ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ, അമേരിക്കയുടെ പക്കലുള്ള തന്ത്രപ്രധാനമായ ടോമാഹോക്ക് മിസൈലുകളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. നാല് ആഴ്ച നീണ്ടുനിന്ന സംഘര്‍ഷത്തിനിടെ 850-ലധികം മിസൈലുകള്‍ യുഎസ് സൈന്യം വിക്ഷേപിച്ചതായാണ് വിവരം. മിസൈലുകളുടെ ഈ അമിത ഉപയോഗം പസഫിക് മേഖലയുള്‍പ്പെടെയുള്ള മറ്റ് തന്ത്രപ്രധാനമായ ഇടങ്ങളിലെ സൈനിക സുരക്ഷയെ ബാധിക്കുമെന്ന് പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടോമാഹോക്ക് മിസൈലുകളുടെ ഉത്പാദന നിരക്കും ഉപയോഗവും തമ്മിലുള്ള വലിയ വ്യത്യാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഒരു ടോമാഹോക്ക് മിസൈല്‍ നിര്‍മ്മിക്കാന്‍ ഏകദേശം 3.6 മില്യണ്‍ ഡോളര്‍ (ഏകദേശം 30 കോടി രൂപ) ചിലവ് വരും. ഒരു മിസൈല്‍ പൂര്‍ണമായും സജ്ജമാക്കാന്‍ രണ്ട് വര്‍ഷം വരെ സമയമെടുക്കും.
പ്രതിരോധ ബജറ്റില്‍ കഴിഞ്ഞ വര്‍ഷം വെറും 57 മിസൈലുകള്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ഇതിന്റെ പത്തിരട്ടിയിലധികം മിസൈലുകളാണ് വിക്ഷേപിക്കപ്പെട്ടത്. യുദ്ധം തുടങ്ങുമ്പോള്‍ യുഎസ് നാവികസേനയുടെ പക്കല്‍ ഏകദേശം 3,100 ടോമാഹോക്കുകള്‍ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഇതില്‍ നാലിലൊന്ന് ഭാഗവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉപയോഗിച്ചു തീര്‍ത്തു.
മിഡില്‍ ഈസ്റ്റില്‍ ഉടനടി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മിസൈലുകള്‍ പൂര്‍ണ്ണമായും തീര്‍ന്നുപോകാമെന്നും, ഇത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ആയുധശേഖരത്തെ ആശ്രയിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ മാര്‍ക്ക് കാന്‍ഷ്യന്‍ നിരീക്ഷിക്കുന്നത് പ്രകാരം, ഈ കുറവ് പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ യുഎസിന്റെ പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ക
ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, സൈന്യം ദുര്‍ബലമാണെന്ന വാര്‍ത്തകളെ പെന്റഗണ്‍ തള്ളിക്കളഞ്ഞു. ‘പ്രസിഡന്റ് തീരുമാനിക്കുന്ന ഏത് സമയത്തും ഏത് ദൗത്യവും നിര്‍വഹിക്കാനുള്ള ശേഷി അമേരിക്കന്‍ സൈന്യത്തിനുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തെ ദുര്‍ബലമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.’ പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ പറഞ്ഞു.
യുഎസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ലക്ഷ്യം കാണാന്‍ ആവശ്യമായ ആയുധശേഖരം നിലവിലുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ആയുധ വിതരണം വേഗത്തിലാക്കാന്‍ പെന്റഗണ്‍ മേധാവി പ്രതിരോധ നിര്‍മ്മാണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1991-ലെ ഗള്‍ഫ് യുദ്ധം മുതല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പടക്കുതിരയാണ് ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍. 1,000 മൈലിലധികം സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവ കപ്പലുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാം. ശത്രുരാജ്യത്തിന്റെ ശക്തമായ പ്രതിരോധ വ്യൂഹങ്ങള്‍ തകര്‍ക്കാന്‍ പൈലറ്റുമാരുടെ സഹായമില്ലാതെ തന്നെ ഇവയ്ക്ക് സാധിക്കും എന്നതാണ് പ്രത്യേകത.
നിലവിലെ സാഹചര്യത്തില്‍, കുറഞ്ഞുവരുന്ന ആയുധശേഖരങ്ങളുടെ കുറവ് നികത്താന്‍ വര്‍ഷങ്ങളോളം വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇത് ആഗോളതലത്തില്‍ അമേരിക്കയുടെ സൈനിക തന്ത്രങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ട് തന്നെ അറിയണം.
Content Summary: Tomahawk crisis: can operation epic fury sustain global defense demands?