സിനിമ മേഖലയിലെ ഞെട്ടിക്കുന്ന അനുഭവമായ ജസ്റ്റീസ് ഹേമ കമ്മീഷൻ ,ഇപ്പോൾ പ്രകാശനം ചെയ്ത റിപ്പോർട്ട് വായിച്ച് പരലോകത്തിരുന്ന് നാരായണൻ ഗോവിന്ദൻ കുട്ടിയെന്ന എൻ. ഗോവിന്ദൻ കുട്ടി മലയാള സിനിമയിലെ പഴയ സർവ്വകാല വില്ലൻ, തലയിൽ കൈ വെച്ച് കാണണം. മലയാള സിനിമാ നായക താരങ്ങളിൽ ചിലരൊക്കെ യഥാർത്ഥ ജീവിതത്തിൽ വില്ലന്മാരാണെന്നാണ് ഈ റിപ്പോർട്ടിൻ്റെ ഉള്ളടക്കമത്രെ. താൻ മരിച്ച് കാൽ നൂറ്റാണ്ടായപ്പോഴേക്കും മലയാള ചലചിത്രങ്ങളിൽ ബലാത്സംഗം ഇല്ലാതായതല്ല പഴയ വില്ലൻ ബലാത്സംഗവീരൻ എൻ. ഗോവിന്ദൻകുട്ടിയെ ദുഖിപ്പിച്ചിരിക്കുക. Malayalam actor N Govindan Kutty
തൻ്റെ പുഷ്ക്കല കാലത്ത് സിനിമയിൽ നടത്തിയ പീഡനവും അക്രമങ്ങളും ഇപ്പോൾ സ്ക്രീനില്ല നടക്കുന്നത് യഥാർത്ഥ ജീവിതത്തിലാണ്. സെറ്റിലും ലൊക്കേഷനിലുമൊക്കെയാണ് നടക്കുന്നത് എന്ന റിപ്പോർട്ടിലെ യാഥാർത്ഥ്യം അറിഞ്ഞതോടെയാകാം ഗോവിന്ദൻ കുട്ടി തലയിൽ കൈ വെച്ച് പോയത്! തൻ്റെ അഭിനയകാലത്തും കോടംബാക്കത്തും സ്ഥിതി ഇതൊക്കെ തന്നെയായിരുന്നു. പക്ഷേ, പീഡനം ഇത്ര തീവ്രമായ കലയായി വളർന്നിരുന്നില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ പീഡനാനുഭവങ്ങൾ ഏറ്റക്കുറച്ചിലോടെ അന്നും മലയാള സിനിമയിൽ പതുങ്ങിയിരുന്നിരുന്നു. പതിനഞ്ചംഗ സംഘമല്ലെങ്കിലും നടന്മാരുടെ – നിർമ്മാതാക്കളുടെ പവർ കോക്കസ് അന്നും കോടംബാക്കത്ത് സജീവമായിരുന്നു.
സിനിമയിൽ താരമായി നിറഞ്ഞു നിൽക്കുമ്പോൾ സ്വയം ജീവനൊടുക്കിയ വിജയശ്രീ,ഉർവ്വശി ശോഭയുടെ ജീവിതം അവസാനിച്ചത് എങ്ങനെയാണ് എന്ന് മലയാള സിനിമാ ചരിത്രത്തിലുണ്ട്. അന്നത്തെ മലയാള താരസംഘടനയായ ചലചിത്ര പരീക്ഷത്ത് ഈ പറഞ്ഞ താരങ്ങൾ മരണപ്പെട്ടപ്പോൾ പോയി റീത്ത് വെച്ച് അനുശോചിച്ച് ചായ കുടിച്ച് പിരിഞ്ഞതാണ് അവരുടെ സംഘടനാ ചരിത്രം. മരണത്തിന് കാരണം എന്താണ്? അത്തരം ചോദ്യങ്ങളോ അന്വേഷണമോ അവർക്ക് ആവശ്യമില്ലായിരുന്നു.ഗോവിന്ദൻ കുട്ടിയുടെ 25ാം ചരമ വാർഷികത്തിൽ മലയാള സിനിമാരംഗത്ത് ഹേമ റിപ്പോർട്ടിലെ കുറിച്ച് ചൂടേറിയ ചർച്ച നടക്കുന്നതിനാൽ ഈ കാര്യങ്ങൾ പരാമർശിച്ചു എന്ന് മാത്രം.
കേരളത്തിൽ ഏറ്റവും അധികം പീഡനം നടത്തിയ നടനാണ് എൻ. ഗോവിന്ദൻ കുട്ടി. പക്ഷേ, നടത്തിയത് യഥാർത്ഥ്യജീവിതത്തിലല്ല മലയാള സിനിമയിലെ വെള്ളിത്തിരയിലാണ് എന്ന് മാത്രം. കഥയോ യാഥാർത്ഥ്യമോ ആയ ഒരു സംഭവമാണ് – 1968 ൽ ഉദയ ‘പുന്നപ്ര വയലാർ ‘ സിനിമയെടുക്കുന്നു. അന്നത്തെ സൂപ്പർ താരം സത്യനൊഴികെയുള്ള എല്ലാ നടന്മാരും പടത്തിലുണ്ട്. സത്യൻ പണ്ട് പോലീസ് ഇൻസ്പക്ടറായിരുന്ന കാലത്ത് ശരിക്കുള്ള പുന്നപ്ര വയലാർ സമരത്തെ നേരിട്ട ആളാണ്. അന്ന് പോലീസ് ഇൻസ്പക്ടറായിരുന്നതിനാൽ സമരരംഗത്ത് ഒട്ടേറെ സഖാക്കളെ എടുത്തിട്ട് ചവിട്ടി പെരുമാറിയതാണ്. ആ പശ്ചാത്താപം ഇപ്പോഴും ഉള്ളതിനാൽ ഈ പടത്തിൽ നിന്ന് ഒഴിഞ്ഞു മാറിയെന്നായിരുന്നു അണിയറക്കഥ.
തിരക്കഥയെഴുതുന്നത് തീ പാറുന്ന ഡയലോഗിലൂടെ നാടകരംഗത്തെ , പ്രമുഖനായ നാടക കൃത്തും , എഴുത്തുകാരമായ എസ്. എൽ.പുരം സദാനന്ദനാണ്. ടിയാൻ ശരിക്കും പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത സഖാവുമാണ്. കഥ ചോരപ്പുഴ കണ്ട വിപ്ലവ സമര ചരിത്രമായ പുന്നപ്ര വയലാറും പോരെ. ഉദയായിലെ കുഞ്ചാക്കോ മുതലാളിയാണ് സംവിധാനം. കഥാപാത്രങ്ങളും നടന്മാരും തീരുമാനമായി.. തിക്കുറുശ്ശി , പി . ജെ. ആൻ്റണി, കൊട്ടാരക്കര, എസ്. പി. , അടുർ ഭാസി, ബഹദൂർ , കാലിക്കൽ കുമാരൻ, കടുവാക്കുളം ആൻ്റണി പിന്നെ പ്രേം നസീറും ഷീലയും . അങ്ങനെ വലിയ താരനിരയാണ് പടത്തിൽ . പിന്നെ ഗോവിന്ദൻ കുട്ടിയും നടിക്കുന്നുണ്ട്.
എസ്. എൽ പുരം കഥാപാത്രങ്ങളെയും അവ അഭിനയിക്കുന്ന നടന്മാരെയും സംവിധായകനായ കുഞ്ചാക്കോക്ക് വിവരിച്ചു. ജന്മിയായ മാളിക വീടൻ – തിക്കുറിശ്ശി – മാളികവീടൻ്റെ ശിങ്കിടിയായ അച്ചുതൻ മുതലാളി – ഗോവിന്ദൻ കുട്ടി. അങ്ങനെ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കുഞ്ചാക്കോ ചോദിച്ചു. ആ അച്ചുതനായി വരണത് ആരാന്നാ പറഞ്ഞെ ?
എസ്. എൽ പുരം പറഞ്ഞു. നമ്മടെ ഗോവിന്ദൻ കുട്ടി. ഉടനെ കുഞ്ചാക്കോ പറഞ്ഞു. എന്നാൽ 2 ബലാത്സംഗം കൂടി കഥയിൽ ചേർത്തേര് . എസ്. എൽ.പുരം അന്തംവിട്ടു. വിപ്ലവ കഥയിലെവിടെ ബലാൽകാരം?
വിപ്ലവത്തിൻ്റെ പാതയിൽ റോസാപ്പൂക്കളല്ല മുള്ളുകളാണെന്ന എന്ന മാവോ സൂക്തമൊന്നും കുഞ്ചാക്കോ മുതലാളിക്കറിയില്ല . ഗോവിന്ദൻ കുട്ടിയുണ്ടോ? പടത്തിൽ ബലാത്സംഗം വേണം. അതാണ് പതിവ്. അങ്ങനെ വിപ്ലവ സിനിമയിൽ ബലാൽക്കാര രംഗം കേറ്റി. ഇതായിരുന്നു എൻ. ഗോവിന്ദൻ കുട്ടിയുടെ അക്കാലത്തെ മലയാള സിനിമയിലെ പോർട്ട് ഫോളിയോ. വില്ലൻ, ഒന്നാന്തരം ബലാൽക്കാരവീരൻ !
മൂന്ന് പതിറ്റാണ്ട് മുൻപ് ഒരു അഭിമുഖത്തിൽ ഗോവിന്ദൻ കുട്ടി പറഞ്ഞു. “ പട്ടി വേഷമാണല്ലോ അന്ന് എനിക്ക് കിട്ടിയിരുന്നത്. അപ്പോൾ കുരച്ചല്ലേ പറ്റൂ. ഞാൻ ബലാൽക്കാരം ചെയ്യാത്ത ഒരു നടിയും മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. സിനിമയിൽ ആണ് കെട്ടോ – ഈ വിഷയത്തിൽ ഒരു പരമ്പര എഴുതാനുള്ള അനുഭവം എനിക്കുണ്ട്. ഒരിക്കൽ എക മകളുമായി യാത്ര പോയപ്പോൾ ഒരു ചെറുപ്പക്കാരൻ വിരൽ ചൂണ്ടി പറഞ്ഞു – ‘എങ്ങോട്ടാണ് ഇതിനേയും കൊണ്ട്? ബലാൽക്കാരം ചെയ്യാനാവും ’ എന്ത് ചെയ്യും?
പി. ഭാസ്കരൻ മാസ്റ്റർ സംവിധാനം ചെയ്ത ‘ ശ്രീമദ് ഭഗവദ്ഗീത ‘(1977) യിൽ അഭിനയിക്കാൻ റോൾ കിട്ടി. കഥാപാത്രം നല്ലതായിരിക്കും. എന്ന് കരുതി ചെന്നപ്പോൾ കിട്ടിയത് കീചകൻ്റെ വേഷം. വിരാടരാജധാനിയിൽ ‘സൈരന്ധ്രിയായി വേഷം മാറി അവിടെ കഴിയുന്ന പാഞ്ചാലിയെ ബലാൽക്കാരം ചെയ്യുന്ന കീചകനാണ് ഗോവിന്ദൻ കുട്ടി. ഭീമസേനൻ ഭീമറാവ് എന്ന തെലുങ്ക് നടനും. പഞ്ചാലിയായി ശ്രീവിദ്യയും അഭിനയിച്ചു. പുരാണത്തിലും വേഷം ബലാൽക്കാരം തന്നെ എന്ത് ചെയ്യും.?
ഫോർട്ട് കൊച്ചിയിൽ ജനിച്ച ഗോവിന്ദൻ കുട്ടി പട്ടാള സേവനം മതിയാക്കിയാണ് കലാരംഗത്ത് വരുന്നത്. 50കളിൽ കൊച്ചിയിലെ പുരോഗമന സാംസ്കാരിക മുന്നേറ്റം നടത്തിയിരുന്ന നാടകങ്ങളിലൂടെയാണ് ഗോവിന്ദൻ കുട്ടി അഭിനയിച്ച് തുടങ്ങിയത്. അക്കാലത്ത് തന്നെ എരൂർ വാസുദേവിൻ്റെ ‘ ജീവിതം അവസാനിക്കുന്നില്ല ‘ എന്ന നാടകത്തിലെ വേഷമാണ് യുവനടനായ ഗോവിന്ദൻ കുട്ടിയെ ശ്രദ്ധേയനാക്കിയത്. ‘ ജീവിക്കലല്ല ജീവിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നതാണ് അഭിനയം ‘ ഇതായിരുന്നു അഭിനയത്തെ കുറിച്ച് ഗോവിന്ദൻ കുട്ടിയുടെ സിദ്ധാന്തം. തുടർന്ന് കേരള തിയേറ്റഴ്സ്. കെ. പി. എ .സി.എന്നീ നാടക ട്രൂപ്പുകളിൽ സജീവമായി അഭിനയിച്ചു.
കെ. പി. എ. സി. യുടെ തോപ്പിൽ ഭാസി എഴുതിയ യുദ്ധകാണ്ഡത്തിലെ ഗോവിന്ദൻ കുട്ടിയുടെ ‘ പ്രസാദ് ‘ നാടകരംഗത്ത് എന്നെ പ്രശംസിക്കപ്പെട്ട വേഷമായിരുന്നു. നാടകം കഴിഞ്ഞാൽ ആരാധകർ ഗോവിന്ദൻ കുട്ടിയെ പൊതിയുന്ന ഒരു കാലമുണ്ടായിരുന്നു. കനത്തിലുള്ള ശബ്ദം, പരുക്കൻ മുഖഭാവം ഇതൊക്കെ പിന്നീട് സിനിമയിൽ വില്ലൻ വേഷത്തിന് പകരം വെയ്ക്കാനില്ലാത്ത നടനായി ഗോവിന്ദൻ കുട്ടിയെ മാറ്റി.
കൊച്ചിയിലെ പ്രതിഭാ തിയേറ്റേഴ്സിന് വേണ്ടി ഗോവിന്ദൻ കുട്ടിയെഴുതിയ ‘ ഉണ്ണിയാർച്ച ‘ സംവിധാനം ചെയ്തത് പി.ജെ. ആൻ്റണിയാണ്. രണ്ട് പ്രതിഭകളുടെ അരങ്ങ് തകർത്ത സംഗമമായിരുന്നു അത്. ആരോമൽ ചേകവരായി ഗോവിന്ദൻ കുട്ടിയും ചന്തുവായി പി.ജെ. ആൻ്റണിയും തകർത്തഭിനയിച്ചു. പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടന്ന സംസ്കാരിക വേദിയിൽ ഗോവിന്ദൻ കുട്ടിയുടെ നാടകാഭിനയത്തെ കുറിച്ച് ഡൽഹിയിലെ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായ ‘ ന്യൂഏജ് ‘ പോലും റിവ്യൂവിൽ അഭിനന്ദിച്ച് എഴുതി.. ‘ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മൂലധനം, , ശരശയ്യ, കതിരുകാണാക്കിളി, സ്വർഗം നാണിക്കുന്നു എന്നീ നാടകങ്ങളിലൂടെ ഗോവിന്ദൻ കുട്ടി മലയാള നാടക രംഗത്ത് മുൻ നിര നടനായി മാറി.
1954 ൽ മാതൃഭൂമി അഖിലേന്ത്യാ തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിൽ ഗോവിന്ദൻ കുട്ടി എഴുതിയ കഥ രണ്ടാം സമ്മാനം നേടി. പിന്നീട് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ മാസികയായ ‘ കാഥികൻ ‘ ൻ്റെ ചീഫ് എഡിറ്ററായി ഗോവിന്ദൻ. ചെറുകഥകളെ “പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പ്രസിദ്ധീകരണമായിരുന്നു ഇത്.
കോട്ടയത്ത് ഒരു സമ്മേളനത്തിൽ വെച്ച് കണ്ട മുട്ടത്തുവർക്കിയാണ് ഗോവിന്ദൻ കുട്ടിയെ സിനിമാ രംഗത്തേക്ക് ആനയിച്ചത് . വർക്കി പറഞ്ഞു.. ‘ ഇങ്ങനെ നാടകവുമായി നടന്നാൽ പോരാ സിനിമയിലും അഭിനയിക്കണം. മുട്ടത്തുവർക്കി തന്നെ മേരിലാൻ്റ് ഉടമയായ സുബ്രഹ്മണ്യത്തെ പരിചയപ്പെടുത്തുകയും. അങ്ങനെ 1961 ൽ ‘ ക്രിസ്തുമസ് രാത്രി ‘ എന്ന പടത്തിലൂടെ ഒരു ചെറിയ വേഷത്തിലൂടെ ഗോവിന്ദൻ കുട്ടി സിനിമാ നടനായി.
1967 ൽ എൻ. എൻ. പിഷാരടിയുടെ ‘മുൾക്കിരീടം ‘ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ലഭിച്ചു. സത്യനും ശാരദയുമൊക്കെ ഉള്ള ആ പടത്തിലെ വേഷം വില്ലൻ്റെതാണ്. ഊമയായ നായിക (ശാരദ) യെ മാനഭംഗപ്പെടുത്ത പണക്കാരൻ എസ്റ്റേറ്റ് ഉടമയുടെ. തുടക്കം തന്നെ വേഷം. പീഡകവീരനായി .
അതിലഭിനയിച്ചു കഴിഞ്ഞതോടെ ‘മലയാള സിനിമയിലെ ക്രൂരനായ വില്ലനും ബലാത്സംഗവീരനുമായ നടൻ്റെ അവതാരമായി എൻ. ഗോവിന്ദൻ. പടത്തിൻ്റെ പേര് പോലെ ബലാത്സംഗ നടൻ എന്ന മുൾ കിരീടം എന്നെന്നേയ്ക്കുമായി ഗോവിന്ദൻ കുട്ടിയുടെ തലയിലായി. തുടർന്ന് മൈനത്തരുവി കൊലക്കേസ്, പോസ്റ്റു മാനെ കാണാനില്ല തുടങ്ങിയ ചിത്രങ്ങളിൽ സ്ഥിരം മാനഭംഗവീരനായി തകർത്തു. മുൾക്കിരിടത്തിലെ ബലാൽക്കാര രംഗത്തിൽ അഭിനയിച്ച നടി ശാരദ വർഷങ്ങൾക്ക് ശേഷം പുന്നപ്ര വയലാറിൽ ഇതേ രംഗം അഭിനയിച്ച് കഴിഞ്ഞപ്പോൾ ഗോവിന്ദൻ കുട്ടിയോട് പറഞ്ഞത്രെ ‘സാറ് ഇതിൽ എക്സ്പർട്ടായല്ലെ? ‘
150 ചിത്രങ്ങളിൽ അഭിനയച്ച ഗോവിന്ദൻ കുട്ടി 24 ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ഉദയായുടെ ഒതേനൻ്റെ മകൻ (1970) എന്നതാണ് ഗോവിന്ദൻ കുട്ടിയെഴുതിയ ആദ്യ വടക്കൻ പാട്ട് ചിത്രം.. 1978 ഒക്ടോബറിൽ റിലിസായ മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ഗോവിന്ദൻ കുട്ടിയെഴുതിയതാണ്. ‘ തച്ചോളി അമ്പു’ ‘ ഉണ്ണി കൃഷ്ണൻ പുതുരിൻ്റെ പ്രശസ്തമായ കഥ ഗുരുവായൂർ കേശവൻ്റെ തിരക്കഥയും ഗോവിന്ദൻ കുട്ടി എഴുതി.
വിഖ്യതമായ ,ക്ലാസിക്ക് , അലക്സാണ്ടർ ഡ്യൂ മാസിൻ്റെ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ നോവലിനെ അടിസ്ഥാനമാക്കി ഗോവിന്ദൻ കുട്ടി തിരക്കഥയെഴുതിയ 70 എം.എം ചിത്രമായ “പടയോട്ടം “ 1982 ൽ ഇന്ത്യൻ ചലചിത്ര രംഗത്ത് നാഴികക്കല്ലായി മാറി. മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായ, ഇന്ത്യയിൽ ആദ്യമായി പൂർത്തീകരിച്ച 70 എം.എം ചിത്രമാണ് നവോദയ നിർമിച്ച ‘പടയോട്ടം.
പ്രേംനസീറിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഗോവിന്ദൻ കുട്ടി രൂപപ്പെടുത്തിയ അതിലെ അറേക്കാട്ട് അമ്പാടി തമ്പാൻ. സംസ്ഥാന അവാർഡ് ലഭിക്കേണ്ട പെർഫോമൻസായിട്ടും എന്ത് കൊണ്ടോ അവാർഡ് കമ്മറ്റി പരിഗണിച്ചില്ല. മമ്മുട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രമാണ് പടയോട്ടം. ഗോവിന്ദൻ കുട്ടിയെഴുതിയ ഏറ്റവും മികച്ച തിരക്കഥയാണ് പടയോട്ടത്തിൻ്റെത്. പടയോട്ടത്തിലെ ഗോവിന്ദൻ കുട്ടിയുടെ പെരുമന കുറുപ്പ് മികച്ച വില്ലൻ കഥാപാത്രമായിരുന്നു.
1992 ൽ ശ്രീമാൻ ചാത്തുണ്ണിയാണ് ഗോവിന്ദൻ കുട്ടി അഭിനയിച്ച അവസാന ചിത്രം. 4 നോവൽ 20 കഥാസമാഹാരം, 11 നാടകങ്ങൾ ഗോവിന്ദൻകുട്ടിയുടെ മലയാള സാഹിത്യ സംഭാവനകളിൽ പെടുന്നു. യക്ഷി, പണി തീരാത്ത വീട്, കന്യാകുമാരി, വാഴ്‌വേ മായം, ഒരു പെണ്ണിൻ്റെ കഥ, തുടങ്ങിയ ചിത്രങ്ങളിലെ ഗോവിന്ദൻ കുട്ടി ചെയ്ത വേഷങ്ങൾ ഇന്നും ഓർമ്മിക്കുന്നവയാണ്. 1994 ഓഗസ്റ്റ് 23 ന് കൊച്ചിയിൽ വെച്ച് ഗോവിന്ദൻ കുട്ടി അന്തരിച്ചു.
Content summary; The journey of actor N. Govindan Kutty in Malayalam cinema Malayalam actor N Govindan Kutty