ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ കാനഡയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 100% നികുതി ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഈ ഭീഷണിക്കൊപ്പം മറ്റൊരു വെളിപ്പെടുത്തലും അമേരിക്കന്‍ പ്രസിഡന്റ് നടത്തി. വെനിസ്വേലയില്‍ നിന്ന് പിടിച്ചെടുത്ത കപ്പലുകളിലെ എണ്ണ അമേരിക്ക സ്വന്തമാക്കിയെന്നതായിരുന്നു ആ വെളിപ്പെടുത്തല്‍.
യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ചൈനയുടെ ഒരു ‘ഡ്രോപ്പ് ഓഫ് പോര്‍ട്ട്’ ആയി കാനഡയെ മാറ്റാനാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ശ്രമിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നല്‍കിയത്.
ചൈന കാനഡയെ ജീവനോടെ വിഴുങ്ങും. കാനഡയിലെ ബിസിനസുകളെയും സാമൂഹിക ഘടനയെയും ജീവിതരീതിയെയും അത് പൂര്‍ണമായും നശിപ്പിക്കും. കാനഡ ചൈനയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍, അമേരിക്കയിലേക്ക് വരുന്ന എല്ലാ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഉടന്‍ തന്നെ 100% ടാരിഫ് ചുമത്തും,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.
മറ്റ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് സ്ഥിരമായി താരിഫ് ഭീഷണികള്‍ ഉപയോഗിക്കാറുണ്ട്. നേരത്തെ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ താരിഫ് ഭീഷണി അദ്ദേഹം പിന്‍വലിച്ചിരുന്നു. ഗ്രീന്‍ലാന്‍ഡിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പരമാധികാരം അമേരിക്കയ്ക്ക് ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
വെനിസ്വേലയില്‍ നിന്ന് പിടിച്ചെടുത്ത എണ്ണ അമേരിക്കന്‍ റിഫൈനറികളില്‍ ശുദ്ധീകരിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. ഹൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ ഈ പ്രക്രിയ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി വെനിസ്വേലയുടെ എണ്ണ പ്രവാഹം നിയന്ത്രിക്കാന്‍ ട്രംപ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി ഏഴ് ടാങ്കറുകളാണ് യുഎസ് സൈന്യം പിടിച്ചെടുത്തത്. ഇതിനകം 50 ദശലക്ഷം ബാരല്‍ എണ്ണ വെനിസ്വേലയില്‍ നിന്ന് എടുത്തതായും ഇതില്‍ ചിലത് തുറന്ന വിപണിയില്‍ വില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജനുവരി 3-ന് നടത്തിയ റെയ്ഡില്‍ മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ചിരുന്നു. ഇവര്‍ക്കെതിരെ മയക്കുമരുന്ന് കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഈ റെയ്ഡില്‍ ‘ഡിസ്കോംബോബുലേറ്റര്‍’ എന്ന പുതിയ ആയുധം തങ്ങള്‍ ഉപയോഗിച്ചതായി ട്രംപ് വെളിപ്പെടുത്തി. മഡുറോയുടെ അംഗരക്ഷകരെ നിശബ്ദരാക്കാന്‍ തീവ്രമായ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന സാങ്കേതികവിദ്യ സൈന്യം ഉപയോഗിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റും സൂചിപ്പിച്ചു.
വെനിസ്വേലയുടെ എണ്ണസമ്പത്ത് അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നും, 100 ബില്യണ്‍ ഡോളറിന്റെ പദ്ധതിയിലൂടെ അവിടുത്തെ എണ്ണ വ്യവസായം പുനര്‍നിര്‍മ്മിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരും പ്രമുഖ എണ്ണ കമ്പനികളും ഈ നീക്കത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
Content Summary; Trade deal with China, Donald Trump threatens Canada with 100% tariff. trump also claims US refineries will process seized Venezuelan oil
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.