ഷഫാലി ദ ഷോ മേക്കർ

വനിതാ ക്രിക്കറ്റിലെ മിന്നും താരം

ഇന്ത്യ-ദക്ഷിണാഫ്രിക്ക  മത്സരത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിക്കൊണ്ടാണ് ഇന്ത്യൻ ബാറ്റർ ഷഫാലി വർമ ചരിത്രമെഴുതിയത്. വെറും 194 പന്തിൽ നിന്നാണ് ഷഫാലി വർമ്മ തൻ്റെ ഇരട്ട സെഞ്ച്വറി തികച്ചത്. 256 പന്തിൽ ഇരട്ട സെഞ്ചുറിയെന്ന ഓസ്‌ട്രേലിയയുടെ അന്നബെൽ സതർലാൻഡിൻ്റെ റെക്കോർഡാണ് ഷെഫാലി മലർത്തിയടിച്ചത്. എന്നാൽ ഈ നേട്ടങ്ങളിലേക്ക് ഉള്ള ഷഫാലിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. shafali verma 

ചുരുങ്ങിയ സമയം കൊണ്ട് വനിതാ ക്രിക്കറ്റ് ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഇന്ത്യൻ താരമാണ് ഷഫാലി വർമ. 2004 ജനുവരി 28 ന് ഇന്ത്യയിലെ ഹരിയാനയിൽ ജനിച്ച ഷെഫാലി അഞ്ചാം വയസ്സിൽ ക്രിക്കറ്റിന്റെ ലോകത്തേക്ക് പിച്ച വച്ചത്. ഷഫാലിയുടെ തകർപ്പൻ ബാറ്റിംഗ് ശൈലി, പെട്ടെന്നുള്ള ഫുട്‌വർക്ക്, ഫീൽഡിനെ ഭയക്കാത്ത സമീപനം എന്നിവ ഷഫാലിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. ചെറുപ്രായത്തിൽ തന്നെ അവളെ പ്രശസ്തിയിലേക്ക് ഉയർത്താൻ പോന്ന ഘടകങ്ങളായിരുന്നു അവ. ഇത് ഷഫാലിയെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കളിക്കാരിൽ ഒരാളായി മാറ്റി.

ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സതർലൻഡ് ഈ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയുടെ കാരെൻ റോൾട്ടണും 313 പന്തിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ആദ്യ ദിനത്തിൽ സ്മൃതി മന്ദാനയുമായുള്ള കൂട്ടുകെട്ടിലാണ് ഷഫാലി വർമ്മ റെക്കോർഡിൽ മുത്തമിട്ടത്. ഈ കൂട്ട് ഷഫാലിക്ക് സമ്മാനിച്ചത് രണ്ട് റെക്കോർഡുകളാണ് കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ മിതാലി രാജിന് ശേഷം ഈ നാഴികക്കല്ല് കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഷഫാലി വർമ. മുമ്പ് ടൗണ്ടണിൽ ഇംഗ്ലണ്ടിനെതിരായ സമനില ടെസ്റ്റിൽ മിതാലി രാജ് 407 പന്തിൽ 214 റൺസ് നേടിയിരുന്നു. കരിയറിലെ അഞ്ചാം ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന താരം കൂടിയാണ് ഷെഫാലി വർമ.

 

പെൺകുട്ടികൾക്ക് ക്രിക്കറ്റിലേക്ക് എത്താൻ പരിമിതമായ അവസരങ്ങളുണ്ടായിരുന്ന ഹരിയാനയിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നാണ് ഷഫാലി പ്രശസ്തിയിലേക്ക് എത്തുന്നത്. ഷഫാലിയുടെ പിതാവ് സഞ്ജീവ് വർമ്മ തികഞ്ഞ ക്രിക്കറ്റ് പ്രേമിയായിരുന്നു, സഞ്ജീവാണ് കുഞ്ഞു ഷഫാലിയിലെ കഴിവുകൾ ആദ്യമായി തിരിച്ചറിഞ്ഞത്. കുഞ്ഞു ഷഫാലിയ്ക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞു നൽകിയതും സഞ്ജീവ് തന്നെ ആയിരുന്നു. ഷഫാലിക്ക് ക്രിക്കറ്റ് പരിശീലനംനൽകാൻ അക്കാദമികൾ തോറും സഞ്ജീവ് കയറി ഇറങ്ങി, ചെറിയ പട്ടണത്തിലായതിനാൽ തന്നെ പരിശീലനത്തിൽ പല വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും, അതൊന്നും ഷഫാലിയെ തളർത്തിയില്ല. അധികം താമസിയാതെ തന്നെ അവൾ പ്രാദേശിക തലത്തിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. തുടർന്ന് 14-ാം വയസ്സിൽ ഹരിയാന വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുക എന്നത് ഷഫാലിയെ പോലെ പ്രായം കുറഞ്ഞ ഒരു താരത്തെ സംബന്ധിച്ച് അത്ര എളുപ്പം സാധിക്കുന്ന കാര്യമായിരുന്നില്ല. ഇത് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.

2019 ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി ഷഫാലി തൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി, അന്നുമുതൽ ടീമിലെ മിന്നും താരമാണ് ഷഫാലി. ആക്രമണാത്മക ബാറ്റിംഗ് ശൈലി ഷഫാലിയെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഭയപ്പെടുന്ന കളിക്കാരിലൊരാളാക്കി മാറ്റി തീർത്തു. തൻ്റെ ആദ്യ പരമ്പരയിൽ തന്നെ, വെസ്റ്റ് ഇൻഡീസ് വനിതാ ക്രിക്കറ്റ് ടീമിനെതിരെ ഷഫാലി 46 റൺസ് നേടിയിരുന്നു, ഇത് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. അന്നത്തെ ഷഫാലിയുടെ മിന്നും പ്രകടനം പ്ലെയർ ഓഫ് ദ മാച്ച് നേടിക്കൊടുക്കുകയും മികച്ച കരിയറിന് തുടക്കം കുറിക്കുകയും ചെയ്തു.

പിന്നീട് 2020ൽ ഐസിസി വനിതാ ടി20 ലോകകപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷഫാലി ചരിത്രം സൃഷ്ടിച്ചു. ആ സമയത്ത് ഷഫാലിക്ക് 16 വയസായിരുന്നു പ്രായം. 5 ഇന്നിംഗ്‌സുകളിൽ നിന്ന് 163 റൺസ് നേടിയ അവൾ ടൂർണമെൻ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടി. ഒപ്പം വനിതാ ടി 20 ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അവൾ മാറി.

വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഷഫാലിയുടെ ക്രിക്കറ്റ് നാൾ വഴികൾ. അവളുടെ ആക്രമണാത്മക ബാറ്റിംഗ് ശൈലി നിരന്തരം വിമർശന വിധേയമായിരുന്നു , ഈ ശൈലി വനിതാ ക്രിക്കറ്റിന് അനുയോജ്യമല്ലെന്നാണ് പലരുടെയും വാദം. എന്നിരുന്നാലും, ഇതൊന്നും ഷഫാലിയെ തെല്ലും ബാധിച്ചില്ല, എന്ന് മാത്രമല്ല ഷഫാലി നിരന്തരം വിജയങ്ങൾ വെട്ടിപ്പിടിച്ച് കൊണ്ടേയിരുന്നു. തന്നെ വിമർശിച്ചവർക്കും കളിയാക്കിയവർക്കും ഷഫാലി മറുപടി പറഞ്ഞത് തന്റെ ബാറ്റുകൊണ്ടായിരുന്നു. നിശ്ചയദാർഢ്യവും പ്രതിഭയുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് കാണിച്ച് തന്നത് സ്വന്തം ജീവിതം കൊണ്ടാണ്. കഴിവും ആർജ്ജവവുമുണ്ടെങ്കിൽ എന്തിനെയും നേരിടാം എന്നതിന്റെ തെളിവാണ് ഷഫാലി വർമയുടെ യാത്ര.

content summary; The Untold Story Of Shafali Verma

This post was last modified on July 2, 2024 2:58 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment