April 26, 2025 |
Share on

രാജ്യവ്യാപക പണിമുടക്ക്, നീതി തേടി ഡോക്ടര്‍മാര്‍

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്

കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു. ഓഗസ്റ്റ് 17 ശനി രാവിലെ ആറ് മുതല്‍ ഓഗസ്റ്റ് 18 ഞായര്‍ രാവിലെ ആറ് വരെ 24 മണിക്കൂര്‍ പണിമുടക്കാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കീഴിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.

അടിയന്തര ശസ്ത്രക്രിയകളും സേവനങ്ങളും ഒഴികെയുള്ള എല്ലാ വിഭാഗങ്ങളും ഡോക്ടര്‍മാരുടെ പണിമുടക്കില്‍ സ്തംഭിച്ചിരിക്കുകയാണ്. ഒപി സൗകര്യങ്ങള്‍ അടുത്ത 24 മണിക്കൂറില്‍ ആശുപത്രികളില്‍ ലഭ്യമാകില്ല. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ശസ്ത്രക്രിയകളും ഞായറാഴ്ച്ച രാവിലെ വരെ നടക്കില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സേവനം ലഭ്യമാകുന്ന എല്ലാ മേഖലകളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കാനാണ് ഐഎംഎയുടെ നിര്‍ദേശം. അതേസമയം, അത്യാഹിത വിഭാഗങ്ങളിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യശാസ്ത്ര സമൂഹത്തിനുള്ള പിന്തുണ വ്യക്തമാക്കി കൊണ്ട് രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുക്കുന്ന ഈ സമരത്തിന്റെ മുഖ്യ ആവശ്യം കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുകയെന്നതാണ്. നിശ്ചിത സമയത്തില്‍ നീതി നടപ്പാക്കപ്പെടണമെന്നും ആരെല്ലാം ഈ ഹീനകൃത്യത്തില്‍ പങ്കാളികളാണോ അവരെല്ലാം തന്നെ ശിക്ഷിക്കപ്പെടണമെന്നും ഡോക്ടര്‍ സമൂഹം ഒന്നാകെ ആവശ്യപ്പെടുന്നു.

കൊൽക്കത്തയിലെ ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകം; ‘എന്ത് വിശ്വാസത്തിലാണ് ഞങ്ങളിവിടെ ജീവിക്കേണ്ടത് ‘

നിലവില്‍ കേസ് സിബിഐയുടെ അന്വേഷണത്തിലാണ്. ഓഗസ്റ്റ് 13 ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസില്‍ നിന്നും അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്. സഞ്ജയ് റോയ് എന്നയാളാണ് പ്രധാന പ്രതിയെന്ന നിലയില്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. ശാരീരികോപദ്രവം ചെയ്‌തെന്നു കാണിച്ച് ഇയാള്‍ക്കെതിരേ സ്വന്തം ഭാര്യ കാളിഘട്ട് പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഉയരുന്ന ഗൗരവമേറിയ ആരോപണം, ഒരാള്‍ ഒറ്റയ്ക്കല്ല ഈ കൃത്യത്തിന് പിന്നിലെന്നാണ്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ട കുറ്റമാണിതെന്നാണ് പരാതി. ദേശീയ വനിത കമ്മീഷന്റെ രണ്ടംഗ സമതി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. സമിതി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്; അപര്യാപ്തമായ സുരക്ഷ, മോശം സൗകര്യങ്ങള്‍,അനുചിതമായി നടക്കുന്ന അന്വേഷണം, സംരക്ഷണമില്ലായ്മ എന്നീ കാര്യങ്ങളാണ്.

അതേസമയം, ഈ വിഷയം ബംഗാളില്‍ വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിനും കാരണമായിട്ടുണ്ട്. ബിജെപിയും സിപിഎമ്മും മമത ബാനര്‍ജി സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇത് തടയാന്‍ മുഖ്യമന്ത്രി തന്നെ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തി സത്യം മറച്ചു വയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മമതയുടെ ആരോപണം. ബിജെപിയും സിപിഎമ്മും ആര്‍ജെ കര്‍ ആശുപത്രി തകര്‍ത്തതിനു പിന്നില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്നാണ് മമത ആരോപിക്കുന്നത്. സത്യം പുറത്തു വരാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ നുണകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബിജെപി-സിപിഎം അവിശുദ്ധ കൂട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വെളിവാക്കപ്പെടുക തന്നെ ചെയ്യും’ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലി അഭിസംബോധന ചെയ്തു കൊണ്ട് മമത പറഞ്ഞു. ജൂനിയര്‍ ഡോക്ടറുടെ ഘാതകന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭരണകക്ഷിയായ തൃണമൂല്‍ ധര്‍ണ നടത്തിയത്.

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതി അശ്ലീല വീഡിയോകൾക്ക് അടിമ

ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് തൃണമൂല്‍ എം പി മഹുവ മൊയ്ത്രയും പരാതിപ്പെടുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ 150 ഗ്രാം ശുക്ലം കണ്ടെത്തിയെന്ന തരത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടിംഗ് ആണെന്നാണ് മഹുവ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 150 ഗ്രാമിനടുത്ത് ആന്തരകിവും ബാഹ്യവുമായ ജനനേന്ദ്രിയത്തിന്റെ ഭാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈ വിവരമാണ് 150 ഗ്രാം ശുക്ലം കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തയാക്കിയത്. ദ്രാവകരൂപത്തിലുള്ളതിനെ മില്ലി ഗ്രാമിലാണ് പറയുന്നതെന്ന കാര്യം പോലും മാധ്യമങ്ങള്‍ ആലോചിക്കുന്നില്ലെന്നാണ് തൃണമൂല്‍ എംപിയുടെ പരാതി. കുറ്റകൃത്യം നടന്ന സ്ഥലത്തെ തെളിവുകള്‍ അട്ടിമറിച്ചെന്ന ആരോപണവും മഹുവ മൊയ്ത്ര തള്ളി. ക്രൈം സീന്‍ സീല്‍ ചെയ്തിരിക്കുകയാണെന്നും പൊലീസിനും സിബിഐയ്ക്കും മാത്രമെ അങ്ങോട്ട് പ്രവേശനമുള്ളൂവെന്നും എംപി പറയുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ മാനസികാരോഗ്യവും മാനസിക നിലയും എങ്ങനെയായിരുന്നുവെന്ന് കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്ന വാര്‍ത്തയും മഹുമ മൊയ്ത്ര തള്ളി. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അഞ്ചംഗ കമ്മീഷനെ നിയോഗിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്നാണ് തൃണമൂല്‍ നേതാവ് പറയുന്നത്.

ഡോക്ടര്‍മാര്‍ക്കെതിരേ അക്രമം; ആറു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍

അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ക്രൈം സീനില്‍ അന്വേഷണ സംഘം ഡിജിറ്റല്‍ മാപ്പിംഗ് പരിശോധന നടത്തുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെളിവുകള്‍ വിര്‍ച്വല്‍ ഇമേജിലേക്ക മാറ്റുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ മാപ്പിംഗ് നടത്തുന്നത്.  Kolkata junior doctor rape and murder case ima called doctors nation wide strike 

Content Summary; Kolkata junior doctor rape and murder case ima called doctors nation wide strike

Leave a Reply

Your email address will not be published. Required fields are marked *

×