June 04, 2026 |

‘പഞ്ചായത്തിന്റെ അനുമതിയില്ലാത്ത സൈക്കിള്‍ ഷെഡ്, ഉത്തരവാദികള്‍ സ്‌കൂള്‍ മാനേജ്‌മെന്റും കെഎസ്ഇബിയും’ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

താഴ്ന്നുകിടക്കുന്ന ലൈനില്‍ അടുത്തിടെയായിരുന്നു കെഎസ്ഇബി ഒരു കമ്പി വളച്ചുകെട്ടിയത്

കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും കെഎസ്ഇബിക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ”സ്‌കൂള്‍ അധികൃതര്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ്. ഇത് സംബന്ധിച്ച് പെര്‍മിറ്റ് വാങ്ങുകയോ ചെയ്തിട്ടില്ല” മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് തരകന്‍ അഴിമുഖത്തോട് പറഞ്ഞു.

”അപകടത്തില്‍ പങ്കില്ലെന്ന് പറഞ്ഞ്  കൈയ്യൊഴിയുമ്പോഴും, താഴ്ന്നുകിടക്കുന്ന ലൈനില്‍ അടുത്തിടെയായിരുന്നു കെഎസ്ഇബി ഒരു കമ്പി വളച്ചുകെട്ടിയത്. അപ്പോഴും ഈ ലൈന്‍ മാറ്റാനല്ല കെഎസ്ഇബി ശ്രമിച്ചത്. ഷെഡും വൈദ്യുതി ലൈനും തമ്മില്‍ ഒരു മീറ്റര്‍ അകലം പോലുമില്ല. മാനേജ്‌മെന്റാണ് ഇക്കാര്യത്തില്‍ നൂറുശതമാനം കുറ്റക്കാര്‍” വര്‍ഗീസ് തരകന്‍ കൂട്ടിച്ചേര്‍ത്തു.

ലൈന്‍ കമ്പി കടന്നുപോകുന്നതിന്റെ താഴെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടികള്‍ക്കായി സൈക്കിള്‍ ഷെഡ് നിര്‍മിച്ചിരിക്കുന്നത്. സ്‌കൂളിന്റെ പുറക് വശത്തായത് കൊണ്ടുതന്നെ പൊതുജന ശ്രദ്ധയും കുറവാണ്.

”നൂറ് വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂളാണ്. കുട്ടികള്‍ക്ക് സൈക്കില്‍ വെക്കാനായി ഷെഡ് പണിതിട്ട് ആറോ ഏഴോ വര്‍ഷമായി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്” വാര്‍ഡ് മെമ്പര്‍ ലാലി ബാബു അഴിമുഖത്തോട് പറഞ്ഞു.

20 വര്‍ഷത്തോളമായി സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്തിക്കെട്ടാന്‍ കെഎസ്ഇബിയോ ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

”സാധാരണയായി ലൈന്‍ കമ്പികള്‍ തമ്മില്‍ ഒരു പോസ്റ്റില്‍ നിന്ന് 35 മീറ്റര്‍ കഴിഞ്ഞാല്‍ അടുത്ത ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കേണ്ടതാണ്. ഇതിപ്പോള്‍ 50 മീറ്റര്‍ കഴിഞ്ഞിട്ടും പോസ്റ്റ് ഇല്ല. കമ്പികള്‍ അതുകൊണ്ട് താഴ്ന്ന് കിടക്കുകയാണ്. പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ കമ്പികള്‍ അങ്ങനെ താഴ്ന്ന് കിടക്കുകയുമില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ സ്‌കൂള്‍ കുട്ടികള്‍ പഠിക്കുന്ന ഒരു കോമ്പൗണ്ടിനകത്ത് കൂടി ലൈന്‍ കമ്പികള്‍ കടന്നുപോകരുതെന്നാണ്. ഈ നിര്‍ദേശങ്ങളെയെല്ലാം മറികടന്നാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂള്‍ അധികൃതര്‍ക്കൊപ്പം കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലൊരു വൈദ്യുതി ലൈനിന് താഴെ കെട്ടിടം പണിതത് അപകടമാണെന്ന് കാണിച്ച് കെഎസ്ഇബി, സ്‌കൂളിന് നോട്ടീസ് നല്‍കണമായിരുന്നു. പക്ഷേ അതും ഉണ്ടായില്ല” മൈനാഗപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിഎം സെയ്ദ് അഴിമുഖത്തോട് പറഞ്ഞു.

അതേസമയം, കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൈയ്യൊഴിഞ്ഞിരിക്കുകയാണ് തേവലക്കര കെഎസ്ഇബി അധികൃതര്‍. വൈദ്യുതി ലൈനിന് കീഴിലായി നിര്‍മാണം നടത്തുന്നുണ്ടെങ്കില്‍ കെഎസ്ഇബിയുടെ അനുമതി വാങ്ങണമെന്നാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അത്തരമൊരു അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് കെഎസ്ഇബിയുടെ നിലപാട്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മിഥുന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസും കേസെടുത്തു. സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നേരത്തെ ഉത്തരവിട്ടിരുന്നു.

സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി ഷീറ്റിനു മുകളില്‍ ബെഞ്ചിട്ട് കയറുകയായിരുന്നു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്ത തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലേക്ക് പോകുന്ന വൈദ്യുതി ലൈനിലേക്കായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് ഫീഡര്‍ ഓഫ് ചെയ്തു.

മനു-സുജ ദമ്പതികളുടെ മൂത്തമകനാണ് എട്ടാം ക്ലാസുകാരനായ മിഥുന്‍. ഈ വര്‍ഷമാണ് ഹൈസ്‌കൂള്‍ പഠനത്തിനായി മിഥുന്‍ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രവേശനം നേടിയത്. കൊല്ലം പാരിപ്പള്ളിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി. അമ്മ സുജ കുവൈറ്റില്‍ ഹോം നഴ്‌സായി ജോലിക്ക് പോയിട്ട് മൂന്ന് മാസമാകുന്നേയുള്ളൂ. കുട്ടിയുടെ അമ്മ വന്നശേഷം മാത്രമാകും സംസ്‌കാര നടപടികള്‍.  Thevalakkara student dies from electric shock, protest intensify over the incident

Content Summary: Thevalakkara student dies from electric shock, protest intensify over the incident

Leave a Reply

Your email address will not be published. Required fields are marked *

×