കൊല്‍ക്കത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടറെ അത്യന്തം ഹീനമായ രീതിയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി തേടി തെരുവിലിറങ്ങിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി! സംസ്ഥാനത്ത് ആഭ്യന്തരം, ആരോഗ്യം എന്നീ വകുപ്പുകള്‍ കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയാണ് നീതി തേടി സമരം ചെയ്യുന്നതെന്നതാണ് സമകാലിക ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിരോധാഭാസം. കൊല്‍ക്കത്ത പൊലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ലെന്നു കണ്ടാണ് ഹൈക്കോടതി കേസ് സിബിഐയ്ക്ക് കൈമാറിയത്. ഇങ്ങനെയൊരു സംഭവം നടന്നിട്ട് ആ വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയവരാണ് ആശുപത്രി അധികൃതര്‍. പ്രധാന ക്രൈം സ്‌പോട്ട് ആയ ആശുപത്രി അടിച്ചു തകര്‍ക്കാനിറങ്ങിയവരാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും പരാതികള്‍ ഉയര്‍ത്തുന്നത് സംസ്ഥാന സര്‍ക്കാരിനെതിരെയാണ്. ഇത്രയേറെ കാര്യങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴാണ് മുഖ്യമന്ത്രിയും സംഘവും റാലിയും ധര്‍ണയും നടത്തുന്നത്. കൊലയാളിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് മമത ബാനര്‍ജി ‘ അപേക്ഷിക്കുന്നത്’.
എന്നാല്‍ മമത ഭരണകൂടത്തിനെതിരേ ഉയരുന്ന ചോദ്യങ്ങള്‍ നിശബ്ദമാക്കാന്‍ അവര്‍ നടത്തുന്ന പ്രകടനങ്ങള്‍ക്ക് കഴിയുന്നില്ല.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ഇത്ര വലിയൊരു ക്രൂരത എങ്ങനെ നടന്നു? കൊല്ലപ്പെട്ട ഡോക്ടറുടെ അഭാവം പിറ്റേ ദിവസം രാവിലെ വരെ ആരും എന്തു കൊണ്ട് ശ്രദ്ധിച്ചില്ല എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത്, സംസ്ഥാന ആഭ്യന്തര-ആരോഗ്യവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. പക്ഷേ, മമത നിശബ്ദയാണ്. ഈ ചോദ്യങ്ങള്‍ കൊല്‍ക്കത്തയിലെ മാത്രമല്ല, രാജ്യത്തെ തെരുവുകളിലെല്ലാം ഉയരുന്നുണ്ട്. ഇതില്‍ മാത്രമല്ല, മമത ബാനര്‍ജി മറുപടി പറയേണ്ട ചോദ്യങ്ങള്‍ വേറെയുമുണ്ട്.
കൊല്ലപ്പെട്ട ഡോക്ടറുടെ പിതൃസഹോദരന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്, ആശുപത്രിയില്‍ നിന്നും വിളിച്ചു ചേച്ചിയോട് (കൊല്ലപ്പെട്ട ഡോക്ടറുടെ ഭാര്യ)പറഞ്ഞത് മകള്‍ ആത്മഹത്യ ചെയ്തു എന്നാണ്.
ഡോക്ടറുടെ മൃതശരീരത്തില്‍ 11 മുറിപ്പാടുകളാണ് കണ്ടെത്തിയത്. അവരുടെ ശരീരത്തിന്റെ അരയ്ക്ക് താഴേക്ക് വസ്ത്രങ്ങളില്ലായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആത്മഹത്യയാണെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞത്?. മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തിയ ഒരു ബന്ധു പറയുന്നത്, ഡോക്ടറുടെ കാലുകള്‍ കണ്ടത് അസ്വഭാവികമായ രീതിയില്‍ 90 ഡിഗ്രി അകന്നായിരുന്നുവെന്നാണ്. ദ വയര്‍ ഈ അവകാശവാദം ശരിയാണെന്ന് ക്രൈം സീനില്‍ നിന്നും പകര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍ പരിശോധിച്ച് സ്ഥിരീകരിക്കുന്നുണ്ട്.
രണ്ട് തവണയാണ് ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ വീട്ടില്‍ ബന്ധപ്പെട്ടത്. ആശുപത്രി അസിസ്റ്റന്റ് സൂപ്രണ്ട് ആയിരുന്നു ഡോക്ടറുടെ അമ്മയോട് സംസാരിച്ചത്. ആദ്യം അറിയിച്ചത്, മകള്‍ പെട്ടെന്ന് അസുഖ ബാധിതയായെന്നായിരുന്നു. അടുത്ത കോളിലാണ് മകള്‍ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളോട് പറയുന്നത്.
ഡോക്ടറുടെ അമ്മ പറയുന്ന മറ്റൊരു പരാതിയുണ്ട്. മൂന്നു മണിക്കൂറോളം മകളുടെ ശരീരം കാണുന്നതില്‍ നിന്നും പൊലീസ് തങ്ങളെ തടഞ്ഞുവെന്നാണ് ആ പരാതി. പലവട്ടം യാചിച്ചിട്ടും സമ്മതിച്ചില്ല. അന്വേഷണത്തെ ഒരു തരത്തിലും തടസപ്പെടുത്തില്ലെന്ന് അഭ്യര്‍ത്ഥിച്ചിട്ടും അകത്തേക്ക് കയറ്റി വിടാന്‍ അനുവാദമില്ലെന്നാണ് പൊലീസ് പറഞ്ഞതെന്ന് അമ്മ പറയുന്നുണ്ട്. ആശുപത്രിയില്‍ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഡോക്ടര്‍ സേവനം അനുഷ്ഠിച്ചിരുന്നത്. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോലും തങ്ങളെ വന്ന് കാണാന്‍ കൂട്ടാക്കിയില്ലെന്നും അമ്മ പറയുന്നു. ഈ ആരോപണങ്ങളില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. അതുപോലെ സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് ഡോക്ടറുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നുവെന്ന് അവകാശപ്പെട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതേ ആരോപണം ഡോക്ടരുടെ അമ്മ ഉയര്‍ത്തിയതിനെതിരേ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘അവര്‍ ഞങ്ങളുടെ മകളുടെ മുഖം പോലും കാണാന്‍ അനുവദിച്ചില്ല’
നിയമങ്ങള്‍ എല്ലാം തെറ്റിച്ചുകൊണ്ട് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒമ്പത് തവണയാണ് ഡോക്ടറുടെ പേര് പരാമര്‍ശിച്ചത്. സുപ്രിം കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് സന്ദീപ് ഘോഷ് നടത്തിയത്. ഡോക്ടറുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കിയതിന്റെ പേരില്‍ സന്ദീപ് ഘോഷിനെതിരേ പൊലീസ് എന്തെങ്കിലും നടപടി ഇതുവരെ സ്വീകരിച്ചതായി വിവരമില്ല. അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ 200 ഓളം പേര്‍ക്ക് പൊലീസ് നോട്ടീസ് അയക്കുകയും ഒന്നിലധികം എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ഡോ. സന്ദീപ് ഘോഷിനെതിരേ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ടായിരുന്നു. അഴിമതി, മോശം പെരുമാറ്റം, ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഇയാള്‍ക്കെതിരേ ഉണ്ടായിരുന്നുവെന്നതില്‍ ഹൈക്കോടതി വരെ അമ്പരപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളെ അവഗണിച്ച് ഘോഷ് ആശുപത്രിയുടെ സര്‍വ അധികാരത്തോടെയും വാഴുകയായിരുന്നു. അതിനയാളെ സഹായിച്ചിരുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിരുന്ന ബന്ധമായിരുന്നു. സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപിച്ച് മുന്‍ സഹപ്രവര്‍ത്തകന്‍ ഘോഷിനെതിരേ സംസ്ഥാന വിജിലന്‍സ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം നടന്നത്, അഴിമതിയെ കുറിച്ച് പരാതിപ്പെട്ട അക്താര്‍ അലിയെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്നും വയര്‍ പറയുന്നു.
ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അക്താര്‍ അലി ഘോഷിനെതിരേ വീണ്ടും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. മാഫിയ തലവന്‍ എന്നാണ് ഡോ. ഘോഷിനെ അലി കുറ്റപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുക, ലേല നടപടികളില്‍ കൃത്രിമം കാണിക്കുക, ഭീഷണിയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നിങ്ങനെ ഘോഷിനെതിരേ പലവിധ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് അലി.
രണ്ട് തവണ ഘോഷിനെ സ്ഥലം മാറ്റിയെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ വീണ്ടും ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രിന്‍സിപ്പാള്‍ കസേരയില്‍ തിരിച്ചെത്തി. നാഷണല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ചുമതല ഏല്‍ക്കാനിരിക്കുകയായിരുന്ന അയാളുടെ നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഘോഷിനെ സംരക്ഷിക്കുന്നതിനെതിരേ ചീഫ് ജസ്റ്റീസ് പരസ്യമായി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ ക്ലൈന്റ് ശക്തനായ വ്യക്തിയാണ്. സര്‍ക്കാര്‍ അയാള്‍ക്കൊപ്പമുണ്ട്. എപ്പോഴൊക്കെ അയാള്‍ സംരക്ഷണം തേടുന്നുവോ അപ്പോഴെല്ലാം പൊലീസത് നല്‍കുന്നുണ്ട്. സ്വന്തം വീട്ടില്‍ 500 പൊലീസുകാര്‍ കാവലിന് വേണമെന്ന് ആഗ്രഹിച്ചാല്‍, 500 പൊലീസുകാര്‍ അയാളുടെ വീട്ടില്‍ കാവലിനെത്തും’; ചീഫ് ജസ്റ്റീസിന്റെ ആക്ഷേപങ്ങള്‍ ഇങ്ങനെയായിരുന്നു.
ഗൗരവമേറിയൊരു കേസിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍(ഡോക്ടര്‍ സേവനം ചെയ്തിരുന്ന അതേ ഡിപ്പാര്‍ട്ട്‌മെന്റ്) നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്തിന് എന്നതാണ് മറ്റൊരു ചോദ്യം. സിബിഐ കേസ് ഏറ്റെടുത്തത് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചു. ക്രൈം സീനിന് തൊട്ട് ചേര്‍ന്നുള്ള ഒരു മുറിയും സ്ത്രീകളുടെ വിശ്രമ മുറിയും പൊളിച്ച് പുതിയ വിശ്രമ സ്ഥലം കെട്ടാനുള്ള പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഡോക്ടറുടെ കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുശേഷമാണ്(ശനിയാഴ്ച്ച) ഒരു മുറിയും ശുചി മുറിയും പൊളിച്ചു കളയാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് കണ്ടെത്തിയത്. ഈ സമയത്ത് തന്നെ നവീകരണപ്രവര്‍ത്തികള്‍ തുടങ്ങിയത് വലിയ രീതിയിലുള്ള സംശയങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
സംഭവം പുറത്തു വന്നതിനു പിന്നാലെ ആര്‍ജി കര്‍ ആശുപത്രയില്‍ രാത്രിയില്‍ നടന്ന ആക്രമണത്തിന് പിന്നിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ബിജെപിക്കാരും സിപിഎമ്മുകാരുമാണ് ആശുപത്രി അടിച്ചു തകര്‍ത്തതെന്നാണ് മമത ബാനര്‍ജി ആരോപിക്കുന്നത്. എന്നാല്‍ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസുകാരായ ആക്രമികളും ആശുപത്രി അടിച്ചു തകര്‍ക്കാന്‍ ഉണ്ടായിരുന്നുവെന്നാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത് അക്രമികള്‍ ബോധപൂര്‍വം തന്നെയാണ് അത്യാഹിത വിഭാഗം അടിച്ചു തകര്‍ത്തതെന്നാണ്. അവിടെയാണ് പ്രധാന ക്രൈം സീനായ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.
ആക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാര്‍ പറയുന്നത്, അവര്‍ക്ക് പൊലീസിന്റെയോ ആശുപത്രിയധികൃതരുടെയോ സഹായം കിട്ടിയില്ലെന്നാണ്. എന്നാല്‍ കൊല്‍ക്കൊത്ത പൊലീസ് കമ്മീഷണര്‍ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് മറുപടി.
‘150 മില്ലിഗ്രാം ശുക്ലം’, ‘ഇടുപ്പെല്ല് തകര്‍ന്നു’; പ്രചരിക്കുന്നത് വ്യാജ വിവരങ്ങളെന്ന് പൊലീസ്
കഴിഞ്ഞ വെള്ളിയാഴ്ച്ച പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കായിരുന്നു. നീതി തേടി ഡോക്ടര്‍മാരും അവരോടൊപ്പം പൊതുജനങ്ങളും തെരുവിലിറങ്ങി. അതേ ദിവസം തന്നെയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു റാലി നടന്നതും. ഡോക്ടര്‍ക്കെതിരായ ക്രൂരത പുറത്തു വന്ന ആദ്യ നാളുകളിലെല്ലാം നിശബ്ദത പാലിച്ച തൃണമൂലിന്റെ സെലിബ്രിറ്റി എംപിമാരും എംഎല്‍എമാരുമൊക്കെ റാലിയില്‍ മമതയുടെ ചുറ്റും ഉണ്ടായിരുന്നു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമതയ്ക്ക് സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ഓര്‍മിപ്പിക്കാനുണ്ടായിരുന്നത് ഓരോ മണിക്കൂറിലും രോഗികളെ പരിശോധിക്കണമെന്നായിരുന്നു. മറുവശത്ത് തൃണമൂല്‍ നേതാക്കള്‍ സോഷ്യല്‍ മീഡിയ വഴി ബോളിവുഡ് താരങ്ങളെ തിരുത്തുന്നതില്‍ മുഴുകി. കൊല്‍ക്കത്ത സംഭവത്തെ അപലപിക്കുന്ന താരങ്ങളെ ഹത്രാസ്, കത്വ, ബില്‍ക്കീസ് ബാനു കേസുകള്‍ ഓര്‍മിപ്പിച്ച്, അതിലൊക്കെ നിങ്ങള്‍ നിശബ്ദരായിരുന്നില്ലേ എന്നു ചോദിച്ച് വിമര്‍ശിക്കുകയായിരുന്നു. ഇതിലെ തമാശയെന്തെന്നാല്‍, തൃണമൂല്‍ ഓര്‍മിപ്പിക്കുന്ന മുന്‍ സംഭവങ്ങളിലെല്ലാം ശക്തമായി പ്രതികരിക്കുകയും, അതിന്റെ പേരില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ അക്രമം നേരിടേണ്ടി വന്നവരെയുമാണ് ഇപ്പോള്‍ കൊല്‍ക്കത്ത സംഭവത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ തൃണമൂല്‍ നേതാക്കള്‍ പരിഹസിക്കുന്നതെന്നതാണ്.
മമത ബാനര്‍ജിയും പ്രസംഗത്തില്‍ തന്റെ ഭരണത്തിന്‍ കീഴില്‍ നടന്ന ക്രൂരതയെ കുറിച്ചല്ല പറഞ്ഞത്. പകരം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നതും, ബംഗാളില്‍ ഇടതുപക്ഷം ഭരിച്ച സമയത്ത് നടന്ന അക്രമങ്ങളും എടുത്തു പറയുകയാണ് ചെയ്തത്. ദ വയറിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്, മമത 1990 ലെ ബില്‍ക്കീസ് ബാനു കേസും, 2023 ലെ മണിപ്പൂര്‍ കലാപവും, 2020 ലെ ഹത്രാസ് കൂട്ടബലാത്സഗവും എല്ലാം പരാമര്‍ശിച്ചു. പക്ഷേ അവര്‍ കംദുനി കേസിനെ(2013 ജൂണ്‍ ഏഴിന് കംദുനി ഗ്രാമത്തില്‍ 20 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം)കുറിച്ച് പറഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ചയായിരുന്നു ആ കേസില്‍ നിന്നു കുറ്റവാളികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹന്‍സ്ഖാലി കേസിനെക്കുറിച്ചും മമത പറഞ്ഞില്ല. അതിലും വലിയ കൗതുകം, കംദുനി കേസില്‍ പ്രതികള്‍ക്കെല്ലാം രക്ഷപ്പെടാന്‍ സഹാചര്യം ചെയ്‌തെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെയാണ് ആര്‍ജി കര്‍ ആശുപത്രി കേസ് സിബിഐക്ക് വിടണമെന്ന് വാദിച്ചു നടന്നതെന്നതാണ്.
ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച 42 ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത്. സ്വഭാവികമായി നടക്കുന്ന സ്ഥലം മാറ്റമാണെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്, പ്രതിഷേധത്തെ പിന്തുണച്ച സീനിയര്‍ ഡോക്ടര്‍മാരെയാണ് പ്രമുഖമായ ആശുപത്രികളില്‍ നിന്നും നോര്‍ത്ത് ബംഗാള്‍, ജര്‍ഗ്രാം തുടങ്ങിയ പിന്നാക്ക മേഖലകളിലെ ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ്. അതൊരു ശിക്ഷ നടപടിയായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. kolkata doctor rape and murder case questions and allegations against mamata banerjee Trinamool congress
Content Summary; kolkata doctor rape and murder case questions and allegations against mamata banerjee Trinamool congress