February 19, 2025 |

തൃശൂര്‍ ലോറി അപകടം: വാഹനം ഓടിച്ചത് മദ്യലഹരിയില്‍, വേണ്ടത് കര്‍ശന പരിശോധന

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ കര്‍ശനമാക്കി എന്ന് പറയുമ്പോഴും രാത്രി കാലങ്ങളില്‍ പരിശോധനകള്‍ നടത്തുക വളരെ വിരളമാണ്. അതുകൊണ്ട് തന്നെ ആ സമയങ്ങളില്‍ ഇത്തരത്തിലുള്ള അപകടങ്ങളും വര്‍ധിക്കുന്നു.

തൃശൂര്‍ നാട്ടികയില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി എന്ന വാര്‍ത്ത കേട്ടാണ് കേരളം ഇന്ന് ഉണര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് നാട്ടിക ജെകെ തിയേറ്ററിനടുത്തായിരുന്നു അപകടം. ഒന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. പരുക്കേറ്റ 11 പേരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.thrissur lorry accident vehicle driven by unlicensed cleaner

കാളിയപ്പന്‍ (50), നാഗമ്മ(39), ബംഗാഴി(20) ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു ലോറി. സംഭവസമയം ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നുവെന്നും അപകടസമയം ലോറി ഓടിച്ചിരുന്നത് ലൈസന്‍സില്ലാത്ത ക്ലീനറായിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞത്. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ആലങ്കോട് സ്വദേശികളായ ഡ്രൈവര്‍ ചാമക്കാലച്ചിറ ജോസ്, ക്ലീനര്‍ അലക്‌സ് എന്നിവരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

accident

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയ പാതയിലായിരുന്നു അപകടത്തില്‍ പെട്ടവര്‍ കിടന്നിരുന്നത്. ഇവിടം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. എന്നാല്‍ ഇത് തകര്‍ത്താണ് ലോറി പാഞ്ഞുകയറിയത്. അപകടത്തില്‍പ്പെട്ടവര്‍ ഗോവിന്ദപുരം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരിവിടെ വന്നിട്ട് മൂന്നുമാസത്തോളമായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മനഃപൂര്‍വമായ നരഹത്യ

സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. അതേസമയം, നിര്‍ഭാഗ്യകരമായ അപകടമെന്നാണ് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാകും സഹായം നല്‍കുക. മരിച്ചവരെ വീടുകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പരുക്കേറ്റവരുടെ ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തടി കയറ്റിവന്ന ലോറിക്ക് ഏകദേശം മൂന്ന് ടണ്‍ ഭാരമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയില്‍ നിന്നും മദ്യം വാങ്ങി അവിടം മുതല്‍ ഇരുവരും മദ്യപിച്ചിരുന്നതായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വേണ്ടത് കര്‍ശന പരിശോധന

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ കര്‍ശനമാക്കി എന്ന് പറയുമ്പോഴും രാത്രി കാലങ്ങളില്‍ പരിശോധനകള്‍ നടത്തുക വളരെ വിരളമാണ്. അതുകൊണ്ട് തന്നെ ആ സമയങ്ങളില്‍ ഇത്തരത്തിലുള്ള അപകടങ്ങളും വര്‍ധിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കാന്‍ പോലീസിന് നിയമപ്രകാരം അധികാരമുണ്ട്. എന്നിട്ടും പോലീസ് രാത്രി പരിശോധനയ്ക്ക് തയ്യാറാകാറില്ല. പൊതുവെ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയേ പരിശോധനകള്‍ നടക്കാറുള്ളൂ. എന്നാല്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണിവരെ പരിശോധനകള്‍ക്കായി ജീവനക്കാര്‍ക്കിടയില്‍ ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവരികയാണ് വേണ്ടത്. രാത്രികാലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും കൃത്യമായ പരിശോധനകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയൂ.

രാത്രികാലങ്ങളില്‍ ലോഡുമായി പോകുന്ന പല വാഹനങ്ങളും അമിത ലോഡ് കയറ്റിക്കൊണ്ടുപോകുകയാണ് പതിവ്. ഡ്രൈവറുടെ ക്യാമ്പിന്‍ സീറ്റിന്റെ ഉയരത്തില്‍ മാത്രമേ ലോഡ് കയറ്റാവൂ എന്ന് നിയമമുണ്ടെങ്കിലും പല വാഹനങ്ങളും ക്യാമ്പിനേക്കാള്‍ ഉയരത്തിലാണ് ലോഡ് നിറയ്ക്കുന്നത്. സാമ്പത്തിക ലാഭമാണ് ഇതിനൊക്കെ പിന്നിലെ ലക്ഷ്യം. രണ്ട് ട്രിപ്പിന് പോകേണ്ട സാധനങ്ങള്‍ ഒറ്റ ട്രിപ്പില്‍ തീര്‍ക്കും. രാത്രി പരിശോധന കുറവായതിനാല്‍ തന്നെ ഇത്തരത്തില്‍ അമിത ലോഡുമായി വാഹനങ്ങള്‍ പോകുന്നതും ആരുടെയും ശ്രദ്ധയില്‍ പെടാറില്ല. കൂടാതെ മോട്ടോര്‍ വാഹന വകുപ്പും പോലീസും കാണാതിരിക്കാനായി ഇവര്‍ സ്പീഡ് കൂട്ടുമ്പോഴും വഴിയരികില്‍ കിടക്കുന്നവരെ കാണാന്‍ സാധിക്കണമെന്നില്ല.

overload truck

overload truck

മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ രാത്രി പത്ത് മണിക്ക് ശേഷമാണ് പൊതുവെ വലിയ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ഉറങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ 12 മണി മുതല്‍ വെളുപ്പിനെ മൂന്നുമണി വരെയെങ്കിലും നിര്‍ബന്ധമായും ഡ്രൈവര്‍മാര്‍ക്ക് ഉറങ്ങാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. ആ സമയത്ത് വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല എന്ന് കര്‍ശന വ്യവസ്ഥയുണ്ടാക്കണം. 10 മണിക്ക് ശേഷം ഓടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നതിലും കര്‍ശന പരിശോധനകള്‍ നടത്തേണ്ടതാണ്.

അന്തിയുറങ്ങാനിടം വേണം

അന്യസംസ്ഥാനങ്ങളില്‍ നിന്നും കുടുംബവുമായി വന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പലവിധ ജോലികള്‍ ചെയ്യുന്നവര്‍ നിരവധിയാണ്. ഇവരില്‍ ഭൂരിഭാഗം പേരും റോഡരികിലും മറ്റുമാണ് അന്തിയുറങ്ങുന്നത്. തെരുവില്‍ ഉറങ്ങുന്നവര്‍ക്കായി ഒന്നുകില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുകയോ മറ്റോ വേണം. കൈക്കുഞ്ഞുങ്ങളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും വരെ ഇത്തരത്തില്‍ തെരുവുകളില്‍ അന്തിയുറങ്ങുന്നുണ്ട്. തെരുവില്‍ ഉറങ്ങുന്ന കുട്ടികള്‍ക്ക് നേരെ പല തവണ അതിക്രമങ്ങളും നടന്നിട്ടുണ്ട്. അന്യദേശങ്ങളില്‍ നിന്നും വരുന്ന ഇവര്‍ക്കായി പ്രത്യേകം ഷെല്‍ട്ടര്‍ ഹോമുകളോ താല്കാലിക ഷെഡുകളോ ഒരുക്കി പുനരധിവസിപ്പിക്കുകയോ റോഡരികിലെ താമസം കര്‍ശനമായി നിരോധിക്കേണ്ടതോ ആണ്.thrissur lorry accident vehicle driven by unlicensed cleaner

Content Summary: thrissur lorry accident vehicle driven by unlicensed cleaner

×