February 19, 2025 |

‘പരീക്ഷയില്‍ കൃത്രിമം കാണിച്ചയാള്‍ ഡോക്ടറായാല്‍ ജീവന് ഭീഷണി’

തട്ടിപ്പ് തുടര്‍ന്നാല്‍ മിടുക്കര്‍ രാജ്യം വിടും, നഷ്ടം നമ്മുക്ക് തന്നെ

നീറ്റ് പരീക്ഷയിലെ ക്രമക്കേട് പരീക്ഷയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ചവര്‍ക്ക് നിരാശയുമുണ്ടാക്കുന്ന ഒന്നാണ്. ആ സംഘടിത വഞ്ചന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. മത്സരപരീക്ഷകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുയരുന്നതോടെ മാസങ്ങള്‍ കഠിനാധ്വാനം ചെയ്തു പഠിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന നിരാശയുടെ ആഴം അളക്കാന്‍ പറ്റാത്തതാണ്. പതിറ്റാണ്ടുകളായി, ഇന്ത്യയിലെ പൊതുപരീക്ഷാ സമ്പ്രദായത്തിന് സ്വദേശത്തും വിദേശത്തും ഉയര്‍ന്ന റേറ്റിങ്ങുണ്ടായിരുന്നു. അതിനും ഇടിവ് തട്ടിയിരിക്കുന്നു. ഇതിന്റെയെല്ലാം ആഘാതം സമൂഹത്തെ ഒന്നടങ്കം പലതരത്തില്‍ ബാധിക്കുമെന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറായ അരുണ്‍ ബി നായര്‍( Professor of Psychiatry Medical College Tvm,Hon Consultant Psychiatrist Sree Chithra Institute of Medical Science and Technology). അദ്ദേഹം അഴിമുഖവുമായി പങ്ക് വച്ച കാര്യങ്ങള്‍. NEET_UG Fake Doctor

ഡോക്ടര്‍ ആവുന്നതില്‍ നീറ്റ് പരീക്ഷ എത്രത്തോളം നിര്‍ണായകമാണ്

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോഴ്‌സ് പഠിക്കാന്‍ സാധിക്കു. അതിനാല്‍ നീറ്റ് പരീക്ഷ മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളുടെ ജീവിതത്തില്‍ ഒരു പ്രധാന നാഴികകല്ലാണ്. നീറ്റില്‍ മികച്ച റാങ്ക് നേടിയാല്‍ മാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പഠിക്കാന്‍ അവസരം കിട്ടുകയുള്ളൂ. മെഡിക്കല്‍ രംഗത്തെ പ്രായോഗിക ജ്ഞാനം ലഭിക്കുന്നത് രോഗികളെ അടുത്തുകാണാന്‍ സാധിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കുട്ടികള്‍ തെരഞ്ഞെടുക്കുന്നതും. അതും ഉയര്‍ന്ന സ്‌കോര്‍ ഉള്ള കുട്ടികള്‍ക്ക് മാത്രമാണ് മികച്ച മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കു. സ്‌കോര്‍ കുറഞ്ഞാല്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്ക് പോവേണ്ടി വരും. അത്തരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കണമെങ്കില്‍ പോലും ഉയര്‍ന്ന സ്‌കോര്‍ നീറ്റില്‍ നേടിയിരിക്കണം.

ഏറ്റവും ഉന്നത നിലവാരമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്ന കുട്ടികള്‍ പലപ്പോഴും ഗൗരവമായ തയ്യാറെടുപ്പുകളാണ് അതിനായി നടത്തുന്നത്. പത്താം ക്ലാസ് മുതല്‍ ശ്രമം ആരംഭിക്കുന്നവരുണ്ട്. പ്ലസ് ടു കഴിഞ്ഞശേഷം ഒന്നോ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരാതെ പ്രവേശന പരീക്ഷയ്ക്ക് മാത്രമായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നവരുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നീറ്റ് പരീക്ഷ ജീവിതത്തിലെ പ്രധാന ഒരു ഘട്ടം തന്നെയാണ്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വലിയ പ്രയാസമുള്ള ഒരു സിലബസ് ആണ് പഠിക്കേണ്ടത്. മറ്റേത് കോഴ്‌സുമായി താരതമ്യപ്പെടുത്തുമ്പോഴും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു കോഴ്‌സ് ആണ് മെഡിക്കല്‍ വിദ്യാഭ്യാസം. ഇത് പഠിച്ച് വിജയിക്കണമെന്നുണ്ടെങ്കില്‍ ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ബുദ്ധിയും കഠിനാധ്വാന മനോഭാവമുള്ള കുട്ടികളായിരിക്കണം. അവര്‍ക്ക് മാത്രമേ ഈ പഠനം നല്ലരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കു. ഇക്കാരണം കൊണ്ട് തന്നെ മെറിറ്റുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ ഈ രംഗത്ത് വരേണ്ടത് അത്യാവശ്യമാണ്. മെറിറ്റില്ലാത്ത കുട്ടികള്‍ വന്നാല്‍ അവര്‍ക്ക് ഈ കോഴ്‌സ് പഠിച്ച് വിജയത്തിലെത്തിക്കാന്‍ പ്രയാസമായിരിക്കും. അതിനാല്‍ തന്നെ സുതാര്യമായും സത്യസന്ധമായും ഈ പ്രവേശന നടപടികള്‍ നടക്കേണ്ടത് അനിവാര്യമാണ്.

പഠിക്കാതെ ഡോക്ടര്‍മാര്‍ ആവുമ്പോള്‍… NEET_UG Fake Doctor

ചോദ്യ പേപ്പര്‍ ചോര്‍ത്തി പ്രവേശന പരീക്ഷ പാസാവുന്നവര്‍ കോഴ്‌സിന് ചേര്‍ന്നതിന് ശേഷവും സമാന നടപടികളിലൂടെ തന്നെ മെഡിക്കല്‍ പരീക്ഷയും പാസാവാനായി  ശ്രമിക്കുന്നതിനും ചിന്തിക്കുന്നതിനും സാധ്യത കൂടുതലാണ്. അതിനായി അവര്‍ പ്രവര്‍ത്തിക്കാം. സ്വാഭാവികമായും ഡോക്ടര്‍ എന്ന നിലയില്‍ അവരുടെ അറിവ് പരിമിതമായിരിക്കും.

ഇവര്‍ ഡോക്ടറായാല്‍ അവര്‍ ചികില്‍സിക്കുന്ന വ്യക്തികളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാകാന്‍ സാധ്യതയുണ്ട്.

കാരണം രോഗിയെ ചികിത്സിക്കുന്നത് ചോദ്യപേപ്പര്‍ ചോര്‍ത്തി ജയിക്കുന്നതുപോലെയുള്ള ഒരു അനുഭവമാകാന്‍ സാധ്യതയില്ല. രോഗിയുടെ രോഗ ചരിത്രം മനസ്സിലാക്കി പരിശോധിച്ച് രോഗനിര്‍ണയം നടത്തി, ആവശ്യമുള്ള ഇന്‍വെസ്റ്റിഗേഷന്‍സ് നടത്തി കൃത്യമായതും ഏറ്റവും ഉചിതമായതുമായ ചികില്‍സ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെയധികം അറിവും അര്‍പ്പണബോധവും അതേപോലെ നിപുണതകളും ആവശ്യമുള്ള ഒരു കാര്യമാണ്. അത് കൃത്യമായ രീതിയില്‍ പഠിച്ച് പാസായി വന്ന ഒരാള്‍ക്ക് മാത്രമേ സാധിക്കു. അങ്ങനെ അല്ലാത്ത ഒരു വ്യക്തി ഈ മേഖലയിലേക്ക് വന്നാല്‍ അയാളുടെ അറിവില്ലായ്മയും നിപുണതകളുടെ പരിമിതിയുമൊക്കെ അയാളുടെ അടുത്ത് വരുന്ന വ്യക്തിയുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും.

ഒരു രോഗി ഡോക്ടറെ അടുത്ത് വരുന്നത് തന്റെ അസുഖം ഡോക്ടര്‍ക്ക് കണ്ടെത്താനും പരിഹരിക്കാനും ഉള്ള അറിവുണ്ട് എന്ന വിശ്വാസത്തോടെയാണ്. ചിലപ്പോള്‍ ചില പ്രത്യേക രോഗാവസ്ഥകള്‍ നിര്‍ണയിക്കാനോ കണ്ടെത്താനോ സാധിക്കാതെ വരാം. ആ സമയത്ത് മറ്റൊരു ആ ഡോക്ടര്‍ക്ക് അറിവ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് രോഗിയെ അനുയോജ്യനായ ഡോക്ടര്‍ അടുത്തേക്ക് വിടുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അതിന് എന്താണ് തനിക്ക് അറിയാവുന്നത് എന്താണ് അറിഞ്ഞുകൂടാത്തത് എന്നതിനെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച ഓരോ ഡോക്ടര്‍മാര്‍ക്കും അത്യാവശ്യമാണ്. കൃത്രിമം കാണിച്ച് ജയിച്ച് വരുന്ന വ്യക്തികള്‍ക്ക് അത്തരത്തിലുള്ള ഒരു ഉള്‍ക്കാഴ്ച ഉണ്ടാകാന്‍ സാധ്യതയില്ല.

അതുകൊണ്ടുതന്നെ എല്ലാ രോഗങ്ങളും താന്‍ ചികിത്സിക്കണം എന്ന് ധരിക്കുകയും, പ്രത്യേക രോഗലക്ഷണങ്ങള്‍ കണ്ടാലും എന്തെങ്കിലും ഒക്കെ ചികിത്സകള്‍ നല്‍കുകയും ഇതൊന്നും കുഴപ്പമില്ല പെട്ടെന്ന് ശരിയാകും എന്ന് ആശ്വാസവാക്കുകള്‍ പകര്‍ന്ന് തെറ്റായ വിവരങ്ങള്‍ രോഗിക്ക് നല്‍കുകയും ചെയ്യാം. ഇത്തരം വ്യക്തികള്‍ രോഗികള്‍ക്കും പൊതുജനാരോഗ്യസംവിധാനത്തിനും ഭീഷണി തന്നെയാണ്.

വൈദ്യ നൈതീകത ഉണ്ടാവില്ല

വളഞ്ഞ വഴികളിലൂടെ കടന്നുവന്ന ഒരു വ്യക്തിക്ക് വൈദ്യ നൈതീകത ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അവരെ സംബന്ധിച്ചിടത്തോളം ലക്ഷകണക്കിന് രൂപ മുടക്കിയാണ് ഡോക്ടറാവുന്നത്. ആ പണം തിരികെപിടിക്കാനുള്ള മനോഭാവമാണ് അവരില്‍ കാണാന്‍ സാധിക്കുക. എങ്ങനെയെങ്കിലും പണം നേടി മുന്നോട്ടുപോകാനുള്ള രീതിയിലേക്ക് അവര്‍ പോകാനുള്ള സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ വൈദ്യശാസ്ത്ര വികസനത്തിനെ വളരെയധികം ബാധിക്കുന്ന കാര്യമാണ്. ഇപ്പോള്‍ കേരളത്തില്‍ അടക്കമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പഠിച്ചുവരുന്ന വിദ്യാര്‍ഥികളുടെ ഉന്നത നിലവാരം ലോകപ്രശസ്തമാണ്. അതുകൊണ്ടാണ് അമേരിക്കയിലും ആസ്‌ത്രേലിയയിലും വരെ മെഡിക്കല്‍ കോളജില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത്.

തിരുവനന്തപുരം പോലെയുള്ള മെഡിക്കല്‍ കോളജില്‍ നിന്നും പഠിച്ചു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇവിടങ്ങളില്‍ കിട്ടുന്നത്. മെഡിക്കല്‍ കോളേജിലാണ് പഠിച്ചത് എന്ന് അറിഞ്ഞു കഴിഞ്ഞാല്‍ ഒരു ഉന്നത നിലവാരമുള്ള വിദ്യാര്‍ത്ഥി ആകാന്‍ സാധ്യതയുണ്ട് എന്ന് ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ പോലും വിശ്വസിക്കുന്നു. നിലവാരം പുലര്‍ത്തുന്ന ധാരാളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ട് ,അതുകൊണ്ടുതന്നെ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഇതിനെയെല്ലാം ബാധിക്കും. ഇല്ലാത്ത ഒരു പ്രവേശന പരീക്ഷയിലൂടെ വിദ്യാഭ്യാസം നേടിയ വ്യക്തി എന്ന രീതിയില്‍ അവര്‍ നമ്മുടെ വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെയും ഇന്ത്യയുടെ തന്നെ ആരോഗ്യ രംഗത്തെക്കുറിച്ച് ലോകത്തിന് തന്നെ അവമതിപ്പ് ഉണ്ടാക്കാനുള്ള സാധ്യതയാണ് അവിടെ കാണുന്നത്.

തട്ടിപ്പ് തുടര്‍ന്നാല്‍ മിടുക്കര്‍ രാജ്യം വിടും, നഷ്ടം നമ്മുക്ക് തന്നെ

മുന്‍പ് സംസ്ഥാന തലത്തിലും അഖിലേന്ത്യ തലത്തിലും പ്രവേശന പരീക്ഷയുണ്ടായിരുന്നു. ഈ രണ്ടു പരീക്ഷകളും എഴുതി ആണ് ഞാനടക്കമുള്ള ആളുകള്‍ പ്രവേശനം നേടിയത്. എല്ലാ സംസ്ഥാനങ്ങളിലും മെഡിക്കല്‍ സീറ്റുകളുടെ 15 ശതമാനം അഖിലേന്ത്യ ക്വാട്ടയായി സംവരണം ചെയ്യപ്പെട്ടിരുന്നു അന്ന്. ബാക്കിയുള്ള 85%മാണ് സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. പില്‍ക്കാലത്ത് സംസ്ഥാനതലത്തിലുള്ള പ്രവേശന പരീക്ഷ സംവിധാനത്തില്‍ സംശയങ്ങള്‍ ഉണര്‍ന്നതോടെയാണ് ഒരു രാജ്യത്തിന് ഒരു പരീക്ഷ എന്നുള്ള രീതിയിലേക്ക് മാറിയതും പിന്നീട് നീറ്റ് പരീക്ഷ വന്നതും.

ഇന്നിപ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് ആശങ്ക ഉണര്‍ത്തുന്നതാണ്. എത്രതന്നെ പഠിച്ച് പരീക്ഷ എഴുതിയാലും ഞങ്ങള്‍ക്ക് അവസരം കിട്ടില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ചിന്തിച്ചു പോകുന്ന സാഹചര്യം സംജാതമാക്കും. അതോടെ മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ പണമുണ്ടെങ്കില്‍ അത് ഉപയോഗിച്ചോ, സ്‌കോളര്‍ഷിപ്പ് പോലുള്ളവ സമ്പാദിച്ചോ വിദേശരാജ്യങ്ങളില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥിയാവുകയും തുടര്‍ന്ന് അവിടെ തന്നെ ജീവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ വരും. മിടുക്കരായ ഡോക്ടര്‍മാരെ രാജ്യത്തിന് നഷ്ടപ്പെടുക എന്നാല്‍ രാജ്യത്തിന്റെ ആരോഗ്യ മേഖലയെയാണ് പ്രതികൂലമായി ബാധിക്കുക.

 

സമ്പന്നരുടെ മക്കള്‍ മാത്രം ഡോക്ടറായാല്‍ മതിയോ? നീറ്റിന് പിന്നിലെ കച്ചവട കണക്കുകള്‍ അറിയാം 

നീറ്റ്: ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നവരുടെ റാങ്ക് കുതിക്കുന്നത് ഇങ്ങനെ, തട്ടിപ്പ് രീതി പുറത്ത് 

 

 

English summary: The Rise of Fake Doctors: A Deadly Problem in India

×