January 22, 2025 |
Share on

‘വീട്ടിലോ, കാമുകന്മാര്‍ക്കൊപ്പമോ പോയ്‌ക്കോ, രോഗികള്‍ മരിച്ചാല്‍ ഞങ്ങള്‍ രക്ഷിക്കില്ല’

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് തൃണമൂല്‍ എംപിയുടെ മുന്നറിയിപ്പ്

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതക കേസില്‍ നീതി തേടി സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അപമാനിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി. സമരം കൊണ്ട് ജനങ്ങള്‍ വലഞ്ഞാല്‍ ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നാണ് എംപി അരുപ് ചക്രവര്‍ത്തിയുടെ മുന്നറിയിപ്പ്.

‘ ഈ സമരത്തിന്റെ പേരില്‍ നിങ്ങള്‍ വീട്ടില്‍ പോവുകയോ കാമുകനൊപ്പം കറങ്ങാന്‍ പോവുകയോ ചെയ്യു, പക്ഷേ, നിങ്ങളുടെ സമരം കൊണ്ട് രോഗികള്‍ മരിക്കുകയും ജനങ്ങള്‍ക്ക് നിങ്ങളുടേ മേല്‍ കോപം ഉണ്ടാവുകയും ചെയതാല്‍, ഞങ്ങള്‍ ഒരിക്കലും നിങ്ങളെ സംരക്ഷിക്കില്ല” ബങ്കൂരയില്‍ സംഘടിപ്പിച്ച തൃണമൂല്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ അരുപ് ചക്രബര്‍ത്തിയുടെ പരിഹാസവും ഭീഷണിയും നിറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

റാലിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോഴും ചക്രബര്‍ത്തി പറഞ്ഞത്. ഡോക്ടര്‍മാര്‍ സമരത്തിലാണ്, സമരത്തിന്റെ പേരില്‍ അവര്‍ പുറത്തു പോവുകയും രോഗികള്‍ക്ക് ചികിത്സ കിട്ടാതിരിക്കുകയും ചെയ്താല്‍ സ്വാഭിവകമായി അവരുടെ രോഷം ഡോക്ടര്‍മാര്‍ക്ക് മേല്‍ ഉണ്ടാകും. അങ്ങനെ വന്നാല്‍ അവരെ നമുക്ക് രക്ഷിക്കാന്‍ കഴിയാതെ വരും’ എംപി വീണ്ടും ആവര്‍ത്തിക്കുന്ന കാര്യങ്ങളാണിത്.

ഓഗസ്റ്റ് 14 ന് സമരം ചെയ്തു വന്നിരുന്ന ഡോക്ടര്‍മാരെ നൂറു കണക്കിന് വരുന്ന ഗൂണ്ടകള്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ആക്രമിച്ചിരുന്നു. പൊലീസുകാരെയും ഇവര്‍ ഉപദ്രവിച്ചു. മൃതദേഹം കണ്ടെത്തിയ ചെസ്സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്ന അത്യാഹിത വിഭാഗം ബില്‍ഡിംഗും അക്രമികള്‍ തകര്‍ത്തിരുന്നു.

മമതയും തൃണമൂലും ഉത്തരം പറയേണ്ട കുറേ ചോദ്യങ്ങള്‍

ആശുപത്രിയില്‍ അക്രമം നടത്തിയവര്‍ ബിജെപിക്കാരും സിപിഎമ്മുകാരും ആണെന്നാണ് മമത ബാനര്‍ജി ആരോപിച്ചത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അക്രമികളുടെ കൂട്ടത്തില്‍ കണ്ടിരുന്നു. തെളിവുകള്‍ നശിപ്പിക്കാനാണ് ബോധപൂര്‍വം ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്ന അത്യാഹിത വിഭാഗം തല്ലിത്തകര്‍ത്തതെന്നാണ് സമരത്തിലുള്ള ഡോക്ടര്‍മാര്‍ പരാതിയുയര്‍ത്തുന്നത്.

ഏതാനും ചില തൃണമൂല്‍ നേതാക്കള്‍ മാത്രമാണ് ഈ ഹീനകൃത്യത്തിന് പിന്നിലെ കുറ്റവാളികളെയെല്ലാം പിടികൂടണമെന്ന് ആവശ്യപ്പെടുന്നത്. ബാക്കി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം മമത സര്‍ക്കാരിനെ സംരക്ഷിക്കാന്‍ പാടുപെടുകയാണ്.ഡോക്ടര്‍മാരുടെ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നത്. സമരം ചെയ്യുന്നവര്‍ രോഗികളുടെ പരിചരണത്തില്‍ വീഴ്ച്ചവരുത്തരുതെന്ന് മുഖ്യമന്ത്രിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആര്‍ജി കര്‍ ആശുപത്രി സംഭവത്തില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ആരെങ്കിലും മമത ബാനര്‍ജിക്കെതിരേ വിരല്‍ ചൂണ്ടിയാല്‍, ആ വിരല്‍ ഒടിക്കുമെന്നായിരുന്നു തൃണമൂല്‍ നേതാവ് ബംഗാള്‍ ഉദയാന്‍ ഗുഹ ക്ഷോഭിച്ചത്.

തൃണമൂലിന്റെ മറ്റൊരു എംപിയായ കല്യാണ്‍ ബാനര്‍ജിയുടെ ഭീഷണി വേറൊരു തരത്തിലായിരുന്നു. ‘ ചിലയാള്‍ വിചാരിക്കുന്നത് ബംഗ്ലാദേശിലെ പോലെ പശ്ചിമ ബംഗാളിലും പാട്ടും പാടി മമത ബാനര്‍ജി സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ്. അതിവിടെ നടക്കില്ല. ഇപ്പോള്‍ പാടുന്ന കലാകാരന്മാരെയെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് അവഗണിക്കും, പിന്നെയവര്‍ എന്തു ചെയ്യും? ഇതായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ മുന്നറിയിപ്പ്.  trinamool congress mp criticize doctors strike, kolkata doctor rape and murder case 

Post Thumbnail
ഡോക്ടര്‍മാര്‍ക്കെതിരേ അക്രമം; ആറു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍വായിക്കുക

Content Summary-: Trinamool congress mp criticize doctors strike, kolkata doctor rape and murder case

×