പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷനി(PATA)ല്‍ കേരള ടൂറിസത്തിന് രണ്ട് ഗോള്‍ഡ് അവാര്‍ഡുകള്‍ ലഭിച്ചു. പ്രളയത്തെ അതിജീവിച്ച കേരളത്തിന് ലഭിച്ച വലിയ അംഗീകാരമാണ് ഇത്. കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ് ക്യാംപെയിനാണ് അവാര്‍ഡുകള്‍ ലഭിച്ചത്. കേരള ടൂറിസത്തിന് വേണ്ടി സിംഗപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ സുദേഷ്ണ രാമകുമാറാണ് പാറ്റ അവാര്‍ഡ് വാങ്ങിയത്. മലേഷ്യയിലെ ലംങ്കാവിയില്‍ നടന്ന ‘പാറ്റ ട്രാവല്‍ മാര്‍ട്ട് 2018’ എന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് നല്‍കിയത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വേണ്ടി കേരള ടൂറിസം പുറത്തിറക്കിയ ‘യല്ല കേരള’ എന്ന പ്രിന്റ് മീഡിയ ക്യാംപെയ്നാണ് ആദ്യത്തെ അവാര്‍ഡ് ലഭിച്ചത്. ‘യല്ല കേരള’ ക്യാംപെയ്നില്‍ കേരള സംസ്ഥാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നാണ് വിഷയമാക്കിയത്. കേരളത്തിന്റെ പച്ചപ്പും, കായലും, മനോഹാരിതയുമൊക്കെയാണ് ക്യാംപെയ്നില്‍ എടുത്തു കാട്ടിയത്.
കൊച്ചി മുസിരീസ് ബിനാലെ മൂന്നാം പതിപ്പിന് വേണ്ടി കേരള ടൂറിസം ഇറക്കിയ പോസ്റ്ററിനാണ് രണ്ടാമത്തെ അവാര്‍ഡ് കിട്ടിയത്. ‘ലിവ് ഇന്‍സ്പെയേര്‍ഡ്’ എന്നായിരുന്നു ആ പോസ്റ്ററിന്റെ തലക്കെട്ട്. ആ പോസ്റ്ററില്‍ ഒരു നിറമുള്ള ബോട്ടും മത്സ്യത്തൊഴിലാളികളെയുമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്. ഈ പോസ്റ്റര്‍ നേരെയും തലതിരിച്ചും വെയ്ക്കാമെന്നതായിരുന്നു പ്രത്യേകത. ക്യാംപെയ്ന്‍ നിര്‍മ്മിച്ചതും പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതും സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സാണ്.
‘പാറ്റയുടെ രണ്ട് ഗോള്‍ഡ് മെഡല്‍ ലഭിച്ചത് പ്രളത്തില്‍ നിന്നും കരകയറുന്ന കേരള ടൂറിസത്തിന് വലിയൊരു നേട്ടം തന്നെയാണ്. നമ്മുടെ പരിശ്രമങ്ങളുടെ ഫലമാണ് ലഭ്യമായത്. മിക്ക ടൂറിസം ഡെസ്റ്റിനേഷനുകളും സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞു.’- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
‘കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ മനോഹാരിത നഷ്ടമായിട്ടില്ല എന്നതിന് തെളിവാണ് പാറ്റയില്‍ നിന്ന് ലഭ്യമായ ഈ അവാര്‍ഡുകള്‍. അന്താരാഷ്ട്രമായ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ ക്യാംപെയ്ന്‍ നടത്താന്‍ നമുക്ക് സാധിച്ചു’- ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു.
മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസവും പരിശീലനവും, പ്രകൃതി, പാരമ്പര്യവും സംസ്‌കാരവും എന്നീ വിഭാഗങ്ങളില്‍ നിന്നും ഏറ്റവും മികച്ചതിനാണ് പാറ്റ അവാര്‍ഡുകള്‍ നല്‍കുന്നത്.