June 13, 2026 |
Avatar
അമർനാഥ്‌
Share on

ഒരു പട്ടേല്‍ പ്രതിമയും, നെഹ്‌റുവെന്ന വിഗ്രഹവും

പട്ടേലിന്റെ അറിയപ്പെടാത്ത പ്രതിമയുടെ കഥ

ഇന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം. ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ ആദരവോടെ രാഷ്ട്രം സ്മരിക്കുന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ച സംഭവത്തിനു പിന്നിലെ അറിയപ്പെടാത്ത ഒരു അന്തര്‍ നാടകം.

സ്വതന്ത്ര ഇന്ത്യയില്‍ ഇപ്പോഴും സ്വന്തം യശസ്സിന് കോട്ടം തട്ടാതെ ജനങ്ങള്‍ ആരാധിക്കുന്ന, അപൂര്‍വ്വം നേതാവാണ് സര്‍ദാര്‍ പട്ടേല്‍. സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും കരുത്തനായ സമരസേനാനി. ആദ്യത്തെ ഉപപ്രധാനമന്ത്രി, ആദ്യത്തെ ആഭ്യന്തര മന്ത്രി, നാട്ടുരാജ്യങ്ങളെ സമര്‍ത്ഥമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച ഭരണാധികാരി എന്നിങ്ങനെ പോകുന്നു ഉരുക്കുമനുഷ്യന്റെ ഖ്യാതി!

സർദാർ പട്ടേൽ പ്രതിമ

ഏഴ് വര്‍ഷം മുന്‍പ് 2018 ഒക്ടോബറില്‍ പട്ടേലിന്റെ 143-ാം ജന്മദിനത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെ ‘ഏകത’ പ്രതിമ ഒരു ചരിത്ര സംഭവം തന്നെയാണ്. ഗുജറാത്തിലെ കെവാഡിയയില്‍ 2989 കോടി രൂപ ചിലവിട്ട് 182 മീറ്റര്‍ പൊക്കത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പ്രതിമ! സര്‍ദാറിന് യോജിച്ച ബഹുമതി തന്നെ! പട്ടേലിന്റെ പ്രതിമയുടെ അറിയുന്ന കഥ ഇത്!

അറിയപ്പെടാത്ത ഒരു പ്രതിമകഥ കൂടി പട്ടേലിനുണ്ട്! ആധികമാരുമറിയാത്ത ആദ്യമായി സര്‍ദാര്‍ വല്ലഭായ്പട്ടേലിന്റെ പ്രതിമ സ്ഥാപിച്ച സംഭവം. നാം ആരാധിക്കുന്ന, ചില വിഗ്രഹങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയുന്ന സംഭവ കഥ.

1950 ഡിസംബര്‍ 15 നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ബോംബെയില്‍ വെച്ച് ദിവംഗതനാകുന്നത്. പല നയങ്ങളിലും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായുള്ള വിയോജിപ്പുകള്‍ പട്ടേല്‍ പ്രകടിപ്പിച്ചിരുന്നു. (കശ്മീര്‍ പ്രശ്‌നമുള്‍പ്പടെ പല കാര്യങ്ങളും സര്‍ദാര്‍ പട്ടേല്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ വരില്ലായിരുന്നെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിരുന്നു) നെഹ്‌റുവുമായി പരസ്യമായി ഒരു ഏറ്റുമുട്ടലിന് തുനിയാതിരുന്നത് മഹാത്മാ ഗാന്ധി നേതാവായി തിരഞ്ഞെടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവിനേയാണ് എന്ന വസ്തുത പട്ടേല്‍ അംഗീകരിച്ചിരുന്നത് കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് അന്നേ പിളര്‍ന്നേനെ! നെഹ്‌റുവും പട്ടേലും സ്വാഭാവികമായും എതിരാളികളായിരുന്നു. സ്വതന്ത്ര ഭാരതത്തെ കുറിച്ച് രണ്ട് പേരുടെയും ആശയങ്ങള്‍ വ്യതസ്തമായിരുന്നു. അതങ്ങനെയേ വരൂ. കാരണം സര്‍ദാര്‍ പട്ടേല്‍ ഒരു വ്യവസായ നഗരത്തിലെ യന്ത്രങ്ങളുടേയും, ഫാക്ടറികളുടേയും, തുണിമില്ലുകളുടേയും കേന്ദ്രത്തില്‍ നിന്ന് വന്നയാളാണ്! ജവഹര്‍ലാല്‍ നെഹ്‌റു വന്നത് പൂക്കളും പഴങ്ങളും വളര്‍ത്തുന്ന സ്ഥലത്ത് നിന്നും! ആ വ്യത്യാസം വളരെ വലുതാണ്. ഏതായാലും സര്‍ദാര്‍ പട്ടേലിന്റെ മരണത്തിന് ശേഷം നെഹ്‌റു കോണ്‍ഗ്രസ്സിലും, ഭരണകൂടത്തിലും അജയ്യനായി തീര്‍ന്നു.

സർദാർ വല്ലഭായ് പട്ടേലും ജവഹർ ലാൽ നെഹ്‌റുവും

ജീവിച്ചിരിക്കുമ്പോള്‍ ‘ഭാരതരത്‌ന’ എന്ന പരാമോന്നത പദവി ഏറ്റുവാങ്ങിയ മഹാനാണ് ജവഹര്‍ലാല്‍ നെഹ്‌റു. തനിക്കൊപ്പമോ, തന്നെക്കാളും ഒരുപടി ഉയര്‍ന്ന നേതാവോ ആയ സര്‍ദാര്‍ വല്ലഭായ് പാട്ടേലിന് മരണാനന്തരം ഭാരതരത്‌ന പദവി നല്‍കാന്‍ നെഹ്‌റു ശ്രമിച്ചില്ല.

ഒടുവില്‍ കോണ്‍ഗ്രസ് ഭരണാധികാരികളുടെ കണ്ണ് തുറക്കാന്‍ നാല് പതിറ്റാണ്ട് വേണ്ടി വന്നു. ‘ഭാരത രത്‌ന’ നല്‍കാന്‍ 1991 ല്‍ മഹാനായ നെഹ്‌റുവിന്റെ കൊച്ചുമകന്‍ രാജീവ് ഗാന്ധി മരിക്കേണ്ടി വന്നു. പട്ടേലിന് നല്‍കാതെ കൊച്ചുമകന് കൊടുക്കാന്‍ പറ്റില്ലല്ലോ. 1991 ല്‍ രാജീവ് ഗാന്ധിക്കും 1950 ല്‍ അന്തരിച്ച സര്‍ദാര്‍ പട്ടേലിനും ഒരേ സമയം ഭാരതരത്‌ന!

അങ്ങനെ നിവൃത്തികേട് കൊണ്ട് കൊടുത്തതാണ് പട്ടേലിന് ‘ഭാരതരത്‌ന’ എന്നോര്‍ക്കുക. പട്ടേലിന്റെ കുടുംബത്തിന്റെ ഇന്നത്തെ കഥയും നെഹ്‌റുവിന്റെ കുടുംബത്തിന്റെ ഇന്നത്തെ നിലയും എന്താണെന്ന് സമകാലീന കോണ്‍ഗ്രസ് രാഷ്ട്രീയം പരിശോധിച്ചാല്‍ അറിയാം.

മരണശേഷം ഇന്ത്യന്‍ യൂണിയന്റെ പ്രധാനപ്പെട്ട ശില്‍പ്പികളിലൊരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ഉചിതമായ ദേശീയ സ്മാരകം നിര്‍മ്മിക്കാനുള്ള ശ്രമമാരംഭിച്ചെങ്കിലും, ജവഹര്‍ലാല്‍ നെഹ്‌റു അനങ്ങിയില്ല! മറിച്ച് മൗലാന അബ്ദുള്‍ കലാം ആസാദ് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന് സ്മാരകമുണ്ടാക്കാന്‍ നെഹ്‌റു മുന്‍കൈയ്യെടുക്കുകയും ചെയ്തു.

വര്‍ക്കിംങ്ങ് കമ്മിറ്റിയില്‍ പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മഹാനായ ജവഹര്‍ലാല്‍ നെഹ്‌റു താല്‍പ്പര്യം കാണിച്ചില്ല. ഒടുവില്‍ പട്ടേലിന്റെ ഉത്തമ ശിഷ്യനായ നേതാവ് എസ്.കെ പാട്ടീല്‍ കാര്യമേറ്റെടുത്തു മുന്നോട്ടിറങ്ങി. സ്മാരകമായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് കമ്മറ്റിയില്‍ പ്രമേയം പാസാക്കി. ഒരുകോടി രൂപ ഇതിനായി സമാഹരിക്കണമെന്നും തീരുമാനിച്ചു. വ്യവസായിയും പട്ടേലിന്റെ ആരാധകനുമായിരുന്ന ജി.ഡി ബിര്‍ളയുടെ സഹായത്തോടെ തുക ശേഖരിക്കാനായിരുന്നു പദ്ധതി.

എസ്. കെ. പാട്ടീൽ

ബിര്‍ള വ്യവസായികളില്‍ നിന്ന് പണം ശേഖരിച്ച് 50 ലക്ഷം രൂപ സമാഹരിച്ച് കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റിയെ ഏല്‍പ്പിച്ചു. ബാക്കി 50 ലക്ഷം രൂപ എസ്.കെ പാട്ടീല്‍ ബോംബെയില്‍ നിന്ന് സ്വരൂപിച്ചു. പക്ഷേ, തുക കമ്മിറ്റിയെ ഏല്‍പ്പിക്കാന്‍ പാട്ടീല്‍ തയ്യാറായില്ല. കാരണം പട്ടേലിന്റെ സ്മാരകത്തോടുള്ള നെഹ്‌റുവിന്റെ മനസ്സിലിരിപ്പ് എസ്.കെ പാട്ടീലിന് നന്നായി അറിയാമായിരുന്നു.

ഈയവസരത്തില്‍ എസ്.കെ.പാട്ടീലിനെ കുറിച്ചറിയണം. സര്‍ദാര്‍ പട്ടേലിന്റെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നുള്ള സദാശിവ് കാനോജി പാട്ടീല്‍. മികച്ച സംഘാടകനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് സമാഹരിക്കുന്ന നേതാവുമായിരുന്നു എസ്.കെ.പാട്ടീല്‍. ബോംബെയിലെ ‘കിരീടം വെയ്ക്കാത്ത ചക്രവര്‍ത്തി’ എന്നായിരുന്നു മഹാത്മാഗാന്ധി എസ്.കെ പാട്ടീലിനെ വിശേഷിപ്പിച്ചിരുന്നത്.

വര്‍ക്കിങ്ങ് കമ്മിറ്റിയുടെ അവസാന ചര്‍ച്ചകളില്‍ സ്മാരകം എങ്ങനെ വേണമെന്ന കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിപ്രായം വിചിത്രമായിരുന്നു. ഗ്രാമങ്ങളുടേയും കര്‍ഷകരുടെയും അടുത്ത മിത്രമായിരുന്നു വല്ലഭായ് പട്ടേല്‍. അതിനാല്‍ അദ്ദേഹത്തിന്റെ ഓര്‍മ നിലനിറുത്താന്‍ ഗ്രാമങ്ങളില്‍ കിണറുകള്‍ പണി കഴിപ്പിക്കുകയും, റോഡുകള്‍ നിര്‍മ്മിക്കുകയുമാണ് വേണ്ടതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു, അഭിപ്രായപ്പെട്ടു. എസ്.കെ.പാട്ടീല്‍ ഇതിനെ ശക്തമായി എതിര്‍ത്തു. കിണറുകളും റോഡുകളും പണി കഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും സ്മാരക ഫണ്ട് കൊണ്ടല്ല അത് ചെയ്യണതെന്നും പാട്ടീല്‍ തുറന്നടിച്ചു.

ഒടുവില്‍ ഡല്‍ഹി സെക്രട്ടറിയേറ്റിന്റെ മുന്നിലുള്ള വിജയ് ചൗക്കില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിനെ നെഹ്‌റു എതിര്‍ത്തു. ഒടുവില്‍ പാര്‍ലമെന്റ് സ് സ്ട്രീറ്റില്‍ കഷ്ടപ്പെട്ട് ഒരു സ്ഥലം കണ്ടുപിടിച്ച്, അവിടെ സ്ഥാപിച്ചു. അങ്ങനെ ആദ്യത്തെ സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ പ്രതിമ പാര്‍ലമെന്റ് സ്ട്രീറ്റില്‍ (ഇപ്പോള്‍ സര്‍ദാര്‍ ചൗക്ക്) വെച്ച് 1963 സെപ്റ്റംബര്‍ 18ന് രാഷ്ട്രപതി ഡോ.രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.

ഇന്ത്യൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ പട്ടേലിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രസംഗിക്കുന്നു. 1963 സെപ്റ്റംബർ 18

മഹാരാഷ്ട്രയില്‍ സര്‍വ്വശക്തനായിരുന്ന പാട്ടീല്‍ നെഹ്‌റുവിന്റെ മന്ത്രിസഭാംഗമായിരുന്നെങ്കിലും ആരോപണ വിധേയനായി 1957 ല്‍ രാജിവെച്ചു. 1962 ല്‍ സ്വന്തം തട്ടകമായ സൗത്ത് ബോംബെയില്‍ വെച്ച് പാര്‍ലമെന്റ് ഇലക്ഷനില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനോട് തോറ്റതോടെ, പാട്ടീലിന്റെ പതനമാരംഭിച്ചു. പാട്ടീലിന്റെ തോല്‍വി അക്കാലത്തെ ചരിത്ര സംഭവമായിരുന്നു.

ആ സമയത്ത്, കാമരാജ് പ്ലാന്‍ നടപ്പിലാക്കി ജവഹര്‍ലാല്‍ നെഹ്‌റു പാട്ടീലിനെ ദേശീയ രാഷ്ട്രീയത്തില്‍ ഒതുക്കി. (മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍, അധികാരമൊഴിഞ്ഞ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം എന്നതായിരുന്നു കാമരാജ് പ്ലാനിന്റെ കാതല്‍. രാഷ്ട്രീയ എതിരാളികളെ നീക്കം ചെയ്യാന്‍ നെഹ്റു ഉപയോഗിച്ച പദ്ധതിയാണിതെന്ന് വിമര്‍ശകരും ചരിത്രകാരന്മാരും ചൂണ്ടിക്കാണിക്കുന്നു.

മകള്‍ ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസിലെ ‘ഉന്നത പദവിയിലക്ക് വഴിയൊരുക്കാനായി മുതിര്‍ന്ന നേതാക്കളെ ഇതുവഴി ഒതുക്കുക എന്ന് ആരോപണം അക്കാലത്ത് ഉയര്‍ന്നു. ഇങ്ങനെ ഒതുക്കിയതാണ് മൊറാര്‍ജി ദേശായിയെയും പാട്ടീലിനേയും മറ്റ് മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാക്കളേയും ) പിന്നീട് ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ പാട്ടീല്‍ അംഗമായെങ്കിലും പഴയ പ്രഭാവമെല്ലാം പാട്ടീലിന് നഷ്ടപ്പെട്ടിരുന്നു. 1969 ല്‍ കോണ്‍ഗ്രസ്സ് പിളര്‍പ്പിലേക്ക് നീങ്ങിയപ്പോള്‍ ഇന്ദിരാഗാന്ധിക്കെതിരെ പരസ്യമായി സിന്‍ഡിക്കേറ്റ് പട നയിച്ചെങ്കിലും ഏറ്റില്ല. പിന്നീട് ഇന്ദിരാ യുഗത്തില്‍ ഒന്നുമല്ലാതായ ആ അതികായന്‍ 1981 ജൂണില്‍ അന്തരിച്ചു.

എസ്.കെ. പാട്ടിൽ (ഇടത്ത്)കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കാമരാജിനോടൊപ്പം

നെഹ്‌റുവും അന്തരിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും കുടുംബവാഴ്ചയും, കോണ്‍ഗ്രസും തമസ്‌കരിച്ചാല്‍ തീരുന്നതല്ല ജനഹൃദയങ്ങളില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലെന്ന നേതാവ് എന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു.

Content Summary: The statue of Patel and the idol of Nehru

Leave a Reply

Your email address will not be published. Required fields are marked *

×