February 13, 2025 |

ഗുരു സനാതന ധർമ്മി ആയിരുന്നു എന്ന വാദം ചരിത്രത്തെ വളച്ചൊടിക്കൽ: പി. എൻ ഗോപീകൃഷ്ണൻ

ചീഞ്ഞൊലിക്കുന്ന ഉള്ളടക്കത്തെ മനോഹരമായ പാക്കറ്റിൽ പ്രദർശിപ്പിക്കുന്ന കമ്പോള മിടുക്കായ സനാതന ധർമ്മത്തെ ചർച്ചയ്ക്ക് തന്നെ എടുക്കേണ്ട കാര്യമില്ല.

അംബേദ്ക്കറെപ്പോലെ ഇന്ത്യൻ ജാതി വ്യവസ്ഥയുടെ പ്രവർത്തനം തിരിച്ചറിഞ്ഞ ഒരാളുടെ ” ജാതി നിർമ്മാർജ്ജനം ” ചർച്ച ചെയ്യേണ്ട സമയത്ത് ചീഞ്ഞൊലിക്കുന്ന ഉള്ളടക്കത്തെ മനോഹരമായ പാക്കറ്റിൽ പ്രദർശിപ്പിക്കുന്ന കമ്പോള മിടുക്കായ സനാതന ധർമ്മത്തെ ചർച്ചയ്ക്ക് തന്നെ എടുക്കേണ്ട കാര്യമില്ല. ശ്രീനാരായണ ഗുരു സനാതന ധര്‍മത്തിന്റെ വക്താവായിരുന്നു എന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. പി. എൻ ഗോപീകൃഷ്ണൻ പറയുന്നു.

മുഴുവന്‍ ലേഖനത്തിനായി തുടര്‍ന്ന് വായിക്കുക…

 

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സനാതന ധര്‍മം എന്നതുകൊണ്ട് ഉദേശിക്കുന്നത് ബ്രാഹ്മണ്യത്തിലൂന്നിയ ഒരു സമൂഹ സങ്കല്‍പ്പവും മത സങ്കല്‍പ്പവുമാണ്. ഹിന്ദുമതം ഏതൊരു മതത്തെയും പോലെ ലോകത്തെപ്പറ്റി നിരവധി നല്ല വാചകങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹിന്ദുമതത്തിന് അത്തരം വാചകങ്ങളിലൂടെ വായിക്കാവുന്ന തത്വശാസ്ത്രതലമുണ്ട്. പക്ഷെ അതേ സമയം സമൂഹത്തിലെ അതിന്റെ പ്രകടനം നിരവധി ആചാര, അനുഷ്ഠാന, സാമൂഹിക സങ്കല്‍പ്പങ്ങളിലൂടെയാണ്. ബ്രാഹ്മണിസം ഹിന്ദുമതത്തെ ഉപയോഗപ്പെടുത്തിയത് മേല്‍പ്പറഞ്ഞ ആചാര അനുഷ്ഠാനങ്ങളിലൂടെയും അതുണ്ടാക്കുന്ന സമൂഹ സങ്കല്‍പ്പത്തില്‍ കൂടിയുമാണ്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അസ്പൃശ്യതയാണ്, അതിന്റെ മേല്‍ക്കോയ്മയാണ്. ബ്രാഹ്മണന്‍ ബ്രഹ്മാവിൻ്റെ മുഖത്ത് നിന്ന് വന്നു, ശൂദ്രര്‍ ബ്രഹ്മാവിൻ്റെ കാല്‍പ്പാദത്തില്‍ നിന്ന് വന്നു, ഇത്തരത്തില്‍ തികച്ചും ലംബമാനമായ മേല്‍ക്കോയ്മയുള്ള ഒരു സമൂഹമാണ് അതിനെ ഉദ്‌ഘോഷിച്ചത്. അതുകൊണ്ട് തന്നെ ബ്രാഹ്മണരെ കേന്ദ്രമാക്കി കറങ്ങുന്ന സൗരയൂഥ സിദ്ധാന്തമാണ് ഇതിനകത്തുള്ളത്. ബ്രാഹ്മണര്‍ സൂര്യനെ പോലെയും മറ്റുള്ളവര്‍ അതിന് പുറത്തെ ഗ്രഹങ്ങള്‍ പോലെ അതിനും പുറത്തുള്ളവര്‍ ഉപഗ്രഹങ്ങള്‍ പോലെയും വീണ്ടും താഴേക്കെത്തുമ്പോള്‍ ധൂമഗ്രഹങ്ങൾ പോലെ കാണാതെയും പോകുന്ന തരത്തിലാണ് ബ്രാഹ്മണ്യം സനാതന ധര്‍മത്തെസമൂഹത്തില്‍ നിലനിർത്തിയിരുന്നത് .

തിരുവിതാംകൂര്‍, കൊച്ചി പോലുള്ള നാട്ടുരാജ്യങ്ങളെല്ലാം ഹിന്ദു സനാതന ധര്‍മം ഉപയോഗിച്ചാണ് ഭരിച്ച് വന്നിരുന്നത്. തിരുവിതാംകൂർ രാജവംശത്തിൻ്റെ പ്രഖ്യാപിത നയം തന്നെ അതായിരുന്നു. അവിടെ ഒരേ കുറ്റം രണ്ടു ജാതിയിലെ ആളുകൾ ചെയ്താല്‍ രണ്ട് തരത്തിലുള്ള ശിക്ഷയാണ് നല്‍കിയിരുന്നത്. ബ്രാഹ്മണന്‍ ഒരാളെ കൊന്നാലും വധശിക്ഷ കിട്ടില്ല .കാരണം ബ്രഹ്മഹത്യ പാപമാണ്, അതേ സമയം ദളിതന് പ്രവേശിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് അകറ്റി നിര്‍ത്തിയ വഴിയിലേക്ക് കാലെടുത്ത് വച്ചാല്‍ അയാളെ കൊല്ലാം. ഒരു സമൂഹം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍ അവിടുത്തെ ശിക്ഷാ വിധികള്‍ പരിശോധിച്ചാല്‍ മതിയാകും. രണ്ടാൾക്ക് ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ നൽകുന്ന ദൈവത്തിൻ്റെ പേരുള്ള സമ്പ്രദായം അതിനുള്ളിൽ അഴിമതിയെ വഹിക്കുന്ന ഒന്നാണ് എന്ന് ഇന്നത്തെ നീതിബോധത്തിൽ നിന്ന് നോക്കിപ്പറയാൻ ഒരു പ്രയാസവുമില്ല. ഈ നീതിബോധമാണ് സനാതനധർമ്മം എന്ന പേരിൽ തിരുവിതാംകൂറും ഇന്ത്യയിലെ മറ്റ് ഹിന്ദു നാട്ടു രാജ്യങ്ങളും പുലർത്തിയിരുന്നത്.

ദൈവത്തിനോട് അടുത്ത് നില്‍ക്കുന്ന ആളുകളായും ദൈവത്തിന്റെ ദൃഷ്ടി എത്താത്തതുമായ ആളുകളായും സമൂഹത്തെ തരം തിരിച്ചതാണ് ദൈവത്തിൻ്റെ പേരിൽ എന്ന്‌ പറഞ്ഞ് ബ്രാഹ്മണ്യം ചെയ്തത് ., ഇതില്‍ ദൈവത്തിന്റെ ദൃഷ്ടി എത്താത്ത ആളുകളെ സമയത്ത് വേണമെങ്കിലും ജീവിതത്തില്‍ നിന്ന് അധികാരം കൈയ്യാളുന്നവർക്ക് പിരിച്ചു വിടാം. എപ്പോഴും എന്ത് വേണമെങ്കിലും സംഭവിക്കാം അത് സമൂഹത്തെ ബാധിക്കില്ല. അതേ സമയം രാജ്യത്തിന്റെ ഉടമകളായ ബ്രാഹ്മണരരിലും അതോട് ചേര്‍ന്ന് നില്‍ക്കുന്ന രാജാധികാര ശക്തിയിലുമാണ് മുഴുവൻ അവകാശവും അധികാരവും ചേർന്നിരിക്കുന്നത്. ഇക്കാര്യം സ്ഥാനീകരിക്കാനാണ് ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ സനാതന സങ്കല്‍പ്പം മുന്നോട്ട് വെച്ചത്.

ശ്രീനാരായണ ഗുരു സനാതന ധര്‍മത്തിന്റെ വക്താവായിരുന്നു എന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. ശ്രീനാരായണ ഗുരു സന്യാസിയായി രംഗത്ത് വരുന്നത് തന്നെ വിമതനായിട്ടാണ്. സ്വന്തം നിലയ്ക്കാണ് അദ്ദേഹം സന്യാസിയായി പ്രഖ്യാപിക്കുന്നത് അല്ലാതെ സ്ഥാപിത മഠങ്ങളില്‍ നിന്ന് സന്യാസം സ്വീകരിച്ച ആളല്ല. ഒരു സന്ദര്‍ഭത്തില്‍ നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകരാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഹിന്ദുമതം അനുസരിച്ച് വിമത സന്യാസം അനുവദനീയമല്ല, പുതിയ നീതിന്യായ വ്യവസ്ഥയിലാണ് വിമത സന്യാസം സ്വീകാര്യമാകുന്നത്. അതിനര്‍ഥം ഈഴവനായ ശ്രീനാരായണ ഗുരുവിന് സനാതന ധര്‍മം അനുസരിച്ചുള്ള സന്യാസം സ്വീകരിക്കാനുള്ള അവകാശമില്ല. ആ സാഹചര്യത്തില്‍ സ്വയം സന്യാസം സ്വീകരിച്ച ശ്രീനാരായണ ഗുരുവിന് ആ സന്യാസം ഉറപ്പിച്ച് നല്‍കിയത് ബ്രിട്ടീഷുകാര്‍ ആയിരുന്നു. സന്യാസിയായ ഗുരുവിനോട് കോടതിയില്‍ വരേണ്ടതില്ല എന്നും മറ്റും പുറത്തിറക്കിയ ഉത്തരവുകൾ കൊണ്ടാണ് നിയമപരമായി ഗുരു സന്യാസിയായത് എന്നർത്ഥം. ഹിന്ദുമതം അനുശാസിക്കുന്ന സന്യാസരീതികൾ അനുസരിക്കുന്നത് കൊണ്ടല്ല.

ശ്രീനാരായണ ഗുരു നടത്തിയ ഏറ്റവും വലിയ സാമൂഹികമായ പോരാട്ടം ജാതിക്കെതിരെയുള്ള പോരാട്ടമായിരുന്നു. അതിൻ്റെ ആശയസംഹിതയെ സമാഹരിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് കവിതകളാണ് ജാതി നിര്‍ണയവും ജാതി ലക്ഷണവും . . പശുവിന് പശുത്വം എന്നത് പോലെയാണ് മനുഷ്യന് മനുഷ്യത്വം. മനുഷ്യൻ ഒരു ജന്തുവായതിനാൽ ആ ജന്തുവിൻ്റെ സഹജതയായ മനുഷ്യത്വം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ജാതി നോക്കി ഒരു വ്യക്തിയെ താഴ്ന്നവന്‍ ഉയര്‍ന്നവന്‍ നല്ല മനുഷ്യന്‍ ചീത്ത മനുഷ്യന്‍ എന്നൊന്നും തരംതിരിക്കാന്‍ കഴിയില്ല എന്നാണ് ആ കവിതകളിൽ പറയുന്നത്. പേരും ഊരും തൊഴിലും അറിഞ്ഞാൽ ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ അറിവുമായി. ജാതിയും മതവും ഒന്നും സാമൂഹ്യമായ അറിവിൻ്റെ ആവശ്യമില്ല. ഗുരുവിൻ്റെ കവിതകളിൽ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,പലമതസാരവുമേകം തുടങ്ങിയ വരികളും കടന്നു വരുന്നത് കാണാം. സർവ്വമത സമ്മേളനം നടത്തുന്നത് തന്നെ ഇഷ്ട മതം തെരഞ്ഞെടുക്കാൻ ആർക്കും അവകാശമുണ്ട് എന്ന അടിസ്ഥാനത്തിലാണ്. നമുക്ക് ജാതിയും മതവുമില്ല എന്ന വിളംബരം നടത്തിയ ആളാണ് ശ്രീനാരായണ ഗുരു .

സമത്വം എന്ന ആശയത്തിന് ചലിക്കണമെങ്കിൽ ജാതി എന്ന ‘ ഇല്ലാത്ത ഒന്നിൻ്റെ ‘ വ്യാജതയെ അവസാനിപ്പിക്കണം എന്നതാണ് ഗുരു മുന്നോട്ട് വച്ചിരുന്ന ആശയം. ജാതിയെ എതിർക്കുക എന്നതിൽ നിന്ന് ജാതിയില്ല എന്ന ബോധ്യത്തിലേയ്ക്ക് മേൽക്കവിതകളിൽ ഗുരു നീങ്ങുന്നത് കാണാം. എല്ലാവരും സമന്മാരാണ് എന്ന ആശയം സനാതനധർമ്മം അനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ ഒരിക്കലും സാധ്യമാകില്ല എന്ന് നാം കണ്ടു. അതിനാൽ തീര്‍ച്ചയായും സനാതന ധര്‍മത്തിനെതിരെയുള്ള ഒരു പോരാട്ടമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ മുഴുവന്‍ ജീവിതം എന്ന് കാണുന്നതിൽ തെറ്റില്ല.

സനാതന ധര്‍മികള്‍ എന്ന് പറയപ്പെടുന്ന ആളുകള്‍ സനാതന ധര്‍മത്തിന് ഒരു പ്രത്യേക രീതി നിര്‍ണയിച്ച് വച്ചിട്ടുണ്ട്. അത് പ്രകാരം പല ആളുകള്‍ക്കും ക്ഷേത്ര പ്രവേശനം പോലും നിഷിധമായിരുന്നു, അമ്പലത്തിന്റെ പരിസരത്ത് പോലും പോകാന്‍ കഴിയാത്ത ശൂദ്രരും പഞ്ചമരും നിറഞ്ഞ സമൂഹമായിരുന്നു നമ്മുടേത്. ഉത്തരേന്ത്യയിലെ സനാതന ധര്‍മികളുടെ സനാതന പ്രചാരണം , അച്ചടി മാധ്യമയുഗത്തിൽ നടത്താനായി ആവിഷ്ക്കരിച്ച സ്ഥാപനമായിരുന്നു ഗീതാ പ്രസ്സ്. അവിടെ നിന്നും പുറത്തിറങ്ങിയിരുന്ന പുറത ഒരു മാസികയുണ്ടായിരുന്നു. കല്യാണ്‍ എന്ന് പേരിട്ടിരുന്ന ഈ മാസികയുടെ ദൗത്യം ദൈവനാമത്തിൽ ബ്രാഹ്മണിസത്തെ മുഴുവൻ ഹിന്ദുസമൂഹത്തിലും അടിച്ചേല്പിക്കുന്ന വ്യവസ്ഥയെ ആധുനിക ലോകത്തേയ്ക്ക് കൂടി വ്യാപിപ്പിക്കുക എന്നതായിരുന്നു.ഗാന്ധി , ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടപ്പോൾ കല്യാണിൻ്റെ പത്രാധിപരും സ്വയം സനാതനധർമ്മ വ്യക്താവുമായി സങ്കല്പിച്ചിരുന്ന ആളായ ഹനുമാൻ സിങ്ങ് പൊദ്ദാർ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സനാതന ധർമ്മത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് പറഞ്ഞാണ്.

ഭൂതകാലത്തിലെ ഒരു സങ്കല്പനമെടുത്ത് ഇക്കാലത്ത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സനാതന ധര്‍മം, സദാചാരം തുടങ്ങിയവയെല്ലാം പദങ്ങളെന്ന നിലയിൽ നന്നായി ഉടുത്തൊരുങ്ങിയവയാണ്. ഈ പദങ്ങളുടെ കേവലാർത്ഥം നോക്കിയാൽ നല്ലതായിരിക്കാം . പക്ഷെ നീതിയുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലാണ് ഇത് ചരിത്രത്തിലുടനീളം പ്രവര്‍ത്തിച്ച് വന്നിരിക്കുന്നത്. ബ്രാഹ്മണിസം എന്ന ആശയമാണ് സനാതന ധര്‍മത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. കേരളത്തിന് നൂറ് നൂറ്റമ്പത് കൊല്ലം മുന്നത്തെ ചരിത്രം പരിശോധിച്ചാല്‍ ദളിതരും പിന്നാക്കക്കാരുമെല്ലാം വെളിച്ചം പോലും തട്ടാതെ ആരുടെയും ദൃഷ്ടിയില്‍ പതിയാതിരിക്കാന്‍ ഒളിച്ചു താമസിച്ചിരുന്ന നാടാണിത്. താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം കൊടുക്കാത്ത നാടാണിത്. ആചാരം എന്ന പേരിൽ നൂറ്റാണ്ടുകളോളം മനുഷ്യരെ കൊല്ലാതെ കൊന്ന വ്യവസ്ഥയാണിത്. എന്നാല്. ഇന്നത്തെ ആധുനിക നീതി ദർശനത്തിൽ നിന്ന് നോക്കുമ്പോഴാണ് അതെത്ര പ്രാകൃതമായിരുന്നു. എത്ര ക്രൂരമായിരുന്നു’ അത്തരത്തില്‍ മതത്തിന്റെ പേരില്‍ പ്രാകൃതവും ക്രൂരവുമായ ആചാരങ്ങള്‍ നടപ്പാക്കാൻ എല്ലാക്കാലത്തും ജാതി മേലാളർക്ക് പതിച്ചു നൽകേണ്ട അവകാശത്തിൻ്റെ ഓമനപ്പേരാണ് സനാതന ധർമ്മം.

അംബേദ്ക്കറെപ്പോലെ ഇന്ത്യൻ ജാതി വ്യവസ്ഥയുടെ പ്രവർത്തനം തിരിച്ചറിഞ്ഞ ഒരാളുടെ ” ജാതി നിർമ്മാർജ്ജനം ” ചർച്ച ചെയ്യേണ്ട സമയത്ത് ചീഞ്ഞൊലിക്കുന്ന ഉള്ളടക്കത്തെ മനോഹരമായ പാക്കറ്റിൽ പ്രദർശിപ്പിക്കുന്ന കമ്പോള മിടുക്കായ സനാതന ധർമ്മത്തെ ചർച്ചയ്ക്ക് തന്നെ എടുക്കേണ്ട കാര്യമില്ല. രാഷ്ട്രീയത്തെ ഹൈന്ദവവത്ക്കരിക്കുക എന്ന ആശയം സവർക്കറൈറ്റ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പ്രിയ രാഷ്ട്രീയ മുന്നൊരുക്കമാണ്. ജാതി നിർമ്മാർജ്ജനത്തിൻ്റെ ചർച്ചകൾ ആഴത്തിലും പരപ്പിലുമുള്ള സാംസ്കാരിക സംവാദങ്ങൾ വ്യാപകമായി തുടങ്ങി വെയ്ക്കുക എന്നതാണ് ഇതിന് പരിഹാരം.

content summary; The argument that the Guru was Sanatana Dharmi is a distortion of history

×