കേരളം നടുങ്ങിയ അരുംകൊലകൾ എന്ന തലക്കെട്ടോട്ടെ നിരവധി കൊലപാതകങ്ങളാണ് ഈ അടുത്ത കാലങ്ങളിലായി റിപ്പോർട്ട് ചെയ്ത്. ക്രൂരമായാണ് പ്രതികളിൽ പലരും കൃത്യം നിർവഹിച്ചിരിക്കുന്നതെന്ന് കേസ് പഠനങ്ങളിൽ നിന്നും ലഭ്യമായ മറ്റ് വിവരങ്ങളിൽ നിന്നും വ്യക്തമാണ്.
2017ൽ നന്ദൻകോട്ട് റിപ്പോർട്ട് ചെയ്ത കൂട്ടക്കൊലയിലെ കേദൽ ജിൻസൺനെ പെട്ടെന്ന് ആരും മറക്കാൻ സാധ്യതയില്ല. കുടുംബാംഗങ്ങളായ അഞ്ച് പേരെയായിരുന്നു അന്ന് കേദൽ കൊലപ്പെടുത്തിയത്. അന്ന് ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കിൽ ഇന്ന് നിരവധി കൊലപാതങ്ങളാണ് തുടരെ റിപ്പോർട്ട് ചെയ്യുന്നത്. വെഞ്ഞാറമൂട് കൊലപാതവുമായി ഇതിനെ താരതമ്യം ചെയ്യുന്നതിന്റെ പ്രധാന കാരണം കൊലപാതകത്തിലെ യുവാക്കളുടെ പങ്ക് തന്നെയാണെന്ന് കരുതാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിൽ സംഭവിച്ച കുറ്റകൃത്യങ്ങളെ പരിശോധിച്ചാൽ അതിൽ പൊതുവായി വരുന്ന ഘടകം ഘാതകരുടെ പ്രായമാണ്. ചേന്ദമംഗലത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ഋതുരാജും, ബലരാമപുരത്ത് രണ്ടര വയസുകാരി മരുമകളെ കൊലപ്പെടുത്തിയ ഹരികുമാറും, സ്വന്തം അമ്മയെ കഴുത്തറുത്ത് കൊന്ന താമരശേരിയിലെ ആഷിഖും, ചോറ്റാനിക്കരയിലെ അതീജീവിതയുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയുമെല്ലാം 30നടുത്തോ അതിൽ താഴെ പ്രായമുള്ളവരോ ആണ്. മാറുന്ന സാമൂഹ്യ സാഹചര്യം, വ്യക്തികളുടെ ഇടപെടൽ എന്നിവയെല്ലാം ഇതിന് പിന്നിലെ കാരണങ്ങളാണ്. പൊതുവായ ചർച്ചകളിലും ഇതൊരു പ്രധാനവിഷയമായ കടന്നുവരുമ്പോൾ യുവാക്കൾക്ക് ഇതിനെപ്പറ്റിയുള്ള കാഴ്ച്ചപ്പാടിനും പ്രാധാന്യമുണ്ട്, യുവാക്കളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളെയും പ്രതികരണങ്ങളെയും വിലയിരുത്തുകയാണ് ഇവിടെ.
ഭരണകൂടവും പ്രതികൾ
കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിൽ സംഭവിച്ച കുറ്റകൃത്യങ്ങളെ പരിശോധിച്ചാൽ അതിൽ പൊതുവായി വരുന്ന ഘടകം അവരുടെ പ്രായമാണ്. ഏകദേശം 20-25 വയസ്സിനുള്ളിൽ വരുന്ന യുവാക്കളാണ് ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നത്. തൊഴിലില്ലായ്മ,മെച്ചപ്പെട്ട കുടുംബ സാഹചര്യങ്ങളുടെ അഭാവം, സാമൂഹിക അംഗീകാരം എന്നിവയുടെ അഭാവം യുവതലമുറ നന്നായി അനുഭവിക്കുന്നുണ്ട്. ഫ്യൂഡൽ മനോഭാവത്തിൽ ജീവിക്കുന്ന നമ്മുടെ ഒക്കെ കുടുംബങ്ങൾക്ക് ഇവരെ അംഗീകരിക്കാനോ മനസ്സിലാക്കാനോ ഉള്ള ശേഷി ഇല്ല എന്നതാണ് സത്യം.ഡിജിറ്റൽ മാധ്യമങ്ങൾ യുവാക്കളുടെ ഇടയിൽ നന്നായി സ്വാധീനം ചെലുത്തുകയും അവർ ഇവിടെ നിലനിൽക്കുന്ന സാമൂഹിക ബോധത്തിന് അപ്പുറത്തേക്ക് പോകുകയും ചെയ്യുന്നുവെന്ന് പുരോഗമന യുവജന പ്രസ്ഥാനം അംഗമായ ഷർമിന പറയുന്നു.
കാലത്തിനൊപ്പം കുറ്റകൃത്യങ്ങളുടെ രീതിയും മാറുന്നു. സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളം വർദ്ധിച്ച് വരികയാണ്. 2024ൽ കേരളത്തിൽ മാത്രമായി നടന്ന കുറ്റകൃത്യങ്ങളുടെ ഔദ്യോഗിക കണക്ക് ഭയപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് 2024ൽ മാത്രമായി 1,98,234 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ 18,887 കേസുകളും 335 കൊലപാതകങ്ങളും 4594 പോക്സോ കേസുകളും റിപ്പോർട്ട് ചെയ്തു.
പുതിയ തലമുറയ്ക്ക് കൂടുതൽ സാഹചര്യങ്ങളും സാധ്യതകളും ആഗോളീകരണത്തിന്റെ ഭാഗം ആയി ലഭ്യമാണ്. ഇത് മദ്യം, മയക്ക് മരുന്ന് എന്നിവയോട് അവരെ അടുപ്പിക്കാൻ കാരണമാക്കുന്നു. അതോടൊപ്പം, പ്രതീക്ഷയറ്റ മനുഷ്യരെ സൃഷ്ടിക്കുന്നതിലും ഭരണ കൂടത്തിനു കൃത്യമായ പങ്കുണ്ട്. അവരെ സാമൂഹികമായി എൻഗേജ് ചെയ്യിപ്പിക്കാനുള്ള ശേഷിയും നിലവിലെ ഭരണകൂടത്തിനില്ല എന്നത് യാഥാർഥ്യമാണ്. മയക്ക് മരുന്ന് മാഫിയയെ ഇല്ലാതാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഭരണ കൂടം വീഴ്ച വരുത്തുന്നുണ്ട് എന്ന വസ്തുതയുടെ പ്രതിഫലമാണ് സമൂഹത്തിൽ ഇത് ഇത്ര വ്യാപകം ആകാൻ ഉള്ള കാരണം.കേരളം പോലുള്ള ഒരു സംസ്ഥാനം ശക്തമായ ഇന്റലിജൻസ് സംവിധാനത്തിനു കീഴിലാണ്. എന്ത് കൊണ്ടാണ് നമുക്ക് ഇത് മുന്നേ ചെറുക്കാൻ കഴിയാത്തത്. ആരാണ് ഇതിനെ തടയുന്നത്? ഷർമിന കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവുണ്ടാവുമ്പോഴും സാമൂഹ്യസുരക്ഷയ്ക്കുതകുന്ന യാതൊരു നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ വീഴ്ചയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാണ്. പല സംഭവങ്ങളിലും പോലീസിന്റെ സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ അപകടങ്ങൾ ഒഴിവാക്കാനായേനെ. പാലക്കാട് ചെന്താമര നടത്തിയ കൊലപാതവും ചേന്ദമംഗലത്ത് ഋതുരാജ് നടത്തിയ കൊലപാതവുമെല്ലാം ഇത്തരത്തിൽ ചിലതാണ്.
ആരോഗ്യപരമായ അന്തരീക്ഷത്തിന്റെ അഭാവം
ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വരുന്ന ആരോപണങ്ങൾ മാത്രമാണ് കാരണങ്ങളെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ഇതെല്ലാം അടിസ്ഥാന പ്രശ്നങ്ങൾ മാത്രമാണെന്നും ന്യൂസ് മലയാളത്തിലെ മാധ്യമപ്രവർത്തകനായ ഹാൻസ് ജോൺ വ്യക്തമാക്കി. ചേന്ദമംഗലം കേസിൽ മാത്രം പ്രതിയായ ഋതുരാജ് തുടരെ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവുകളും മൊഴികളും വ്യക്തമാക്കുന്നുണ്ട്. വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസിന് കണ്ടെത്താനായിട്ടില്ല. രാസപരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ ഇത് ഉറപ്പാക്കാൻ സാധിക്കൂ. ഓരോ കൊലപാതകത്തിനും ഓരോ സ്വഭാവം ആണെന്ന് വേണം മനസിലാക്കാനെന്നും ഹാൻസ് പറഞ്ഞു.
ഇത്തരം കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ ഉന്നയിക്കുന്ന ആരോപണം ലഹരി ഉപയോഗത്തെക്കുറിച്ചാണ്. രാസലഹരികൾ ഒരു പരിധി വരെ മനുഷ്യന്റെ നൈതിക ശേഷിയിൽ വ്യതിചലനം ഉണ്ടാക്കുമെങ്കിലും അത് ഒരു പരിധിയ്ക്ക് ശേഷം മാത്രമാണ്. കൊലപാതകങ്ങളുടെ എല്ലാം അടിസ്ഥാന ഘടകം ആ വ്യക്തി വളർന്നു വന്ന സാമൂഹ്യ സാഹചര്യം തന്നെയാണ്. മനുഷ്യർക്കുള്ളിൽ ഉണ്ടായി വരുന്ന സ്വാഭാവികമായ സവിശേഷതയാണ് ഇവരെ ഇത്തരത്തിൽ രൂപാന്തരപ്പെടുത്തുന്നത്. വെഞ്ഞാറമൂട് കേസിലെ അഫാൻ അന്തർമുഖനായ ഒരു വ്യക്തിയാണെന്നും മറ്റുള്ളവരുമായി അത്ര അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെന്നും നമുക്ക് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കൊലപാതകമെന്ന് ആരോപിക്കപ്പെടുമ്പോഴും പെൺസുഹൃത്തിനെ എന്തിന് കൊലപ്പെടുത്തി എന്നതിന് വ്യക്തമായ കാരണമില്ല. അത് ഉള്ളിലുള്ള ബോധാവസ്ഥയുടെ അല്ലെങ്കിൽ മെന്റാലിന്റിയുടെ പ്രശ്നമായി വേണം കരുതാൻ. ഹാൻസ് ജോൺ പറഞ്ഞു.
ഈ കാലഘട്ടത്തിലുള്ള യുവാക്കൾ മാത്രമാണ് അക്രമവാസന കാണിക്കുന്നതെന്ന് പറയുന്നതിനെയും അംഗീകരിക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ അതിപ്രസരം മൂലം ഇത് ആളുകളിലേക്ക് അതിവേഗം എത്തിച്ചേരുന്നതും ഇതിന് ലഭിക്കുന്ന ശ്രദ്ധയും ഒരു ഘടകമായി കരുതുന്നു. കേരളത്തിലെ ക്രൈം റേറ്റ് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട് ആരോഗ്യപരമായ ചർച്ചകളേക്കാൾ കായികമായി എല്ലാത്തിനെയും നേരിടുന്നതിനാലാണ് ഇത്തരം കേസുകൾ വർദ്ധിക്കുന്നതെന്ന് കരുതുന്നു. ഒരു വ്യക്തി ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് ആത്യന്തികമായി അയാളുടെ സ്വാഭാവത്തെ കേന്ദ്രീകരിച്ചാണ്. എല്ലാ വ്യക്തികൾക്കുള്ളിലും ഒരു കുറ്റവാസന ഉണ്ട്. ലഹരി അതിനെ ഒന്ന് മൂർച്ചപ്പെടുത്തി എടുക്കുന്നുവെന്ന് മാത്രം. ഒരു ശാന്തനായ വ്യക്തി ലഹരി ഉപയോഗിക്കുകയും ഉപയോഗിച്ച ഉടൻ കുറേ ആളുകളെ പിടിച്ച് കൊല്ലുന്നുവെന്ന് പറയുന്നത് തെറ്റാണ്. വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സ്കൂൾ കാലഘട്ടം മുതൽ കൃത്യമായ മോണിറ്ററിംഗ് അവന് ആവശ്യമാണ്. അതിന്റെ അഭാവം അവരിൽ നന്നായി തന്നെ പ്രതിഫലിക്കും. ഇത് എത്രത്തോലം പ്രാവർത്തികമാകുമെന്ന് അറിയില്ല. പ്രാവർത്തികമായാലെ സാമൂഹികമാറ്റം സാധ്യമാവൂ. ഹാൻസ് കൂട്ടിച്ചേർത്തു.
2015-’16-ല്‍ ദേശീയതലത്തില്‍ നടത്തിയ മാനസികാരോഗ്യ സര്‍വ്വേയിൽ ജനസംഖ്യയുടെ 11.3 ശതമാനം മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ് എന്നായിരുന്നു കണ്ടെത്തല്‍. 11.3 ശതമാനം പൊതുവായ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ് ആന്‍ക്സൈറ്റി, സബ്സ്റ്റന്‍സ് ഉപയോഗം, ലഹരിമരുന്നുകള്‍ ഇതെല്ലാം ഇവയിൽ ഉൾപ്പെടുന്നു. ഏകദേശം പത്ത് ശതമാനമാണ് ഡിപ്രഷന്റെ തോത്. ഒരു തവണ വന്നാല്‍ പിന്നെ വരാന്‍ 50 ശതമാനം സാധ്യതയുണ്ട് എന്നതാണ് ഡിപ്രഷന്റെ പ്രത്യേകത. രണ്ടു തവണ വന്നാല്‍ പിന്നെ 70 ശതമാനം, മൂന്നുതവണ വന്നാല്‍പ്പിന്നെ 90 ശതമാനം. ഇതിനു ചികിത്സ നമുക്കു വളരെ പരിമിതവുമാണ്.
സാമൂഹികമായ സമ്മർദ്ദം
ലഹരി ഉപയോഗം, നിരാശ, പ്രശ്ന പരിഹാരത്തിനുള്ള കഴിവില്ലായ്മ എന്നിവ മാത്രമല്ല കൊലപാതകങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങൾ. ചെറുപ്പക്കാലം മുതൽ നമ്മൾ ജീവിക്കുന്ന കാലഘട്ടം വരെയുള്ള സംഭവങ്ങൾ ഇതിനെ സ്വാധീനിക്കും. സാമൂഹികമായി അംഗീകരിക്കാതെ വരുന്ന മുഴുവനായി അവഗണിക്കപ്പെടുന്ന വ്യക്തികളെ ഇത്തരത്തിലുള്ള സാഹചര്യത്തിലേക്ക് നയിക്കാം. സാമൂഹികമായി ഉണ്ടാവുന്ന സമ്മർദ്ദവും ഇതിലൊരു ഘടകം തന്നെയാണ്. സമൂഹം കല്പിച്ച് വച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വരുന്ന നിരാശയിൽ നിന്ന് ഇത്തരം സംഭവങ്ങളുണ്ടാവാം. ഒരു വ്യക്തിയുടെ കുടുംബത്തിന് ഇതിൽ വലിയ പങ്ക് ഉണ്ട് അവനോടുള്ള പെരുമാറ്റത്തിലും സംരക്ഷണത്തിലും കുടുംബം കാണിക്കുന്ന താത്പര്യം ഇതിനെ നന്നായി തന്നെ സ്വാധീനിക്കുന്നുണ്ട്. സ്നേഹനിലയം സ്കൂളിലെ അധ്യാപികയായ ലക്ഷ്മി പറഞ്ഞു.
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം അവരുടെ മാനസികാവസ്ഥ തകരാറിലാക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം അവരെ അക്രമാസക്തവും ഹാലൂസിനേഷന്‍ (ഭ്രമാത്മകത) പോലുള്ള അവസ്ഥകളിലേക്കും തള്ളിവിടുമെന്നും പുതിയ പഠനം പറയുന്നു. അമേരിക്കയിലെയും ഇന്ത്യയിലെയും കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം ഉണ്ടാക്കിയ മാനസികാവസ്ഥകളെ കുറിച്ച് സാപിയൻസ് ലാബ് നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നത്. ജെന്‍ സീ-യിലെ കൗമാരക്കാർക്കിടയിൽ വർധിച്ചു വരുന്ന മാനസികാരോഗ്യപ്രശ്നങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗം ഒരു പ്രധാന ഘടകമാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഒരു കുട്ടിയെ പഠിപ്പിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം, കുട്ടിയെ മനസിലാക്കാൻ ടീച്ചർ എടുക്കുന്ന എഫേർട്ടും ഇതിലൊരു ഘടകമാണ്. സിനിമകളും മാധ്യമങ്ങളും ഉണ്ടാക്കിയെടുക്കുന്ന സ്വാധീനം വലുതാണ്. നമ്മുടെ കാലഘട്ടത്തിലുള്ള കുട്ടികളേക്കാൾ അറിവ് ഇന്നത്തെ കുട്ടികൾക്കുണ്ട്, അത് നേടാൻ അവർക്ക് നിരവധി വഴികളുമുണ്ട്. കണ്ട് പഠിക്കുന്ന പല കാര്യങ്ങളും അവർ ഒപ്പിയെടുക്കുന്നു. എന്നെ എല്ലാവരും അംഗീകരിക്കണമെങ്കിൽ ഞാൻ ഇങ്ങനെ ആവണമെന്ന കുഞ്ഞുങ്ങളുടെ ചിന്തയാവാം അവരെ ഇതിലേക്ക് നയിക്കുന്നത്. 25 വയസിലെ നമ്മുടെ തലച്ചോറ് മുഴുവനായി ഡെവലപ്പ് ആവൂ. അതിനുള്ളിൽ ചെയ്യുന്ന കാര്യങ്ങൾക്ക് വലിയ ഉറപ്പ് നൽകാൻ സാധിക്കില്ല. സാമൂഹികമായി അവഗണിക്കപ്പെട്ട് വളർന്നു വരുന്ന ഒരു കുട്ടിയ്ക്കുള്ളിൽ വെറുപ്പും വിദ്വേഷവും മാത്രമേ കാണൂ. പ്രശ്നപരിഹാരത്തിന് കൊലപാതകം മാത്രമാണ് കാരണമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ ആത്യന്തികമായി പറഞ്ഞാൽ ഒരു വ്യക്തിയിലെ കുറ്റവാസന രൂപാന്തരപ്പെടുത്തി എടുക്കുന്ന ഘടകങ്ങളെല്ലാം തന്നെ പരസ്പര ബന്ധിതമാണെന്നതാണ് മറ്റൊരു വസ്തുത. ലക്ഷ്മി വ്യക്തമാക്കി
കുറ്റകൃത്യങ്ങൾ വർദ്ധിച്ചിട്ടും അടിസ്ഥാന കാരണങ്ങളെ വിലയിരുത്താനോ പരിഹരിക്കാനോ കഴിയാത്ത വ്യവസ്ഥിതിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
content summary: The involvement of youth in murders in Kerala and the underlying factors contributing to these incidents.