വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിൽ തേൻ ശേഖരിക്കാൻ പോയ ഗർഭിണിയായ ആദിവാസി യുവതി ശാന്തയെയും ഭർത്താവ് കൃഷ്ണൻ, ഇളയ ആൺകുട്ടി എന്നിവരടങ്ങുന്ന കുടുംബത്തെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കാടിനുള്ളിലെ തങ്ങളുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആധുനിക ചികിത്സാ രീതികളോടും പുനരധിവാസ പദ്ധതികളോടും മുഖം തിരിഞ്ഞു നിൽക്കുന്ന ഈ കുടുംബത്തിന്റെ ജീവിതരീതി സർക്കാർ സംവിധാനങ്ങൾക്ക് വെല്ലുവിളിയാവുന്നു.
ആദിവാസി യുവതിയേയും കുടുംബത്തേയും കാണാതായി എന്നല്ല പറയേണ്ടത്, അവർ നിലവിൽ അവിടെയാണ് താമസിച്ചുക്കൊണ്ടിരിക്കുന്നത്. ഇവരുടെ പുനരധിവാസം ലക്ഷ്യമിട്ടുക്കൊണ്ട് വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു എന്നാൽ ആ വീടുകൾ ഇവർ ഉപയോഗിക്കുന്നില്ല. അവർ കാടിനുള്ളിൽ തന്നെ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് കൽപ്പറ്റയിലെ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസറുടെ വാക്കുകൾ.
ശാന്ത ഗർഭിണിയായത് കൊണ്ട് തന്നെ അവർക്ക് ഈ ഘട്ടത്തിൽ ആവശ്യമായ ചികിത്സയടക്കം നൽകിപ്പോരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ അഡ്മിറ്റാക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ശ്രേയസ് പദ്ധതിയുടെ ഭാഗമായി ഇവർക്ക് ഒരു ട്രൈബൽ ഹട്ട് ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ അവരവിടെ താമസിക്കാൻ കൂട്ടാക്കിയിരുന്നില്ല. അന്നേ ദിവസം തന്നെ തിരികെ പോവുകയാണുണ്ടായത്. രാത്രിയിൽ ഇത്തരത്തിൽ ഇറങ്ങിപോകുന്നുവെന്ന് കണ്ടതോടെ അവരെ സുരക്ഷിതമായി അവരുടെ താമസ സ്ഥലത്ത് തന്നെ എത്തിച്ചു. വൈദ്യസഹായം കൃത്യമായി ലഭിക്കണമെന്ന ആവശ്യം മുൻനിർത്തി ആരോഗ്യവകുപ്പും ഇടപെടൽ നടത്തിയിരുന്നു. എന്നാൽ, നമ്മുടെ ചികിത്സാ രീതികളോടും ഇവർ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പ്രവസവത്തിന്റെ സമയം ആയപ്പോഴേക്കും നമ്മളെ വെട്ടിച്ച് അവർ കാട്ടിലേക്ക് കടന്നുകളഞ്ഞതാണ്. നമുക്ക് സാധാരണ ആളുകൾക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്ത അത്രയും താഴ്ച്ചയുള്ള മലയടിവാരത്തിലാണ് ഇവർ താമസിക്കുന്നത്.
മൂപ്പനാട്, മേപ്പാടി, കൽപ്പറ്റ മുൻസിപ്പാലിറ്റി എന്നിവടങ്ങളിലെ ചുമതലയുള്ള ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസറാണ് ഞാൻ. കാടിനകത്തെ മലയടിവാരങ്ങളാണ് ഇവരുടെ ആവാസ സ്ഥലങ്ങൾ. ഇവിടെ നിന്ന് പുറത്തുവരാൻ ഇവർ താത്പര്യപ്പെടുന്നില്ല. ദൈവങ്ങൾ, വിശ്വാസങ്ങൾ, കുടുംബം എന്നിങ്ങനെ ഇവർക്ക് മാനസികമായി അടുപ്പം തോന്നിക്കുന്ന, അവിടെ പിടിച്ചു നിർത്തുന്ന കുറേ ഘടകങ്ങളുണ്ട്. നിലവിൽ വനംവകുപ്പ് തിരച്ചിൽ നടത്തുന്ന കുടുംബം അവരുടെ സഹോദരങ്ങളുമായി പിണങ്ങിയാണ് താമസിക്കുന്നത്, അത് ഐസലേറ്റഡ് നിൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ അവരുടെ ആവാസ വ്യവസ്ഥ കാട്ടിലേക്ക് മാത്രം ചുരുങ്ങി.
ഉരുൾപ്പൊട്ടലുണ്ടായ സമയത്ത് പാറപ്പൊത്തിനുള്ളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംരക്ഷണം നൽകുകയും ചെയ്തിരുന്നു. പുതിയ വില്ലേജിൽ ഇവർക്ക് വേണ്ടി ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ലാന്റ് സർവ്വേയും നിലവിൽ കഴിഞ്ഞിട്ടുണ്ട്. വീട് വച്ച് നൽകിയാലും അവരെ ഇങ്ങോട്ട് താമസത്തിന് എത്തിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കേണ്ടി വന്നേക്കാം.
ഉരുൾപ്പൊട്ടലിൽ നിന്ന് രക്ഷപ്പെട്ട് വന്ന സമയത്ത് ഇവർക്ക് ആധാർ കാർഡും തിരിച്ചറിയൽ കാർഡും ഉൾപ്പെടെയുള്ള അവശ്യ രേഖകൾ ഇല്ലായിരുന്നു, അത് ഉൾപ്പെടെ തയ്യാറാക്കി നൽകിയിരുന്നു. ഉരുൾപ്പൊട്ടൽ ബാധിതരായ കുടുംബത്തിലെ പങ്കാളികൾക്ക് 9000 രൂപ വച്ച് സർക്കാർ നൽകി പോരുന്നുണ്ട്. ഈ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ് ഇവർ. ആ തുക പലപ്പോഴായി ബാങ്കിൽ വന്ന് ഇവർ പിൻവലിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 5ന് മേപ്പാടി ടൗണിലെത്തി ബാങ്കിൽ നിന്ന് പണം പിൻവലിച്ച വിവരം ഇപ്പോഴാണ് ഞങ്ങൾ അറിയുന്നത്. ഇതേ ദിവസം ഞങ്ങൾ അവരെ തിരക്കി ഷെൽട്ടറിന് അടുത്ത് ചെന്നിരുന്നെങ്കിലും കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഷെൽട്ടറിന് അകത്ത് നിന്ന് കണ്ടെത്തിയിരുന്നു. അന്ന് ആശുപത്രിയിൽ നിന്ന് പോയതിന് ശേഷം ശാന്തയെ ആരും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ, ഭർത്താവ് കൃഷ്ണൻ രണ്ടു തവണയായി വന്ന് സാധനങ്ങൾ വാങ്ങിച്ചു പോയതായി റിപ്പോർട്ടുകളുണ്ട്. അവരുടെ ആവാസ വ്യവസ്ഥയോട് ചേർന്നാണ് ഇവർ ജീവിക്കുന്നത്. ഇതിന് മിസിംഗ് കേസായി പരിഗണിക്കാൻ സാധിക്കില്ല, കണ്ടെത്തി ചികിത്സ നൽകണം അതാണ് പ്രാഥമിക ആവശ്യം അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഇന്നലെ നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും മീൻ പിടിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇത്രയും വലിയ ഫോഴ്സുമായി പോയി തിരച്ചിൽ നടത്തുമ്പോൾ ഇവർ ഉൾവലിഞ്ഞ് പോകുന്നതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാറപ്പൊത്തിലോ മറ്റോ ഒളിച്ചിരിക്കാനാണ് സാധ്യത കൂടുതൽ. വീട് വച്ചു നൽകിയാലും താമസത്തിനായി ഇവരെ എത്തിക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. ഇതാണ് സംഭവത്തിലെ നിജസ്ഥിതി. ഗർഭിണിയായത് കൊണ്ട് കണ്ടെത്തുക എന്നത് പ്രധാനമാണ്. എന്നാൽ, അവരുടെ ആവാസ വ്യവസ്ഥയിൽ കയറി ഇടപെടുന്നത് തെറ്റായ നടപടിയാണെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറയുന്നു.
ഗർഭിണിയായ ശാന്തയുടെ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് നിലവിൽ പ്രഥമ പരിഗണന. ഇവരെ കണ്ടെത്തി ചികിത്സ നൽകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. എന്നാൽ, വനത്തിനുള്ളിൽ ഒറ്റപ്പെട്ട് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഈ കുടുംബത്തെ പുനരധിവസിപ്പിക്കുക എന്നത് അധികൃതർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. സർക്കാർ വീടുകളും ആനുകൂല്യങ്ങളും ലഭ്യമാക്കിയെങ്കിലും, അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്തുവരാനുള്ള മടി, ഒറ്റപ്പെട്ട ജീവിതരീതി എന്നിവ ഈ പുനരധിവാസ ശ്രമങ്ങൾക്ക് തടസ്സമാകുന്നു. അവരുടെ ജീവിതരീതിയെ മാനിച്ചുകൊണ്ട്, സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ എങ്ങനെ ഇടപെടണം എന്ന കാര്യത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തി, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് നിലവിലെ അടിയന്തിര ദൗത്യം.
content summary: The tribal family in Attamala quietly left the shelter and re-entered the forest, They must be found so the young woman can get medical care