കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തിലാണ്. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മാത്രമല്ല, 31 കാരിയായ ഒരു യുവതിക്ക് നേരിടേണ്ടി വന്ന ക്രൂരത ഇന്ത്യയെ ഒന്നാകെ തീവ്രവേദനയിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ രോഷാകുലരാണ്.ഡ്യൂട്ടി കഴിഞ്ഞ് തളര്‍ന്ന് ഉറങ്ങുകയായിരുന്ന ഡോക്ടറോടായിരുന്നു മനസാക്ഷി മരവിപ്പിക്കുന്ന അക്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗാളിനു പുറത്തും പ്രകടനങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. പ്രതിക്ക് മരണശിക്ഷ തന്നെ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണകക്ഷി റാലിയും ധര്‍ണയും നടത്തിയെന്ന കൗതുകവും ഇതിനിടയില്‍ നടന്നിരുന്നു. ഹൈക്കോടതി ഇടപ്പെട്ട് കേസന്വേഷണം കൊല്‍ക്കത്ത പൊലീസില്‍ നിന്നും സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രതി സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ക്കും പങ്കുണ്ടെന്നാണ് ആക്ഷേപം. ബിജെപിയും സിപിഎമ്മും തൃണമൂലിനെതിരേയും തിരിച്ചും ആക്ഷേപങ്ങളും ആരോപണങ്ങളും തുടരുകയാണ്. ഇതിനിടയില്‍ മാധ്യമങ്ങളില്‍ അടക്കം സംഭവുമായി ബന്ധപ്പെട്ട് പല വ്യാജ വിവരങ്ങളും പ്രചരിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുകയാണ്. തെറ്റായ വാര്‍ത്തകള്‍ ജനങ്ങളെ സ്വാധീനിക്കുന്നത് സാഹചര്യങ്ങള്‍ മോശമാക്കാന്‍ കാരണമാകുമെന്നാണ് പൊലീസ് പറയുന്നത്.
വാര്‍ത്തകളില്‍ വന്നതും പൊലീസ് നിഷേധിച്ചതുമായ സ്ഥിരീകരണമില്ലാത്ത ചില പ്രചാരണങ്ങള്‍ ഇവയാണ്;
വനിത ഡോക്ടറുടെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചത്. പൊലീസ് ഇക്കാര്യം നിഷേധിക്കുകയാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ അരക്കെട്ട് തകര്‍ന്നിരുന്നുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ വാര്‍ത്ത പരന്നത്. പൊലീസ് ഇക്കാര്യം ശക്തമായി നിഷേധിക്കുകയാണ്.
കൊൽക്കത്തയിലെ ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകം; ‘എന്ത് വിശ്വാസത്തിലാണ് ഞങ്ങളിവിടെ ജീവിക്കേണ്ടത് ‘
എല്ലാവരെയും ഞെട്ടിച്ച മറ്റൊരു പ്രചാരണമായിരുന്നു ഡോക്ടറുടെ ശരീരത്തില്‍ നിന്നും 150 മില്ലി ഗ്രാം ശുക്ലം കണ്ടെത്തിയെന്നത്. ഈ വിവരം വിരല്‍ ചൂണ്ടിയത് ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന നിഗമനത്തിലേക്കായിരുന്നു. ഡോക്ടറുടെ കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ഉദ്ധരിച്ചായിരുന്നു ഇത്തരമൊരു വിവരം പുറത്തു വന്നത്. എന്നാല്‍ ഈ വിവരം പൂര്‍ണമായി നിഷേധിക്കുകയാണ് പൊലീസ് മേധാവി വിനീത് ഗോയല്‍.’ ചിലയാളുകള്‍ പറയുന്നത് മൃതദേഹത്തില്‍ നിന്നും 150 ഗ്രാം ശുക്ലം കണ്ടെത്തിയെന്നാണ്. ഇവര്‍ക്കൊക്കെ എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ കിട്ടുന്നത്? എല്ലാത്തരം മാധ്യമങ്ങളിലൂടെയും ഈ വിവരം പ്രചരിക്കുകയാണ്. അളുകളെ ഇത്തരം കാര്യങ്ങള്‍ വിശ്വസിപ്പിക്കാനും ജനങ്ങളെ ആശക്കുഴപ്പത്തിലാക്കാനും ചിലര്‍ ശ്രമിക്കുകയാണ്’ എന്നായിരുന്നു ഗോയല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.
ഇതേ കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുമ മൊയ്ത്രയും ചൂണ്ടിക്കാട്ടിയിരുന്നു. 150 ഗ്രാം ശുക്ലം കണ്ടെത്തിയെന്നാണ് വാര്‍ത്തകള്‍ പരന്നത്. ജനനേന്ദ്രിയത്തിന്റെ ആന്തരികവും ബാഹ്യവുമായ ഭാരം 150 ഗ്രാം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതായിരിക്കാം 150 ഗ്രാം മനുഷ്യസ്രവമെന്ന് മാറ്റിയത്. ദ്രാവക രൂപത്തിലുള്ളതിനെ മില്ലി ഗ്രാമിലാണ് പറയുന്നതെന്ന കാര്യം പോലും മാധ്യമങ്ങള്‍ക്കറിയില്ലേ എന്നാണ് മഹുവ ചോദിച്ചത്.
സോഷ്യല്‍ മീഡിയ പേജുകളില്‍ നിരന്തരം ഉയര്‍ന്ന വന്ന മറ്റൊരു ആരോപണം ഡോക്ടറുടെ സഹപ്രവര്‍ത്തകരില്‍ ചിലരാണ് അക്രമികള്‍ എന്നതാണ്. ഡോക്ടറുടെ കുടുംബം അവര്‍ക്ക് സംശയമുള്ള ചിലരുടെ പേരുകള്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായ സഞ്ജയ് റോയിയുടെതല്ലാതെ മറ്റാരുടെയും(ഡോക്ടര്‍മാരുടെ) പേരുകള്‍ ഒരു ഏജന്‍സിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിവ്.
ഇതേപോലെ പ്രചരിക്കുന്ന മറ്റൊരു വാര്‍ത്തയാണ്, കൊല്ലപ്പെട്ട ഡോക്ടറുടെ ജൂനിയറായൊരു സഹപ്രവര്‍ത്തകന്‍ ശക്തനായൊരു രാഷ്ട്രീയക്കാരന്റെ മകനാണെന്നും, ബങ്കുറയില്‍ നിന്നുള്ള ഒരു അധ്യാപകന്റെ മകനാണെന്നുമൊക്കെയുള്ള പ്രചാരണം. പൊലീസ് ഇതെല്ലാം തള്ളിക്കളയുകാണ്. ചില വമ്പന്മാരെ സംരക്ഷിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യാജപ്രചാരണമാണെന്നാണ് പൊലീസ് പറയുന്നത്.
ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സുപ്രിം കോടതി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവിടെ നിയമം പരസ്യമായി ലംഘിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. ഡോക്ടറുടെ പേരും, അവര്‍ എഴുതിയ കുറിപ്പടിയും എന്ന തരത്തില്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതി അശ്ലീല വീഡിയോകൾക്ക് അടിമ
അസ്വഭാവിക മരണമായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടയുണ്ടാക്കിയെന്നാണ് കോടതി പറഞ്ഞത്. പരാതി രേഖപ്പെടുത്താന്‍ വീഴ്ച്ച വരുത്തിയ ആശുപത്രി അഡ്മിനിസ്‌ട്രേഷന് നേരെയും കോടതി വിരല്‍ ചൂണ്ടിയിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്; ഔദ്യോഗികമായി പരാതി ലഭിക്കാത്ത കേസുകള്‍ അസ്വഭാവിക മരണമായാണ് പൊലീസ് രജിസ്റ്റര്‍ ചെയ്യാറുള്ളത്. പിന്നീട്, പരാതി കിട്ടുകയോ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പുറത്തോ ആണ് അസ്വഭാവിക മരണങ്ങള്‍ കൊലപാത കേസായി കണ്ട് അന്വേഷണം നടക്കുന്നത്. അപകടമരണങ്ങള്‍, ആത്മഹത്യ, കൊലപാതകം എന്നിവ അസ്വഭാവിക മരണങ്ങളായാണ് പരിഗണിക്കുക. പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് തടസമുണ്ടാകാതിരിക്കാനാണ് അസ്വഭാവിക മരണം രേഖപ്പെടുത്തുന്നത്. അസ്വഭാവിക മരണം എന്ന് രേഖപ്പെടുത്തുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. കൊലപാതവും അസ്വഭാവിക മരണമാണ്. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കാലതമാസം നേരിടുന്ന സാഹചര്യത്തില്‍ ഉടനടി ചെയ്യുന്നത് ഇന്‍ക്വിസ്റ്റ് തയ്യാറാക്കലാണ്. അസ്വഭാവിക മരണമായി കണ്ടാണ് ഇന്‍ക്വിസ്റ്റ് തയ്യാറാക്കുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് ഇതൊരു ആത്മഹത്യയാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് അസ്വഭാവിക മരണം എന്ന് രേഖപ്പെടുത്തിയത് വിവാദമാക്കുന്നതെന്നാണ് പൊലീസ് മേധാവി വിനീത് ഗോയല്‍ പറയുന്നത്. kolkata rape and murder case police denied some media social media claims request don’t spread fake news
Content Summary; kolkata rape and murder case police denied some media social media claims request don’t spread fake news