April 28, 2025 |
Share on

അഞ്ചരലക്ഷത്തോളം പേരെക്കൂടി നാടുകടത്താന്‍ ട്രംപ് ഭരണകൂടം

ബൈഡന്‍ ഭരണകാലത്തെ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം അവസാനിപ്പിക്കുന്നു, ക്യൂബ, വെനസ്വേല, നിക്കരാഗ്വേ, ഹെയ്തി പൗരന്മാര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാകും

അഞ്ചര ലക്ഷത്തിലധികം വിദേശ പൗരന്മാരെ കൂടി അമേരിക്കന്‍ മണ്ണില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്ത് ട്രംപ് ഭരണകൂടം. ബെഡന്‍ ഭരണകൂടത്തിന്റെ കാലത്ത് ആരംഭിച്ച താല്‍ക്കാലിക സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിന്റെ ആനുകൂല്യം മുതലാക്കി യുഎസില്‍ എത്തിയ 530,000-ത്തിലധികം ക്യൂബക്കാര്‍, ഹെയ്തിക്കാര്‍, നിക്കരാഗ്വക്കാര്‍, വെനിസ്വേലക്കാര്‍ എന്നിവരുടെ താതാകാലിക നിയമപദവി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് റദ്ദാക്കി. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവി ക്രിസ്റ്റി നോയിം ഒപ്പിട്ട ഒരു നോട്ടീസ് ഫെഡറല്‍ രജിസ്റ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുക്കുന്നതോടെ ഇത്രയധികം പേര്‍ നാടുകടത്തല്‍ നടപടികള്‍ക്ക് വിധേയരാകും. യുഎസില്‍ താല്‍ക്കാലികമായി പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും സുരക്ഷിതവും നിയമപരവുമായ ഒരു മാര്‍ഗം നല്‍കുന്നതായിരുന്നു ബൈഡന്‍ ഭരണകൂടം നിലവില്‍ വരുത്തിയ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം. ഇങ്ങനെ അമേരിക്കയില്‍ എത്തിയവരുടെ താല്‍ക്കാലിക നിയമപരമായ പദവി റദ്ദാക്കുന്നതിലൂടെ, യുഎസ് ഗവണ്‍മെന്റ് ചെയ്യുന്നത് സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം അവസാനിപ്പിക്കുകയാണ്. അതോടെ ഈ മാര്‍ഗത്തില്‍ രാജ്യത്ത് പ്രവേശിച്ചവരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കും.

വെനസ്വേല, ക്യൂബ, ഹെയ്തി, നിക്കരാഗ്വ എന്നിവിടങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന തോതിലുള്ള അനധികൃത കുടിയേറ്റത്തിനെതിരായ പ്രതികരണം കൂടിയായിരുന്നു ബൈഡന്‍ കൊണ്ടുവന്ന പരോള്‍ എന്‍ട്രി പ്രോഗ്രാം. 2022ല്‍ ആദ്യം വെനസ്വേലക്കാര്‍ക്കായാണ് ഈ പദ്ധതി ആരംഭിച്ചത്. 2023-ല്‍ മറ്റ് മൂന്ന് രാജ്യങ്ങള്‍ക്കും ഇതിന്റെ പ്രയോജനം നല്‍കി. യോഗ്യരായ വ്യക്തികള്‍ക്ക് സാധുവായ പാസ്പോര്‍ട്ടും അവരെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ കഴിയുന്ന ഒരു യുഎസ് സ്‌പോണ്‍സറും ഉണ്ടെങ്കില്‍ താല്‍ക്കാലികമായി യുഎസില്‍ പ്രവേശിക്കാനാണ് അനുമതി കൊടുത്തത്. ഇവിടെ ജീവിച്ചുകൊണ്ട് അവര്‍ ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാം. യുഎസ്-മെക്‌സിക്കോ അതിര്‍ത്തി വഴി നിയമവിരുദ്ധമായി നടക്കുന്ന കുടിയേറ്റത്തിന് ഒരു ശമനം വരുത്താന്‍ ഈയൊരു പദ്ധതിയിലൂടെ കഴിയുമെന്ന് ബൈഡന്‍ ഭരണകൂടം വിശ്വസിച്ചു.

2022 ഒക്ടോബര്‍ മുതല്‍ സിഎച്ച്എന്‍വി എന്നറിയപ്പെടുന്ന രണ്ടു വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി നിലവില്‍ വന്നു. അമേരിക്കന്‍ സ്‌പോണ്‍സര്‍മാരുടെ കീഴില്‍ യുഎസില്‍ എത്തുന്ന, ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റിനായിരുന്നു അര്‍ഹതയുണ്ടായിരുന്നത്. ഈ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് അവര്‍ യുഎസില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. ഇപ്പോഴത്തെ പുതിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 24 ന് അവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കപ്പെടും. അതോടെ അവര്‍ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി മാറു. സര്‍ക്കാര്‍ അവരെ നാടുകടത്തും.

യുഎസ് കുടിയേറ്റ നയത്തില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന വിപുലമായ മാറ്റത്തിന്റെ ഭാഗമാണ് ഈ നീക്കം. കുടിയേറ്റക്കാര്‍ക്കുള്ള നിയമപരമായ വഴികള്‍ പരമാവധി വെട്ടിക്കുറയ്ക്കുക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇത്തരം തീരുമാനങ്ങള്‍ ഇതിനകം ഫെഡറല്‍ കോടതികളില്‍ ചോദ്യം ചെയ്തിട്ടുണ്ട്, ദുരിതബാധിതരായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാനുഷിക പരിഗണനവച്ച് യുഎസില്‍ പ്രവേശിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള താത്കാലിക അനുമതി നല്‍കുന്ന പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസും കോടതിയിലുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്നത് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. പ്രസിഡന്റ് ആയശേഷം കുടിയേറ്റക്കാര്‍ക്ക് യുഎസിലേക്ക് വരാനും താമസിക്കാനുമുള്ള നിയമപരമായ വഴികള്‍ അദ്ദേഹം അടച്ചുകൊണ്ടിരിക്കുകയുമാണ്.

ഇത്തരക്കാര്‍ക്ക് കൊടുത്തിരുന്ന അനുമതി താത്കാലികമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഇമിഗ്രേഷന്‍ പദവി നേടിയെടുക്കുന്നതിനും ഇത് അടിസ്ഥാനമല്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നത്. നിയമപരമായി അനുമതി അവസാനിക്കുന്നതിന് മുമ്പ് തന്നെ എല്ലാവരും രാജ്യം വിടുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അവരെ നിര്‍ബന്ധപൂര്‍വം നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.

റഷ്യന്‍ അധിനിവേശം ആരംഭിച്ചതോടെ, താത്കാലിക പ്രവേശനാനുമതി ഉപയോഗിച്ച് അമേരിക്കയിലേക്ക് ഏകദേശം 240,000 യുക്രെയ്ന്‍ പൗരന്മാര്‍ എത്തിയിരുന്നു. ഇവരെ തിരിച്ചയക്കണോ വേണ്ടയോ എന്നു വളരെ വേഗം തന്നെ തീരുമാനം എടുക്കുമെന്നാണ് മാര്‍ച്ച് ആറാം തീയതി ട്രംപ് പറഞ്ഞത്. ബൈഡന്‍ ഭരണകൂടത്തിന്റെ ആനുകൂല്യം അനുഭവിച്ച് അമേരിക്കയില്‍ കഴിയുന്ന ഓരോരുത്തരും പുറത്താക്കല്‍ ഭീഷണിയിലാണ്. അരലക്ഷത്തിലധികം കുടിയേറ്റക്കാരെ പുറത്താക്കാനാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം, അവര്‍ യുഎസില്‍ തന്നെ തുടരാന്‍ തീരുമാനിച്ചാല്‍ നാടുകടത്തലിന് ഇരയാക്കും. സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരം യുഎസില്‍ പ്രവേശിച്ചവരില്‍ എത്ര പേര്‍ക്ക് ഇപ്പോള്‍ മറ്റെതെങ്കിലും തരത്തിലുള്ള സംരക്ഷണമോ നിയമപരമായ പദവിയോ കിട്ടുന്നുണ്ടെന്നു വ്യക്തമല്ല. ഒന്നും തന്നെയില്ലെങ്കില്‍ അവരും പുറത്താക്കപ്പെടും.  Trump administration has decided to revoke the temporary legal status of 530,000 Cubans, Haitians, Nicaraguans, and Venezuelan migrants

Content Summary; Trump administration has decided to revoke the temporary legal status of 530,000 Cubans, Haitians, Nicaraguans, and Venezuelan migrants

Leave a Reply

Your email address will not be published. Required fields are marked *

×