June 05, 2026 |
Avatar
അമർനാഥ്‌
Share on

‘ഋഷ്യശ്യംഗന്റെ പുസ്തകം’ ;  മഴക്കാലം മഴയുടെ രസവും രഹസ്യങ്ങളും

മഴയെന്ന വിസ്മയത്തിന്റെ ഉള്ളറകളിലേക്ക് ഒരു യാത്ര

അപൂര്‍വമായ വായനാനുഭവം കാഴ്ച്ചവയ്ക്കുന്ന, മഴയെക്കുറിച്ചുള്ള ഒരു മലയാള പുസ്തകം. മഴയെന്ന വിസ്മയത്തിന്റെ ഉള്ളറകളിലേക്ക് ഒരു യാത്ര.

നന്തനാരുടെ ഒരു കഥാസമാഹാരത്തില്‍ ‘ഒരു വര്‍ഷകാലരാത്രി’ യെന്നൊരു കഥയുണ്ട്. തിരുവാതിര ഞാറ്റുവേലക്കാലത്ത് മഴ കാണാനുള്ള കൊതികൊണ്ട് സേലത്ത് നിന്ന് ലീവിന് വീട്ടില്‍ വരുന്ന ഒരാളുടെ കഥ. അയാള്‍ വീട്ടിലെത്തിയപ്പോള്‍ വര്‍ഷകാലമായിട്ടും മഴ പെയ്യുന്നുണ്ടായിരുന്നില്ല. പെയ്യാനുള്ള ഒരു ലക്ഷണവും അന്ന് ഉണ്ടായിരുന്നില്ല.

‘ഒരീസങ്കിലൊരീസം മഴക്കാലത്ത് ബ്‌ടെ കൂടാന്ന് കരുതിയിട്ടാണ് വന്നത്. ലോസ് ഓഫ് പേയിലാണ് ലീവ് എടുത്തിരിക്കുന്നത്. ഇപ്പോള്‍ വേണ്ടിര്‍ന്നില്ലാ എന്നു തോന്നാണ്.’ അയാള്‍ പറഞ്ഞു. പെട്ടെന്ന് ഭാര്യയുടെ മുഖം മങ്ങിയത് അയാള്‍ ശ്രദ്ധിച്ചു. ഗര്‍ഭിണിയായ ഭാര്യയെ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു. ‘മഴയില്ലെങ്കില്‍ പോട്ടെ, എന്റെ തങ്കം ഇവിടെയുണ്ടല്ലോ’. ഭാര്യ പരിഭവത്തോടെ ചിരിച്ചപ്പോള്‍ അയാള്‍ക്ക് സമാധാനമായി.

First edition 2005

ആദ്യ പതിപ്പ് 2005

കാറ്റ് തണുതണുത്ത കാറ്റ് മൂളിക്കൊണ്ടെത്തി. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഉലഞ്ഞാടി. മഴ പെയ്തു വരുന്ന ശബ്ദം കേള്‍ക്കുന്നു. വടക്കുഭാഗത്തു നിന്നാണ് പെയ്തു വരുന്നത്. ഒരു നിമിഷത്തിനകം മഴ ഇരമ്പി പെയ്യാന്‍ തുടങ്ങി. തുമ്പിക്കൈ വണ്ണത്തില്‍ത്തന്നെയെന്നു പറയാം. മഴ പെയ്തു തുടങ്ങി. അയാള്‍ മുറ്റത്തു മഴ കൊണ്ടു കൊണ്ടു നിന്നു. ഭാര്യ ഉമ്മറക്കോലായിലേക്ക് ഓടി വന്നു പരിഭ്രമത്തോടെ പറഞ്ഞു. ‘എന്താദ് സൂക്കേടു വിളിച്ചു വരുത്തണോ?’
‘ മഴ കൊണ്ടാല്‍ നിനക്കൊരു സൂക്കേടും പിടിക്കില്ല. ശരി, ഞാന്‍ മഴയത്തു നിന്ന് കുളിക്കാന്‍ പൊവ്വാണ്.’
രാത്രി കിടക്കുമ്പോള്‍ അയാള്‍ അവളെ ആസക്തിയോടെ തന്നിലേക്കടുപ്പിച്ചു. അവള്‍ അവ്യക്തമായി എന്തോ പറഞ്ഞൊന്നു മൂളി. പുറത്ത് മഴയുടെ ശക്തി കൂടിക്കൂടി വരികയായിരുന്നു. നല്ലൊരു വര്‍ഷക്കാലരാത്രി!

വായിച്ച് തീരുമ്പോള്‍ മഴയുടെ നനവും, തണുപ്പും മനസിലും ശരീരത്തിലും പടരുന്ന അനുഭൂതിയുണര്‍ത്തുന്ന നന്തനാരുടെ മനോഹരമായ കഥയാണിത്. അരനൂറ്റാണ്ട് മുന്‍പ് പാലക്കാട്ടെ ഏതോ ഒരു ലോഡ്ജ് മുറിയില്‍ അകാലത്തില്‍ ജീവനൊടുക്കിയ കഥാകാരന്‍ നന്തനാരുടെ ഇഷ്ട വിഷയമായ മഴ അദ്ദേഹത്തിന്റെ പല കഥകളിലും പെയ്തിട്ടുണ്ട്. ആദ്യമായി ചെറുകഥകളില്‍ മഴയുടെ ആസക്തി ചേര്‍ത്ത് പിടിച്ച കഥാകാരനായിരുന്നു അദ്ദേഹം. യാഗം ചെയ്ത് മഴ പെയ്യിച്ച ഋഷ്യശ്യംഗനെപ്പോലെ നമ്മുടെ ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കാലവര്‍ഷവും കഥകളിലൂടെ പെയ്യിച്ച നന്തനാര്‍ മഴക്കഥകളിലൂടെ അവിസ്മരണീയനായി.

Tom j mangatt

ടോം ജെ മങ്ങാട്ട്

വീണ്ടുമൊരു മഴക്കാലമെത്തി. ‘മഴക്കാലം’ മഴയുടെ രസവും രഹസ്യങ്ങളും എന്ന പുസ്തകം കയ്യിലെത്തിയപ്പോള്‍ മഴയെ എഴുത്തിലൂടെ വശീകരിപ്പിച്ച നന്തനാരെ ഒരിക്കല്‍ കൂടി ഓര്‍ത്തു. ഋഷ്യശൃംഗന്റെ പുസ്തകം എന്ന് പറയാവുന്ന ടോം ജെ മങ്ങാട്ട് എഡിറ്റ് ചെയ്ത ഈ പുസ്തകം മഴയുടെ രസവും രഹസ്യവും അക്ഷരങ്ങളിലൂടെ നമുക്ക് പകരുന്നു. അക്ഷരങ്ങളില്‍ കൂടി മഴയെ പ്രണയിച്ചവരില്‍ തകഴി മുതല്‍ കുഞ്ഞുണ്ണി വരെയുണ്ട്, തിരുവള്ളുവരുടെ മഴ ചിന്തകള്‍ ഉണ്ട്.

കവിതയുമായി ഇടശ്ശേരിയും, സുഗതകുമാരിയും, മഴയുടെ പുരാണവുമായി ഡി. സന്തോഷും ബൈബിളിലെ മഴയുമായി ഡോക്ടര്‍ ജോര്‍ജ് മങ്ങാട്ടുമുണ്ട്. മലബാര്‍ കളക്ടറായ വില്യം ലോഗനുമുണ്ട്. കേരളത്തിലെ മണ്‍സൂണിനെ പിന്‍തുടര്‍ന്ന് ‘Chasing the Monsoon’ എന്ന വിഖ്യാത പുസ്തകമെഴുതിയ ലണ്ടന്‍ ഒബ്‌സര്‍വറിലെ ബ്രിട്ടീഷ്-ഓസ്‌ട്രേലിയന്‍ പത്രപ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ ഫ്രേറ്ററുണ്ട്.

മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്‍ സായിപ്പ് മഴയുടെ പ്രവചനം തേടുന്നത്, താന്‍ മലബാര്‍ മാന്വലില്‍ എഴുതിയ കൗതുകകരമായ, പഴയ കാലത്തെ കാലാവസ്ഥ ക്ലിപ്തയുടെ ഉത്തമ സാക്ഷ്യമാണെന്ന് അറിയുക. ആ പ്രവചനം ഇങ്ങനെ- ലോഗന്‍ കുറിക്കുന്നു ‘കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം എടുത്ത് പറയേണ്ടതായ കാര്യം അതിന്റെ കൃത്യതയാണ്. ഈ ഗ്രന്ഥകര്‍ത്താവിനുണ്ടായ ഒരു അനുഭവം പറയാം. ഒരു ഫെബ്രുവരി മാസം അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആണ്. കാലവര്‍ഷം എപ്പോള്‍ ഉണ്ടാകുമെന്ന് ഓരാളോട് അന്വേഷിക്കാനിടയായി. അളന്നു മുറിച്ചതു പോലെ അപ്പോള്‍ത്തന്നെ മറുപടി കിട്ടി. ‘മാര്‍ച്ച് 22 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആദ്യത്തെ മഴച്ചാറല്‍കിട്ടും.’ പറഞ്ഞതു പോലെ സംഭവിക്കുകയും ചെയ്തു; ഒരു അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തില്‍ ! ഒരു ഊഹാപോഹം വെച്ച് തട്ടി വിട്ടതല്ല ഇതെന്ന് പറയേണ്ടതുണ്ട്. മാര്‍ച്ച് 22 മഹാ വിഷുപദ സമയമാണ്. സൂര്യന്‍ ഭൂമദ്ധ്യരേഖയെ കടക്കുന്ന കാലം. രാത്രിയും പകലും തുല്യമായിരിക്കും. അന്ന് ഉച്ചതിരിഞ്ഞ് 2 മണിയെന്നാല്‍ സമുദ്രത്തില്‍ നിന്നുള്ള കാറ്റും കരയില്‍ നിന്നുള്ള കാറ്റും പരസ്പരം ഏറ്റു മുട്ടുന്ന സമയവും . ആ സമയമെത്തുമ്പോള്‍ കിഴക്കന്‍ മലയോരങ്ങളില്‍ നിന്നുള്ള ആദ്യത്തെ ഇടിമുഴക്കങ്ങളുടെ പ്രതിധ്വനി കേള്‍ക്കാം. പിന്നീട് മഴയും. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കര്‍ഷകന്റെ കാലാവസ്ഥയെ കുറിച്ചുള്ള കൃത്യമായ നിരീക്ഷണമാണ് ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ഒരു പരസ്പരബന്ധം.

പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ശ്രദ്ധേയമായ ‘Chasing the Monsoon’ പുറത്തുവന്നു. 35 വര്‍ഷം കഴിഞ്ഞിട്ടും ഇനിയും മലയാളത്തില്‍ മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് മഴ പോലെ ഒരു അത്ഭുതം തന്നെയാണ്. അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ സായിപ്പ് മണ്‍സൂണ്‍ പ്രതിഭാസത്തെക്കുറിച്ച് കേട്ടറിഞ്ഞ് 1987 ല്‍ കേരളത്തില്‍ വന്നു. തിരുവനന്തപുരത്ത് നിന്ന് ഇടവപ്പാതി മഴയ്‌ക്കൊപ്പം വടക്കു കിഴക്ക് ചിറാപ്പുഞ്ചി വരെ അദ്ദേഹം സഞ്ചരിച്ചു. കൊച്ചിയിലെ കോഫി ഷോപ്പില്‍ ഇരിക്കുമ്പോള്‍ മഴകളുടെ രാജാവായ മണ്‍സൂണ്‍ കാതടപ്പിക്കുന്ന ഇടിമുഴക്കത്തോടെ കൊച്ചിയില്‍ പ്രവേശിക്കുന്ന രംഗം ഫ്രേറ്റര്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത് ഈ മഴപ്പുസ്തകത്തില്‍ ഒരു അദ്ധ്യായമായി ചേര്‍ത്തിട്ടുണ്ട്. അലക്‌സാണ്ടര്‍ ഫ്രേറ്ററേയും ചേസിങ് ദി മണ്‍സൂണിനെയും ഇനിയും അറിയാത്തവര്‍ക്കും വായിക്കാത്തവര്‍ക്കും വിലപ്പെട്ട ഒരു വഴികാട്ടിയാണ്.

ഫ്രേറ്റര്‍ എഴുതുന്നു. ‘ഞാന്‍ വാതില്‍ തുറന്ന് മഴയിലേക്കിറങ്ങി. നാണയങ്ങള്‍ കിലുങ്ങി വീഴുന്ന പോലെ മഴത്തുള്ളികള്‍ ഹോട്ടലിന്റെ നടവഴിയില്‍ വീണു ചിതറി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഞാനാകെ നനഞ്ഞു കുതിര്‍ന്നു. അപ്പോഴാണ് കൗതുകകരമായ ആ കാഴ്ച കണ്ടത്. കോഫി ഹൗസിന്റെ വാതില്‍പ്പാളികള്‍ തുറന്നു പിടിച്ചിരിക്കുകയാണ് രണ്ട് വെയ്റ്റര്‍മാര്‍. ഒരു വലിയ സംഘം ആളുകള്‍ അതിലൂടെ ഇരച്ചു വന്ന് മഴയിലേക്കിറങ്ങി നനഞ്ഞു കുതിര്‍ന്നു; കോട്ടും സൂട്ടുമിട്ട പുരുഷന്മാര്‍, സില്‍ക്ക് സാരി ചുറ്റിയ സ്ത്രീകള്‍! അവര്‍ മഴയെ സ്വീകരിക്കാന്‍ കൈകളും മുഖങ്ങളും ആകാശത്തേക്കുയര്‍ത്തി’ കൊച്ചി മണ്‍സൂണിനെ വരവേറ്റതാണ് ഈ കാഴ്ച.

frater book

ഡച്ചുകാര്‍ കുരുമുളകിന്റെ തല കൊണ്ടു പോയപ്പോള്‍ അവര്‍ തിരുവാതിര ഞാറ്റുവേല കൊണ്ടു പോകില്ലല്ലോ എന്ന് സാമൂതിരി രാജാവ് ആശ്വസിച്ച കാര്യം സായിപ്പിന് അറിയാമോ എന്നറിയില്ല. എന്നാല്‍ മഴ പെയ്യുന്നത് കാണാന്‍ വേണ്ടി തന്റെ അടുത്ത സിനിമ മാറ്റി വെച്ചു എന്ന് സംവിധായകന്‍ പ്രിയദര്‍ശനെ ചൊടിപ്പിക്കാന്‍ മഴ ചിത്രങ്ങള്‍ എന്ന ഇതിലെ കുറിപ്പിലൂടെ പറയുന്ന സത്യന്‍ അന്തിക്കാടിനെ നാമറിയുന്നു. ”എനിക്ക് മഴ കാണണം. മഴ ആസ്വദിക്കണം. നല്ല മഴ പെയ്യുമ്പോള്‍ അന്തിക്കാട്ടെ എന്റെ വീടിന്റെ വരാന്തയില്‍ ചാരുകസേരയിലിരുന്ന് പുസ്തകം വായിക്കണം. കട്ടന്‍ കാപ്പിയും മുറുക്കും കഴിക്കണം. മഴയെ തീവ്രമായി ഇഷ്ടപ്പെടുന്ന മറ്റൊരു നാട്ടിന്‍പുറത്തുകാരന്‍ സത്യന്‍ അന്തിക്കാട് എഴുതുന്നു. ‘അതിനൊക്കെ ശേഷമേ അടുത്ത സിനിമ തുടങ്ങു’ സത്യന്‍ പറയുന്നു.

ഇതിലുള്ളത് മറ്റെവിടേയും ഉണ്ടായേക്കാം ഇതിലില്ലാത്തത് മറ്റൊരിടത്തും ഉണ്ടാകില്ല എന്ന് മഹാഭാരതത്തെ കുറിച്ച് വിശേഷിപ്പിക്കാറുണ്ട്. മഴ പുസ്തകം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഈ വചനമാണ്. മഴയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടത് എല്ലാം, ഏതും എന്തും ഈ മഴപ്പുസ്തകത്തിലുണ്ട്.

50 വര്‍ഷം മുന്‍പ് മണ്‍സൂണ്‍ കേരളത്തില്‍ വന്നത് എന്നാണെന്ന് അറിയണോ ? മഴ പ്രമേയമായ മലയാള സിനിമകള്‍ ഏതൊക്കെയാണ് ? ബൈബിളില്‍ പെയ്ത മഴയുടെ പ്രത്യേകത എന്താണ്? ഹിന്ദുപുരാണത്തില്‍ മഴയുടെ ദേവനാര്? 99 ലെ വെള്ളപ്പൊക്കത്തിന്റെ സവിശേഷത? ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജും മഴയും തമ്മില്‍ എന്താണ് ബന്ധം ? മഴക്കാലത്ത് എന്തുകൊണ്ട് കര്‍ക്കിടകക്കഞ്ഞി കുടിക്കുന്നു? മണ്‍സൂണ്‍ എന്ന പേര് എങ്ങനെ വന്നു? എല്ലാറ്റിനും ഉത്തരം ഈ മഴപ്പുസ്തകം തരും.

ദുബായിയിലെ മഴയെ കുറിച്ചറിയണോ ? കൊടകരപുരാണക്കാരന്‍ സജീവ് എടത്താടന്‍ എഴുതിയിട്ടുണ്ട്. പണ്ടത്തെ മഴ എങ്ങനെ? കവി കുഞ്ഞുണ്ണി പറഞ്ഞു തരുന്നു. തിരുവള്ളുവര്‍ എഴുതിയ മഴയുടെ മാഹാത്മ്യം ഇതില്‍ വായിക്കാം. മഴയുമായി ബന്ധപ്പെട്ട പരശതം ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ഈ പുസ്തകം.

20 വര്‍ഷം മുന്‍പ്, 2005 ല്‍ ആദ്യമായി പുറത്തുവന്ന ഇതിന്റെ ആദ്യ പതിപ്പിലെ രസവും കൗതുകവും പുതിയ പതിപ്പില്‍ നിലനില്‍ക്കുന്നതോടെപ്പം പുതിയ മഴയനുഭവങ്ങള്‍ കൂടി ഇതില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. കുറേക്കൂടി വിപുലീകരിച്ച 7-ാംപതിപ്പാണ് ഇത്.

മലയാളത്തില്‍ മഴയെക്കുറിച്ച് പുറത്തുവന്ന, സമഗ്രവും വ്യത്യസ്തവുമായ ഈ പുസ്തകം എഡിറ്റ് ചെയ്ത ടോം ജെ മങ്ങാട്ടും പ്രസാധകരായ ഇന്ദുലേഖയും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

mazhakkalam book

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു രാത്രിയില്‍ മഴ പെയ്‌തൊഴിഞ്ഞ ശേഷം ഒരു പഴയ തറവാട്ടു വീടിന്റെ മുകളിലെ വരാന്തയില്‍ ഗ്ലാസ് പാളികളുള്ള ജനല്‍ തുറന്ന് ഇരുട്ടിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന ലോലമായ ശബ്ദത്തെ മറികടന്ന്, ട്രാന്‍സിസ്റ്റര്‍ റേഡിയോവില്‍ നിന്ന് കേട്ട ‘ഹര്‍ഷബാഷ്പം തൂകി വര്‍ഷ പഞ്ചമി വന്നു.’,ജയചന്ദ്രന്റെ ഗാനം മഴത്തുള്ളികളുടെ ശബ്ദത്തോടൊപ്പം ആ പാട്ട് അന്ന് മനസിലലിഞ്ഞ് ചേര്‍ന്നതാണ്. ‘ മഴക്കാലം’ മഴയുടെ രസവും രഹസ്യങ്ങളും’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് കയ്യിലെത്തിയപ്പോള്‍ ഓര്‍മ്മകള്‍ ഒരു നിമിഷം കൊണ്ട് ആ പഴയ രാത്രിയിലേക്ക് പോയി. നാല് മാസം മുന്‍പ് വിടവാങ്ങിയ ജയചന്ദ്രന്റെ ആലാപന ഭാവമുള്‍കൊണ്ട ഘനഗംഭീരമായ ശബ്ദം . ‘അകലയെന്‍ കിനാക്കളുമായി ഞാനിരിക്കുന്നു സഖീ ‘യെന്ന വരികള്‍ കേട്ടപ്പോള്‍ ഒരിക്കല്‍ക്കൂടി മഴയുടെ സൗന്ദര്യം മനസില്‍ ചെയ്തു. മഴ പെയ്യുമ്പോള്‍, തെളിയുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായി ആ നിമിഷങ്ങള്‍ മനസ്സില്‍ ഇന്നും സൂക്ഷിക്കുന്നു.

മഴക്കാലം ‘മഴയുടെ രസവും രഹസ്യങ്ങളും’
എഡിറ്റര്‍- ടോം ജെ മങ്ങാട്ട്
പ്രസാധനം: ഇന്ദുലേഖ
വില: 299

Content Summary: Tom j mangatt book; the joy and secrets of the rainy season

Leave a Reply

Your email address will not be published. Required fields are marked *

×