ആവിഷ്‌കാര സ്വാതന്ത്ര്യം ജന്മാവകാശമാണ്. ഭരണഘടന അത് പൂര്‍ണമായി ഉറപ്പുവരുത്തും വരെ വിശ്രമിക്കില്ല എന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ പത്രലോകത്തെ ഇതിഹാസ തുല്യനായ എഡിറ്ററായിരുന്നു സ്വാമിനാഥ് സദാനന്ദ്.
സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍ഡ്യയിലെ തന്നെ മുന്‍നിര പത്രമായിരുന്നു സദാനന്ദ് സ്ഥാപിച്ച ദി ഫ്രീ പ്രസ്സ് ജേര്‍ണല്‍ ഇംഗ്ലീഷ് ദിനപത്രം. ബോംബെയില്‍ ഫ്രീ പ്രസ്സ് ജേര്‍ണല്‍ ദിനപത്രം വായിക്കുന്നത്, ഖദര്‍ ധരിക്കുന്നതുപോലെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി ഒരു കാലത്ത് കണക്കാക്കപ്പെട്ടു.
ഇന്ന് സദാനന്ദിന്റെ ചരമവാര്‍ഷികമാണ്.
ലോക പ്രശസ്തമായ ബോംബെയിലെ ദലാല്‍ സ്ട്രീറ്റില്‍ 150 വര്‍ഷം മുന്‍പ് ആരംഭിച്ച, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്ന് ലോകത്തിലെ ആറാം സ്ഥാനത്തുള്ള ഏറ്റവും ഓഹരി വിപണി നടക്കുന്ന സ്ഥാപനമാണ്. ഓഹരി ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്ന ആ ദലാല്‍ സ്ട്രീറ്റില്‍ മറ്റൊരു മേഖലയില്‍ ചരിത്രമെഴുതിയ വ്യക്തിയായിരുന്നു, സ്വാമിനാഥ് സദാനന്ദ് എന്ന ഇതിഹാസമായ എഡിറ്റര്‍.

ഇന്ത്യയിലെ ഓഹരി വിപണിയിലും പത്രപ്രവര്‍ത്തനത്തിലും ഒരേ പോലെ ചരിത്രമെഴുതിയ ഒന്നായിരുന്നു ബോംബെയുടെ സിരാകേന്ദ്രത്തിലുള്ള ദലാല്‍ സ്ട്രീറ്റ്. സ്റ്റോക്ക് ദല്ലാളുമാര്‍ അവിടെ ഓഹരിവിപണി പൊടിപൊടിക്കുമ്പോള്‍ തൊട്ടടുത്ത സ്ഥാപനത്തിലിരുന്ന് തന്റെ പത്രത്തിലൂടെ സ്വാതന്ത്യ സമരത്തിന്റെ ആവേശാഗ്‌നി പടര്‍ത്തി പൊതുജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുകയായിരുന്നു സദാനന്ദ്. ദേശീയ പ്രസ്ഥാനങ്ങളോട് ബോംബെയിലെ ജനങ്ങളെ അടുപ്പിക്കാന്‍ കാരണമായ പത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെത്. സദാനന്ദിന്റെ പത്രമായ ഫ്രീ പ്രസ്സ് ജേര്‍ണല്‍ വായിക്കുന്നത് ദേശീയ ബോധമുള്ള യഥാര്‍ത്ഥ ഇന്ത്യക്കാരന്റെ ലക്ഷണമായി അക്കാലത്ത് കണക്കാക്കപ്പെട്ടു. സ്വാതന്ത്രസമരകാലത്ത് ബോംബെയിലെ ഏകദേശീയ ഇംഗ്ലീഷ് ദിന പത്രമായി മാറിയ ദി ഫ്രീ പ്രസ്സ് ജേര്‍ണ്ണലിന്റെ ഉടമ സ്ഥാപക എഡിറ്ററായിരുന്നു എസ്. സദാനന്ദ്’. സ്വാതന്ത്യസമര സേനാനി, ബ്രിട്ടിഷ് ഭരണകൂടത്തേയും ഇന്ത്യന്‍ ദേശീയനേതാക്കളേയും ഒരേ പോലെ എതിര്‍ത്ത ദേശീയ വാദി. 1945 ല്‍ ഗാന്ധിജി ജയിലില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ‘ Gandhiji you are wrong’ എന്ന് തന്റെ പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിക്കാന്‍ അദ്ദേഹം മടിച്ചില്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം ജനങ്ങളിലേക്ക് പകരുകയും അതിന്റെ തെറ്റും ശരിയും ഫ്രീ പ്രസ്സ് ജേര്‍ണലിലൂടെ ഇന്ത്യന്‍ നേതാക്കളെ ഉല്‍ബോധിപ്പിച്ചും സദാനന്ദ് തന്റെ പത്രത്തെ ബോംബെയിലെ ടൈംസ് ഓഫ് ഇന്ത്യക്ക് ശേഷം ഏറ്റവും മികച്ച രണ്ടാമത്തെ പത്രമാക്കി മാറ്റി. ഇന്ത്യന്‍ നോര്‍ത്ത് ക്ലിഫ് പ്രഭു എന്ന് അദ്ദേഹത്തെ ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് വിശേഷിപ്പിക്കുന്നു.
‘ഒരു ലക്ഷ്യത്തിലെത്താന്‍ ഒരു നേര്‍രേഖ ചുരുക്കുക’ (കാര്യത്തിലേക്ക് നേരെ കടക്കുക) എന്ന സ്വഭാവമുള്ളതിനാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രശസ്തനായ എഡിറ്റര്‍ കെ. രാമറാവു അദ്ദേഹത്തിനെ, അതേ സ്വഭാവമുള്ള മറ്റൊരു ചരിത്ര പുരുഷനായ നെപ്പോളിയനെപ്പോലെയെന്ന് വിശേഷിപ്പിച്ചു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ അദ്ദേഹം ചരിത്രമെഴുതി.
ഇന്ത്യയിലെ വിദേശ വാര്‍ത്താ ഏജന്‍സികളെ അവരുടെ തട്ടകത്ത്, വിദേശത്ത് ചെന്ന് നേരിടാന്‍ സ്വന്തം തട്ടകത്ത് വാര്‍ത്താ ഏജന്‍സി ആരംഭിക്കാന്‍ ധീരത കാട്ടിയ ഇന്ത്യക്കാരനായ എഡിറ്ററായിരുന്നു സദാനന്ദ്.
ഇന്ത്യന്‍ ജനത സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നടങ്കം തെരുവില്‍ സമരങ്ങളാരംഭിച്ച സമയത്ത് മദ്രാസിലെ മൈലാപ്പൂരുകാരന്‍ സ്വാമിനാഥ് സദാനന്ദ് എന്ന ഇരുപത്തേഴുകാരന്‍ ബോംബെയിലെ ദലാല്‍ സ്ട്രീറ്റിലിരുന്നുകൊണ്ട് ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി. കാലത്തിനു മുമ്പേ ചിന്തിച്ച പ്രതിഭാശാലിയായ സദാനന്ദ്, തമിഴിലെ പ്രശസ്തമായ ‘വിവേകചിന്താ മണി’ മാസികയുടെ എഡിറ്ററായ സി.വി.സ്വാമിനാഥ അയ്യരുടെ പുത്രനായിരുന്നു. 1900 ല്‍ ജനിച്ച സദാനന്ദ് ചെറുപ്പത്തിലേ പത്രപ്രവര്‍ത്തനത്തിലേക്കിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. ഖദര്‍ ധരിച്ച് ദേശീയ പ്രസ്ഥാനത്തിലാകൃഷ്ടനായി മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കാതെ ബോംബെയിലേക്ക് സദാനന്ദ് വണ്ടി കയറി. പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയായ ഭക്തവത്സലം സദാനന്ദിന്റെ സ്‌ക്കൂള്‍ സഹപാഠിയും സമകാലീനനുമായിരുന്നു. ‘അന്നേ അദ്ദേഹം മികച്ച വൈവിധ്യമുള്ള വായനക്കാരനായിരുന്നു.’ ഭക്തവത്സലം ഒരിക്കല്‍ സദാനന്ദിനെ കുറിച്ച് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഖാദി പ്രചരണവുമായി നടന്ന അദ്ദേഹം 1920-ല്‍ ബോംബെയില്‍ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയില്‍ (എപിഐ) ചെറിയ ശമ്പളവുമായി തന്റെ പത്ര പ്രവര്‍ത്തനം ആരംഭിച്ചു.

റൗലറ്റ് ആക്ടിനെതിരേ നടത്തിയ പ്രതിക്ഷേധ പ്രകടനത്തില്‍ പങ്കെടുത്ത സദാനന്ദ് എ.പി.ഐ വിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി. പിന്നീട് അലഹബാദിലേക്ക് പോയി മോട്ടിലാല്‍ നെഹ്‌റു ആരംഭിച്ച ഇന്‍ഡിപെന്‍ഡന്റ് ദിനപത്രത്തില്‍ ചേര്‍ന്നു. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫായിരുന്നു അതിന്റെ എഡിറ്റര്‍. വിഖ്യാതനായ എഡിറ്റര്‍ പോത്തന്‍ ജോസഫിന്റെ സഹോദരനായ ജോര്‍ജ് ജോസഫ് തന്റെ ജീവിത കാലത്ത് സന്ദാനന്ദിനെ തന്റെ കുടംബത്തിലെ ഒരു അംഗമായാണ് പരിഗണിച്ചിരുന്നത്.
പോത്തന്‍ ജോസഫിന്റെ മൂത്ത സഹോദരന്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് അക്കാലത്തെ കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവായിരുന്നു. ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ എഡിറ്ററായ ജോര്‍ജ് ജോസഫിന്റെ കീഴില്‍ പ്രവര്‍ത്തിച്ച സദാനന്ദ് ഏറെ താമസിയാതെ മികച്ച പത്രപ്രവര്‍ത്തകനായി അറിയപ്പെട്ടു. ജോര്‍ജ് ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി രാഷ്ട്രീയരംഗത്തുനിന്ന് നിഷ്‌ക്രമിച്ചതോടെ സദാനന്ദ് റംഗൂണിലേക്ക് പോയി. അവിടെ റംഗൂണ്‍ ടൈംസില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും ഏറെ താമസിയാതെ ഇന്‍ഡ്യയില്‍ തിരിച്ചെത്തി.
ബോംബെയില്‍ എത്തിയപ്പോള്‍ സദാനന്ദിന്റെ പോക്കറ്റില്‍ നാല് അണ പോലും ഉണ്ടായിരുന്നില്ല. ഒരു ബയോകെന്‍ ടൈപ്പ്‌റൈറ്ററായിരുന്നു പത്രപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സ്വാമി സദാനന്ദിന്റെ പ്രധാന മൂലധനം. രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ അദ്ദേഹത്തെ മറ്റൊരു സാഹസിക കൃത്യത്തിന് പ്രേരണയായി. ഒരു ദേശീയ വാര്‍ത്താ വിതരണ ശ്യംഖല ആരംഭിക്കുക. ധീരവും നൂതനവുമായ ഒരാശയമായിരുന്നു ഇത്. ചിന്തയിലും പ്രവര്‍ത്തിയിലും സദാനന്ദ് അക്കാലത്തെ മറ്റ് പത്രപ്രവര്‍ത്തകരോ ദേശീയ നേതാക്കളേക്കാള്‍ പത്ത് മടങ്ങ് മുന്നിലായിരുന്നു.
അക്കാലത്തെ ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സായിരുന്നു വാര്‍ത്താ ശേഖരണത്തിലും വിതരണ പ്രക്രിയയിലും കുത്തക നിലനിറുത്തിയിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് അവര്‍ പൊതുവെ മുഖം തിരിച്ചിരുന്നു. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം ഒരിക്കലും കോണ്‍ഗ്രസ് കാഴ്ചപ്പാടുകളെ കൃത്യമായും ശരിയായും പ്രതിഫലിപ്പിക്കില്ലെന്ന് പല ഇന്ത്യന്‍ നേതാക്കളും മനസിലാക്കിയിരുന്നു. അതിനാല്‍, ഒരു സ്വതന്ത്ര ദേശീയ വാര്‍ത്താ ഏജന്‍സി ആരംഭിക്കേണ്ടതിന്റെ ശക്തമായ ആവശ്യം ഉയര്‍ന്നു. എന്നാല്‍ വളരെ ബൃഹ്ത്തായ ഈ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ ആരും തന്നെ ധൈര്യപ്പെട്ടില്ല.
എന്നാല്‍ ഒരു ഇന്ത്യാക്കാരന്റെ വാര്‍ത്താ ഏജന്‍സിയെന്ന സ്വപ്നം ഒരിക്കല്‍ യാഥാര്‍ഥ്യമായതാണ്. അതിന്റെ പിന്നില്‍ അധികമാരുമറിയാത്ത ഒരു കഥയുണ്ട്.
ഒരു പത്രപ്രവര്‍ത്തകനായ കോട്ട്സും, ഇന്ത്യന്‍ ഡെയ്ലി ന്യൂസിലെ മറ്റൊരു പത്രപ്രവര്‍ത്തകനുമായ ഡാളസും, ‘ ഇംഗ്ലീഷ്‌മെന്‍’ പത്രത്തിലെ ബക്ക് എന്നായാളും ചേര്‍ന്ന് കെ.സി. റോയി എന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്റെ സഹായത്താല്‍ 1905 ല്‍ ‘അസോസിയേറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യ എന്ന ന്യൂസ് ഏജന്‍സി ഇന്ത്യയില്‍ സ്ഥാപിച്ചു.
പത്രപ്രവര്‍ത്തകനായ കെ.സി. റോയി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍, സ്രോതസ്സുകളില്‍ നിന്ന് വാര്‍ത്തകള്‍ സ്വീകരിക്കുന്നതിലും, അവ കൈമാറുന്നതിലും അസാധാരണമാംവിധം സമര്‍ത്ഥനും ബുദ്ധിമാനും ആയിരുന്നു. വാര്‍ത്താ ഏജന്‍സി സ്ഥാപിക്കാന്‍ കാര്യമായി സഹായിച്ച കെ.സി. റോയ് പുതിയ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ ഉടമകള്‍ മൂന്നു പേരും അത് സമ്മതിച്ചില്ല. ഇതില്‍ അസംതൃപ്തനായ കെ.സി. റോയ് ‘ബംഗാളില്‍ നിന്നുള്ള ഉഷനാഥ് സെന്നിനോടൊപ്പം ചേര്‍ന്ന് (പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ പാര്‍ലമെന്റ് കമ്മറ്റി അംഗം) ‘പ്രസ് ബ്യൂറോ’ എന്നൊരു വാര്‍ത്താ ഏജന്‍സി സ്ഥാപിച്ചു.
ആയിടെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് ഭേദഗതി ചെയ്തു. ഇത് റോയിക്ക് ഗുണം ചെയ്തു. കല്‍ക്കട്ട, മദ്രാസ്, ബോംബെ എന്നിവിടങ്ങളില്‍ പ്രസ് ബ്യൂറോ ശാഖകള്‍ തുറന്നു. വരിക്കാരായ ചെറുകിട പത്രങ്ങള്‍ക്ക് പ്രതിമാസം 350 രൂപ ഈടാക്കി പ്രസ് ബ്യൂറോ വാര്‍ത്തകള്‍ എത്തിച്ചു. ഒരു ധീരമായ ശ്രമമായിരുന്നു അത്. പക്ഷേ, ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നതോടെ റോയ് തന്റെ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സുമായി ലയിപ്പിച്ചു.
ഇന്‍ഡ്യയുടെ വാണിജ്യതലസ്ഥാനമായ ബോംബെയുടെ വാര്‍ത്താപ്രാധാന്യമാണ് പല പത്രങ്ങളും. തങ്ങളുടെ ബ്യൂറോകള്‍ അവിടെ സ്ഥാപിക്കാന്‍ കാരണം, ബോറിബന്ദറിലെ കുലീന വയോധിക ദി ടൈംസ് ഓഫ് ഇന്‍ഡ്യയായിരുന്നു ബോംബെയിലെ നമ്പര്‍ വണ്‍ പത്രം. ഫിറോസ് ഷാ മേത്തയുടെ ബോംബെ ക്രോണിക്കിള്‍ പത്രത്തിലൂടെയാണ് ബെഞ്ചമിന്‍ ഹോര്‍ണിമാന്‍ ഇന്‍ഡ്യന്‍ പത്രരംഗത്തെ സെലിബ്രറ്റിയായത്. പത്രപ്രവര്‍ത്തകനായി പോത്തന്‍ ജോസഫ് തുടക്കം കുറിച്ചതും ഈ നഗരത്തില്‍ നിന്നായിരുന്നു.

സ്വാതന്ത്യസമര പ്രക്ഷോഭത്തില്‍ പത്രപ്രവര്‍ത്തകന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിച്ച സദാനന്ദ് 1927-ല്‍ ബോംബെയിലെ ചില വ്യവസായികളുടെ സഹായത്തോടെ’ ഫ്രീ പ്രസ്’ ന്യൂസ് ഏജന്‍സി ആരംഭിച്ചു. വിദേശവാര്‍ത്താ ഏജന്‍സികളോട് കിടപിടിക്കുന്ന ഒരു വാര്‍ത്താ ഏജന്‍സിയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ വിദേശത്തും ഇന്‍ഡ്യയിലെ പ്രധാന നഗരങ്ങളിലുമായി ബ്യൂറോകളുള്ള ഒരു സ്ഥാപനമായിരുന്നു സ്വപ്നം കണ്ടത്. റോയിട്ടേഴ്‌സും അസോസിയേറ്റ് പ്രസ്സുമായിരുന്നു ഈ രംഗത്തെ പ്രധാനികള്‍. അവരോട് മത്സരിക്കാനായി അവരുടെ തട്ടകത്തേക്ക് കടന്നു കയറുക. 1927-കളില്‍ ഒരു ഇന്‍ഡ്യാക്കാരന്റെ അതിസാഹസിക ദൗത്യമായിരുന്നു അത്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ സംരക്ഷണമുള്ള റോയിട്ടേഴ്സ് ഏജന്‍സി, ‘അസോസിയേറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യ എന്നീ പ്രബലരോടായിരുന്നു സദാനന്ദിന് മത്സരിക്കേണ്ടി വന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ വാര്‍ത്തകള്‍ നല്‍കി പ്രചരിപ്പിക്കുക, ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ അവഗണിക്കുന്ന മേഖലകള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഇന്ത്യന്‍ വാണിജ്യ വാര്‍ത്തകള്‍ നല്‍കുക എന്നിവയായിരുന്നു സദാനന്ദിന്റെ ലക്ഷ്യം. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിനെ അനുകൂലിക്കുന്ന താല്‍പ്പര്യമുള്ള അന്താരാഷ്ട്ര വാര്‍ത്തകള്‍ നല്‍കുന്നതിന് വിദേശത്ത് ലേഖകരെ നിയമിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
കൂടാതെ, ഒരു പുതിയ പത്രം ആരംഭിക്കാന്‍ സദാനന്ദ് പദ്ധതിയിട്ടു. ബോംബെയില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പത്രമായിരുന്ന അഡ്വക്കേറ്റ് ഇന്‍ഡ്യയുടെ ഉടമ എ.ബി.ലോട്ടാവാല ഒരു പഴയ പ്രസ് സദാനന്ദിന് നല്‍കി. ചില കോണ്‍ഗ്രസ് നേതാക്കളും സദാനന്ദിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു. സദാനന്ദിന്റെയും ഫ്രീ പ്രസ് ജേര്‍ണലിന്റെ മറ്റൊരു ചരിത്രം ആരംഭിക്കുകയായിരുന്നു. ബോംബെയിലെ ജനങ്ങള്‍ക്ക് ദേശീയ പ്രക്ഷോഭങ്ങളുടെ അലയൊലികള്‍ വാര്‍ത്തകളിലൂടെ എത്തിക്കുക എന്ന ദൗത്യവുമായി1930 ജൂണ്‍ 30 ന് ഫ്രീ പ്രസ് ജേര്‍ണല്‍ ബുള്ളറ്റിന്‍ എന്നൊരു സൈക്ലോസ്‌റ്റൈല്‍ ചെയ്ത പകര്‍പ്പ് ഒരു പത്രമായി പുറത്ത് വന്നു. അതിന്റെ ആദ്യ അച്ചടിച്ച പകര്‍പ്പ് 1930 ജൂണ്‍ 13 ന് പ്രസിദ്ധീകരിച്ചതോടെ ഫ്രീ പ്രസ്സ് ജേര്‍ണല്‍ ദിനപത്രം അതിന്റെ ചരിത്രയാത്ര ആരംഭിച്ചു. നാല് പേജുകളുളള്ള പത്രത്തിന് മൂന്ന് പൈസയായിരുന്നു വില.

1930 ഏപ്രില്‍ 18-ന് ബംഗാളിലെ വിപ്ലവകാരിയായ സൂര്യ സെന്‍ നയിച്ച സായുധ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ ചിറ്റഗോംഗ് സര്‍ക്കാര്‍ ആയുധപ്പുര കൊള്ളയടിക്കാന്‍ നടത്തിയ ശ്രമമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്യസമര സേനാനികളുടെ സായുധസമരമായ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണം. പോലീസ് നടത്തിയ അന്വേഷണത്തില്‍ പല വിപ്ലവകാരികളും പിന്നീട് പിടിയിലായി 1933 ഫെബ്രുവരി 16 ന് ഗൈരാല ഗ്രാമത്തില്‍ നിന്ന് വിപ്ലവസംഘത്തിന്റെ ഉന്നത നേതാവായ സൂര്യ സെന്‍ അറസ്റ്റിലായി. കല്‍ക്കട്ടയില്‍ നിന്ന് ഫ്രീ പ്രസ്സിന്റെ ന്യൂസ് തലവന്‍ ബി.ബി. സെന്‍ഗുപ്ത അയച്ച അറസ്റ്റ് വാര്‍ത്ത ഫ്രീ പ്രസ് ന്യൂസ് ഏജന്‍സിക്ക് എക്‌സ്‌ക്യൂസീവ് വാര്‍ത്താ സ്‌ക്കൂപ്പായിരുന്നു. സൂര്യ സെന്‍ അറസ്റ്റില്‍ എന്ന ഒറ്റ വരി വാര്‍ത്താ ഫ്‌ലാഷ് ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിന്റെ വിശദമായ വിവരണത്തോടെ അച്ചടിച്ച ഏകപത്രമായി ഫ്രീ പ്രസ് ജേര്‍ണല്‍.
ഫ്രീപ്രസ്സില്‍ അന്നുണ്ടായിരുന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ കെ. രാമറാവു സമയത്തിന് യുക്തിയോടെ പ്രവര്‍ത്തിച്ച് വിശദ സ്റ്റോറിയെഴുതിയതിനാല്‍ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിന്റെ നല്ലൊരു ചിത്രം സാധാരണ വായനക്കാര്‍ക്ക് കിട്ടി. മുഖ്യ എതിരാളി API ക്ക് ഈ വാര്‍ത്ത കിട്ടിയില്ല എന്നതായിരുന്നു ഫ്രീ പ്രസ് ന്യൂസ് ഏജന്‍സിക്ക് ഏറ്റവും മധുരമായത്. സര്‍ക്കാര്‍ 10,000 രൂപ തലയ്‌ക്ക് വിലയിട്ട വിപ്ലവകാരിയായിരുന്നു സൂര്യ സെന്‍ എന്നത് വാര്‍ത്തയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇത്രയും പ്രധാനവാര്‍ത്ത നഷ്ടമായ API തങ്ങളുടെ വരിക്കാരായ ദിനപത്രങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മുന്നില്‍ നിസ്സഹായരായപ്പോള്‍ ഫ്രീ പ്രസ്സിന്റെ ഏജന്‍സി വാര്‍ത്ത ഇന്ത്യയൊട്ടുക്കു പറന്നു നടക്കുകയായിരുന്നു.
ഫ്രീ പ്രസ്സിലെ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിന്റെ കഥയുടെ വിശദാംശങ്ങള്‍ വായനക്കാരില്‍ പെട്ടെന്നൊരു ആവേശം ഉണരാന്‍ ഇടയാക്കി. ദേശീയ ബോധമുണര്‍ത്താന്‍ പ്രവര്‍ത്തിച്ച ധീരനായ ഒരു വിപ്ലവകാരിയെ പോലീസ് പിടികൂടിയതില്‍ അവര്‍ കണ്ണീരണിഞ്ഞു. പിറ്റേനാളും ഫ്രീ പ്രസ്സ് ഇത്ര വാര്‍ത്തക്ക് പ്രാധാന്യം നല്‍കി. വിപ്ലവകാരികളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ പത്രത്തിലെ വിശദാംശങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങളോട് ജനകീയ താല്‍പര്യം വര്‍ദ്ധിപ്പിച്ചു. 1934 ജനുവരി 12 ന് ബ്രിട്ടീഷ് ഭരണകൂടം സൂര്യസെന്നിനെ തൂക്കിലേറ്റി.
ജി.ഡി. ബിര്‍ള, വാള്‍ചന്ദ് ഹിരാചന്ദ്, എം.ആര്‍. ജയകര്‍, സര്‍ പി. താക്കൂര്‍ദാസ് തുടങ്ങിയ ബോംബെയിലെ വന്‍കിട വ്യവസായികള്‍ സദാനന്ദിന്റെ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി പിന്തുണച്ചിരുന്നു. എന്നാല്‍ പ്രമുഖ ഇന്ത്യന്‍ പത്രങ്ങള്‍ ഫ്രീ പ്രസിന്റെ സേവനം സ്വീകരിക്കാന്‍ വിമുഖത കാണിച്ചു. എതിരാളിയും കൂടുതല്‍ സ്വാധീനമുള്ളതുമായ മറ്റ് വാര്‍ത്താ ഏജന്‍സികളുടെ നിരന്തരമായ സമ്മര്‍ദ്ദം ഫ്രീ പ്രസിന് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. സര്‍ക്കാര്‍ റോയിട്ടേഴ്സിനെയും ‘അസോസിയേറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യയേയും പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ഫ്രീ പ്രസ്സിന് FPI-യിലേക്കുള്ള വയര്‍ലെസ് സംവിധാനം നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ വരിക്കാരായ പത്രങ്ങള്‍ മറ്റ് വാര്‍ത്താ ഏജന്‍സിയെ ആശ്രയിക്കരുത് എന്ന് റോയിട്ടേഴ്സും ‘അസോസിയേറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യയും ശക്തമായ നിലപാട് എടുത്തതോടെ ഫ്രീ പ്രസിന്റെ നില പരുങ്ങലിലായി.

ഉപ്പ് സത്യാഗ്രഹം ആരംഭിച്ചപ്പോള്‍ ഗവണ്‍മെന്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഫ്രീ പ്രസിന്റെ കമ്പി സന്ദേശങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. ഏറെ താമസിയാതെ അതിന്റെ ഡയറക്ടര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം വന്നു. ഗവണ്‍മെന്റിന്റെ എതിര്‍പ്പ് ഭയന്ന് വരിക്കാര്‍ ഓരോരുത്തരായി പിന്‍വാങ്ങിയതോടെ വാര്‍ത്താ ഏജന്‍സി പ്രതിസന്ധിയിലായി. ഫ്രീ പ്രസ് നല്‍കുന്ന വാര്‍ത്തകള്‍ ആരും അച്ചടിക്കുകയില്ലെന്ന് വന്നു. ഒടുവില്‍
1935 ല്‍ ഫ്രീ പ്രസ്സ് വാര്‍ത്താ ഏജന്‍സി സദാനന്ദ് അടച്ചു പൂട്ടി.
അദ്ദേഹത്തിന്റെ പോരാട്ടവീര്യം അവസാനിച്ചില്ലായിരുന്നു, മറിച്ച് കൂടുതല്‍ വീര്യം കൂടുകയായിരുന്നു. തന്റെ വാര്‍ത്താ ഏജന്‍സിയുടെ വാര്‍ത്തകള്‍ ആരും അച്ചടിക്കില്ലെങ്കില്‍ വാര്‍ത്തകള്‍ താന്‍ തന്നെ വായനക്കാര്‍ക്കെത്തിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. സദാനന്ദിന്റെ സ്വാതന്ത്യസമരപ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ അച്ചടിക്കുകയെന്നത് അക്കാലങ്ങളില്‍ ദുഷ്‌കരമായിരുന്നു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഏതൊരു പ്രസ്ഥാനവും സര്‍ക്കാരിന്റെ അപ്രീതിക്കിരയാവുന്ന ഒരു സാഹചര്യം.
മൂന്നു പേരായിരുന്നു സദാനന്ദിന്റെ സംഘത്തിലെ പ്രധാനികള്‍. ഇ.ഡി.സാംസൂണ്‍സ് എന്ന പ്രശസ്തമായ സ്ഥാപനത്തിലെ ജോലി വലിച്ചെറിഞ്ഞ് പത്രപ്രവര്‍ത്തനരംഗത്തേക്ക് തിരിഞ്ഞ ഡി.എന്‍.നദ്കര്‍ണിയായിരുന്നു ഫ്രീ പ്രസിലെ ഓള്‍ റൗണ്ടര്‍. മികച്ച സാമ്പത്തിക വിദഗ്ദ്ധനായ അയാള്‍ പത്രത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയതോടൊപ്പം എഡിറ്റോറിയല്‍, സര്‍ക്കുലേഷന്‍
വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചു. ബോംബെയിലെ രാഷ്ട്രീയക്കാരില്‍ സ്വാധീനമുണ്ടായിരുന്ന സ്റ്റാലിന്‍ ശ്രീനിവാസനായിരുന്നു മറ്റൊരു പ്രധാനി. സ്റ്റാലിന്റെ മീശയെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ മീശ ബോംബെ പത്രലോകത്ത് പ്രശസ്തമായിരുന്നു. ബോംബെ രാഷ്ട്രീയത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്നു അദ്ദേഹത്തിന്. ചിലപ്പോഴൊക്കെ ഈ ബന്ധങ്ങള്‍ പത്രത്തിനും പ്രയോജനപ്പെട്ടു. മദ്രാസിലെ ‘ദി മെയില്‍’ പത്രത്തില്‍ നിന്നുവന്ന എം.പി.മേനോനായിരുന്നു മറ്റൊരു പ്രമുഖന്‍. (പില്‍ക്കാലത്ത് പ്രശസ്ത പത്രപ്രവര്‍ത്തകനായി മാറിയ എടത്തട്ട നാരായണന്റെ അമ്മാവന്‍) ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ശക്തമായി എതിര്‍ക്കുന്ന ഒരാളായിരുന്നു അദ്ദേഹം. സദാനന്ദിനോടൊപ്പം ഈ മൂവര്‍സംഘമാണ്
ഫ്രീ പ്രസ് ജേര്‍ണലിനെ നയിച്ചിരുന്നത്.

ദേശീയപ്രസ്ഥാനത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയെന്നതായിരുന്നു അന്നത്തെ ഇന്‍ഡ്യന്‍ പത്രങ്ങളുടെ ദൗത്യം. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് കല്‍ക്കട്ടയില്‍ ആനന്ദ് ബസാര്‍ പത്രിക. ബോംബെയില്‍ ആ സ്ഥാനം ഫ്രീ പ്രസ് ജേര്‍ണല്‍ ഏറ്റെടുത്തു.
ലണ്ടനിലെ മൂന്നാം വട്ടമേശ സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത സദാനന്ദ് വര്‍ഗീയ ഘടകങ്ങളുമായി കൂട്ടുചേര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളുടെ കുതന്ത്രങ്ങളെ ഓരോ ഘട്ടത്തിലും തുറന്നുകാട്ടി. സ്വാതന്ത്ര്യസമര വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് ക്രിമിനല്‍ അമെന്റ്മെന്റ് ആക്ട് പ്രകാരം പിഴ കെട്ടിയതാണ് ഫ്രീ പ്രസ് ജേര്‍ണലിന്റെ ആദ്യ സാഹസിക നടപടി. പിഴയാകട്ടെ, അന്നത്തെ നിലയ്ക്ക് വന്‍തുക 6,000 രൂപ. 1932-ല്‍ സിവില്‍ നിയമലംഘന കാലത്ത് സദാനന്ദ് രണ്ട് മാസം ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തു. ഏറെ താമസിയാതെ ഗാന്ധിജിയുടെ ലേഖനങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് 10,000 രൂപ പിഴ ശിക്ഷ. സര്‍ദാര്‍ പട്ടേലിന്റെ പ്രസംഗം അച്ചടിച്ചതിന് വീണ്ടും 10,000 രൂപ. ഇതൊക്കെ പോരാഞ്ഞ് ക്വറ്റ ഭൂകമ്പത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്ത അച്ചടിച്ചതിന് ഇരുപതിനായിരം രൂപ പിഴ. ഇതൊന്നും സദാനന്ദിനെ തളര്‍ത്തിയില്ല. അദ്ദേഹം കൂടുതല്‍ ആവേശത്തോടെ ബ്രിട്ടീഷ് ഭരണത്തിനെതിരേ പൊരുതി. സ്വാതന്ത്യസമര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍ഡ്യയിലെ തന്നെ മുന്‍നിരപത്രമായി ഫ്രീ പ്രസ്. ബോംബെയില്‍ അക്കാലങ്ങളില്‍ ഫ്രീ പ്രസ് ജേര്‍ണല്‍ വായിക്കുന്നത്, ഖദര്‍ ധരിക്കുന്നതുപോലെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടു.
ബ്രിട്ടീഷുകാരോട് മാത്രമല്ല ഇന്ത്യന്‍ നേതാക്കളോടും സദാനന്ദ് കലഹിച്ചു. അവസാനിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമരം പുനര്‍ജീവിപ്പിക്കാത്തതില്‍ ഗാന്ധിജിയോട് സദാനന്ദ് വിയോജിപ്പ് പ്രകടിപ്പിച്ചു.
1944 ജൂലൈ 13-ന് ദി ഫ്രീ പ്രസ് ജേണലിന്റെ എഡിറ്ററായ സദാനന്ദിന്, ഗാന്ധിജി എഴുതിയ ഒരു കത്തില്‍ അഹിംസയെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയും സി. രാജഗോപാലാചാരിയുമായുള്ള (രാജാജി) ബന്ധത്തെക്കുറിച്ച് പറയുകയാം ചെയ്യുന്നു. സദാനന്ദിന്റെ പത്രപ്രവര്‍ത്തന കടമകളെക്കുറിച്ചും അദ്ദേഹം ഉപദേശിച്ചു. സെന്‍സേഷണലിസത്തേക്കാള്‍ സത്യത്തിനും അഹിംസയ്ക്കും പത്രത്തില്‍ മുന്‍ഗണന നല്‍കാന്‍ സദാനന്ദിനെ ഗാന്ധി ഉപദേശിച്ചു.
”രാജാജിയെ ആക്രമിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളോട് തന്നെ വലിയ അനീതി കാണിക്കുകയും നിങ്ങളുടെ ദേശീയതയെ അപമാനിക്കുകയും ചെയ്യുന്നു. രാജാജി തന്റെ രാഷ്ട്രീയം എന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. ജയിലില്‍ വെച്ച് ഞാന്‍ മനസ്സിലാക്കിയതുപോലെ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുള്ള എന്റെ വിയോജിപ്പ് തുടരുന്നു.” ഗാന്ധിജി കത്തിലെഴുതി- രാജാജി ഫോര്‍മുലയെ കുറിച്ചുള്ള ഫ്രീപ്രസ്സ് നല്‍കിയ ജേര്‍ണല്‍ വാര്‍ത്തയായിരുന്നു ഗാന്ധിജിയെ പ്രകോപിപ്പിച്ചത്.
‘ഇത് മാറ്റമില്ലാതെ നിങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ ഗാന്ധിജി എഴുതി.
സദാനന്ദ് ആ ഗാന്ധിജിയുടെ കത്ത് ഫ്രീപ്രസ്സില്‍ കൊടുത്തു. എന്നിട്ട് പത്രത്തില്‍ മറുപടി എഴുതി.
””Gandhiji has honoured me by recalling my allegiance to him, as a son. I claim to be true to that allegiance even today. It is within Gandhiji’s knowledge that, according to my concept, a son may not defend himself against parental chastisement. I see no reason to break the golden rule on this occasion.”.’
അത് അവിടെ അവസാനിച്ചില്ല. 1946 ല്‍ ഗാന്ധിജിയും ജിന്നയും തമ്മില്‍ നടത്തിയ അതീവരഹസ്യമായ വിഭജനത്തിന്റെ ചര്‍ച്ചകളുടെ ഉള്ളടക്കം ഫ്രീ പ്രസ്സില്‍ കൂടി പുറത്തുവിട്ടുകൊണ്ട് ഗാന്ധിജിയെ ഒരിക്കല്‍ കൂടി സദാനന്ദ് പ്രകോപിപ്പിച്ചു.

സദാനന്ദ് തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. 1946 ല്‍ പെതിക്ക് ലോറന്‍സ് അധികാര കൈമാറ്റം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സ്വന്തം ലേഖകന്‍ ഷരോക്ക് സബാവാലയുടെ റിപ്പോര്‍ട്ടുകള്‍ മാറ്റി വെച്ച് സ്വയമെഴുതിയ ലേഖനങ്ങളിലൂടെ ക്യാബിനറ്റ് മിഷനെതിരെ സദാനന്ദ് ആഞ്ഞടിച്ചു.
ഒടുവില്‍ ഇന്ത്യ സ്വാതന്ത്യം നേടി. ഇന്ത്യന്‍ റിപ്പബ്ലിക്ക് നിലവില്‍ വരുന്നതിന് മുന്‍പ് നാട്ടുരാജ്യങ്ങള്‍ക്ക് ഇഷ്ടമുള്ള യൂണിയനില്‍ – ഇന്‍ഡ്യയിലോ പാക്കിസ്ഥാനിലോ ചേരാമെന്ന വ്യവസ്ഥ സംജാതമായി. ജൂനഗഡ് എന്ന നാട്ടുരാജ്യത്തിലെ ഭരണാധികാരി പാക്കിസ്ഥാനില്‍ ചേരാനുള്ള ശ്രമം നടത്തിയപ്പോള്‍ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ പട്ടേല്‍ നാവികസേനയുടെ കപ്പലുകള്‍ അയച്ച് ജൂനഗഡ് ഉപരോധിച്ചു. ഈ വാര്‍ത്ത വിശദമായി ഫ്രീ പ്രസില്‍ വന്നതോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ക്ഷുഭിതനായി. ആ സമയത്ത് തന്റെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുകയായിരുന്നു സദാനന്ദ്. ലണ്ടനിലും വാഷിങ്ങ്ടണിലും ബ്യൂറോകള്‍ സ്ഥാപിച്ച് നടത്തുന്ന ഒരു വാര്‍ത്താ ഏജന്‍സിയായുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഏഴു ലക്ഷത്തോളം രൂപ ചിലവഴിച്ച ആ സംവിധാനത്തിന് ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേല്‍ അനുമതി നിഷേധിച്ചു. പിന്നീടൊരിക്കലും അത് സര്‍ക്കാര്‍ പരിഗണിച്ചില്ല. ഒരു ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇന്‍ഡ്യന്‍ വിദേശ വാര്‍ത്താ ഏജന്‍സി എന്ന സദാനന്ദിന്റെ ദീര്‍ഘകാല സ്വപ്നം അതോടെ തകര്‍ന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമായിരുന്ന തന്റെ ദീര്‍ഘകാല സ്വപ്നമായ വാര്‍ത്താ ഏജന്‍സിക്ക് അനുമതി നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു.
ഫ്രീ പ്രസ്സ് ജേര്‍ണല്‍ പത്രം നടത്തിപ്പില്‍ അദ്ദേഹത്തിന് അടിക്കടി പണം കടം വാങ്ങേണ്ടി വന്നിരുന്നു. നോര്‍വ്വേക്കാരുടെ ഒരു കമ്പനിയിലെ എ.ബി. നായര്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു സദാനന്ദിനെ പണം നല്‍കി സഹായിച്ചത്. പകരം പത്രത്തിന്റെ ഓഹരികള്‍ അയാള്‍ക്ക് ലഭിച്ചു. സാമ്പത്തിക കുഴപ്പങ്ങളില്‍ പെട്ടതോടെ ഫ്രീ പ്രസ് ജേര്‍ണല്‍ പത്രം പോലും കൈവിടേണ്ടി വരുമെന്ന അവസ്ഥയിലായി. തവണകള്‍ മുടങ്ങിയതിനാല്‍ പത്രമാഫീസിലെ ഉപകരണങ്ങളും മേശ, കസേരകള്‍, കടയുടമസ്ഥര്‍ എടുത്ത് കൊണ്ടുപോകാന്‍ തുടങ്ങിയെന്നത് വരെയെത്തി കാര്യങ്ങള്‍.
195 ല്‍ സ്വതന്ത്ര ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം നിയന്ത്രിച്ചു കൊണ്ടുള്ള നിയമം ഇന്ത്യന്‍ സര്‍ക്കാര്‍ പാസാക്കി. ഇതിനെ നഖശിഖാന്തം എതിര്‍ത്ത സദാനന്ദ് പത്രങ്ങളുടെ മുഖപ്രസംഗങ്ങളുടെ മുകളില്‍ എതിര്‍ത്ത് ഒരു പ്രതിഷേധ സന്ദേശം അച്ചടിക്കണമെന്ന പ്രമേയം ഓള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സസ് കോണ്‍ഫറന്‍സിനെക്കൊണ്ട് അംഗീകരിപ്പിച്ചു. എന്നാല്‍ ഭൂരിപക്ഷം പത്രങ്ങളും ഈ സന്ദേശം അച്ചടിച്ചില്ല. ”ആവിഷ്‌കാര സ്വാതന്ത്ര്യം ജന്മാവകാശമാണ് ഭരണഘടന അത് പൂര്‍ണമായി ഉറപ്പു വരുത്തും വരെ ഞങ്ങള്‍ വിശ്രമിക്കില്ല” എന്ന സന്ദേശം സദാനന്ദ് ഫ്രീ പ്രസ്സ് ജേര്‍ണ്ണലിന്റെ പ്രസംഗത്തിനു മുകളില്‍ അച്ചടിച്ചു. ഒരു എഡിറ്ററുടെ ധീരമായ പ്രഖ്യാപനമായ് സദാനന്ദ് ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ഉള്ള കാലം വരെ അത് അച്ചടിച്ചു.
ഒടുവില്‍ പത്രത്തിന്റെ അവസ്ഥ മോശമായി. ആ പോരാളി കീഴടങ്ങി. 1953-ല്‍ സദാനന്ദ് അത് കൈമാറാന്‍ ആഗ്രഹിച്ചു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളായ ഡല്‍ഹിയിലെ ഡോ. എ.വി. ബാലിഗയ്ക്കും ബോംബെയില്‍ എ.ബി. നായര്‍ക്കും പണം നല്‍കാനുള്ളതിനാല്‍ പത്രം ഇവരിലൊരാള്‍ക്ക് കൈമാറാന്‍ അദ്ദേഹം തീരുമാനിച്ചു. എ.ബി. നായര്‍, ഡോക്ടര്‍ ബാലിഗ, കൊല്‍ക്കത്തയില്‍ നിന്നുള്ള മറ്റൊരു ഡയറക്ടര്‍ ജയ്കുമാര്‍ കരാനി എന്നിവര്‍ പത്രം ഏറ്റെടുക്കുമെന്ന് ധാരണയായി. ലോകത്തിലെ എല്ലാ പത്രങ്ങളുടെയും ചരിത്രം അതിന്റെ ജനയിതാവില്‍ നിന്നും കൈമാറിപ്പോയ കഥയാണെന്ന് എന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു കൊണ്ട് സദാനന്ദ് ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ പടിയിറങ്ങി. അക്കാലത്ത് അദ്ദേഹത്തിന് 53 വയസ്സായിരുന്നു. പലരും തൊഴിലിന്റെ ഉന്നതിയിലാവുന്ന ആ പ്രായത്തില്‍ സദാനന്ദ് വിരമിച്ചു.

കടബാധ്യതയും നഷ്ടവുമല്ലാതെ മറ്റൊരു പ്രയോജനവും വ്യക്തിപരമായി സദാനന്ദിന് ഉണ്ടായില്ല. 1953 ഒക്ടോബറില്‍ തന്റെ പ്രസിദ്ധീകരണങ്ങള്‍ കൈമാറിക്കഴിഞ്ഞ് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടു പറഞ്ഞു:
” സദാനനന്ദ് പോലും അനിവാര്യനല്ല. ‘.
അക്കാലത്തെ ഫ്രീ പ്രസ്സ് ജേര്‍ണലിലെ പ്രധാനിയും, സദാനന്ദിന്റെ വിശ്വസ്തനും പിന്നീട് ദി ഇലസ്‌ട്രേറ്റഡ് വീക്കിലി ഇന്ത്യയുടെ എഡിറ്ററായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം.വി. കാമത്ത് സദാനന്ദിന്റ ഫ്രീപ്രസ്സിലെ അവസാന ദിവസം ഓര്‍ക്കുന്നു.
”ഞാന്‍ വളരെ നേരത്തെ ഒരു ദിവസം രാവിലെ, ദലാല്‍ സ്ട്രീറ്റിലെ ഫ്രീ പ്രസ്സിന്റെ കുത്തനെയുള്ള പടികള്‍ കയറുമ്പോള്‍ – സദാനന്ദിനെ കണ്ടു, പതുക്കെ, ക്ഷീണിതനായി താഴേക്ക് അദ്ദേഹം ഇറങ്ങി വരികയായിരുന്നു. വൈകാരിക സമ്മര്‍ദ്ദത്താല്‍ അദ്ദേഹത്തിന്റെ മുഖം വാടിയിരുന്നു. അദ്ദേഹം അവസാനമായി ഓഫീസില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് ഞാന്‍ ഊഹിച്ചു. വര്‍ഷങ്ങളായി ഫ്രീ പ്രസ് ജേണല്‍ കഠിനാദ്ധ്വാനത്താല്‍ മുന്നോട്ടു നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും പലപ്പോഴും കനത്ത വില നല്‍കി. പോരാടുന്ന ഒരു ദേശീയ പത്രം എന്ന നിലയില്‍ ഫ്രീ പ്രസ്സിന് അദ്ദേഹം പ്രശസ്തി നേടിക്കൊടുത്തു. പക്ഷേ, സാമ്പത്തികമായി, അത് ഒരിക്കലും മുന്നേറിയില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ന്നു. ആ പടിക്കെട്ടുകളില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. ഞാന്‍ സദാനന്ദിന്റെ മുഖത്തേക്ക് നോക്കി. പക്ഷേ അദ്ദേഹം കണ്ണുകള്‍ വെട്ടിച്ചു. ഞാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹം പെട്ടെന്ന് നിന്നു എന്നിട്ട് പറഞ്ഞു.. ‘എന്നോടൊപ്പം വരരുത് ,’ അദ്ദേഹം അപേക്ഷിച്ചു, ‘ദൈവത്തെ വിചാരിച്ച് മുകളിലേക്ക് പോകൂ!’ അത് ഒരു തകര്‍ന്ന മനുഷ്യന്റെ അപേക്ഷയായിരുന്നു. ഞാന്‍ ഒരു നിമിഷം മടിച്ചു, പിന്നീട് അദ്ദേഹത്തിന്റെ അവസാന ആഗ്രഹത്തെ മാനിക്കാന്‍ തീരുമാനിച്ചു. ഒരു പത്രപ്രവര്‍ത്തകന് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച അവസരം എനിക്ക് നല്‍കിയ ആ മനുഷ്യനെ ഓര്‍ത്ത് എന്റെ ഹൃദയം തകര്‍ന്ന ഞാന്‍ വേദനയുടെ പടികള്‍ തിരിച്ച് കയറി”
പണത്തിന്റെ കുറവു മാത്രമായിരുന്നു സദാനന്ദിനെ കീഴ്‌പ്പെടുത്തിയത്. ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരോടും സ്വതന്ത്ര ഇന്ത്യയിലെ ധീരന്മാരോടും അദ്ദേഹം ഒരു ഇഞ്ച് പോലും വഴങ്ങാതെ പോരടിച്ചു. സ്വാതന്ത്യസമര കാലത്ത് മഹാത്മഗാന്ധിയോടൊക്കെ വിയോജിക്കുക മാത്രമല്ല അത് തന്റെ പത്രത്തില്‍ കൂടി പ്രഖ്യാപിക്കുകയും ചെയ്ത സദാനന്ദിനെപ്പോലെ ഒരു പത്രാധിപര്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഇല്ല.
രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും, രണ്ടും രണ്ടായിരുന്നു സദാനന്ദിന്. ഈ കാര്യത്തില്‍ അദ്ദേഹത്തിന് ഒരു തത്വമുണ്ടായിരുന്നു, ഒരു പത്രാധിപര്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകരുത് അഥവാ ഒരിക്കലും ഒരു സജീവ രാഷ്ട്രീയക്കാരനാകരുത്. സ്വാതന്ത്ര്യസമരകാലത്ത്, സദാനന്ദ് ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു, പക്ഷേ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. സ്വാതന്ത്ര്യാനന്തരവും, അദ്ദേഹം സ്വതന്ത്രനായി തുടര്‍ന്നു, തന്റെ പത്രാധിപസമിതിയിലുള്ളവരും അങ്ങനെയാവണമെന്ന് ഉറപ്പുവരുത്തി.
തന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ എം.വി. കാമത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നറിഞ്ഞപ്പോള്‍, സദാനന്ദ് അദ്ദേഹത്തെ വിളിച്ച് ഒരു അന്ത്യശാസനം നല്‍കി. ഒന്നുകില്‍ പാര്‍ട്ടി ഉപേക്ഷിക്കുക, അല്ലെങ്കില്‍ എന്റെ ജോലി ഉപേക്ഷിക്കുക! ഒടുവില്‍ കാമത്ത് പാര്‍ട്ടി ഉപേക്ഷിച്ചു!
മന്ത് ബാധിച്ച് വീര്‍ത്ത കാലുകളും, ചോറും രസവും മാത്രം കഴിച്ച് ജീവിച്ച്, ചൂടും തണുപ്പും ശ്രദ്ധിക്കാതെ, സദാനന്ദ് രാവും പകലും, എഡിറ്റിംഗ്, കോപ്പി, പത്രങ്ങള്‍ കൈകാര്യം ചെയ്തു, എഡിറ്റോറിയലുകള്‍ എഴുതി, പണത്തിനായി സാമ്പത്തിക സ്രോതസ്സ് തേടുകയും കടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞ് പണത്തിനും പ്രതിസന്ധിക്കും ഇടയില്‍ നീങ്ങി. എന്നിട്ടും അദ്ദേഹം പതാക പാറിച്ചു. അതായിരുന്നു ഇതിഹാസമായ ‘ഫ്രീ പ്രസ്സ് സദാനന്ദ്’ ഒരു സഹപ്രവര്‍ത്തകന്‍ എഴുതി.
സ്വഭാവവൈചിത്രം കൊണ്ട് ഒരു അസാധാരണ വ്യക്തിത്വമായിരുന്നു സദാനന്ദിന്റേത്. കടുത്ത മുന്‍കോപക്കാരന്‍, തന്റെ പത്രത്തിലെ സബ് എഡിറ്റര്‍മാരെ പലപ്പോഴും പിരിച്ചുവിടുകയും അതേപടി ശമ്പളക്കയറ്റത്തോടെ തിരിച്ചെടുക്കുകയും ചെയ്തു.
‘ പ്രതിഭാധനരായ പത്രപ്രവര്‍ത്തകരെ കണ്ടുപിടിക്കാന്‍ സദാനന്ദിനുണ്ടായ പാടവം അതുല്യമായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ എപ്പോഴും ടെന്‍ഷനിലായിരുന്നു. പക്ഷേ, പ്രചോദനം നല്‍കുന്ന ടെന്‍ഷനായിരുന്നു അത്. സ്‌നേഹം തോന്നുന്നവരെ ‘സാക്കു’ ചെയ്യുക അദ്ദേഹത്തിന്റെ ഒരു പതിവായിരുന്നു. ന്യൂസ് എഡിറ്റര്‍ എ.ഹരിഹരനെ മൂന്നു പ്രാവശ്യം പിരിച്ചുവിട്ടു. മൂന്നു പ്രാവശ്യവും തിരികെ വിളിച്ച് ശമ്പളക്കയറ്റം കൊടുത്ത് പ്രസാദിപ്പിച്ചു.’ ഫ്രീപ്രസ്സില്‍ ഉണ്ടായിരുന്ന, ഇതിനൊക്കെ സാക്ഷിയായ ടി. ജെ. എസ് ജോര്‍ജ് എഴുതി.
‘ചെറുപ്പത്തിലെ ബാധിച്ച മന്തുരോഗം അദ്ദേഹത്തിന്റെ കാലുകള്‍ ദുര്‍ബലമാക്കിയെങ്കിലും മനോധൈര്യം അതിശക്തമായിരുന്നു.’ അസാമാന്യ ഊര്‍ജ്ജമുള്ള ഒരു അതികായനായിരുന്നു സദാനന്ദ് ‘ ഒരു സഹപവര്‍ത്തകന്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു.
1957 മുതല്‍ മൂന്ന് പതിറ്റാണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റിപ്പോര്‍ട്ടറായിരുന്ന മലയാളിയായ കെ.സി. ജോണ്‍ തന്റെ പത്രപ്രവര്‍ത്തനം ആരംഭിച്ച ആദ്യ പത്രങ്ങളിലൊന്ന് ഫ്രീ പ്രസ്സ് ആയിരുന്നു. ഒരിക്കല്‍ ഈദ് പ്രാര്‍ത്ഥനയുടെ വാര്‍ത്ത നേരിട്ട് കാണാതെ ജോണ്‍ റിപ്പോര്‍ട്ടെഴുതി. അത് പ്രശ്‌നമായി. പോലീസ് ഫ്രീ പ്രസ്സില്‍ എത്തി. മാസപ്പിറ കാണാത്തതിനാല്‍ ഈദ് ആഘോഷം നടന്നിട്ടില്ല. ബോംബെയില്‍ ഹിന്ദു- മുസ്ലിം സംഘര്‍ഷം നിലനില്‍ക്കുന്ന കാലമാണ്. ഒടുവില്‍ പത്രത്തില്‍ തിരുത്ത് കൊടുത്ത് പ്രശ്‌നം പരിഹരിച്ചു.

പിറ്റേനാള്‍ സദാനന്ദ് ജോണിനെ വിളിച്ചു. എന്നിട്ട് പത്രപ്രവര്‍ത്തനത്തെ കുറിച്ച് ചെറിയ ഒരു ക്ലാസ്സ് നല്‍കി. എന്നിട്ട് സദാനന്ദ് പറഞ്ഞു. ഈദ് പ്രാര്‍ത്ഥന നടക്കുന്ന ആസാദ് മൈതാനത്തിനടുത്താണ് ടൈംസ് ഓഫ് ഇന്ത്യ. അവിടെ ഒരു ലഹള നടന്നിരുന്നെങ്കില്‍ ആ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയില്‍ വരും. ഫ്രീ പ്രസ്സ് ലേഖകന്‍ അവിടെ ഇല്ലാത്തതിനാല്‍ നമ്മുടെ പത്രത്തില്‍ ആ വാര്‍ത്ത വരില്ല. You didn’t deserve the meeting. But you wrote the report. So you are sacked. പിന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു and you are reinstated. പിരിച്ച് വിടലും തിരിച്ചെടുക്കലും നിമിഷങ്ങള്‍ കൊണ്ട് കഴിഞ്ഞു. സദാനന്ദിന്റെ ശൈലി അങ്ങനെയായിരുന്നു.
കെ.സി. ജോണ്‍ ഫ്രീ പ്രസ്സിലെ രസകരമായ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രഭാതങ്ങളിലും ഫ്രീ പ്രസ്സിന്റെ ഓഫീസില്‍ സദാനന്ദിന് മുഖക്ഷൗരം – ഷേവ് ചെയ്യാന്‍ ഒരു ബാര്‍ബര്‍ വരുമായിരുന്നു. ഇതിനായി കെട്ടിടത്തില്‍ ഒരു പ്രത്യേക മുറി തന്നെയുണ്ട്.
‘സ്റ്റേറ്റ് ബാര്‍ബര്‍’ എന്നാണ് ഞങ്ങള്‍ അയാളെ വിശേഷിപ്പിച്ചിരുന്നത് ജോണ്‍ എഴുതി. പില്‍ക്കാലത്ത് പത്രപ്രവര്‍ത്തകരെ വിശേഷിപ്പിക്കുന്ന ‘ക്ഷൗരം ചെയ്യല്‍ ‘ എന്ന് പരിഹാസ പദം കടന്നുവന്നതിന് ഒരു കാരണം ഈയൊരു സംഭവമാണ്. (ഒരിക്കല്‍ ഒരു പത്രസമ്മേളനത്തില്‍ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ‘സാറ് ഇന്ന് ഷേവ് ചെയ്തത് ശരിയായിട്ടില്ലല്ലോ?’ ഡി.എച്ചിന്റെ മറുപടി: ‘ഷേവ് ചെയ്ത് തരുന്നവരെല്ലാം പത്രക്കാരായി പോയതിനാല്‍ കിട്ടിയ ഒരാളെക്കൊണ്ട് ഷേവ് ചെയ്താണ് ഇവിടെ വന്നത്’.)
ഫ്രീപ്രസ് വിട്ട് ശമ്പളം കൂടുതല്‍ കിട്ടുന്ന മറ്റൊരു പത്രത്തിലേക്ക് കെ.സി. ജോണ്‍ മാറി. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ആ പത്രം പൂട്ടി. വിണ്ടും ജോണ്‍ സദാനന്ദിന്റെ അടുത്തെത്തി. ജോണിനെ കണ്ട മാത്രയില്‍ സദാനന്ദ് പറഞ്ഞു ‘ The doors of Free Press Journal are always open to you. Please go and report’ . വീണ്ടും 125 രൂപ വേതനത്തില്‍ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ജോണ്‍ റിപ്പോര്‍ട്ടറായി.
‘വ്യക്തികളെ വിലയിരുത്താനും അവരുടെ കഴിവുകള്‍ കണ്ടെത്താനും അദ്ദേഹത്തിന് അധികം നേരമൊന്നും വേണ്ടായിരുന്നു. മികച്ച ഒരു വിധികര്‍ത്താവായിരുന്നു അദ്ദേഹം”. സദാനന്ദിന്റെ കഴിവിനെകുറിച്ച് കെ.സി. ജോണ്‍ എഴുതി. ‘ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണ്‍ സദാനന്ദിന്റെ കണ്ടുപിടുത്തമാണ്. ലക്ഷ്മണ്‍ ഫ്രീ പ്രസ്സില്‍ വരച്ചു തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും നാളത്തെ ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റാവും ഈ പയ്യനെന്ന് സദാനന്ദ് വിലയിരുത്തിക്കഴിഞ്ഞിരുന്നു. മറ്റൊരു ഫ്രീ പ്രസ്സ് കാര്‍ട്ടൂണിസ്റ്റായ
ബാല്‍ താക്കറെയെ കണ്ടെത്തി വരക്കാന്‍ അവസരം നല്‍കിയതും സദാനന്ദ് തന്നെ.”
ഒരിക്കല്‍ ഫ്രീ പ്രസ്സിലെ ജോലിക്കിടയില്‍ ഒരു സഹപ്രവര്‍ത്തകന്റെ പെരുമാറ്റത്തില്‍ അലസോരപ്പെട്ട് കാര്‍ട്ടൂണിസ്റ്റ് താക്കറെ ജോലി രാജി വെച്ച് ഇറങ്ങിപ്പോയി. ഏറെ താമസിയാതെ സദാനന്ദ് ദാദറിലെ താക്കറെയുടെ വീട്ടിലെത്തി. ”ഫ്രീ പ്രസിന്റെ നെടുംതൂണുകളിലൊരാളാണ് താങ്കള്‍. ഉടനെ വന്ന് ഫ്രീ പ്രസ്സില്‍ വീണ്ടും ചേരുക”, സദാനന്ദ് പറഞ്ഞു. തന്റെ പ്രശ്‌നങ്ങള്‍ പറയാനൊരുങ്ങിയ താക്കറെയെ തടഞ്ഞ് സദാനന്ദ് പറഞ്ഞു, ”അതെല്ലാം എനിക്കറിയാം. എനിക്ക് വിടുക, ഞാന്‍ നോക്കിക്കോളാം. താങ്കള്‍ ഉടനെ ജോലിയില്‍ പ്രവേശിക്കുക. എത്ര പണം വേണം താങ്കള്‍ക്ക്?”
താക്കറെ ശാന്തനായി പറഞ്ഞു, ”താങ്കളോട് വില പേശാന്‍ എനിക്കാവില്ല! പണം എനിക്കാവശ്യമില്ല. താങ്കളോട് ബഹുമാനമുള്ള ഒരാളാണ് ഞാന്‍. എന്റെ വീട്ടിലെത്തി താങ്കള്‍ ആവശ്യപ്പെട്ടത് നിരസിക്കാനെനിക്ക് കഴിയില്ല. ഞാന്‍ വരാം.” ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സദാനന്ദിന്റെ പത്രപ്രവര്‍ത്തനത്തോട് തികഞ്ഞ മതിപ്പായിരുന്നു താക്കറെക്ക്. പിന്നീടാണ് ബാല്‍താക്കറെ കാര്‍ട്ടൂണ്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതും ശിവസേന സ്ഥാപിക്കുന്നതും.
സദാനന്ദ് മെട്രിക്കുലേഷന്‍ പോലും നേടിയിട്ടില്ലായിരുന്നു, പക്ഷേ സ്വയം പഠനത്തിലൂടെ അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രാവീണ്യം നേടി. പത്രപ്രവര്‍ത്തകനാകാനുള്ള ബിരുദം, യോഗ്യത, സര്‍ട്ടിഫിക്കറ്റുകളൊന്നും അദ്ദേഹം പരിഗണിച്ചിരുന്നില്ല. പത്രപ്രവര്‍ത്തകരെ നിയമിക്കുന്നതിനും അക്കാലത്തെ രീതികളില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിനൊരു ശൈലിയുണ്ടായിരുന്നു. അദ്ദേഹം നേരിട്ട് അഭിമുഖം നടത്തി ഒരാളെ നിയമിക്കുന്നു. പത്രത്തിന്റെ ജോലികള്‍ ഏല്പിക്കുന്നു. ഒരാഴ്ച കഴിഞ്ഞ ശേഷം അയാളുടെ ജോലി അദ്ദേഹത്തിന് തൃപ്തികരമാണെങ്കില്‍ ജോലിയില്‍ തുടരാം, അല്ലെങ്കില്‍ പുറത്തു പോകാം.
ഫ്രീ പ്രസ്സ് ജേര്‍ണലിലുണ്ടായിരുന്ന എം.കെ.ബി. നായര്‍ (മാധവ് കൃഷ്ണ ഭാസ്‌ക്കരന്‍ നായര്‍ പിന്നീട് ദി ഇക്കണോമിക്‌സ് ടൈംസിന്റെ മുതിര്‍ന്ന എഡിറ്റര്‍) ഇത്തരമൊരു കാര്യം തന്റെ അനുഭവക്കുറിപ്പില്‍ പറയുന്നുണ്ട്.
ഫ്രീ പ്രസ്സ് ജേര്‍ണലില്‍ അഭിമുഖത്തിനെത്തിയ എം. കെ. ബിയോട് സദാനന്ദ് പറഞ്ഞു.’
‘നിങ്ങളുടെ പെര്‍ഫോമന്‍സ് തൃപ്തികരമല്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ നിങ്ങളെ പിരിച്ചുവിടും.’
ഞാന്‍ പെര്‍ഫോം ചെയ്താലോ എം. കെ. ബി. ചോദിച്ചു.
സദാനന്ദ് പറഞ്ഞു ”എന്റെ കുട്ടീ, എങ്കില്‍ ഞാന്‍ നിങ്ങളെ എന്റെ പത്രത്തിന്റെ എഡിറ്ററാക്കും”
അഭിമുഖത്തിനിടെ ആരും സദാനന്ദിനോട് ഇത് പോലെ സംസാരിക്കാറില്ല സാധാരണ അദ്ദേഹം അപ്പോള്‍ തന്നെ ഗെറ്റ് ഔട്ട് അടിക്കും !
പക്ഷേ, അതുണ്ടായില്ല.
സദാനന്ദ് തുടര്‍ന്നു: ”നിങ്ങള്‍ക്ക് എപ്പോള്‍ ജോലിയില്‍ ചേരാന്‍ കഴിയും?”
”ഇപ്പോള്‍ തന്നെ സര്‍.”
”എങ്കില്‍ നാളെ നടരാജനെ കാണുക” എന്നോട് പറഞ്ഞു.
ഫ്രീ പ്രസിന്റെ സീനിയര്‍ എഡിറ്റര്‍ എസ്. നടരാജനെ കാണാന്‍ പിറ്റേന്നാള്‍ ഞാന്‍ നേരത്തെ എത്തി, മുഖവുരകളോ, മറ്റ് ഔദോഗിക ചടങ്ങുകളോ, അപ്പോയിന്റ്‌മെന്റ് ലെറ്ററോ, ഒന്നുമില്ല. അദ്ദേഹം ഒരു പ്രൂഫ് റീഡറെ വിളിച്ച് ഒരാഴ്ച, എന്നെ കൂടെ ഇരുത്താന്‍ ആവശ്യപ്പെട്ടു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സബ് എഡിറ്ററായി നിയമിതനായ ഞാന്‍, ഒരു പ്രൂഫ് റീഡറായി. പുതുമുഖങ്ങളെ പൊതുവെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണെന്ന് പിന്നീട് എനിക്ക് മനസ്സിലായി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു നല്ല, സംസ്‌കാരസമ്പന്നനായ, ഖാദി ധരിച്ച
ഒരു മനുഷ്യനെ ഞാന്‍ കണ്ടുമുട്ടി, മലയാളിയായ എം.വി. മാത്യു. അദ്ദേഹം ഫ്രീ പ്രസിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എന്നോട് വൈകുന്നേരം വന്ന് തന്നെ കാണാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം നടരാജന്റെ അടുത്ത് ചെന്ന് എന്നെ അവിശുദ്ധ തടവില്‍ നിന്ന് മോചിപ്പിച്ചു. മാത്യു എന്നെ ന്യൂസ് ഡെസ്‌കില്‍ കൊണ്ടുപോയി.’ അങ്ങനെ എന്റെ പത്രപ്രവര്‍ത്തനം ആരംഭിച്ചു.’
ഇന്‍ഡ്യയില്‍ പത്രങ്ങളില്‍ സ്‌പോര്‍ട്സിനുവേണ്ടി ആദ്യമായി ഒരു പേജ് നീക്കിവച്ചത് സദാനന്ദായിരുന്നു. ആദ്യമായി ഒരു പത്രത്തിന്റെ സ്‌പോര്‍ട്സ് സപ്ലിമെന്റ് പുറത്തിറക്കിയതും അദ്ദേഹം തന്നെ. ഫ്രീ പ്രസ്സിലെ സ്‌പോട്‌സ് പേജ് കൈകാര്യം ചെയ്ത ബോബി തലയാര്‍ ഖാന്‍ എന്ന പ്രശസ്തനായ സ്‌പോട്‌സ് റിപ്പോര്‍ട്ടറുടെ ലേഖനങ്ങള്‍, പ്രതേകിച്ചും ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ളവ രാജ്യത്തെ ഏറ്റവും മികച്ച ലേഖനങ്ങളായി അംഗീകരിക്കപ്പെട്ടു. അതേ സമയത്ത് ഫ്രീ പ്രസ്സ് ജേര്‍ണലില്‍ മനോഹരമായ സ്‌പോട്‌സ് ലേഖനങ്ങള്‍ എഴുതി തുടങ്ങിയ ഒരു 12 വയസ്സുകാരന്‍ പിന്നീട് കവിയും മികച്ച എഴുത്തുകാരനുമായി പേരെടുത്തു. ആ പയ്യന്റെ പേര് ഡോം മോറൈസ്’. പ്രശസ്തനായ എഡിറ്റര്‍ ഫ്രാങ്ക് മൊറൈയ്‌സിന്റെ മകന്‍.
പത്രത്തിന്റെ ഘടനയിലും രൂപത്തിലും പുതിയ ശൈലികള്‍ കൊണ്ടുവന്ന സദാനന്ദ് 1932-ല്‍ ഡോ. പി. വരദരാജുലു നായിഡുവില്‍നിന്ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’പത്രം വാങ്ങി. സദാനന്ദ് ഏതാനും മാസങ്ങള്‍ അത് നടത്തി, കൂടാതെ ‘ദിനമണി’ തമിഴ് ദിനപത്രം കൂടി ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ദിനമണി അതിന്റെ എതിരാളികളെ മറികടന്നു. പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ് സാമ്പത്തിക പ്രതിസന്ധിയിലായി, ബോബെയിലെ തന്റെ ഫ്രീപ്രസ്സില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി ഒടുവില്‍ സദാനന്ദ് അത് രാംനാഥ് ഗോയങ്കക്ക് വിറ്റു. ഗോയങ്കയുടെ കയ്യില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പത്രശൃംഖലയായ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മാറിയത് പിന്നീടുള്ള ചരിത്രം.
ഒരു ദേശീയവാദി എന്ന നിലയില്‍ രാജ്യത്തിന്റെ ഏകീകരണം പ്രോത്സാഹിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം പത്രങ്ങളാണെന്ന് വിശ്വസിച്ച സദാനന്ദ് ഇന്ത്യയിലെ എല്ലാ പ്രവിശ്യകളിലും ഒരു പത്രം ആരംഭിക്കാന്‍ ലക്ഷ്യമിട്ടു. 1932-ല്‍ ഗുജറാത്തി ദിനപത്രമായ നവ്ഭാരത് ആരംഭിച്ചു. 1934-ല്‍ മദ്രാസില്‍ തമിഴ് ദിനപത്രമായ ദിനമണി, ബോംബെയില്‍ നവശക്തി എന്ന മറാത്തി ദിനപത്രം, കല്‍ക്കത്തയില്‍ ഇംഗ്ലീഷ് ദിനപത്രമായ ഫ്രീ ഇന്ത്യ എന്നിവ ഇതേ ലക്ഷ്യത്തിനായി സ്ഥാപിച്ചവയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ അഭിപ്രായത്തില്‍, ”നിര്‍ദ്ദിഷ്ട പത്രങ്ങള്‍ക്കായി അദ്ദേഹം വാങ്ങിയ നൂറുകണക്കിന് ലിനോ ടൈപ്പ് മെഷീനുകള്‍ വാങ്ങിക്കൂട്ടിയത് ഗോഡൗണുകളില്‍ വെറുതെ കിടന്നു. ‘അദ്ദേഹം അമിതമായ അഭിലാഷം പ്രകടിപ്പിച്ച, ഒന്നിലധികം ലക്ഷ്യങ്ങള്‍ ഉന്നം വെയ്ക്കുകയും ചെയ്ത ഒരാളായിരുന്നു”
ഫ്രീപ്രസ്സ് ജേര്‍ണല്‍ ഒട്ടേറെ പേരുടെ പത്രപരിശീലന കളരിയായിരുന്നു. ഒട്ടേറെ പ്രശസ്തരായ പത്രപ്രവര്‍ത്തകര്‍ അവിടെ നിന്ന് തങ്ങളുടെ പരിശീലനം ആര്‍ജ്ജിച്ചവരാണ്. ഏഷ്യാവീക്ക് മാസികയുടെ സ്ഥാപക എഡിറ്ററായ ടി.ജെ.എസ്. ജോര്‍ജ് പത്രപ്രവര്‍ത്തനം ആരംഭിച്ചത് ഫ്രീ പ്രസ്സിലൂടെയാണ്. ഫ്രീ പ്രസ്സിന്റെ ഞായറാഴ്ച പതിപ്പായ ‘ഭാരത് ജ്യോതി’ യിലാണ് ടി.ജെ.എസിന്റെ പ്രശസ്തമായ യാത്രാ വിവരണമായ ‘ നാടോടിക്കപ്പലില്‍ നാലുമാസം’ പരമ്പരയായ് വന്നത്. താക്കറെയായിരുന്നു അതിന്റെ പടങ്ങള്‍ പത്രത്തില്‍ വരച്ചത്. ഇന്ത്യന്‍ പത്ര രംഗത്തെ ഏറ്റവും പ്രശസ്തരായ പത്രപ്രവര്‍ത്തകരായ എം.വി.കാമത്ത്, രജത് ശര്‍മ്മ, എം.ജെ.അക്ബര്‍, എസ്.എ.സബാവാല, ഡോം മൊറൈസ് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.
ബോബെയിലെ മലയാളി പത്രപ്രവര്‍ത്തകരുടെ ഒരു ഹബ്ബ് തന്നെയായിരുന്നു ഫ്രീ പ്രസ്സ്. എം.പി. മേനോന്‍, എം. ശിവറാം, ടി.ജെ.എസ് ജോര്‍ജ്ജ്, പി.കെ. രവീന്ദ്രനാഥ്, ഹരിഹരന്‍, എം.വി. മാത്യു, കെ. ശിവറാം, എം.കെ.ബി നായര്‍, രവീന്ദ്രന്‍ തുടങ്ങിയ പ്രശസ്തരായ മലയാളി പത്രക്കാരുടെ കൂട്ടായ്മയായിരുന്നു എപ്പോഴും ഫ്രീ പ്രസ്സിന്റെ നെടുംതൂണായത്.
ബോംബെയില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന കായംകുളത്തുകാരന്‍ ശങ്കരപ്പിള്ള ആദ്യം വരച്ച് തുടങ്ങിയത് ഫ്രീ പ്രസ്സിലായിരുന്നു. അത് ശ്രദ്ധിച്ച വിഖ്യാത എഡിറ്റര്‍ പോത്തന്‍ ജോസഫാണ് അയാളെ ഡല്‍ഹിയിലേക്ക് വിളിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ കാര്‍ട്ടുണിസ്റ്റാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന, പിന്നീട് ലോക പ്രശസ്തനായി മാറിയ അയാള്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്നറിയപ്പെട്ടു.
ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ ആദ്യത്തെ എഡിറ്റായ മലയാളിയാണ് എടത്തട്ട നാരായണന്‍(1958).

മദ്രാസില്‍ തിരികെ എത്തിയ സദാനന്ദ് ഭാര്യ സാഗരവതിയോടും രണ്ട് മക്കളോടൊപ്പം മൈലാപ്പൂരില്‍ താമസമാക്കി. ഏറെ താമസിയാതെ അദ്ദേഹം അസുഖബാധിതനായി ആരോഗ്യം വഷളായി.
നേരെത്തെയുള്ള മന്തുരോഗം മൂലമുണ്ടായ മറ്റു അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പനി എന്നിവയാല്‍ അവശനായ അദ്ദേഹത്തെ മൈലാപ്പൂരിലെ സെന്റ് ഇസബെല്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെ 53ാം വയസ്സില്‍, 1953 നവംബര്‍ 17 ന് സദാനന്ദ് അന്തരിച്ചു.
തന്റെ സമകാലീനനും, പോരാളിയുമായ എഡിറ്റര്‍ സദാനന്ദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ചരമക്കുറിപ്പില്‍ പോത്തന്‍ ജോസഫ് എഴുതി: ‘എസ്.സദാനന്ദിന്റെ പ്രതിമ സ്ഥാപിക്കുകയാണെങ്കില്‍ മാര്‍ബിളിലല്ല, വെങ്കലത്തിലായിരിക്കണം. കാരണം ഏതു ആപത്തിനെയും അജയ്യനായി നേരിടാനുള്ള ആത്മശക്തി അദ്ദേഹത്തിനുണ്ടായിരുന്നു’
‘സദാനന്ദ് സ്വപ്നം കണ്ട സ്വതന്ത്രമാധ്യമ വ്യവസ്ഥ അദ്ദേഹത്തോടൊപ്പം മണ്‍മറഞ്ഞു. പക്ഷേ, പത്രപ്രവര്‍ത്തനത്തിന്റെ മാര്‍ഗദര്‍ശികളിലൊരാളായി തലമുറകളുടെ സ്മരണയില്‍ അദ്ദേഹം ജീവിക്കുന്നു’ ടി.ജെ.എസ് ജോര്‍ജ് എഴുതി.
Content Summary: Today is the death anniversary of Swaminath Sadanand