July 16, 2026 |
Avatar
അമർനാഥ്‌
Share on

കെ സി ജോണ്‍; കേരള രാഷ്ട്രീയത്തിന്റെ ഒന്നാം സാക്ഷി

ടൈംസ് ഓഫ് ഇന്ത്യയുടെ കണ്ണുകളും കാതുകളുമായിരുന്നു കെസി ജോണ്‍

ഫ്രീപ്രസ്സ് ജേര്‍ണലിലെ വിഖ്യാത സ്ഥാപക എഡിറ്റര്‍ എസ്. സദാനന്ദ് പിരിച്ച് വിട്ട് തിരിച്ചെടുത്ത മലയാളി പത്രപ്രവര്‍ത്തകന്‍, ദി ടൈം ഓഫ് ഇന്ത്യയുടെ ഐക്യകേരളത്തിലെ ആദ്യത്തെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍, കേരളാ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ബൈലോ എഴുതിയ, പാര്‍ട്ടിയുടെ അനൗദ്യോഗിക സ്ഥാപകന്‍, അമേരിക്കന്‍ കോണ്‍ഗ്രസ് ഓഫ് ലൈബ്രറിയിലെ ഷെല്‍ഫില്‍ ഇടം പിടിച്ച പുസ്തകത്തിന്റെ രചയിതാവ്. ലണ്ടനിലെ ടൈംസ് പുനഃപ്രസിദ്ധീകരിച്ച, കേരളത്തിലെ ഭൂപരിഷ്‌ക്കരണ നിയമത്തെക്കുറിച്ച് ലേഖനമെഴുതിയ പത്രപ്രവര്‍ത്തകന്‍.

കെ.സി. ജോണ്‍ എന്ന പത്രപ്രവര്‍ത്തകനെ കുറിച്ച് പറയാന്‍, അങ്ങനെ ഏറെയുണ്ട്. ഇന്ന് കെ.സി. ജോണിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ്.

ഐക്യകേരളത്തിലെ ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ സ്റ്റാഫ് കറസ്‌പോണ്ടന്ററായ കെ.സി. ജോണ്‍ കേരളത്തില്‍ നിന്നുള്ള തന്റെ ആദ്യത്തെ വാര്‍ത്ത അയച്ചു. ‘ Hundreds of people frightened, were praying for divine security from the tremors.’ കോട്ടയം ഡേറ്റ് ലൈനില്‍, ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഈ വാര്‍ത്ത വന്നപ്പോള്‍ നൂറുകണക്കിന് ആളുകള്‍ പ്രാര്‍ഥിക്കുന്നത് എന്നു ജോണ്‍ എഴുതിയത് ബോംബെയിലെ വാര്‍ത്ത കൈകാര്യം ചെയ്ത എഡിറ്റര്‍ ദശലക്ഷങ്ങളാക്കി. അക്കാലത്തു കേരളത്തിലൊക്കെ ഭൂചലനമൊക്കെ അപൂര്‍വ സംഭവമായതിനാല്‍ സബ് എഡിറ്റര്‍ വാര്‍ത്ത ഒന്നു പൊലിപ്പിച്ചതാണ്. ജോണിന്റെ ആദ്യ വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടു. ബോംബെയില്‍ നിന്നു ചീഫ് ഡി.എഫ്. തോമസിന്റെ സന്ദേശവും പിന്നാലെ എത്തി. ‘Congratulations.’

ആദ്യവാര്‍ത്ത തന്നെ സ്വന്തം ജില്ലയായ കോട്ടയത്തു നിന്നായിരുന്നു. കോട്ടയത്തു തന്റെ മാതാപിതാക്കളെ കാണാനായി ബോംബെയില്‍ നിന്ന് വീട്ടില്‍ എത്തിയ ജോണ്‍ പാലായില്‍ ചെറിയ ഒരു ഭൂചലനം ഉണ്ടായി എന്നറിഞ്ഞു നേരെ ബസ് കയറി അങ്ങോട്ടു പോയി. അവിടെ എത്തിയപ്പോള്‍ പാലായിലെ പ്രമുഖനായ തോമസ് കൊട്ടുകാപ്പിള്ളി, കാര്യങ്ങള്‍ ജോണിനോടു വിശദീകരിച്ചു. ജനങ്ങള്‍ ഭയന്ന് കൂട്ടത്തോടെ ഭൂചലനത്തില്‍ നിന്നു രക്ഷ നേടാനായി പള്ളികളില്‍ ചെന്നു മുട്ടുകുത്തി ദൈവത്തിനോടു പ്രാര്‍ഥിക്കുകയാണ്. അതാണ് ജോണ്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ തന്റെ ആദ്യത്തെ എക്‌സ്‌ക്യൂസീവ് വാര്‍ത്തയാക്കിയത്.

KC John

കെ സി ജോണ്‍

എഴുപതു കൊല്ലം മുന്‍പ് പ്രകൃതി ദുരന്തങ്ങള്‍ അന്ന് കേരളത്തിന് അപൂര്‍വ്വമായ കാഴ്ചയായിരുന്നു. ഒരുപക്ഷേ, കേരളത്തിലെ ആദ്യത്തെ ഭൂചലന വാര്‍ത്തയാണ്. അന്ന് ജോണിന്റെ ഈ റിപ്പോട്ടിലൂടെ ദേശീയ തലത്തില്‍ പത്രത്തില്‍ വന്നത്. പിന്നീട് അതിലും ശ്രദ്ധിക്കപ്പെട്ട വാര്‍ത്തകള്‍ എഴുതാനായി ജോണ്‍ ഐക്യ കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്ന് തന്റെ പത്രപ്രവര്‍ത്തനമാരംഭിച്ചു.

കേരളപ്പിറവി തൊട്ട് മൂന്നു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിലെ നേരും നെറിയും ടൈംസ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി വാര്‍ത്തകളാക്കിയ കെ.സി. ജോണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ ജന്മശതാബ്ദി ഈ കഴിഞ്ഞ വര്‍ഷമായിരുന്നു..

1957 ല്‍ ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ ‘കേരളം ചുവന്നു’ എന്ന ലോകം മുഴുവന്‍ ഉറ്റുനോക്കിയ വാര്‍ത്ത എഴുതിയത് കെ.സി. ജോണായിരുന്നു. വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയില്‍ മുന്‍ പേജില്‍ വന്നു .’ Reds voted to power in Kerala State. ‘ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ ഒരു സംസ്ഥാനത്തില്‍ അധികാരത്തിലേറിയ 1957ലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും പ്രത്യേകിച്ചു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ കുറിച്ചും, പിന്നീടു നടന്ന വിമോചന സമരത്തെക്കുറിച്ചും തിരുവനന്തപുരത്തു നിന്നു കെ.സി. ജോണ്‍ എഴുതിയ, അക്കാലത്തെ വാര്‍ത്തകള്‍ സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താക്കുറിപ്പുകളായിരുന്നു.

കേരള രാഷ്ട്രീയത്തിലെ ഇടതുപക്ഷ മുന്നേറ്റത്തിന്റെ ചരിത്രം ഡല്‍ഹിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവരടക്കം ഇന്ത്യ മുഴുവന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ വായിച്ചത് ജോണിന്റെ വാര്‍ത്തകളിലൂടെയാണ്.

‘Congress lost Kerala either to Communists or Confusion’ എന്ന ശീര്‍ഷകത്തില്‍, അക്കാലത്തു വന്നതൊക്കെ കെ.സി. ജോണ്‍ എന്ന മലയാളി പത്രപ്രവര്‍ത്തകനെ ഇന്ത്യന്‍ പത്രരംഗത്ത് ശ്രദ്ധേയനാക്കിയ വാര്‍ത്താ വിശകലനങ്ങളായിരുന്നു.

കോട്ടയത്ത് മാര്‍ത്തോമ്മ സഭയിലെ റവറന്റ് ജോണിന്റെ മകന്‍ കെ.സി. ജോണ്‍ ഡിഗ്രിക്ക് പഠിച്ചത് ആലുവ യു.സി. കോളജില്‍. രണ്ടാം ലോകമഹായുദ്ധകാലം. പഠനം കഴിഞ്ഞു പട്ടാളത്തില്‍ ചേരാന്‍ ചെന്നപ്പോള്‍ ഹ്രസ്വകായനായ ജോണിനെ ഒന്നുനോക്കി ആര്‍മി റിക്രൂട്ടിങ് ഓഫീസര്‍ പറഞ്ഞു:’ You go and stay with your mother’. രക്ഷയില്ല. പിന്നെ, മദ്രാസ് തുറമുഖത്തു കുറച്ചുനാള്‍ ക്ലര്‍ക്ക് പണി. അതും ഉപേക്ഷിച്ച് ബോംബെയിലേക്ക്.

ബോംബെയില്‍ മൂത്ത സഹോദരന്‍ ജോസഫ് ജോണിന്റെ കൂടെയുള്ള സഹവാസവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ സ്വാധീനവുമാണ് കെ.സി. ജോണിനെ പത്രപ്രവര്‍ത്തകനാക്കിയത്.

ബഹുമുഖ പ്രതിഭയായിരുന്നു ജോസഫ് ജോണ്‍. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, സ്വാതന്ത്ര്യസമര സേനാനി എന്നിങ്ങനെ അറിയപ്പെട്ട, ബോംബെയിലെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ മലയാളിയായിരുന്നു അദ്ദേഹം.

1930 കള്‍ക്ക് ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ശക്തി പ്രാപിക്കുന്ന കാലത്ത് ബോംബയിലെത്തിയ ജോസഫ് ജോണ്‍ കുലപതി കെ.എം. മുന്‍ഷിയോടൊപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ക്ക് ശക്തികൂട്ടാന്‍ പ്രവര്‍ത്തിച്ച അപൂര്‍വം ബോംബെ മലയാളികളിലൊരാളായിരുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തെയും, വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കാന്‍ കുലപതി കെ.എം. മുന്‍ഷി 1938ല്‍ ബോംബെയില്‍ ആരംഭിച്ച സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനമാണ് ഭാരതീയ വിദ്യാഭവന്‍. ഭാരതീയ വിദ്യാഭവന്റെ ആദ്യത്തെ ഡയറക്ടറായിരുന്നു ജോസഫ് ജോണ്‍. ബോംബെയിലെ ഭാരതീയ വിദ്യാഭവന്റെ സ്ഥാപനമായ രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1961ല്‍, പത്രപ്രവര്‍ത്തനം ഒരു പഠനവിഷയമായി ആരംഭിച്ചത് ജോസഫ് ജോണാണ്. പിന്നീട് ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും പടര്‍ന്നുപന്തലിച്ച്, ഇന്നും തുടരുന്നു ആ ജേര്‍ണലിസം കോഴ്‌സ്.

ദേശീയ പ്രസ്ഥാനത്തിന് പിന്തുണ നല്‍കാന്‍ കെ.എം മുന്‍ഷി ആരംഭിച്ച ‘സോഷ്യല്‍ വെല്‍ഫെയര്‍’ എന്ന മാസികയുടെ ആദ്യത്തെ എഡിറ്ററായ ജോസഫ് ജോണ്‍ ‘ജോവ്’ എന്ന തന്റെ പങ്തിയിലൂടെ മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് ബോംബെയില്‍ ശക്തമായ പ്രചാരം നല്‍കി.

‘ജോസഫ് ജോണ്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായിരുന്നു ‘Friends of Trees.’ വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കാനായി രൂപംകൊണ്ട ആ സംഘടനയുടെ പ്രവര്‍ത്തനത്തിലൂടെ ബോംബെയിലെ നിരത്തുകളിലെ ചെടികളും വൃക്ഷങ്ങളും എന്നും സംരക്ഷിക്കപ്പെട്ടു.

ബോംബെയിലെ പ്രസിദ്ധമായ മലബാര്‍ ഹില്ലില്‍ കെട്ടിട സമുച്ചയം നിര്‍മിക്കാനായി മരങ്ങള്‍ മുറിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ Friends of Trees രംഗത്തു വന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ജോസഫ് ജോണ്‍ കത്തയച്ചു. മലബാര്‍ ഹില്ലില്‍ നേരിട്ടു വന്നു കണ്ട നെഹ്‌റു കെട്ടിട നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ജോണ്‍ എന്ന പ്രകൃതിസ്‌നേഹിയുടെ ഇടപെടല്‍ മൂലം മലബാര്‍ ഹില്ലിലെ മനോഹരമായ പ്രകൃതിഭംഗി അങ്ങനെ സംരക്ഷിക്കപ്പെട്ടു.

കേരളത്തിലെ സൈലന്റ് വാലിയെ കൈയേറ്റത്തില്‍ നിന്നും നാശത്തില്‍ നിന്നും രക്ഷിച്ചതാണ് രാജ്യത്തിന്റെ പരിസ്ഥിതി ശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ പ്രധാന സംഭാവന. ആ പ്രക്ഷോഭം നടക്കുമ്പോള്‍ ജോസഫ് ജോണ്‍ തന്റെ സംഘടനയായ Friends of Trees വഴി കോടതിയില്‍ നടത്തിയ നിയമ യുദ്ധത്തിലൂടെ നിര്‍ണായക വിധി നേടി. ആ വിധിയിലൂടെ സൈലന്റ് വാലിയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ ‘പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ 1979 ഓഗസ്റ്റില്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു.

ബോംബെയില്‍ ആദ്യമായി പുഷ്പ ഫലപ്രദര്‍ശനം നടത്തിയതും അദ്ദേഹം തന്നെ. പില്‍ക്കാലത്തു ബോംബെ നിവാസികളുടെ പ്രിയപ്പെട്ട പ്രദര്‍ശനമായി അതു മാറി. ജോസഫ് ജോണെന്ന പ്രതിഭയുടെ സംഭാവനകള്‍ ഇനിയും ആരും രേഖപ്പെടുത്താത്ത ചരിത്രമാണ്.

ജോസഫ് ജോണിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശം ലഭിച്ച ജോണ്‍ എം.എന്‍. റോയിയുടെ റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ടിയില്‍ ചേര്‍ന്ന്, അവരുടെ മുഖപത്രവുമായി ബന്ധപ്പെട്ടു. പക്ഷേ, പത്രത്തില്‍ എഴുത്തല്ല, പത്രവിതരണമായിരുന്നു ജോലിയെന്നു മാത്രം. ബോബെയിലെ ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്റ്റേഷനില്‍ റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായ ‘ഇന്‍ഡിപെന്റന്റ് ഇന്ത്യ’ ‘വണ്‍ അണ, വണ്‍ അണ ‘ എന്നു വിളിച്ചു വിറ്റുനടന്ന പത്രവില്‍പനക്കാരനായിട്ടാണ് 26കാരന്‍ കെ.സി. ജോണിന്റെ പത്രപ്രവര്‍ത്തനവുമായുള്ള ആദ്യ ബന്ധം. പിന്നീട് ഇതേ പത്രത്തില്‍ ലേഖനങ്ങളെഴുതാന്‍ തുടങ്ങി.

അക്കാലത്തു ബോംബെയില്‍ നിന്നു പുതിയൊരു. പത്രം തുടങ്ങി. ‘അഡ്വക്കേറ്റ് ഓഫ് ഇന്ത്യ. എഡിറ്റര്‍ ബി.ജി. ഹോര്‍ണിമാന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍. ‘Old Lady of Bori Bunder’ എന്നു ബ്രിട്ടീഷ് അനുകൂല പത്രമായ ടൈംസ് ഓഫ് ഇന്ത്യയെ വിശേഷിപ്പിച്ച എഡിറ്റര്‍.

ജോണ്‍, ഹോര്‍ണിമാനെ കണ്ടു. സംസാരം കഴിഞ്ഞപ്പോള്‍ ഹോര്‍ണിമാന്‍ പറഞ്ഞു. ‘ Young man you are smart. I will give you 75 rupees. ‘ ബി.ജി. ഹോര്‍ണിമാന്‍ എന്ന വിഖ്യാത എഡിറ്ററുടെ കീഴില്‍ കുരുവിള ചന്ത്രപ്പിള്ളി ജോണ്‍ എന്ന കെ.സി. ജോണിന്റെ പത്രപ്രവര്‍ത്തനം അങ്ങനെ ആരംഭിക്കുന്നു. ജോണെഴുതിയ ആദ്യത്തെ റിപ്പോര്‍ട്ട് പത്രത്തില്‍ വായിച്ചു ഹോര്‍ണിമാന്‍ ജോണിനോടു പറഞ്ഞു. ‘Your report is the best report in the city ‘ പക്ഷേ, ഒരാഴ്ച പിന്നിട്ടപ്പോള്‍ സാമ്പത്തിക പരിധീനത കാരണം ആ പത്രം പൂട്ടി.

തുടര്‍ന്ന് ബോംബെയിലെ ഏക ദേശീയ ദിനപത്രമായ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ജോണ്‍ ചേരുന്നു. ഗാന്ധിജിയെയും ദേശീയ നേതൃത്വത്തെയും ബ്രിട്ടീഷുകാരെയും ഒരേപോലെ പത്രത്തിലൂടെ വിമര്‍ശിച്ച അസാമാന്യ ധൈര്യശാലിയായ സ്വാമിനാഥ് സദാനന്ദായിരുന്നു ഫ്രീ ജേര്‍ണലിന്റെ എഡിറ്റര്‍.

ഒരു ബക്രീദ് നാളില്‍ അവധിയായതിനാല്‍ പ്രധാന വാര്‍ത്തകളൊന്നും ഇല്ലാത്തതിനാല്‍ ബ്യൂറോയുടെ പകല്‍ ഡ്യൂട്ടി ജോണിനായിരുന്നു. ഈദ് പെരുന്നാളിന്റെ ആഘോഷവാര്‍ത്ത എഴുതാന്‍ ജോണ്‍ ഒരു റിപ്പോര്‍ട്ടറെ ഏല്‍പ്പിച്ചിരുന്നു. അയാള്‍ പ്രാര്‍ഥന നടക്കുന്ന ആസാദ് മൈതാനത്തു പോകാതെ, പത്രമോഫീസിലിരുന്ന് ഈദ് നമസ്‌കാരത്തിന്റെ വാര്‍ത്ത എഴുതി ജോണിനെ ഏല്‍പ്പിച്ചു. ഫ്രീ പ്രസ്സ് ന്റെ സായാഹ്നപത്രമായ ഫ്രീ പ്രസ്സ് ബുള്ളറ്റിനിലേക്ക് നല്‍കാനായി ആ വാര്‍ത്ത ബുള്ളറ്റിനിന്റെ എഡിറ്ററായ എ.വി. കാമത്തിന്റെ ആവശ്യപ്രകാരം ജോണ്‍ ഒന്നുകൂടി മിനുക്കിയെഴുതി. ആസാദ് മൈതാനത്ത് നടന്ന, കഴിഞ്ഞ വര്‍ഷത്തെ പ്രാര്‍ഥനയുടെ പടവും വച്ചു വാര്‍ത്ത പ്രസ്സിലേക്കു പോയി.

കുറെനേരം കഴിഞ്ഞപ്പോള്‍ ഒരു പൊലീസ് ഓഫീസര്‍ ഫ്രീ പ്രസിന്റെ ഓഫീസിലെത്തി എഡിറ്ററെ കാണണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ അസ്വസ്ഥനായിരുന്നു. ജോണ്‍ കാര്യം തിരക്കി. അയാള്‍ പറഞ്ഞു: ‘ഫ്രീ പ്രസ്സ് ബുള്ളറ്റിനിലെ വാര്‍ത്ത തെറ്റാണ്. മാസപ്പിറ കണ്ടിട്ടില്ല, അതുകൊണ്ട് ഈദ് പെരുന്നാള്‍ മുസ്ലിംകള്‍ ആഘോഷിച്ചിട്ടില്ല. ആസാദ് മൈതാനത്ത് നമസ്‌കാരം നടന്നു എന്ന വാര്‍ത്ത തെറ്റാണ്. തിരുത്ത് ഉടനെ കൊടുക്കണം. ഒരുകൂട്ടം മുസ്ലിംകള്‍ ക്രുദ്ധരായി ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ വളഞ്ഞിരിക്കുകയാണ്. അപകടം തിരിച്ചറിഞ്ഞ ജോണ്‍ പൊലീസ് ഓഫീസറെ പത്രത്തില്‍ തിരുത്തു കൊടുക്കാമെന്നു വാഗ്ദാനം നല്‍കി ശാന്തനാക്കി പറഞ്ഞയച്ചു.

ഹിന്ദു – മുസ്ലിം സംഘര്‍ഷം നിലനില്‍ക്കുന്ന സമയം. ഒരു കലാപം വരെ പൊട്ടിപ്പുറപ്പെടാവുന്ന വാര്‍ത്തയാണ് താന്‍ മൂലം പത്രത്തില്‍ വന്നത്. നേരില്‍ കാണാതെ സംഭവം വാര്‍ത്തയായി എഴുതുക, പത്രമോഫീസില്‍ പൊറുക്കാനാവാത്ത തെറ്റാണത്. ന്യൂസ് എഡിറ്ററായ മലയാളിയായ ഹരിഹരന്‍ വൈകിട്ട് വന്നപ്പോള്‍ ജോണ്‍ കാര്യങ്ങളെല്ലാം ധരിപ്പിച്ചു. ഹരിഹരന്‍ ജോണിനെ സമാധാനിപ്പിച്ചു. ബുള്ളറ്റിനിലെ വാര്‍ത്ത തെറ്റാണെന്ന് പരാമര്‍ശിക്കാതെ പകരം പിറ്റേ ദിവസത്തെ ഫ്രീ പ്രസില്‍ അകത്തെ പേജില്‍ ‘ഈദ് ഇന്ന് ആഘോഷിക്കും’ എന്നു ചെറിയ ഒരു വാര്‍ത്ത കൊടുത്തു.

ജോലി തെറിക്കുമെന്നുറപ്പാക്കിയ ജോണ്‍ പിറ്റേന്നാള്‍ എഡിറ്റര്‍ സന്ദാനന്ദിനെ കാണുന്നു. ജോണിനെ മുന്നിലിരുത്തി സന്ദാനന്ദ് പത്രപ്രവര്‍ത്തനത്തെക്കുറിച്ചു ചെറിയൊരു വിശദീകരണം നല്‍കിയ ശേഷം പറഞ്ഞു: ‘ഈദ് പ്രാര്‍ഥന നടക്കുന്ന ആസാദ് മൈതാനത്തിനടുത്താണു ടൈംസ് ഓഫ് ഇന്ത്യ. അവിടെ ഒരു ലഹള നടന്നിരുന്നെങ്കില്‍ ആ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയില്‍ വരും. ഫ്രീ പ്രസ്സ് ലേഖകന്‍ അവിടെ ഇല്ലാത്തതിനാല്‍ നമ്മുടെ പത്രത്തില്‍ ആ വാര്‍ത്ത വരില്ല. You didn’t deserve the meeting . But you wrote the report. So you are sacked. പിന്നെ അദ്ദേഹം കുട്ടിച്ചേര്‍ത്തു and you are reinstated. പിരിച്ചവിടലും തിരിച്ചെടുക്കലും നിമിഷങ്ങള്‍ കൊണ്ടു കഴിഞ്ഞു. എഡിറ്റര്‍ – ഉടമ എസ്. സന്ദാനന്ദിന്റെ ശൈലി അങ്ങനെയായിരുന്നു.

അന്ന് ജോണ്‍ പത്രപ്രവര്‍ത്തനത്തിലെ ഒരു പാഠം പഠിച്ചു. സംഭവം നേരില്‍ കാണാതെ, മതിയായ തെളിവില്ലാതെ, കേട്ടുകേള്‍വികളെ ആശ്രയിച്ചു വാര്‍ത്തയെഴുതരുത്. ഈ സംഭവം, ജോണ്‍ ഒരിക്കലും മറന്നില്ല. എഡിറ്റര്‍ സദാനന്ദും മറന്നില്ല. കാരണം ഫ്രീ പ്രസ്സില്‍ വാര്‍ഷിക ശമ്പള വര്‍ധനവിന്റെ സമയമാകുമ്പോള്‍ സദാനന്ദ് പറയും ‘No Salary rise for Bakrid man.’

KC John times of india report

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കുറിച്ച് ജോണിൻ്റ റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയിൽ

ഏറെ താമസിയാതെ ജോണ്‍ ഫ്രീ പ്രസ്സ് വിട്ട് പുതിയതായി തുടങ്ങിയ ‘ഭാരത്’ പത്രത്തിലേക്ക് പോയി 125ല്‍ നിന്ന് 300 രൂപ ശമ്പളം അവര്‍ വാഗ്ദാനം ചെയ്തതായിരുന്നു കൂടുമാറ്റത്തിന് കാരണം. സര്‍ദാര്‍ പട്ടേലിന്റെ മകനായ ദയാഭായ് പട്ടേലായിരുന്നു പത്രമുടമ. നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ അതും പൂട്ടി. വീണ്ടും ഫ്രീ പ്രസ്സില്‍ ചെന്നു സന്ദാനന്ദിനെ കാണുന്നു. സദാനന്ദ് പറഞ്ഞു: ‘ The doors of Free Press Journal are always open to you. Please go and report’ . വീണ്ടും 125 രൂപ വേതനത്തില്‍ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ വീണ്ടും റിപ്പോര്‍ട്ടര്‍.

ഇന്ത്യന്‍ പത്രരംഗത്ത് വന്‍ മാറ്റങ്ങളുടെ കാലം. ഫ്രാങ്ക് മൊറൈയ്‌സ് ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യന്‍ എഡിറ്ററായി. കെ.സി. ജോണിന്റെ അഭിപ്രായത്തില്‍ ‘ One of the best editors I have ever met’ ടൈംസ് ഓഫ് ഇന്ത്യയില്‍ മൊറൈയ്‌സിന്റെ ആശയങ്ങളിലൊന്നായ ടൈംസ് ന്യൂസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ അതിന്റെ ചീഫായ ഡി.എഫ്. തോമസ് ജോണിനെ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് വിളിച്ചു. അങ്ങനെ ടൈംസ് ഓഫ് ഇന്ത്യയുടെ തിരു-കൊച്ചി കറസ്‌പോണ്ടന്റായി ‘ജോണ്‍ കേരളത്തിലേക്ക് എത്തി.

1953 ഏപ്രിലില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി കെ.സി. ജോണ്‍ തിരുവനന്തപുരത്ത് എത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ കണ്ണുകളും കാതുകളുമായി 29കാരന്‍ കെ.സി. ജോണ്‍ തലസ്ഥാനത്ത് നിന്നു കേരളത്തിലെ വാര്‍ത്തകള്‍ അയയ്ക്കാന്‍ ആരംഭിച്ചു. 50കളിലെ കേരള തലസ്ഥാനം ശാന്തമായിരുന്നു. സെക്രട്ടറിയേറ്റിന് അധികാരവും, അവിടെ ജോലിക്കാരും കുറവായിരുന്നു. പക്ഷേ, കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കള്‍ ഏറെയുണ്ടായിരുന്നു.

പട്ടം താണുപിള്ള, സി.കേശവന്‍, ടി.എം. വര്‍ഗീസ്, പനമ്പിള്ളി ഗോവിന്ദമേനോന്‍, ആര്‍. ശങ്കര്‍, പി.ടി. ചാക്കോ, എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി.തോമസ്, സി.കെ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കാലം. കെ.സി. ജോണ്‍ കേരളത്തില്‍ നിന്ന് അപ്പോള്‍ വാര്‍ത്തകളെഴുതാന്‍ തുടങ്ങുന്നു.

കാര്യശേഷിയും ഉള്‍ക്കാഴ്ചയും ഭാഷാനൈപുണ്യവും വിപുലമായ രാഷ്ട്രീയ ബന്ധങ്ങളുമുള്ള ഒരുകൂട്ടം പത്രലേഖകരായിരുന്നു അന്നു തിരുവനന്തപുരത്ത്. ജോണ്‍ അവരില്‍ നിന്നു വ്യത്യസ്തനായി നിന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പത്രമായിരുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തകളുടെ ആധികാരികത എല്ലാവരും അംഗീകരിച്ചിരുന്നു. കേരളത്തിലെ വാര്‍ത്തകള്‍ ദേശീയ തലത്തില്‍ വായനക്കാര്‍ അറിഞ്ഞിരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലൂടെയായിരുന്നു. എല്ലാക്കാലത്തും പൊഫഷണല്‍ സമീപനമുള്ള ആ പത്രത്തിലെ വാര്‍ത്തകള്‍ ഡല്‍ഹി ഭരണകൂടം ഒരിക്കലും അവഗണിച്ചിരുന്നില്ല.

അന്നത്തെ, ദേശാഭിമാനി ലേഖകനായ പവനന്‍ എഴുതി: ‘അന്നു തിരുവനന്തപുരത്തുണ്ടായിരുന്ന ലേഖകരില്‍ തികച്ചും ‘പ്രൊഫഷണല്‍’ എന്നു വിശേഷിപ്പിക്കാവുന്ന ഒരാളുണ്ടെങ്കില്‍ അതു ടൈംസ് ഓഫ് ഇന്ത്യയുടെ കെ.സി. ജോണാണ്. ഹോര്‍ണിമാന്‍ന്റെയും സദാനന്ദിന്റെയും കൂടെ പ്രവര്‍ത്തിച്ച ബോംബെയിലെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ ജോണിനെ പ്രൊഫഷണലാക്കി.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനിയായ നേതാവായിരുന്നു ആദ്യം കോണ്‍ഗ്രസുകാരനും പിന്നീട് പി.എസ്.പിക്കാരനുമായ പട്ടം താണുപിള്ള. തിരു-കൊച്ചിയില്‍ പ്രധാനമന്ത്രിയും ഐക്യ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ പട്ടവുമായി ജോണിനു നല്ല ബന്ധമായിരുന്നു. ജോണ്‍ ഏറ്റവും അധികം ആദരിച്ച നേതാവുമായിരുന്നു.

Arthur Koesler

ആർതർ കൊയ്സ്ലർ

1962ല്‍ പട്ടം മുഖ്യമന്ത്രിയായ പി.എസ്.പി. മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കെതിരെ നിയമസഭയില്‍ ചാലക്കുടി എം.എല്‍.എയായ സി.ജി. ജനാര്‍ദനന്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു. പി.ടി. ചാക്കോയുടെ നേതൃത്വത്തില്‍ പട്ടത്തിനെ താഴെയിറക്കാനായി പദ്ധതിയൊരുങ്ങുന്ന സമയത്താണ് മന്ത്രിസഭയെ വെട്ടിലാക്കിയ ഈ ആരോപണങ്ങള്‍ വന്നത്. ജോണ്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നത് ‘PSP Ministry is corrupt ‘ എന്നായിരുന്നു. വാര്‍ത്ത കണ്ടയുടന്‍ പട്ടം രോഷാകുലനായി ജോണിനെ ഫോണില്‍ വിളിച്ചു. ‘ഞാന്‍ അഴിമതിക്കാരനാണ് എന്നാണല്ലേ നിങ്ങള്‍ എഴുതിയത്.’ The devil takes you, You are Kulathinkal Pothen ‘s man’ (പട്ടത്തെ താഴെയിറക്കാനുള്ള ഗൂഢാലോചനക്കാരുടെ സാമ്പത്തിക സ്രോതസ്സായിരുന്നു കുളത്തിങ്കല്‍ പോത്തന്‍.) താന്‍ എഴുതിയല്ല, പത്രത്തില്‍ അച്ചടിച്ചു വന്നതെന്നു ജോണ്‍ വിശദീകരിക്കാന്‍ നിന്നില്ല. അതോടെ ആ ഉറച്ച ബന്ധം അവസാനിച്ചു.

ഏറെക്കഴിയും മുന്‍പു കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം പട്ടത്തെ പഞ്ചാബ് ഗവര്‍ണറാക്കി നാടുകടത്തി. കേന്ദ്രമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി, കേരള ഗവര്‍ണര്‍ വി.വി. ഗിരി, പി.ടി. ചാക്കോ കുട്ടുകെട്ടായിരുന്നു ഇതിനു പിന്നില്‍. വി.വി. ഗിരി ജോണിനെ വിളിച്ചു രഹസ്യമായി വിവരം കൈമാറി.’Pattam is kicked upstairs.’ ഒന്നാന്തരം സ്‌കൂപ്പായ അതു ജോണിന് വാര്‍ത്തയാക്കാന്‍ കഴിഞ്ഞില്ല. ടൈംസ് ഓഫ് ഇന്ത്യയില്‍ അപ്പോള്‍ സമരം നടക്കുകയായിരുന്നു. (പട്ടത്തിന്റെ അന്നത്തെ ശാപവാക്കുകള്‍ ഫലിച്ചോ?) ജോണ്‍ ആ വാര്‍ത്ത തന്റെ ഉറ്റസുഹൃത്തായ ദീപിക ലേഖകന്‍ കെ.സി.’ സെബാസ്റ്റ്യന് കൈമാറി.

ഡല്‍ഹി ഡേറ്റ് ലൈനില്‍ കെ.സി. സെബാസ്റ്റ്യന്റെ സ്‌കൂപ്പ് ദീപികയില്‍ വന്‍ തലക്കെട്ടോടെ വന്നു. ‘പട്ടത്തെ പഞ്ചാബ് ഗവര്‍ണറാക്കും’. കേരള രാഷ്ട്രീയത്തില്‍ എന്നും പട്ടത്തിന്റെ പ്രതിയോഗിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ മുന്‍പു കൊച്ചിയില്‍ പ്രസംഗിച്ചത് ഒടുവില്‍ യാഥാര്‍ഥ്യമായി. ‘പട്ടം താണുപിള്ളയുടെ കേരളത്തിലെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.’

1953ല്‍ ജോണ്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ഒരു വാര്‍ത്ത. ഒരു ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറി വലിയ പ്രതികരണമുണ്ടാക്കി. മാധവന്‍ എന്നൊരാളെ കൊലപാതക കുറ്റത്തിന് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഇതായിരുന്നു ആ വാര്‍ത്ത. പ്രതിയായ മാധവന്‍ കോട്ടയത്ത് ജോണിന്റെ ചെറുപ്രായത്തിലെ കളിക്കൂട്ടുകാരനായിരുന്നു.

KC John caricature

കെ.സി. ജോൺ അബുവിൻ്റെ കാരിക്കേച്ചർ

ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ വധശിക്ഷ ഇല്ലായിരുന്നു. അത് നിറുത്തലാക്കിയതാകട്ടെ, ദിവാന്‍ സി.പി. രാമസ്വാമി അയ്യരും. അത് ഓരോ നാട്ടുരാജ്യങ്ങള്‍ക്കും പ്രത്യേക പീനല്‍ കോഡുകള്‍ നിലനിന്നിരുന്നതുകൊണ്ടായിരുന്നു വധശിക്ഷ ഇല്ലാതാക്കാന്‍ സി പിക്ക് സാധിച്ചത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍, ഭരണഘടന നിലവില്‍ വന്നപ്പോള്‍ വധശിക്ഷ തിരികെ വന്നു.

തന്റെ ചെറുപ്രായത്തിലെ കൂട്ടുകാരന്റെ വിധി, വ്യക്തിപരമായി ജോണിനെ വേദനിപ്പിച്ചു. വധശിക്ഷയുടെ തീയതി വച്ചു ജോണ്‍ എഴുതിയ വാര്‍ത്തയില്‍ തിരുവിതാംകൂറില്‍ വധശിക്ഷ നിര്‍ത്തലാക്കിയതിനാല്‍ യോഗ്യതയുള്ള ആരാച്ചാര്‍ കേരളത്തില്‍ ഇല്ലെന്ന ഒരു പരാമര്‍ശം ഉണ്ടായിരുന്നു. വാര്‍ത്തയ്ക്ക് ഉടനെ പ്രതികരണം ഉണ്ടായി. ഒരാള്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് താന്‍ ആരാച്ചാരാവാന്‍ തയാറാണെന്ന് അറിയിച്ചു. പക്ഷേ, ജയില്‍ അധികൃതര്‍ ഇതിനകം ഒരാളെ ആരാച്ചാരായി കണ്ടെത്തിയിരുന്നു.

ജോണ്‍ അന്നത്തെ ജയില്‍ ഐ.ജിയായ കര്‍ത്തായെ ബന്ധപ്പെട്ട് മാധവനെ ജയിലിലെ സെല്ലില്‍ ചെന്ന് അവസാനമായി കണ്ടു. ഒന്നും സംസാരിക്കാനാവാതെ ദുഃഖത്തോടെ ജോണ്‍ മടങ്ങി. ആ ചരിത്ര സംഭവം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോണ്‍ എഴുതി. ‘രാജഭരണമായിരുന്നെങ്കില്‍ കുറച്ചുകൊല്ലം ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങേണ്ട ഒരു യുവാവ് ജനാധിപത്യ ഭരണം വന്നതോടെ സ്വാതന്ത്ര്യവും, ജീവനും നഷ്ടപ്പെട്ട ഒരാളായി അവസാനിച്ചു. എന്തൊരു വിധിയാണയാളുടേത്?’ ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍ വന്നശേഷം തൂക്കിലേറ്റപ്പെട്ട കേരളത്തിലെ ആദ്യത്തെയാളായിരുന്നു മാധവന്‍.

Book of kc john

കെ.സി. ജോണിൻ്റെ പുസ്തകം

പി.ടി. ചാക്കോയെന്ന കരുത്തനായ നേതാവിന്റെ രാഷ്ട്രീയജീവിതം തന്നെ തകര്‍ത്ത ‘കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ തേന്‍കെണിയായ ‘പീച്ചി സംഭവം’ അക്കാലത്തെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. വ്യക്തിപരമായി പി.ടി. ചാക്കോയോട് വളരെ അടുപ്പമുണ്ടായിരുന്ന രണ്ട് പത്രപ്രവര്‍ത്തകരായിരുന്നു. കെ.സി. ജോണും ദീപികയിലെ കെ.സി. സെബാസ്റ്റ്യനും. അവരും ചാക്കോയോടൊപ്പം പീച്ചിയില്‍ പോകാനിരുന്നതാണ്. അവസാന നിമിഷം സെബാസ്റ്റ്യന് പനി വന്നതിനാല്‍ ഇരുവരും ചാക്കോയുടെ കൂടെ പീച്ചിയിലേക്ക് പോയില്ല. ‘ഞങ്ങള്‍ അന്നു കൂടെ ഉണ്ടായിരുന്നെങ്കില്‍ ആ നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടാകുമായിരുന്നില്ല,’ ജോണ്‍ ഒരിക്കല്‍ പറഞ്ഞു. അപവാദത്തില്‍ കുടുക്കി കോണ്‍ഗ്രസുകാര്‍ ചാക്കോയെ ബലിയാടാക്കുകയായിരുന്നു.’ കേരളം കണ്ട ഏറ്റവും മികച്ച ആഭ്യന്തര മന്ത്രിയായിരുന്നു പി.ടി. ചാക്കോ. അസത്യമായ അപവാദത്തിലൂടെ ചാക്കോയെ ഞങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്ന് എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നോട് നേരിട്ടു പറഞ്ഞിട്ടുണ്ട്.

പി.ടി. ചാക്കോയുടെ മരണശേഷം കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോന്ന ചാക്കോ അനുകൂലികള്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റായ കെ.എം. ജോര്‍ജിന്റെ ആവശ്യപ്രകാരം ജോണ്‍ എഴുതിക്കൊടുത്തതാണ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം. കേരള കോണ്‍ഗ്രസിന്റെ അനൗദ്യോഗിക സ്ഥാപകന്മാരിലൊരാള്‍ ജോണായിരുന്നു.

1957 ല്‍ ഐക്യകേരളത്തില്‍ അധികാരമേറ്റ ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരംഭിച്ച വിമോചന സമരത്തിന് അനുകൂലമായി ജോണ്‍ വാര്‍ത്തകള്‍ എഴുതുന്നെന്ന് ആക്ഷേപമുയര്‍ന്നു. പി.ടി. ചാക്കോയ്ക്കു പിന്തുണ നല്‍കി എഴുതിയ. വാര്‍ത്തകള്‍ക്കെതിരെ ബോബെയില്‍ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് പരാതിയെത്തി. ചീഫായ ഡി.എഫ്. തോമസിന്റെ വിളി വന്നു. ‘we have complaints, You are exaggerating’ ജോണ്‍ മറുപടി പറഞ്ഞു. ഞാന്‍ രാജിക്കത്ത് അയയ്ക്കാം, വാര്‍ത്ത ശരിയാണെങ്കില്‍ സ്വീകരിക്കുക. ഒന്നുമുണ്ടായില്ല, പിന്നീട് 25 വര്‍ഷക്കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ തുടര്‍ന്നു. പ്രത്യേക ലേഖകന്‍ വരെയായി.

അമേരിക്കയിലെ ടൈം മാഗസിന്‍ കേരളത്തില്‍ നിന്നു തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ജോണിനോടാവശ്യപ്പെട്ടത് അദ്ദേഹത്തിന് കിട്ടിയ അംഗീകാരമായിരുന്നു. പിന്നീട് കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം പരിഷ്‌കരിച്ചു നടപ്പാക്കിയപ്പോള്‍ അതേക്കുറിച്ച് ജോണ്‍ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനം അതേപടി ലണ്ടനിലെ ടൈംസ് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചു.

Joseph john

ജോസഫ് ജോൺ

താന്‍ കണ്ട കേരള രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് 1953 മുതല്‍ 1974 വരെയുള്ള കേരള രാഷ്ട്രീയത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളുടെ ഒരു ചരിത്രം ‘The Melting Pot’ എന്ന ശീര്‍ഷകത്തില്‍ പുസ്തകമാക്കി പുറത്തിറക്കി. പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ട ആ പുസ്തകത്തില്‍ 158 പേജുകളിലായി, താന്‍ കണ്ട കേരള രാഷ്ടീയത്തിലെ ചൂടോടെ തിളച്ചു മറിഞ്ഞ പല രാഷ്ട്രീയ നീക്കങ്ങളും ജോണ്‍ എഴുതി. ഈ പുസ്തകത്തിന്റെ കവര്‍ വരച്ചത് ജോണിന്റെ യു. സി. കോളജിലെ സഹപാഠിയും, കാര്‍ട്ടൂണിസ്റ്റും, ചിത്രകാരനുമായ, സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു.

മെല്‍റ്റിങ് പോട്ടില്‍ ഞങ്ങളുടെ നേതാവിന് ഭ്രാന്താണെന്ന് റാം മനോഹര്‍ ലോഹ്യയെ വിശേഷിപ്പിച്ച പട്ടം താണുപിള്ളയുണ്ട്. തമിഴ്‌നാട് കോണ്‍ഗ്രസിലെ കിങ് മേക്കര്‍ നേശമണിയുണ്ട്, കമ്യൂണിസ്റ്റ് വിരുദ്ധനായ ഹംഗേറിയന്‍ നോവലിസ്റ്റ് ആര്‍തര്‍ കൊയ്സ്ലര്‍ കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ ഭരണം കാണാന്‍ തിരുവനന്തപുരത്ത് മസ്‌ക്റ്റ് ഹോട്ടലില്‍ എത്തി, അതൃപ്തനായി സ്ഥലംവിട്ട കഥയുണ്ട്.

സാമ്രാജ്യത്വ അമേരിക്കന്‍ ലൈഫ് മാഗസിന്റെ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വിസ്സമ്മതിച്ച മന്ത്രി ടി.വി.തോമസുണ്ട്. രണ്ട് എം.എല്‍.എ മാരെ പണം കൊടുത്ത് വശത്താക്കി. ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കുളത്തിങ്കല്‍ പോത്തനുണ്ട്. വിമോചന സമരചരിത്രമുണ്ട്. കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമുണ്ട്. വലതും ഇടതും, സോഷ്യലിസ്റ്റുകളും, മുസ്ലിം ലീഗുമുണ്ട്. ആ കാലത്തെക്കുറിച്ച് കൃത്യമായ നിരീക്ഷണമുള്ള, ഇതിനോട് കിടനില്‍ക്കുന്ന അധികം പുസ്തകങ്ങളൊന്നും ഇപ്പോഴും മലയാളത്തിലില്ല.

അമേരിക്കന്‍ കോണ്‍ഗ്രസ് ഓഫ് ലൈബ്രറിയിലെ ഷെല്‍ഫില്‍ സ്ഥാനം നേടിയ, ഒരു മലയാളി എഴുതിയ അവിടെയുള്ള ഏക പുസ്തകം എന്ന പ്രശസ്തിയും ഏറെക്കാലം മെല്‍റ്റിങ് പോട്ടിനുണ്ടായിരുന്നു.

Benjamin Horniman

ബെഞ്ചമിൻ ഹോർണിമാൻ

പിന്നീട് 1987 വരെയുള്ള സംഭവങ്ങള്‍ ചേര്‍ത്ത് മെല്‍റ്റിങ് പോട്ട് ഒരു പതിപ്പ് കൂടിയിറക്കി. 95 വരെയുള്ള കാലഘട്ടം കൂട്ടിച്ചേര്‍ത്ത് കേരള രാഷ്ട്രീയം ഒരു അസംബന്ധനാടകം 1953-1995 എന്ന പേരില്‍ മെല്‍റ്റിങ് പോട്ടിന്റെ മലയാള പരിഭാഷ 1999 ല്‍ പുറത്തുവന്നു.

കെ. രാജ്വേശ്വരി എന്ന പേരില്‍ അവതാരിക എഴുതിയത് പ്രശസ്ത മാധ്യമ നിരീക്ഷകനായ അഡ്വ. ജയശങ്കറായിരുന്നു. ഒരു മലയാള പരിഭാഷാ പുസ്തകത്തിന് എഴുതപ്പെട്ട ഏറ്റവും വലിയ, അവതാരികയാണത്.

50 പുറങ്ങളിലായി പുസ്തകത്തിന്റെ ഉള്ളടക്കം കൃത്യമായി അഡ്വ. ജയശങ്കര്‍ വിശകലനം ചെയ്തിരിക്കുന്നു. ”മെല്‍റ്റിങ് പോട്ട് കേരള രാഷ്ട്രീയത്തിന്റെ സമഗ്ര ചരിത്രമൊന്നുമല്ല. പക്ഷേ, എവിടെയും പറയാത്ത, എഴുതാത്ത കാര്യങ്ങള്‍ ഇതിലുണ്ട്. ‘കേരള രാഷ്ട്രീയത്തിലെ ഇരുളടഞ്ഞ പല സംഭവങ്ങളും ഇതില്‍ വായിക്കാം. കേരള രാഷ്ട്രീയത്തെ കുറിച്ചു സമഗ്രവും ഗൗരവാവഹവുമായ പഠനങ്ങള്‍ വേണമെന്ന് ഓര്‍മപ്പെടുത്തുന്ന ഒരു പുസ്തകമാണ് കെ.സി. ജോണിന്റെ മെല്‍റ്റിങ് പോട്ട്. വായിച്ചിരിക്കേണ്ട പുസ്തകം,’ അഡ്വ. ജയശങ്കര്‍ പറയുന്നു.

ദീര്‍ഘകാലം തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രസിഡന്റായിരുന്നു കെ.സി. ജോണ്‍. ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് 1984 ല്‍ വിരമിച്ചു. അദ്ദേഹം പിന്നീട് ഹൈദരാബാദിലെ ന്യൂസ് ടൈമിന്റെ കേരളത്തിലെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള വിജയരാഘവന്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2005 ഡിസംബര്‍ ഒന്നിന് മാങ്ങാനത്തെ വസതിയില്‍ വച്ച് എണ്‍പത്തൊന്നാം വയസ്സില്‍ കെ.സി. ജോണ്‍ അന്തരിച്ചു.

തന്നെ കാണാന്‍ വരുന്ന യുവ പത്രപ്രവര്‍ത്തകരോട് ‘കെ.സി. ജോണ്‍ പറയുമായിരുന്നു. ‘You will be remembered only so long as your byline is there.’. Today is the 101st birthday of journalist KC John 

Content Summary: Today is the 101st birthday of journalist KC John

One response to “കെ സി ജോണ്‍; കേരള രാഷ്ട്രീയത്തിന്റെ ഒന്നാം സാക്ഷി”

  1. Avatar PK Muraleekrishnan says:

    Good article. Informative and worth reading…Apt tribute to late KC John.

Leave a Reply

Your email address will not be published. Required fields are marked *

×