ഗവർണർമാരുടെ അധികാരപരിധിയെക്കുറിച്ചുള്ള സുപ്രധാന വിധിയാണ് ഏപ്രിൽ 8ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണമാരുടെ നടപടിക്ക് തടയിട്ട് കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി കേന്ദ്ര സർക്കാരിന് നേരെയുള്ള തിരിച്ചടി കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
തികച്ചും നിമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഗവർണർക്ക് തക്കതായ നിർദേശം കൃത്യസമയത്ത് കൊടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഭരണഘടന വിദഗ്ധനും ലോക്സഭ മുൻ സെക്രട്ടറി ജനറലുമായ പി.ഡി.ടി ആചാരി അഴിമുഖത്തോട് പ്രതികരിച്ചു.
നിയമസഭ പാസാക്കുന്ന ബില്ലിന് അംഗീകാരം കൊടുക്കുക എന്നതാണ് ഗവർണറുടെ ചുമതല. ഗവർണർ അംഗീകാരം കൊടുത്തില്ലെങ്കിൽ അത് നിയമമാകില്ല. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിയമവിരുദ്ധമായ നടപടിയാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി കൈക്കൊണ്ടത് എന്നത് വ്യക്തമാണ്. അതേസമയം, രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, ഇലക്ഷൻ കമ്മീഷൻ തുടങ്ങി ഭരണഘടന കസേരകളിലിരിക്കുന്നവർക്ക് ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്നതിനാൽ നിയമപരമായ പ്രത്യാഘാതങ്ങളൊന്നും തന്നെ നേരിടേണ്ടി വരില്ല. അതിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണ്.
ഗവർണർ ഭരണഘടനാ മര്യാദകൾ പാലിക്കുന്നില്ല എന്ന കാര്യമാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും തെറ്റായ നിയമനടപടിയുമാണ്, സത്യപ്രതിജ്ഞാലംഘനം നടത്തരുത് സംസ്ഥാന സർക്കാരിൻറെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്, തുടങ്ങി സുപ്രധാന കാര്യങ്ങളാണ് കോടതി അറിയിച്ചിരിക്കുന്നത്. ഗവർണർക്ക് ഈ വിധി എത്രത്തോളം ക്ഷീണമാണോ അത് പോലെ തന്നെ കേന്ദ്ര സർക്കാരിനും ഇതൊരു തിരിച്ചടിയാണ്. തികച്ചും നിമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചിരിക്കുന്നത്. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. എന്നാൽ ഭരണഘടനക്ക് വിരുദ്ധമായി ഗവർണർ ചെയ്ത പ്രവൃത്തിയെയും ബില്ല് നിരസിച്ച രാഷ്ട്രപതിയുടെ തീരുമാനത്തെയും റദ്ദാക്കി കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. ഈ ബില്ലുകളെല്ലാം ഗവർണർ പാസാക്കിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഭരണഘടനയിലെ 142ാം അനുച്ഛേദം എന്ന് പറയുന്നത് സുപ്രീം കോടതിക്ക് ഏത് കേസിലും അന്തിമമായി തീരുമാനമെടുക്കാൻ അനുവാദം നൽകുന്നതാണ്.
ഇവിടെ ഗവർണർ നടത്തിയത് നീതി നിഷേധമാണ്. ഒരു അസംബ്ലിയിൽ പറയുന്നത് ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ എടുക്കുന്ന തീരുമാനങ്ങളാണ്. ജനങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നത് അസംബ്ലിയാണ്. അങ്ങനെയുള്ള അസംബ്ലിയിൽ പാസാക്കുന്ന ബില്ല് അംഗീകരിക്കാതിരിക്കുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ളതാണെന്നാണ് സുപ്രീംകോടതിയും ഇവിടെ അറിയിച്ചിരിക്കുന്നത്.
ഗവർണറെ നിയമിച്ചിരിക്കുന്ന കേന്ദ്ര സർക്കാരിനും ഇതൊരു മുന്നറിയിപ്പാണ്. കാരണം കേന്ദ്ര സർക്കാർ നിയമിക്കുന്നൊരാൾ ഭരണഘടനക്ക് എതിരായി പ്രവർത്തിക്കുന്നു എന്ന് പറയുമ്പോൾ അവിടെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് ആരാണ്? ഗവർണർക്ക് തക്കതായ നിർദേശം കൃത്യസമയത്ത് കൊടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അത് കൊടുക്കുന്നില്ലായെന്നാണ് സുപ്രീം കോടതി പറയാതെ പറഞ്ഞത്. അതുകൊണ്ട് കൂടിയാണ് രാഷ്ട്രപതി ചെയ്തിരിക്കുന്നതായ എല്ലാ നടപടികളും റദ്ദ് ചെയ്തിരിക്കുന്നത്. വളരെ വലിയൊരു തീരുമാനമാണ് സുപ്രീംകോടതി എടുത്തിരിക്കുന്നത്. ഭാവിയിലെ എല്ലാ സർക്കാരുകൾക്കും ഇത് ബാധകമായിരിക്കും. മൂന്ന് മാസത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർക്കാരിനോട് ചെയ്തിരുന്നതും സമാനമായ നടപടി തന്നെയാണ്. അങ്ങനെ വരുമ്പോൾ കേരളത്തിനും ആശ്വസിക്കാൻ കഴിയുന്ന ഒരു വിധിയായിട്ട് തന്നെയാണ് ഇതിനെ കണക്കാക്കേണ്ട്ത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർമാരുടെ അധികാരം വർദ്ധിപ്പിക്കാൻ കേന്ദ്രം നിയമം കൊണ്ടു വരുമോ എന്ന കാര്യം പാടെ തള്ളിക്കളയാൻ കഴിയുന്നതല്ല. പക്ഷേ അതിന് ഭരണഘടന ഭേദഗതി ആവശ്യമാണ്. അത് അത്ര എളുപ്പമുള്ളതല്ല. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കിക്കൊണ്ട് ഗവർണർമാരുടെ അധികാരം വർദ്ധിപ്പിക്കാനുള്ള നിയമം കൊണ്ടു വരാൻ കഴിയില്ല, പി.ഡി.ടി ആചാരി അഴിമുഖത്തോട് പറഞ്ഞു.
തമിഴ്നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാതെ തടഞ്ഞുവച്ച ഗവർണർ ആർ എൻ രവിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഏറെ പ്രസക്തമായ വിധി പുറപ്പെടുവിച്ചിരുന്നത്. ഗവർണറെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
Content Summary: ‘This verdict is a setback for those who appoint governors’, pdt achary response