April 20, 2025 |
Share on

ഫണ്ട് കിട്ടി; ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ച് ടിസ്

കരാര്‍ ജീവനക്കാരായിരുന്ന നൂറിലധികം അധ്യാപക-അനധ്യാപകരെയാണ് പുറത്താക്കിയത്

ജീവനക്കാരെ പിരിച്ചുവിട്ട നീക്കത്തില്‍ നിന്നും പിന്‍വലിഞ്ഞ് ടിസ്(ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്). അധ്യാപക-അനധ്യാപക തസ്തികയിലുള്ള നൂറിലധികം പേരെയാണ് ഒഴിവാക്കാന്‍ തീരുമാനമെടുത്തിരുന്നത്. ടാറ്റ എജ്യുക്കേഷന്‍ ട്രസ്റ്റ്(ടിഇടി)യുടെ കീഴിലുള്ള പദ്ധതിയുടെ ഭാഗമായി നിയമിതരായ താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടുകൊണ്ട് കത്ത് നല്‍കിയത്. ടിഇടിയില്‍ നിന്നും ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പള പ്രതിസന്ധി നേരിട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നാണ് ടിസ് അറിയിച്ചിരുന്നത്. എന്നാല്‍, ഫണ്ട് നല്‍കാന്‍ ടിഇടി തയ്യാറായ സാഹചര്യത്തില്‍ പിരിച്ചുവിടല്‍ തീരുമാനം പിന്‍വലിക്കുകയാണുണ്ടായത്.

ടിസ് രജിസ്ട്രാര്‍ ഞായറാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ടിഇടിയുടെ പ്രൊജക്ട്, പ്രോഗ്രാം ഘടകങ്ങളുടെ ഭാഗമായ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള ശമ്പളം നല്‍കാനുള്ള തുക അനുവദിക്കാന്‍ ടിഇടി തീരുമാനം എടുത്തതായി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടാറ്റ എജ്യുക്കേഷന്‍ ട്രസ്റ്റ് 4.79 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ടിസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ടിഇടി പ്രോഗ്രാമിന്റെ കീഴിലെ അധ്യാപക-അനധ്യാപകരായവര്‍ക്ക് ജൂണ്‍ 28 ന് നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസ് അടിയന്തരമായി പിന്‍വലിക്കുകയാണെന്നും, എല്ലാവരോടും അവരുടെ ജോലികളില്‍ തുടര്‍ന്നുകൊള്ളാനും ശമ്പളം എത്രയും വേഗം തന്നെ നല്‍കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ചയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന 55 അധ്യാപകര്‍ക്കും 60 ഓളം അനധ്യാപക തസ്തികക്കാരെയും പിരിച്ചു വിട്ടത്. ഇന്ത്യയിലെ നാല് കാമ്പസുകളില്‍ ജോലി നോക്കിയിരുന്നവരെയാണ് മുന്‍കൂര്‍ നോട്ടീസ് പോലുമില്ലാതെ പുറത്താക്കിയത്. പലതവണ ശ്രമിച്ചിട്ടും ടാറ്റ എജ്യുക്കേഷന്‍ ട്രസ്റ്റില്‍ നിന്നും ഗ്രാന്റ് കിട്ടാതെ വന്ന സാഹചര്യത്തില്‍ ശമ്പളം നല്‍കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നുവെന്നൊരു കത്ത് ജൂണ്‍ 28 ന് എല്ലാവര്‍ക്കും നല്‍കുക മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ചെയ്തത്. ടിഇടിയുടെ കീഴില്‍ വരുന്ന പ്രൊജക്ടുകളില്‍ നിയമതിരായവരായിരുന്നു മുന്നറിയിപ്പില്ലാത്ത തീരുമാനത്തിന്റെ ഇരകളായത്.

കഴിഞ്ഞ ആറുമാസമായി ഗ്രാന്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എജ്യുക്കേഷന്‍ ട്രസ്റ്റിനെ തങ്ങള്‍ സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞത്. ഗ്രാന്റ് കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളിലൊന്നിലും ട്രസ്റ്റ് ഇക്കാലമത്രയും തീരുമാനമൊന്നും എടുത്തിരുന്നില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. എജ്യുക്കേഷന്‍ ട്രസ്റ്റ് ഗ്രാന്റ് ലഭ്യമാകാത്ത പക്ഷം കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവരുടെയെല്ലാം കാലവാധി ജൂണ്‍ 30 ന് അവസാനിക്കുമെന്നും ജൂണ്‍ 28 ന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികളില്‍ വ്യാപൃതരായിരുന്ന അധ്യാപക-അനധ്യാപകരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്നുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ കരാര്‍ മേയില്‍ അവസാനിച്ചതാണ്. പ്രവേശന കാലയളവായതിനാല്‍ ഒരു മാസം കൂടി നീട്ടി തന്നതാണ്. അതിനിടയിലാണ് പെട്ടെന്നുള്ള പുറത്താക്കല്‍ തീരുമാനം. വലിയ ആഘാതം ഞങ്ങളില്‍ ഉണ്ടാക്കിയ തീരുമാനമായിരുന്നു അത്’ എന്നാണ് ഒരു ഫാക്കല്‍റ്റി അംഗം ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. ഇത്രയും പേരെ പറഞ്ഞു വിട്ടിട്ട് എങ്ങനെ അധ്യായനം നടത്താനായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം എന്നും പുറത്താക്കല്‍ നടപടി നേരിട്ട ജീവനക്കാര്‍ അവരുടെ ആശങ്ക പങ്കുവച്ചിരുന്നു. മറ്റൊരു മാര്‍ഗം പോലും ആലോചിക്കാന്‍ സമയം തരാതെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളെ പിരിച്ചു വിട്ടതെന്ന സങ്കടവും ജീവനക്കാര്‍ക്കുണ്ടായിരുന്നു.  Tiss withdraws termination temporary staffs after tata education trust has agreed to release funds

Content Summary; Tiss withdraws termination temporary staffs after tata education trust has agreed to release funds

Leave a Reply

Your email address will not be published. Required fields are marked *

×