June 06, 2026 |

മുത്തലാഖ് ആയുധമാക്കുന്നത് കാമം അടങ്ങാത്തവരാണെന്ന് ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ

ഉപേക്ഷിക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ കൂടെയാണ് ബിജെപി എന്നും മന്ത്രി

മുസ്ലീം പുരുഷന്‍മാരുടെ കാമപൂര്‍ത്തീകരണത്തിനുളളതാണ് മുത്തലാഖ് എന്നും കാമം മാത്രം ലക്ഷ്യമിടുന്നവരാണ് ഭാര്യമാരെ അടിക്കടി മാറ്റുന്നതെന്നും ഉത്തര്‍പ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യ പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം ഭാര്യയെയും മക്കളെയും തെരുവില്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ കൂടെയാണ് ബിജെപി എന്നും മന്ത്രി പറഞ്ഞു.

മുത്തലാഖിനെതിരെ ബി ജെ പി ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്നതിടെയാണ് വിവാദ പരാമര്‍ശവുമായി യുപി മന്ത്രിരംഗത്തെത്തിയത്. മുത്തലാഖ് പോലുളള ദുരാചാരങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ മുസ്ലീം സമുദായം മുന്നിട്ടിറങ്ങണമെന്നും മുത്തലാഖ് രാഷ്ട്രീയ വിഷയമായി കാണരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും മുത്തലാഖ് വിഷയം മോദി ചര്‍ച്ചയാക്കിയിരുന്നു.

മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണയിലാണ്. മെയ് 11 മുതല്‍ 19 വരെ ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

വ്യക്തി നിയമങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് വ്യക്തമാക്കുന്ന പതിമൂന്നാം വകുപ്പിന്‍റെ പരിധിയില്‍ വരുമോയെന്ന ചോദ്യമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് ഉള്‍പ്പെടെയുളള കക്ഷികളോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തലാഖ് മുസ്ലീം പുരുഷന്‍മാരുടെ കാമപൂരീകരണത്തിനുളളതാണെന്നാണ് ഉത്തര്‍പ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പ്രസ്താവനയില്‍ മുസ്ലിംകള്‍ക്കിടയില്‍ നിന്നു കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×