April 20, 2025 |

വാർത്ത തുണയായി, കളക്ടർ നേരിട്ടെത്തി; മൂർത്തിയും ലോറിയും നാട്ടിലേക്ക്

മൂർത്തിയുടെ നിസ്സഹായ അവസ്ഥ കളക്ടർ അറിഞ്ഞത് അഴിമുഖത്തിലൂടെ

മൂർത്തിക്ക് ഇനി നാട്ടിലേക്ക് മടങ്ങാം, തന്റെ ശ്രീ പെരിയാണ്ടിച്ചിയമ്മൻ തുണൈ ലോറിയുമായി. തൃക്കാക്കര വേളാങ്കണ്ണി പള്ളിക്ക് സമീപം കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിലുണ്ടാക്കിയ അപകടത്തെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന, തമിഴ്നാട് സേലം സ്വദേശി മൂർത്തിയുടെ വിഷയത്തിൽ ഇടപെട്ട് എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് .

മൂർത്തിയെ ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് നേരിട്ടെത്തി കാണുകയും കെഎസ്ഇബിക്ക് നൽകാനുള്ള ബാക്കി തുക ഉടൻ തന്നെ നൽകുമെന്നറിയിക്കുകയും ചെയ്തു.
‘വളരെ സാധുവായ ഒരു പയ്യൻ. അവനെ നേരിട്ട് കണ്ടപ്പോഴാണ് അവന്റെ ദയനീയാവസ്ഥ എനിക്ക് കൂടുതൽ മനസിലായത്. ഞാനും ഒരു സേലം സ്വദേശിയാണ്. അവന് ഞാൻ എന്റെ ചേമ്പറിൽ കൊണ്ട് പോയി ആഹാരം വാങ്ങി കൊടുത്തു. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചയെപറ്റി ഉറപ്പായും അന്വേഷിക്കും. മൂർത്തിക്ക് ഉടൻ തന്നെ അവന്റെ നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. കഴിയുമെങ്കിൽ ഇന്ന് തന്നെ മൂർത്തിയെ നാട്ടിലേക്ക് അയക്കാനുള്ള സംവിധാനം ഒരുക്കും. കെഎസ്ഇബിക്ക് നൽകാനുള്ള തുകയുടെ കാര്യത്തിലും തീരുമാനമുണ്ടാക്കും’,എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് അഴിമുഖത്തോട് പറഞ്ഞു.

മൂർത്തിയുടെ വിഷയം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പോലീസിന്റെ ഭാ​ഗത്ത് നിന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ പെറ്റീഷൻ ഫയൽ ചെയ്ത് പരാതിക്കാരന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ കഴിയുമെന്നും ഹരീഷ് നാരായണൻ അഴിമുഖത്തോട് പ്രതികരിച്ചു.

സേലം, റാസിപുരം സ്വദേശിയായ മൂർത്തി, രണ്ടാഴ്ചയിലേറെയായി അപകടത്തിൽ തകർന്ന തന്റെ ലോറിയിൽ കഴിയുകയാണ്. എറണാകുളം തൃക്കാക്കരയില്‍ വേളാങ്കണ്ണി മാതാ പള്ളിക്കു സമീപത്ത് വെച്ചാണ് മൂർത്തിയുടെ ലോറി അപകടത്തിൽപെട്ടത്. ചെന്നൈയിലേക്ക് സള്‍ഫര്‍ എത്തിക്കാനായി കേരളത്തിലേക്ക് എത്തിയ മൂർത്തിയുടെ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് പള്ളിക്ക് സമീപമുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിലേക്ക് വീണു. നിരവധി വാഹനങ്ങള്‍ റോഡിലെ ബ്ലോക്കില്‍ കുരുങ്ങിക്കിടന്ന സമയത്താണ് അപകടമുണ്ടായതെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മൂര്‍ത്തിയും പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ അപകടത്തിൽ കെഎസ്ഇബിയുടെ രണ്ട് പോസ്റ്റുകൾ തകർന്നതിന് 55,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബോർഡ് ഉദ്യോ​ഗസ്ഥർ പറഞ്ഞിരുന്നു. ആ തുക സംഘടിപ്പിക്കാനായി കുറച്ച് നാളുകളായി നെട്ടോട്ടമോടുകയായിരുന്നു വെറും 23 വയസ് മാത്രം പ്രായമുള്ള മൂർത്തി. ലോറിയുടെ ലൈസൻസും ഇൻഷുറൻസും പോലീസ് പിടിച്ചു വെക്കുകയും ചെയ്തു. മുഴുവൻ പണവും നൽകാതെ ലോറി വിട്ട് കിട്ടില്ലെന്ന് അറിയച്ചതോടെ പൊട്ടിപ്പൊളിഞ്ഞ ലോറിക്കുള്ളിൽ ഭക്ഷണം പോലും കഴിക്കാതെ കഴിയുകയായിരുന്നു മൂർത്തി.

Content summary: The Collector arrived personally, and Murthy and the lorry were sent home
kerala Trikkakara KSEB Ernakulam NSk Umesh 

Leave a Reply

Your email address will not be published. Required fields are marked *

×