January 21, 2025 |
Share on

ട്രാവിസ് എന്ന ‘തല’യെടുപ്പ്

റെഡ്-പിങ്ക്-വൈറ്റ്; ഏതു ഫോര്‍മാറ്റിലും ഇന്ത്യ പേടിക്കുന്ന എതിരാളി

ക്രിക്കറ്റ് ലോകത്തെ തല താഴ്ത്താത്ത ശക്തിയാണ് ഓസ്‌ട്രേലിയ. എപ്പോഴൊക്കെ അവരുടെ അഭിമാനത്തിന് ക്ഷതം ഏല്‍ക്കുന്നുവോ, അപ്പോഴെല്ലാം അവര്‍ അത്യധികം ആവേശത്തിലാകും. എതിരാളികളുടെ ശക്തികൂടി തന്നിലേക്ക് ആവാഹിക്കുന്ന ബാലിയെപോലെ. പെര്‍ത്തില്‍ ഏറ്റുവാങ്ങേണ്ടി വന്ന തോല്‍വി, ഓസീസിന് നാണക്കേടയാപ്പോള്‍, അഡ്‌ലെയ്ഡില്‍ അവരതിന് പകരം വീട്ടി. ആ വിജയം നല്‍കി ടീമിന്റെ തല ഉയര്‍ത്തിയത് ട്രാവിസ് ഹെഡ് ആയിരുന്നു. എല്ലാ ആര്‍ത്ഥത്തിലും ഈ മീശക്കാരന്‍ ഓസീസ് ടീമിന്റെ തലയെടുപ്പാണ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുകയെന്ന ഓസ്ട്രേലിയന്‍ ലക്ഷ്യത്തില്‍ ട്രാവിസ് ഹെഡ് വളരെ നിര്‍ണായകമാണ്. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ അദ്ദേഹത്തിന്റെ പ്രകടനം അസാധാരണമായ ഒന്നായിരുന്നു. വെറും 141 പന്തില്‍ 140 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് പെര്‍മോഫന്‍സ് തന്നെയാണ് ഓസ്‌ട്രേലിയയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഹെഡിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ആതിഥേയര്‍ ആദ്യ ഇന്നിംഗ്സില്‍ 337 എന്ന സ്‌കോറില്‍ എത്തിയത്. നാല് സിക്സറുകളും 17 ബൗണ്ടറികളും അകമ്പടി സേവിച്ച ആ ഇന്നിംഗ്‌സ് ഗംഭീരമായ ടൈമിങ്ങിന്റെയും ആക്രമണോത്സുകമായ ഷോട്ട് മേക്കിംഗിന്റെയും മിശ്രിതമായിരുന്നു. ഒടുവില്‍ മുഹമ്മദ് സിറാജ് കുറ്റി പിഴുതെടുക്കുമ്പോഴേക്കും ഹെഡിന്റെ ബാറ്റ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

Travis Head

കഴിഞ്ഞ നാളുകളിലായി ഇന്ത്യയ്ക്കെതിരെ ഹെഡ് തകര്‍പ്പന്‍ ഫോമിലാണ്. അഡ്‌ലെയ്ഡ് ഓവലിലെ ഇന്നിംഗ്സ് കരിയറിലെ തിളക്കമേറിയ മറ്റൊരു അധ്യായമാണ്. ആ സെഞ്ച്വറി ഫ്‌ളെഡ്‌ലൈറ്റ് ടെസ്റ്റിലെ ആധിപത്യം ഉറപ്പിക്കാന്‍ മാത്രമല്ല, പെര്‍ത്തില്‍ നേടിയ വിജയത്തോടെ പരമ്പരയില്‍ മുന്നിലെത്തിയ ഇന്ത്യയെ സമനലയിലാക്കാനും ഓസ്‌ട്രേലിയയെ സഹായിച്ചു.

അഡ്‌ലെയ്ഡിലെ സെഞ്ച്വറിക്ക് ചരിത്രനേട്ടത്തിന്റെ വര്‍ണാഭ കൂടിയുണ്ട്. ഇന്ത്യക്കെതിരേ പിങ്ക്, റെഡ്, വൈറ്റ് ബോളുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ട്രാവിസ് ഹെഡ്. ഏത് ഫോര്‍മാറ്റിലായാലും, അവയോട് പൊരുത്തപ്പെടാനും അതില്‍ ആധിപത്യം പുലര്‍ത്താനുമുള്ള ഹെഡിന്റെ കഴിവ് കൂടിയാണ് ഇവിടെ കാണേണ്ടത്.

2023-ലെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ്, ഇന്ത്യക്കെതിരേ ഹെഡിന്റെ റെഡ്‌ബോള്‍ സെഞ്ച്വറി. ഹെഡ് നേടിയ 163 റണ്‍സിന്റെ ബലത്തിലാണ് ഓസ്‌ട്രേലിയ 469 എന്ന വിജയലക്ഷ്യം ഇന്ത്യക്ക് മുന്‍പില്‍ വച്ചത്. പാതിയില്‍ അടിപതറിയ ഇന്ത്യ 209 റണ്‍സിന്റെ തോല്‍വി സമ്മതിക്കുകയും ചെയ്തു. ആ പ്രകടനത്തിലൂടെ സ്വന്തം കരിയറിന് അടിത്തറ കെട്ടിയ ഹെഡ്, അതോടെ ഓസ്‌ട്രേലിയന്‍ പോരാട്ട വീര്യത്തിന്റെ പുതിയ തലയെടുപ്പുമായി മാറി.

വൈറ്റ് ബോളില്‍ കൂടുതല്‍ അക്രമണകാരിയായി. ഒരു രാജ്യത്തെ മുഴുവന്‍ നിശബ്ദമാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ട്രാവിസ് ഹെഡ് എന്ന പേര് ഇന്ത്യക്കാരെ പേടിപ്പിച്ച രാത്രി. 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍. ഹെഡ് അടിച്ചു കൂട്ടിയ 137 റണ്‍സ് ആയിരുന്നു രോഹിതിനെയും ടീമിനെയും നിസ്സഹായരാക്കി കളഞ്ഞത്. ക്രിക്കറ്റിന്റെ ഏറ്റവും പുതിയ രൂപമായ, ട്വന്റി-20യില്‍ മാത്രമാണ് ഹെഡ് സെഞ്ച്വറി അടിക്കാത്തത്. ഏകദിന-ടെസ്റ്റ് വേദികളിലെ ട്രാവിസിന്റെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്ന വസ്തുതയുണ്ട്; ഏറ്റവും നിര്‍ണായക അവസരങ്ങളില്‍ അയാള്‍ സ്വന്തം ടീമിനെ തലയിലേറ്റും, ആ സമയത്ത് എതിരാളികള്‍ക്ക് അപ്രാപ്യനായ പോരാളിയാണയാള്‍.

Post Thumbnail
ഇപ്പോഴില്ലെങ്കില്‍ പിന്നെയില്ലന്നറിയാം കമ്മിന്‍സിനും കൂട്ടര്‍ക്കുംവായിക്കുക

Travis Head

ഇതുവരെയുള്ള കണക്ക് നോക്കിയാല്‍, ഇന്ത്യക്കെതിരേ കളിച്ച 12 ടെസ്റ്റുകളില്‍ നിന്നായി 955 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അയാളുടെ സ്ഥിരത പ്രകടമാക്കുന്ന കണക്ക്. ഏകദിനത്തിലാണെങ്കില്‍, ഇതുവരെ ഇന്ത്യക്കെതിരേ കളിച്ച ഒമ്പത് കളികളില്‍ നിന്നുള്ളത് 345 റണ്‍സ്. എട്ട് ടി-20കളില്‍ നിന്നായി 255 റണ്‍സും. ടീമില്‍, പ്രത്യേകിച്ച് ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ ട്രാവിസ് ഹെഡ് എന്ന ബാറ്ററുടെ സാന്നിധ്യം എത്രത്തോളം ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നുണ്ടെന്ന് ഈ കണക്കുകള്‍ പറയും.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൂടുതല്‍ ആവേശത്തിലേക്ക് എത്തുമ്പോള്‍, ഹെഡിന്റെ ഫോം ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് രണ്ട് ടീമുകള്‍ക്കും അതി നിര്‍ണായകമാണ്. അവിടെയാണ് ട്രാവിസ് ഹെഡിനെ പോലൊരു കളിക്കാരന്‍ ഓസ്‌ട്രേലിയ്ക്ക് മുതല്‍ക്കൂട്ടാകുന്നത്. അയാളുടെ ഒറ്റയാള്‍ പോരാട്ടം മാത്രം മതിയാകും അവര്‍ക്ക് പരമ്പരയില്‍ മുന്നിലെത്താന്‍.

Head and Siraj

ക്രീസില്‍ നിന്നുള്ള പ്രകടനം മാത്രമല്ല, ഹെഡിനെ വാര്‍ത്തകളുടെ തലക്കെട്ടാക്കിയത്. ഗ്രൗണ്ടില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജുമായി നടത്തിയ കൊമ്പുകോര്‍ക്കല്‍ കൂടിയാണ്. ഇന്ത്യന്‍ ബൗളറുമായി നടന്ന വാഗ്വാദവും, പിന്നാലെ എതിരാളിയുടെ കുറ്റിയെടുത്ത് സിറാജ് നടത്തിയ പ്രകോപനപരമായ ‘ യാത്രയയക്കലും’ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ വീറ് കാട്ടുന്നതായിരുന്നു. വിഷയം ഐസിസിക്ക് മുന്നിലെത്താന്‍ സാധ്യതയുണ്ട്. എന്നാലും സസ്‌പെന്‍ഷന്‍ പോലുള്ള നടപടികളിലേക്കൊന്നും പോകില്ല. ഇതിനകം തന്നെ തീവ്രമായി കഴിഞ്ഞൊരു പരമ്പര കൂടുതല്‍ നാടകീയമാക്കാന്‍ മാത്രമായുള്ളൊരു തര്‍ക്കമായി കാണാം.

എന്തായാലും ഇന്ത്യ, എതിരാളികളായ പതിനൊന്നു പേര്‍ക്കിടയില്‍ കൂടുതല്‍ പേടിക്കേണ്ടത് ഹെഡിനെ തന്നെയാണ്. അയാളെ വേട്ട തുടരാന്‍ അനുവദിക്കുന്നത് തോല്‍വി ഉറപ്പാക്കുന്നതിന് തുല്യമാണ്.  Travis Head’s  Record-Breaking Feats: The Player Who Shines Against India

Content Summary; Travis Head’s  Record-Breaking Feats: The Player Who Shines Against India

×