്.

ആദ്യം വെള്ളിമാട് കുന്ന് ജുവനൈല്‍ ഹോമിന് സമീപത്തെ സ്‌കൂളുകളാണ് പരിഗണിച്ചതെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കുകയായിരുന്നു. ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധം നടത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് സംഘടനകളുടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.thamarassery shahabas murder; the child right act was written for the examination by children 

Content Summary: thamarassery shahabas murder; the child right act was written for the examination by children

Leave a Reply

Your email address will not be published. Required fields are marked *

×