ആലുവയിലെ മൂഴിക്കുളം പാലത്തിന് സമീപം മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ നടുക്കം മാറാതെ തിരുവാണിയൂർ അങ്കണവാടി അധ്യാപിക സൗമ്യ. കഴിഞ്ഞ ഒന്നര വർഷമായി കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ ടീച്ചറാണ് സൗമ്യ. കഴിഞ്ഞ ദിവസം കുഞ്ഞ്
ഉറങ്ങിയപ്പോൾ പുതച്ചിരുന്ന പുതപ്പ് കൈയിൽ വെച്ചുകൊണ്ടാണ് കുഞ്ഞിനെയും അമ്മ സന്ധ്യയെയും കുറിച്ച് സൗമ്യ അഴിമുഖത്തോട് സംസാരിച്ചത്.
അധികം ആരോടും അടുത്തിടപഴകാത്ത സ്വഭാവമുള്ളയാളായിരുന്നു സന്ധ്യയെന്നും കുട്ടിയോട് അസ്വാഭാവിക പെരുമാറ്റമുള്ളതായി ശ്രദ്ധിച്ചിരുന്നില്ലെന്നും സൗമ്യ അഴിമുഖത്തോട് പ്രതികരിച്ചു.
‘2023 നവംബർ ഒന്നിലെ പ്രവേശനോത്സവം, അന്നാണ് കുട്ടി ആദ്യമായി ഈ അങ്കണവാടിയിലെത്തുന്നത്. ഒന്നര വർഷമായി ഞങ്ങളുടെയൊപ്പം കളിച്ചും രസിച്ചും വളർന്ന മിടുക്കി കുട്ടിയായിരുന്നു. ഇവിടെയുള്ള കുട്ടികളെല്ലാം തന്നെ അയൽപക്കത്തുള്ളവരാണ്. എല്ലാവർക്കും അവളോട് വളരെ സ്നേഹമായിരുന്നു.
മിക്ക ദിവസവും കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവരുന്നതും തിരികെ വിളിച്ചുകൊണ്ടുപോകുന്നതും സന്ധ്യ തന്നെയാണ്. കുറച്ച് ഉൾവലിഞ്ഞ പ്രകൃതമായിരുന്നു സന്ധ്യയുടേത്. കുട്ടിയെ പലപ്പോഴും അങ്കണവാടിയുടെ ഗേറ്റിന് മുന്നിൽ വരെ മാത്രം കൊണ്ടുവിടാറുണ്ടായിരുന്നു. അങ്ങനെയല്ല വേണ്ടത് ക്ലാസിനകത്ത് കൊണ്ടുവന്നിരുത്തണമെന്ന് ഞാൻ സന്ധ്യയോട് പറയുകയും ചെയ്തിരുന്നു. ഇത് മാത്രമല്ല തനിക്ക് വേറെയും പണികളുണ്ട് എന്ന രീതിയിലാണ് സന്ധ്യ കൂടുതലും പെരുമാറിയിട്ടുള്ളത്. അങ്കണവാടിയിൽ മീറ്റിംഗ് വിളിക്കുന്ന സമയങ്ങളിൽ തന്നെ വരാൻ സന്ധ്യ മടി കാണിക്കാറുണ്ട്. വീട്ടിൽ നിന്നും ദൂരക്കൂടുതൽ ഉള്ളത് കൊണ്ടാകാം ഒരുപക്ഷേ വരാൻ താൽപര്യം കാണിക്കാത്തത് എന്നാണ് ഞാൻ പലപ്പോഴും ഓർത്തിരുന്നത്.
കുഞ്ഞിന്റെ പുതപ്പുമായി സൗമ്യ
എന്നാൽ കുട്ടിയോട് എപ്പോഴും സ്നേഹമായിരുന്നു. രാവിലെ ചിരിച്ചുകൊണ്ട് കുഞ്ഞുമായെത്തുന്ന ഒരു സാധാരണ വീട്ടമ്മ. ഇന്നലെ മെമ്പർ വിളിച്ച് തിരക്കുമ്പോഴാണ് ഞാനും സംഭവം അറിയുന്നത്. വൈകിട്ട് 3.30ക്ക് തന്നെ സന്ധ്യ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി എന്ന് ഞാൻ മെമ്പറോട് പറഞ്ഞു. എന്നും തന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത് കൊണ്ട് ആഹ്ലാദത്തോടെ പോകുന്ന ഒരമ്മ ഇങ്ങനെ ചെയ്യുമെന്ന് ആരും ഓർക്കില്ലല്ലോ. കടയിൽ പോകുന്ന സമയങ്ങളിലൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. കുഞ്ഞ് എപ്പോഴും സന്ധ്യയുടെ കൈകളിൽ തന്നെയാണുള്ളത്. അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുമ്പോളും കുട്ടിക്ക് നിർബന്ധമായിരുന്നു അമ്മ തന്നെ കൈകളിലെടുക്കണമെന്ന്.
ഇവിടെ വരുമ്പോൾ ഒരിക്കലും അസ്വാഭാവികമായി തോന്നിയിട്ടില്ല. കുട്ടിയെ അങ്കണവാടിയിലാക്കി തിരികെ പോകാനുള്ള തിടുക്കം ഉണ്ടായിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. മറ്റ് രക്ഷകർത്താക്കളും സന്ധ്യയെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല.
വളരെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു. കളിക്കാനായാലും പഠിക്കാനായാലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം അവൾ ആക്ടീവായിരുന്നു. വാർത്ത കണ്ടപ്പോൾ എനിക്ക് വിഷമം സഹിക്കാൻ കഴിഞ്ഞില്ല. ഇവിടെ നിന്നും കൊണ്ടുപോയ അതേ വസ്ത്രത്തിലാണ് ദൃശ്യങ്ങളിൽ കുഞ്ഞിനെ കണ്ടത്. അമ്മ കുഞ്ഞിനെ പുഴയിൽ എറിഞ്ഞെങ്കിലും എങ്ങനെയെങ്കിലും അവൾ രക്ഷപ്പെടുമെന്ന വിശ്വാസമുണ്ടായിരുന്നു.
ഇന്ന് ഇപ്പോൾ അങ്കണവാടിയിൽ കുട്ടികളാരുമില്ല. എന്നാൽ നാളെ മുതൽ മറ്റ് കുട്ടികളെത്തും. എന്നാൽ അവരോടൊപ്പം ഇനി ആ കുഞ്ഞ് ഉണ്ടാകില്ല. ആ ഒരു അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. അവളില്ലല്ലോയെന്ന് ആദ്യം എനിക്ക് എന്നെ തന്നെ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട്. അവളുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു കുട്ടി കൂടി ഇവിടെ വരുന്നുണ്ട്. രാവിലെ ആയാൽ മുതൽ അവളോടൊപ്പം കളിക്കാനാണ് അവന് ഇഷ്ടമെന്നാണ് അവന്റെ അമ്മ പറയുന്നത്. ഇന്നലെ കുട്ടിയെക്കുറിച്ചുള്ള വാർത്ത കണ്ട് അവന്റെ അമ്മ കരഞ്ഞപ്പോൾ മുതൽ അവൻ അവളെ തിരക്കുകയാണ്. ആ കുഞ്ഞിനോടൊക്കെ എന്താണ് ഞങ്ങൾ പറയുക’, അങ്കണവാടി അധ്യാപിക സൗമ്യ അഴിമുഖത്തോട് പറഞ്ഞു.
നാട്ടുകാരും വീട്ടുകാരും പറയുന്നത് പോലെ സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന കാര്യം തനിക്കറിയില്ലെന്നും എന്നും കാണുന്ന ആ കുഞ്ഞിന്റെ മുഖം പെട്ടെന്ന് മാഞ്ഞുപോകില്ലെന്നും അങ്കണവാടി ഹെൽപ്പർ സിന്ധു അഴിമുഖത്തോട് പ്രതികരിച്ചു. ‘എല്ലാ കാര്യത്തിലും മുന്നിലുണ്ടായിരുന്ന കുട്ടി. അവളെക്കുറിച്ച് സ്നേഹത്തോടെയല്ലാതെ എനിക്ക് ഒന്നും തന്നെ പറയാനില്ല. എന്തിന് സന്ധ്യയിത് ചെയ്തു എന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. നാട്ടുകാർ പറയുമ്പോഴാണ് അവൾക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അറിയുന്നത്. അത് ശരിയോണോ തെറ്റാണോ എന്ന് എനിക്ക് അറിയില്ല’, സിന്ധു അഴിമുഖത്തോട് പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ ആ കുഞ്ഞില്ലാത്ത ക്ലാസ്മുറിയിലിരുന്ന് വേണം അവളുടെ സഹപാടികളെ പഠിപ്പിക്കേണ്ടതെന്നാണ് അവസാനമായി കണ്ണ് നിറഞ്ഞുകൊണ്ട് ടീച്ചർ സൗമ്യ പറഞ്ഞത്. ആലുവ മൂഴിക്കുളം പാലത്തിനടിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കുഞ്ഞിന്റെ
മൃതദേഹം കണ്ടെടുക്കുന്നത്. മറ്റക്കുഴി സ്വദേശിയായ സുഭാഷിന്റെ ഭാര്യയാണ് സന്ധ്യ. സന്ധ്യക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Content Summary: thiruvankulam 3 year old girl death case, Kalyani’s Anganwadi teacher responds
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.