April 25, 2025 |
Share on

കേരളത്തിന്റെ ‘സ്‌പൈസ് റൂട്ടി’ന് ഒന്‍പത് രാജ്യങ്ങളുടെ പിന്തുണ

സുഗന്ധവ്യഞ്ജന വ്യാപാര ബന്ധത്തിന്റെ ചരിത്രത്തെക്കുറിച്ച് അവബോധം വളർത്താനായി ഒരു അന്താരാഷ്ട്ര സെമിനാറും കേരള സർക്കാർ സംഘടിപ്പിക്കാനിരിക്കുകയാണ്

കേരളത്തിന്റെ സുഗന്ധ വ്യഞ്ജന വ്യാപാര വഴികളിലൂടെ അറിവും സംസ്കാരവും പങ്കുവെക്കാനുള്ള “സ്‌പൈസ് റൂട്ട്” പദ്ധതിയ്ക്ക് അകമഴിഞ്ഞ പിന്തുണയുമായി ഒൻപത് ലോകരാജ്യങ്ങൾ.  സുഗന്ധവ്യഞ്ജനങ്ങൾ മുപ്പതോളം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പ്രാചീന കാലത്തെ ഓർമിപ്പിച്ച് ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകവഴി പൈതൃക ടൂറിസത്തെ ശക്തിപ്പെടുത്താനാണ് കേരളം ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഡൽഹിയിലെ യുനെസ്കോ ആസ്ഥാനത്തു വെച്ച് നടന്ന നിർണ്ണായക യോഗത്തിൽ നെതർലൻഡ്‌സ്‌, പോർട്ടുഗൽ, മ്യാന്മാർ, ബ്രിട്ടൺ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഇന്തോനേഷ്യ, ചൈന, ഇറാൻ, മുതലായ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ,  ടൂറിസം സെക്രെട്ടറി റാണി ജോർജ്, കേരളം ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കേരള ഹിസ്റ്റോറിക് റിസർച്ച് കൗൺസിൽ ഡയറക്ടർ ഡോ. മൈക്കിൾ തരകൻ, എന്നിവർ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്ത് കേരളം കടന്നുപോയ ചരിത്ര വഴികളെക്കുറിച്ച് വിശദീകരിച്ചു. സുഗന്ധവ്യഞ്ജന പൈതൃകത്തെ പരിപോഷിപ്പിക്കുന്ന സ്‌പൈസ് റൂട്ട് പദ്ധതിയെ യോഗത്തിൽ പങ്കെടുത്ത ലോക രാജ്യങ്ങളുടെ  പ്രതിനിധികളെല്ലാം ഒറ്റക്കെട്ടായി പിന്തുണച്ചു. . പൈതൃക സംരക്ഷണത്തിന്റെ മുഖ്യ ആകർഷണമായ മുസിരിസ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം 2020 ഓടെ പൂർത്തിയാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു.

2014 ലാണ് സ്‌പൈസ് റൂട്ട് പദ്ധതിയ്ക്കായി യുനെസ്കോയും കേരളം ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പു വെയ്ക്കുന്നത്. പൈതൃക സംരക്ഷണം മുഖ്യ ലക്ഷ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി മ്യൂസിയങ്ങളും തുറമുഖങ്ങളും നവീകരിക്കും. പാശ്ചാത്യരാജ്യങ്ങളുമായുള്ള വണിഞ്ഞയബന്ധങ്ങളുടെ പ്രധാനകേന്ദ്രമായ മുസിരിസ് നവീകരിച്ചുകൊണ്ടാകും പദ്ധതി ആരംഭിക്കുക. വിജ്ഞാനസമ്പാദനത്തിനും വിനോദസഞ്ചാരത്തിനും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

സുഗന്ധവ്യഞ്ജന വ്യാപാര ബന്ധത്തിന്റെ ചരിത്രത്തെക്കുറിച്ച് അവബോധം വളർത്താനായി ഒരു അന്താരാഷ്ട്ര സെമിനാറും കേരള സർക്കാർ സംഘടിപ്പിക്കാനിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് മാസം 7 മുതൽ 9 വരെ നടക്കാനിരിക്കുന്ന സെമിനാറിൽ 29 രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More: ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ എവിടെ? ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

×