June 26, 2026 |
Share on

നമുക്കിനി യാത്ര പോകാം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 14

യാത്രകളെ കുറിച്ച് ഏതാണ്ട് എല്ലാ കാര്യങ്ങളും പരാമര്‍ശിച്ച് പോകാനുള്ള ശ്രമം മാത്രമേ ഈ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളൂ. യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ അറിയേണ്ട കുറേ കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ പങ്കുവെച്ചത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. എവിടേക്ക് യാത്ര പോകണമെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. എല്ലാവര്‍ക്കും അവരവരുടേതായ താത്പര്യങ്ങളുണ്ടാകുമല്ലോ. ഏതൊരു പ്രദേശത്തേക്കാണെങ്കിലും, ഒരു യാത്രികന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് യാത്രയില്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രം കരുതുക എന്നത് തന്നെ. ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട് എന്നാണല്ലോ. trips are always stay in our mind 

യാത്രപോകേണ്ട സ്ഥലം ഏതാണെന്ന് എല്ലാവര്‍ക്കും ഒരു ധാരണ ഉണ്ടാകുമല്ലോ. അത് വായനയിലൂടേയോ, മറ്റ് മാധ്യമങ്ങളിലൂടേയോ, മുന്‍പ് അവിടെ പോയ പരിചയക്കാരുടെ അനുഭവ സാക്ഷ്യത്തില്‍ നിന്നോ ലഭിച്ചതാകാം. ഇപ്പോള്‍ യാത്രികര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പുസ്തകങ്ങളും, യാത്രയെ മാത്രം കേന്ദ്രീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും വിപണിയില്‍ ലഭ്യമാണ്. വിശേഷപ്പെട്ട പ്രദേശങ്ങളെ കുറിച്ചുള്ള ദ്യശ്യമാധ്യമ പരിപാടികളും, യാത്രാ ബ്‌ളോഗുകളും ഏറെ പ്രയോജനം ചെയ്യുന്നത് തന്നെ.

നമ്മള്‍ ഓരോരുത്തരുടെ മനസിലും ഓരോ യാത്രാ അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കുട്ടികളോടൊപ്പം ഉള്ള വിദ്യാഭ്യാസ ടൂറുകള്‍ അഥവാ സ്റ്റഡി ടൂറുകള്‍ ഒരുപക്ഷേ എല്ലാവരുടെ മനസ്സിലും കാണുമായിരിക്കും. ദീര്‍ഘദൂര യാത്രകള്‍ ആയിരിക്കില്ല അതൊക്കെ. ചില സ്‌കൂളുകള്‍ തൊട്ടടുത്ത പ്രദേശമാണെങ്കില്‍, സാമ്പത്തികമായി വലിയ ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ സംസ്ഥാനത്തിന് പുറത്തോ വിദേശത്തേയ്‌ക്കോ വരെ കുട്ടികളെ യാത്ര കൊണ്ടുപോകാറുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഉള്ള എത്രയെത്ര ടൂറുകള്‍ ആണ് ഓരോരുത്തരുടെ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും നടത്തുന്ന വിനോദയാത്രകള്‍ ജീവിതത്തിലെക്കാലവും മറക്കാതെ സൂക്ഷിക്കുവാന്‍ പറ്റുന്ന ഒന്നാണ്.

കുടുംബത്തോടൊപ്പം നടത്തിയിട്ടുള്ള യാത്രകള്‍ ഓരോരുത്തരുടെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും. മാതാപിതാക്കളോടൊപ്പമുള്ള ചെറിയ ദൂരത്തിലുള്ള യാത്രകള്‍ പില്‍ക്കാലത്ത് നല്‍കുന്ന അനുഭവം വിവരിക്കാന്‍ പ്രയാസമാണ്. പ്രവാസികള്‍ കുടുംബസമേതം വര്‍ഷാവര്‍ഷം നാട്ടിലേക്ക് നടത്തുന്ന യാത്രകള്‍ കുടുംബസമേതമായിരിക്കും. മുന്‍പൊക്കെ ഇടത്തരം കുടുംബങ്ങള്‍ പോലും തീവണ്ടിയില്‍ ദിവസങ്ങള്‍ എടുത്തുള്ള യാത്രയാണ് ഉണ്ടാവുക. ഇന്ന് വിമാന യാത്രികരായി അവരില്‍ ഭൂരിഭാഗവും മാറിയിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ശക്തമാകുന്നതിന് ദീര്‍ഘദൂര തീവണ്ടി യാത്രകള്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വിവാഹിതരായാല്‍ മധുവിധു യാത്രകള്‍ പലരും നടത്താറുണ്ട്. സമീപകാലത്താണ് വിവാഹിതരായത് എന്ന് തിരിച്ചറിയാന്‍ വടക്കേ ഇന്ത്യയിലെ മിക്ക സ്ത്രീകളും കൈയ്യില്‍ നിറയെ മൈലാഞ്ചിയും, വളകളും ധരിക്കുന്നത് കാണാം. കേരളത്തിലേക്കാണ് ഭൂരിപക്ഷം വടക്കേ ഇന്ത്യക്കാര്‍ മധുവിധു യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത്. പ്രായമായാല്‍ തീര്‍ത്ഥാടന യാത്രകള്‍ക്കാണ് ആളുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിനകത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ യാത്ര ചെയ്യുന്നവരും രാജ്യത്തിനകത്തുള്ള തീര്‍ത്ഥാടന യാത്രകള്‍ നടത്തുന്നവരും മധ്യവയസ്സ് കഴിഞ്ഞവര്‍ ആയിരിക്കും.

യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളൊക്കെ തന്നെ ഞാനിവിടെ സൂചിപ്പിച്ചു കഴിഞ്ഞു. ഇനി യാത്രകള്‍ പോകേണ്ടവര്‍ പോകുന്ന സ്ഥലത്തിന്റെ ഭംഗിയും അവിടുത്തെ പ്രത്യേകതകളും തീര്‍ച്ചയായും നിരീക്ഷിക്കേണ്ടതുണ്ട്. ആ പ്രദേശം മുഴുവനും മനസ്സില്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ വിശദീകരണം പില്‍ക്കാലത്ത് നമുക്ക് എടുക്കാവുന്നതാണ്. ഒരു പ്രദേശത്ത് ചെന്നാല്‍ ആ പ്രദേശത്തെ ചരിത്രപരമായ വസ്തുതകള്‍ പ്രാഥമികമായിട്ടെങ്കിലും അറിഞ്ഞിരിക്കുമ്പോഴാണ് ആ പ്രദേശത്തെ പൂര്‍ണമായി നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുക എന്ന് മുന്‍പ് ഞാന്‍ സൂചിപ്പിച്ചത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. എല്ലാ പ്രദേശത്തിനും ഒരു ചരിത്രമുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. ചെറിയ പ്രദേശത്തെ ചെറിയ ചരിത്രം പക്ഷെ വലിയ സംഭവങ്ങളാകാറുണ്ട് എന്ന കാര്യം യാത്രികന്‍ മനസ്സിലാക്കേണ്ടതുണ്ട്. ചെറിയ പ്രദേശമായാലും ആ പ്രദേശത്തെ പഴയകാല കഥകള്‍ ചിലതെങ്കിലും അറിയണം. യാത്രയ്ക്കിടയില്‍ ആ പ്രദേശത്തുള്ളവരുമായി സംസാരിക്കുമ്പോള്‍ പുസ്തകങ്ങളില്‍ നിന്നില്ലാത്ത കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നു. പുതിയ അറിവുകളായി നമുക്ക് അതിനെ മാറ്റിയെടുക്കാന്‍ സാധിക്കും. അങ്ങനെ മാറ്റിയെടുക്കുന്ന പുതിയ അറിവുകള്‍ ചേര്‍ത്ത് വിജ്ഞാനത്തിന്റെ ഒരു വലിയ ശേഖരം നമ്മില്‍ സ്വയം ഉണ്ടാകുന്നു. പുസ്തകങ്ങളില്‍ കാണുന്ന ചരിത്ര കഥകളെക്കാള്‍ പ്രദേശത്തുള്ളവര്‍ പറയുന്ന അവരുടെ ഇടയില്‍ പ്രചരിച്ച പല കഥകളും ചിലപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കും. പ്രദേശവാസികള്‍ പറയുന്ന കഥകള്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ യാത്രികന് സാധിക്കണം.

യാത്രകള്‍ ഒരു സാഹിത്യകാരനും കലാകാരനും ചിത്രകാരനും ഒരുപാട് ആശയങ്ങള്‍ സമ്മാനിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന അവസരങ്ങളില്‍ അവര്‍ പറയുന്ന സംഭാഷണങ്ങളില്‍ ജീവനുള്ള ആശയങ്ങളുണ്ടാകും. കഥാപാത്രങ്ങളെ കൊണ്ട് അതൊക്കെ പറയിപ്പിക്കുമ്പോള്‍ കഥയ്ക്കും, നോവലിനും ജീവനുണ്ടാകുന്നു. അങ്ങനെ മികച്ച കഥകളും നോവലുകളും വായനക്കാരന്റെ മുന്നിലേക്ക് എത്തപ്പെടുന്നു. യാത്രകളിലൂടെ കിട്ടുന്ന ഊര്‍ജ്ജം കലാസാംസ്‌കാരിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഏതൊരു കലാകാരനും അത്യന്താപേക്ഷിതമാണ്.

അറിവും ആശയവും നല്‍കുന്ന ഒന്നാണ് യാത്രകള്‍ എന്ന് പറയുവാന്‍ വേണ്ടിയാണ് മുന്‍പേ പറഞ്ഞതൊക്കെ. അതുകൊണ്ട് നമുക്ക് ഒരു യാത്ര പോകാന്‍ തയ്യാറെടുക്കാം. ഓരോ യാത്രയും ഓരോ അനുഭവ പുസ്തകങ്ങളായിരിക്കണം. അങ്ങനെ ഒരുപാട് അനുഭവ പുസ്തകങ്ങള്‍ കൊണ്ട് നമുക്ക് വലിയൊരു പുസ്തകാലയം ഉണ്ടാക്കാം. അറിവുകള്‍ വര്‍ധിപ്പിക്കുകയും വേറിട്ട ആശയങ്ങള്‍ ഉണ്ടാക്കാനും ഈ പുസ്തകാലയം കാരണമാകട്ടെ. അറിവുകൊണ്ടും ആശയങ്ങള്‍ കൊണ്ടും സമ്പന്നമായ ഒരു മനുഷ്യനായി തീരുവാന്‍ നമുക്ക് യാത്രകള്‍ ചെയ്യാം. trips are always stay in our mind 

Content Summary: trips are always stay in our mind

ബാബു പണിക്കര്‍

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×