മഹാകുംഭമേളയിലെ നദികളിലെ ജലത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ച് പ്രതികരിച്ച ഫുട്ബോൾ താരം സി. കെ വിനീതിനെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് കുളിക്കാനും ചൊറിപിടിച്ച് തിരിച്ചുവരാനും തനിക്ക് താൽപര്യമില്ലെന്ന് മാതൃഭൂമി അക്ഷരോത്സവത്തിൽ വെച്ച് സി. കെ വിനീത് പറഞ്ഞിരുന്നു. സംഭവം വാർത്തയായതോടെ വിനീതിനെതിരെ കടുത്ത സോഷ്യൽ മീഡിയ ആക്രമണമാണ് സംഘപരിവാർ അനുകൂലികൾ നടത്തുന്നത്.
വിശ്വാസമില്ലാത്ത നീ എന്തിനാണ് കുംഭമേളയിൽ പോയതെന്നും വിനീതിന് ചൊറിപിടിച്ച ലുക്കാണെന്നുമുള്ള കമന്റുകൾ വന്നിരുന്നു. കണ്ണൂരിൽ നടക്കുന്ന തെയ്യം മഹോത്സവത്തിൽ നടക്കുന്ന ചിത്രം വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് അസഭ്യ കമൻ്റുകൾ വന്നത്.
‘കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്‌സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താൽപര്യമില്ല. കുംഭമേളയിൽ ഞാൻ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാൻ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്. മറ്റൊരു വിഭാഗം എന്നുപറയുന്നത് 40 കോടിയോളം ആളുകൾ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാർഗമാക്കിയവരാണ്. അവരാണ് എന്നെ ആകർഷിച്ചത്. ഇത്രയും ആളുകൾ വരാൻ വേണ്ടിയുള്ള പിആർ വർക്ക് അവർ ചെയ്‌തിട്ടുണ്ട്. അവരെ ഉൾക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല, എന്നായിരുന്നു വിനീത് പറഞ്ഞത്.
അതേസമയം, കുംഭമേളയിലെ നദിയിലെ ജലം മലിനമാണെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളുകയും വെള്ളം കുടിക്കാനും കുളിക്കാനും അനുയോജ്യമാണെന്നുമുള്ള യു പി മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ധ്രുവ് റാഠിയും വിഷയത്തിൽ പ്രതികരണം അറിയിച്ചിട്ടുണ്ട്. വെള്ളത്തിൽ അനുവദനീയമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാണിക്കുന്ന സിപിസിബി നിയമങ്ങൾ സോഷ്യൽ മീഡിയയിൽ ധ്രുവ് റാഠി പങ്കുവെച്ചിരുന്നു.
ജല സാമ്പിളിലെ ബാക്ടീരിയകളുടെ എണ്ണത്തിന്റെ സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നത് എംപിഎൻ ൽ ആണ്. സീറോ എംപിഎൻ ആണെങ്കിൽ കുടിക്കാൻ അനുയോജ്യമായതും 500 എംപിഎൻ ആണെങ്കിൽ ആ വെള്ളം കുളിക്കാൻ അനുയോജ്യമായതുമാണ്. എന്നാൽ യമുന നദിയിലെ ജലത്തിലുള്ളത് 13,000 എംപിഎൻ ആണ്. ഗംഗയിലേത് 49,000 എംപിഎന്നും.
ത്രിവേണി സംഗമത്തിലെ ജലത്തിൽ മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് വലിയ തോതിൽ ആണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.
സിപിസിബി നിയമങ്ങൾ അനുസരിച്ച്, സംഘടിതമായി പുറത്തുള്ള ജലാശയങ്ങളിൽ കുളിക്കുന്നതിന്, വെള്ളത്തിലെ മൊത്തം കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലി ലിറ്ററിന് 500 എംപിഎൻ ൽ താഴെയായിരിക്കണം. ഗംഗ, യമുന നദികളിലെ ജലത്തിലെ കോളിഫോം അളവ് 100 മില്ലി ലിറ്ററിന് 2,500 എംപിഎൻ ൽ കൂടരുതെന്നും സിപിസിബി റിപ്പോർട്ട് പറയുന്നു.
നദികളിലെ ജലത്തിൽ മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരയുടെ സാന്നിധ്യം ഉയർന്ന അളവിലുണ്ടെന്ന് തെളിയിക്കുന്ന ഒരു റിപ്പോർട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ടിരുന്നു. എന്നാൽ ഡിസംബർ മുതൽ ആവശ്യമായ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്, ഫെക്കൽ കോളിഫോം തുടങ്ങിയ ചില ജല ഗുണനിലവാര അളവുകൾ യുപിപിസിബിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഫെബ്രുവരി 18 വരെയുള്ളവ ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്ത റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും എൻജിടി ആവശ്യപ്പെട്ടിട്ടുണ്ട്.
ദശലക്ഷക്കണക്കിന് തീർത്ഥാടകരാണ് മഹാകുംഭമേളയിൽ പുണ്യ സ്നാനത്തിനായി എത്തുന്നത്. മലിന ജലവുമായി സമ്പർക്കം പുലർത്തുന്നത് വയറിളക്കം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ അറിയിച്ചിരുന്നു.
Content Summary: The Central Pollution Control Board has said that Ganga water is not safe for drinking or bathing, Druv Rathee shared a post against those who abused CK Vineeth
CK Vineeth Druv Rathee