ഒരു കാലത്ത് വലതുപക്ഷക്കാരുടെ വലിയ പിന്തുണ ലഭിച്ചിരുന്ന ഇലോൺ മസ്‌കിന് റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണ കുറയുന്നതായി റിപ്പോർട്ടുകൾ.
ഗവൺമെന്റ് എഫിഷ്യൻസി (DOGE) വകുപ്പിന്റെ ചുമതല അമേരിക്കൻ പ്രസിഡന്റ് ട്രംപ്, മസ്‌കിനെ ഏൽപ്പിച്ചതിനെ സർക്കാർ ഏജൻസികൾ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമമെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും പിന്തുണച്ചിരുന്നു. എന്നാൽ സമീപകാലങ്ങളിലായി ഈ അഭിപ്രായത്തിൽ പ്രകടമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
2024ൽ ട്രംപിന്റെ വിജയത്തിന് തൊട്ടുപിന്നാലെ നടത്തിയ ഇക്കണോമിസ്റ്റ്/ യൂഗോവ് സർവേ പ്രകാരം, 47 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിയുടെ ആളുകളും മസ്‌കിന് ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, കുറച്ച് മാസങ്ങൾക്ക് ശേഷം ഈ കണക്കുകൾ 26 ശതമാനത്തിലേക്ക് കുറഞ്ഞു. നാൽപ്പത്തിമൂന്ന് ശതമാനം ആളുകൾ മസ്‌കിന് പരിമിതമായ റോൾ മാത്രം മതിയെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 17 ശതമാനം ആളുകൾ മസ്‌കിനെ പൂർണമായും സർക്കാരിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.
ഡെമോക്രാറ്റുകളിൽ ആറ് ശതമാനം ആളുകൾ മാത്രമാണ് സർക്കാരിൽ മസ്‌കിന്റെ പങ്കാളിത്തത്തെ ആഗ്രഹിക്കുന്നത്.
ട്രംപിന്റെ അനുയായികൾ ഇപ്പോഴും മസ്‌കിനെ പിന്തുണയ്ക്കുന്നുവെങ്കിലും ചില റിപ്പബ്ലിക്കന്മാർ മസ്‌കിന്റെ സ്വാധീനം വളരം വലുതാണെന്ന് കരുതുന്നു. പുതിയ വോട്ടെടുപ്പ് കണക്കുകൾ പ്രകാരം മസ്‌കിനെതിരെ പ്രതികൂല പ്രതികരണങ്ങളാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്.
മസ്‌കിന്റെ ജനപ്രീതി കുറയുന്നതിന്റെ കാരണങ്ങൾ
ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ തലവൻ എന്ന നിലയിൽ മസ്‌കിന്റെ ഭരണത്തിലെ പങ്ക് സർക്കാർ സംവിധാനങ്ങളിലേക്ക് പ്രവേശനം നൽകുന്നതിന് കാരണമാകുമോ എന്ന ആശങ്കകൾ ഉയരുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി മസ്‌ക് നടത്തിയവിവാദപരമായ തീരുമാനങ്ങളുടെയും പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ട്രംപിന്റെ ജനപ്രീതി കുറയുന്നതെന്ന് വിശകലന വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. 2022ൽ മസ്‌ക് ട്വിറ്റർ വാങ്ങുകയും (ഇപ്പോഴത്തെ എക്‌സ്) അതിന്റെ ഉളളടക്കത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ മാറ്റങ്ങൾ വിപരീത ഫലമാണ് നൽകിയതെന്ന് വിമർശകർ പറയുന്നു.
മസ്‌കിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ കൂടുതൽ പ്രകടമാവുകയും അദ്ദേഹത്തെ മുൻപ് പിന്തുണച്ചിരുന്നവർ ഇപ്പോൾ എതിരെ തിരിയുകയും ചെയ്തിരിക്കുകയാണ്. മസ്‌കിന്റെ പ്രതിച്ഛായ ഇപ്പോൾ തീർത്തും രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
പൊതുജനങ്ങൾക്കിടയിലെ അതൃപ്തിയും, രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള വിമർശനവുമെല്ലാം ഭരണകൂടത്തിലുള്ള മസ്‌കിന്റെ സ്വാധീനത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ കാരണമായേക്കാം.
content summary; The unpopular billionaire: Why more Americans are turning against Elon Musk