സദാചാര വിചാരണ ഭയന്നാണ് ആലപ്പുഴയിൽ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുന്നത്. ആരോടും ഒരു തരത്തിലുള്ള പ്രശ്നത്തിനും പോകാത്ത കുടുംബം. അവിടെ നിന്ന് ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഓമനപ്പുഴ ഗ്രാമം. വീട്ടിൽ എത്താൻ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ഛൻ ജോസ്മോൻ മകൾ ജാസ്മിൻ എന്ന എയ്ഞ്ചൽ ജാസ്മിനെ കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തി. ജാസ്മിൻ കുറച്ചുകാലങ്ങളായി വീട്ടിൽ വൈകിയെത്തുന്നതിൽ ജോസ്മോന് കടുത്ത അമർഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനും മകളും തമ്മിൽ ഇതേച്ചൊല്ലി വലിയ തർക്കമുണ്ടായിരുന്നു.
മകളുടെ വിവാഹ ബന്ധത്തിൽ വിള്ളലുണ്ടായത് കുടുംബത്തെ മുഴുവനായി ആശങ്കയിലാക്കിയിരുന്നതായാണ് സംഭവത്തെക്കുറിച്ച് ഓമനപ്പുഴ വാര്‍ഡ് മെംബര്‍ ഇമ്മാനുവേല്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ഇത് പലപ്പോഴായി പെൺകുട്ടിയുടെ മാതാപിതാക്കൾ പലരോടും പങ്കുവച്ചിരുന്നു. ഒരു മകളെ വിവാഹം കഴിച്ച് അയച്ചിട്ട് ആ ജീവിതം അത്ര നല്ലതാവാതെ വന്നതിലുള്ള സ്വാഭാവികമായ ആശങ്കയാണ് ഇവിടെ പെൺകുട്ടിയുടെ കുടുംബത്തിന് ഉണ്ടായതെന്നാണ് ഇമ്മാനുവേൽ പറയുന്നത്.
എല്ലാവരോടും നന്നായി ഇടപെടുന്ന പ്രകൃതമായിരുന്നു ഏയ്ഞ്ചലിന്റേത്. കന്യാസ്ത്രീ പട്ടത്തിന് വേണ്ടി പഠിക്കാൻ ചേർന്നിട്ട് അത് പാതി വഴിയിൽ ഉപേക്ഷിച്ചാണ് ഏയ്ഞ്ചൽ വിവാഹം കഴിക്കുന്നതെന്ന് ഇമ്മാനുവേൽ പറഞ്ഞു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഏയ്ഞ്ചൽ. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ ജോലി. ആ സാഹചര്യത്തിൽ രാത്രിയിൽ യാത്ര ചെയ്യേണ്ടു വരാറുണ്ട് ഇതിനെയാവാം മറ്റു രീതിയിൽ വ്യാഖാനിക്കുന്നതെന്നും ഇമ്മാനുവേൽ കൂട്ടിച്ചേർത്തു
രാവിലെ ഏഴരയോടു കൂടി അയൽക്കാരൻ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഞാൻ പെൺകുട്ടിയുടെ വീട്ടിലേക്ക് ചെല്ലുന്നത്. മുറിയിലേക്ക് കയറി ചെല്ലുമ്പോൾ പെൺകുട്ടി മരിച്ചു കിടക്കുകയായിരുന്നു.യാതൊരു തരത്തിലുള്ള സംശയവും എനിക്കോ അയൽക്കാർക്കോ തോന്നിയിരുന്നില്ല. ഞാൻ കയറി ചെല്ലുന്ന സമയത്ത് പൊട്ടിക്കരയുന്ന മാതാപിതാക്കളെയാണ് കാണുന്നത്. എന്റെ മകളുടെ കൂടെ പഠിച്ച പെൺകുട്ടിയാണ് കൊല്ലപ്പെട്ട ഏയ്ഞ്ചൽ. പഠിക്കുന്ന കാലം തൊട്ടേ പെൺകുട്ടിയുമായി എന്റെ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. പുസ്തകങ്ങൾ വാങ്ങാൻ മറ്റുമായി എന്റെ വീട്ടിലേക്ക് വരാറുണ്ട്. എന്നെ കണ്ടപ്പോഴേ ഇതെല്ലാം പറഞ്ഞു കൊണ്ടാണ് പിതാവ് ജോസ്മോൻ കരയുന്നതെന്നും ഇമ്മാനുവേൽ പറഞ്ഞു
എന്റെ വീട്ടിൽ നിന്ന് ഏകദേശം നൂറു മീറ്റർ മാറിയാണ് ഇവരുടെ വീട്. എന്റെ മകളും ഏയ്ഞ്ചലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചിട്ടുള്ളതാണ്. എല്ലാവരോടും വളരെ നന്നായി ഇടപെടുന്ന പ്രകൃതമായിരുന്നു പെൺകുട്ടിയുടേത്. ഇവിടെ നിന്ന് 3 കിലോ മീറ്റർ മാത്രം ദൂരെ തുമ്പോളി എന്ന പ്രദേശത്താണ് പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്. പെൺകുട്ടിയുടെ പിതാവ് ജോസ്മോൻ ആരോടും കയർത്ത് സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല. ജോസ്മോന് മറ്റൊരു മകൾ കൂടിയുണ്ട് അവളും വിവാഹിതയാണ്. ഏയ്ഞ്ചലിനെക്കുറിച്ച് മോശം അഭിപ്രായമുള്ളതായി അറിയില്ല. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പുറത്തറിയിക്കാതെ ഇരുന്നതാവാം. അയൽക്കാർക്ക് ഈ വിഷയത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നും ഇമ്മാനുവേൽ വ്യക്തമാക്കി.
content summary: The Alappuzha murder case is rooted in fear and driven by a moral trial