June 04, 2026 |
Share on

സ്‌റ്റേജുകളിലെ സുരക്ഷിതത്വം; നിയമം കര്‍ശനമാക്കേണ്ടത് ആര് ?

പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള നിയമങ്ങളാണ് ആവശ്യം

കലൂർ സ്റ്റേഡിയത്തിൽ നട‍‍ന്ന ​ഗിന്നസ് റെക്കോർഡിനായുള്ള നൃത്തപരിപാടി തൃക്കാക്കര എംഎൽഎ ഉമ തോമസിന് സംഭവിച്ച അപകടത്തോട് കൂടിയാണ് വിവാദമായത്. പിന്നീട് പരിപാടിയുടെ സംഘാടകരെ കുറിച്ചും ആരോപണവും ഉയർന്നുവന്നു. എങ്ങനെയാണ് ഒരു പരിപാടി സംഘടിപ്പിക്കേണ്ടത് ? എന്തൊക്ക മുൻ കരുതലുകളാണ് പരിപാടിയുടെ സംഘാടനത്തിൽ വേണ്ടത്? ഈ വിഷയത്തിൽ പാക്‌സ് ഇവന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സുനില്‍ ജോസഫ് അഴിമുഖത്തോട് സംസാരിക്കുന്നു.

അനുമതി ആരില്‍ നിന്നെല്ലാം ?

പരിപാടിയ്ക്ക് പന്തൽ പണിയുന്നുണ്ടെങ്കിൽ പിഡബ്ല്യുഡിയുടെ അനുമതിയാണ് ആദ്യം വാങ്ങേണ്ടത്. അപേക്ഷ നല്‍കിയ ശേഷം ഫീസ് അടക്കണം. പരിപാടിയ്ക്കാവശ്യമായ സ്റ്റേജ് പിഡബ്ല്യുഡി അധികൃതരെത്തി പരിശോധിക്കണം. പൊതുവെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികളിൽ പിഡബ്ലുഡിയുടെ അനുമതി തേടാറുണ്ട്. പരിപാടിയ്ക്ക് വേണ്ടി ലൈറ്റ്‌സും സൗണ്ടും താല്‍ക്കാലികമായി ഒരുക്കുകയാണെങ്കില്‍ വൈദ്യുതി ലൈനിന് വേണ്ടി ജനറേറ്ററിലെ പവര്‍ കണക്ഷന്‍ കൃത്യമാണോ എന്ന് പരിശോധിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിന്റെ അനുമതിയും ആവശ്യമാണ്. ജനറേറ്ററുകളുടെ എണ്ണം കണക്കാക്കി ഇന്‍സ്‌പെക്ട്രേറ്റിന് നിശ്ചിത തുക ഫീസായി നൽകണം.

പ്രധാനപ്പെട്ട സ്ഥലമോ, സ്റ്റേഡിയമോ പരിപാടിക്കായി തെരഞ്ഞെടുത്താല്‍, അവിടെ എല്ലാ ദിവസവും പരിപാടികളുണ്ടാകും. നിശ്ചയിച്ചിരിക്കുന്ന പരിപാടിയുടെ തലേ ദിവസം സ്റ്റേജ് ചെയ്യുവാന്‍ വേദി വിട്ടുകിട്ടുകയുള്ളൂ. സ്റ്റേഡിയം,കണ്‍വെന്‍ഷന്‍ സെന്റര്‍, ഹോട്ടല്‍ എന്നിവിടങ്ങളിലൊക്ക ഈ രീതിയിലായിരിക്കും ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ജോലി ചെയ്യുക. ഈ സമയങ്ങളില്‍ പിഡബ്ല്യുഡിയുടെ പരിശോധനയോ ഇന്‍സ്‌പെക്ട്രേറ്റിന്റെ അനുമതിയോ ലഭിക്കുക പ്രായോഗികമായിരിക്കില്ല. വൈദ്യുതി ലൈനിനായി അപേക്ഷ നല്‍കിയാലും അനുമതി കാത്ത് നില്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സംസ്ഥാനത്ത് പഴയകാലത്തെ നിയമങ്ങളായിരിക്കാം ഇപ്പോഴും പാലിച്ചുപോകുന്നത്. പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള നിയമങ്ങളാണ് ആവശ്യം. അവ അടിയന്തരമായി പ്രാവർത്തികമാക്കാനും സർക്കാർ ശ്രമിക്കേണ്ടതാണ്.

ലൈസന്‍സിംഗ് രേഖകള്‍ ആവശ്യമുണ്ടോ ?

വർഷങ്ങളായുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെല്ലാം ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇപ്പോൾ ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക് ആർക്കും കടന്നുവരാം. ഈ മേഖലയ്ക്ക് പ്രത്യേക ലൈസന്‍സ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള ലൈസൻസിങ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രെപ്പോസൽ നൽകിയിരുന്നു.ഗവണ്‍മെന്റ്‍ അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല.

തിരക്ക് വർധിക്കാവുന്ന പരിപാടികൾക്ക് പ്രത്യേക നിയമങ്ങളുണ്ടോ ?

വേദിക്ക് ഉള്‍ക്കൊള്ളാവുന്ന ആളുകളെ ഉപയോഗിച്ച് പരിപാടി അവതരിപ്പിക്കാം. അതല്ലാതെ മറ്റ് നിയമങ്ങള്‍ നിലവിലില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കുന്ന പരിപാടികളിൽ റാംപ് നൽകാറുണ്ട്. കൂടാതെ, കൈവരിയോ അല്ലെങ്കില്‍ അയേണ്‍ ബാരിക്കേഡോ സ്ഥാപിക്കേണ്ടതാണ്. സാധാരണയായി രണ്ടോ മൂന്നോ അടി ഉയരമുള്ള സ്റ്റേജുകളാണ് പരിപാടിക്കായി തയ്യാറാക്കുന്നത്. ആളുകളുടെ എണ്ണം കൂടുന്നതിനുസരിച്ച് സ്റ്റേജിന്റെ ഉയരം വര്‍ദ്ധിപ്പിക്കേണ്ടതായി വരും. പരിപാടി ആളുകൾക്ക് കാണാൻ കഴിയുന്ന രീതിയിലേക്ക് വേദിയെ ഉയർത്തുകയാണ് ചെയ്യുന്നത്.

സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പ്രതീക്ഷിക്കുന്നതിൽ കൂടുതലാളുകൾ സ്റ്റേജിലേക്കെത്താം. പരിപാടി ആരംഭിക്കുമ്പോള്‍, 10 പേരെന്നുള്ളത്, പിന്നീട് സ്റ്റേജിൽ ഇരുപതോ മുപ്പതോ ആളുകളാകാനും സാധ്യതയുണ്ട്. ആളുകളുടെ ഭാരം അനുസരിച്ച് സ്‌റ്റേജ് നിര്‍മ്മിക്കുന്ന മെറ്റീരിയലിന്റെ കപ്പാസിറ്റി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്റ്റേജ് സുരക്ഷിതമായി പണികഴിപ്പിക്കണം. പരിപാടിക്ക് മുന്‍പ് ഇവയെല്ലാം വ്യക്തമായി പരിശോധിക്കുക‌യും വേണം. സം​ഘാടകർ നിശ്ചയിക്കുന്ന പദ്ധതിയിൽ ‌ആളുകളുടെ എണ്ണവും നിരയും കണക്കാക്കി വേദിയുടെ വീതി നിശ്ചയിക്കും. ഒപ്പം എണ്ണത്തിന് അനുസരിച്ചുള്ള സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുകയാണ് ചെയ്യുന്നത്. സ്റ്റേജില്‍ ഒരു കസേരയ്ക്ക് 8 ചതുരശ്രയടിയാണ് കണക്കാക്കേണ്ടത്.

സ്റ്റേജിന്റെ ഉയരം അനുസരിച്ചാണോ ബാരിക്കേഡ് നല്‍കേണ്ടത് ?

മൂന്നടിയ്ക്ക് മുകളില്‍ ഉയരമുള്ള സ്‌റ്റേജുകള്‍ക്കെല്ലാം ഇരുവശത്തും പുറകിലും ബാരിക്കേഡുകളുണ്ടാകും. പുറകില്‍ നിന്ന് അഞ്ചടിയും മുന്‍പില്‍ നിന്ന് പതിനഞ്ചടിയും നൽകിയാണ് കസേരകളിടുന്നത്. ഇതിന് മുൻപിലായാണ് പൊതുവെ ഉദ്ഘാടനചടങ്ങുകളും അവാർഡ്ദാനചടങ്ങുകളും നടക്കുക.

ക്യൂ മാനേജര്‍ എന്തിന് ?

നിരയായി ആളുകളെ നിര്‍ത്തുന്നതിനായി വിമാനത്താവളങ്ങളിലും ബാങ്കുകളും മറ്റ് ഓഫീസുകളിലും ടിക്കറ്റ് കൗണ്ടറുകളിലും ഉപയോഗിക്കുന്നതാണ് ക്യു മാനേജര്‍. ക്യു മാനേജര്‍ ഒരിക്കലും ബാരിക്കേഡായി ഉപയോഗിക്കാനാകില്ല. അയേണ്‍ ബാരിക്കേഡാണ് സ്‌റ്റേജുകളില്‍ സുരക്ഷയ്ക്കായി നല്‍കേണ്ടത്. പല വലിപ്പത്തില്‍ അയേണ്‍, സ്റ്റീല്‍ ബാരിക്കേഡുകള്‍ സ്റ്റേജില്‍ ഉപയോഗിക്കാറുണ്ട്.മൂന്നടിയോളം ഉയരമുള്ള സ്‌റ്റേജിലെ റാംപുകളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കാറുണ്ട്. പടി കയറാന്‍ കഴിയാത്തയാളുകള്‍ക്കും വീൽ ചെയർ ഉപയോ​ഗിക്കുന്നവർക്കുമാണ് റാംപുകൾ നിര്‍മ്മിക്കുന്നത്.

സ്റ്റേജ് നിര്‍മാണത്തില്‍ നല്‍കേണ്ട ശ്രദ്ധ

ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ അസോസിയേഷൻ പരിപാടികള്‍ നടത്തുന്നതിനായി പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. സര്‍ക്കാര്‍ കൃത്യമായ നിയമനിര്‍മാണം ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് കൊണ്ടുവരണം.അല്ലെങ്കില്‍ കമ്പനികളുടെ നിര്‍ദേശങ്ങള്‍ മനസിലാക്കി നിയമം നടപ്പിലാക്കാനുള്ള വഴിയാണ് തേടേണ്ടത്. ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ പരിപാടി ചെയ്യാനാകൂ എന്ന രീതിയിലേക്ക് നിയമം മാറ്റണം. എങ്കിലെ സംഘാടനത്തിലെ പിഴവുകള്‍ മാറ്റമുണ്ടാകൂ.

ടിക്കറ്റിങ് ചാര്‍ജിന് പരിധിയുണ്ടോ ?

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ടിക്കറ്റിങ് ചാര്‍ജിങ്ങിനെ പറ്റി പ്രതിപാദിക്കേണ്ടതില്ല. പരിപാടിയുടെ ഡിമാന്റ് അനുസരിച്ച് ടിക്കറ്റ് നിരക്ക് തീരുമാനിക്കാം. ആളുകളുടെ എണ്ണം കൂടുന്നതിനുസരിച്ച് ടിക്കറ്റ് ഡിമാന്റ് വര്‍ധിക്കുന്നുണ്ട്. പരിപാടിയുടെ സംഘാടകര്‍ക്ക് നിരക്ക് നിശ്ചയിക്കാനാകും. ഗവണ്‍മെന്റിന് 18% നികുതി നല്‍കണം. കോര്‍പ്പറേഷന് കീഴിലാണെങ്കില്‍ ടിക്കറ്റിന്റെ വില കണക്കാക്കി 6 ശതമാനം തുക മുൻകൂറായി കോര്‍പ്പറേഷന്‍ ഓഫീസിലടക്കണം. ടിക്കറ്റുകള്‍ വിറ്റ ശേഷം, ലഭിച്ച തുകയുടെ ശതമാനവും കോര്‍പ്പറേഷനില്‍ അടയ്‌ക്കേണ്ടതാണ്. ജിഎസ്ടി വരുന്നതിന് മുന്‍പ് 30% വിനോദനികുതിയും 10 ശതമാനത്തോളും ആഡംബരനികുതിയും ആയിരുന്നു. അതായത്, 100 രൂപയ്ക്ക് 34 രൂപ കോര്‍പ്പറേഷനിലേക്ക് അടയ്ക്കണമായിരുന്നു. ജിഎസ്ടി വന്നതോടെ, മറ്റു നികുതികള്‍ ഒഴിവാക്കി. വീണ്ടും നികുതി പിരിക്കാന്‍ ആരംഭിച്ചെങ്കിലും ആറ് ശതമാനതുക കോര്‍പ്പറേഷനില്‍ നല്‍കണമെന്ന് നിയമമായി.

നൃത്തപരിപാടി മേയറെ നേരത്തെ അറിയിക്കേണ്ടതായിരുന്നോ ?

മേയര്‍ എല്ലാ പരിപാടികളും അറിയണമെന്നില്ല. അസ്റ്റിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണര്‍ പരിപാടിയെ കുറിച്ച് അറിയാന്‍ സാധ്യതയുണ്ട്. സൗണ്ട് ഉപയോ​ഗിക്കുന്നതിന് സിഎയ്ക്ക് അല്ലെങ്കിൽ ഡിവൈഎസ്പിക്ക് അപേക്ഷ നൽകണം. നികുതിയുള്ളതിനാല്‍,റവന്യുവകുപ്പും വിവരമറിഞ്ഞിരിക്കണം. പരിപാടിയെ കുറിച്ച് പൊലീസിലും റവന്യുവകുപ്പിലും പിഡബ്ലുഡിയിലും സംഘാടകര്‍ വിവരമറിയിച്ച് അനുമതി വാങ്ങണം.

പരിപാടിയ്ക്കായി ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ടതുണ്ടോ ?

പരിപാടിയ്ക്ക് തേര്‍ഡി പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ ചികിത്സ ലഭ്യമാകാൻ സഹായിക്കും. സംഘാടകർ പരിപാടിയ്ക്കാവശ്യമായ സംവിധാനങ്ങൾ അടങ്ങിയ ക്വട്ടേഷൻ ക്ലൈൻഡ് നൽകിയ ശേഷം ക്ലൈൻഡാണ് അന്തിമതീരുമാനമെടുക്കുന്നത്. ക്ലൈന്‍ഡിന്റെ ബഡ്ജറ്റിനനുസരിച്ച് പല സംവിധാനങ്ങളും ഒഴിവാക്കാനും സാധ്യതയുണ്ട്. ക്ലൈന്‍ഡ് പണം അനുവദിച്ച് നല്‍കാത്ത സംവിധാനങ്ങൾക്ക് സുരക്ഷയുടെ പേരിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ നേരിട്ട് പണം മുടക്കുകയോ ഉത്തരവാദിത്തം എറ്റെടുക്കുകയോ ചെയ്യേണ്ടതില്ല. പരിപാടിയില്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ടതും നിയമം എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും സര്‍ക്കാരാണ്. 25 വര്‍ഷത്തിലധികമായി മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് വലിയ പ്രശ്‌നങ്ങളില്ലാതെ പരിപാടികള്‍ നടക്കുന്നത്.

കൃത്യമായ നിയമനിര്‍മാണം സ്‌റ്റേജ് പരിപാടികളുടെ നടത്തിപ്പില്‍ അത്യാവശ്യമാണ്. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുണ്ടാകുന്നതോടെ മാത്രമേ ഇത്തരത്തിലുള്ള സുരക്ഷാപിഴവുകള്‍ വര്‍ധിക്കാതിരിക്കുകയുള്ളൂ.

മഞ്ജുഷ കൃഷ്ണന്‍

മഞ്ജുഷ കൃഷ്ണന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×