June 13, 2026 |
Share on

ഒടുവിൽ ട്രംപിന്റെ ഭീഷണി ഫലം കണ്ടു; പ്രതിരോധ ചെലവ് ഉയർത്തി നാറ്റോ

വിയോജിച്ച് സ്പെയിൻ

പ്രതിരോധ ചെലവ് ജിഡിപിയുടെ 5% ആയി ഉയർത്താനുള്ള നാറ്റോയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോയുടെ തീരുമാനം പാശ്ചാത്യ നാഗരികതയ്ക്ക് ഒരു വലിയ വിജയമാണെന്ന് ട്രംപ് പറഞ്ഞു. അംഗരാഷ്ട്രങ്ങളിൽ ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കാനുള്ള പ്രതിബദ്ധതയും നെതർലൻഡ്സിൽ നടന്ന വാർഷിക ഉച്ചകോടിയിൽ നേതാക്കൾ പങ്കുവെച്ചു. ഓരോ രാജ്യവും ജിഡിപിയുടെ 5% ആണ് അധികച്ചെലവിനു നീക്കിവയ്ക്കുക, ട്രംപിന്റെ സമ്മർദത്തെതുടർന്നാണിത് നിലവിൽ ഇതു 2% ആണ്.

എന്നാൽ പ്രതിരോധച്ചെലവ് കുത്തനെ ഉയർത്തിയതിനോടു സ്പെയിൻ വിയോജിച്ചു. സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചെസിനെ വിമർശിച്ച ട്രംപ്, സ്പെയിനിന് എതിരെ യുഎസ് അധിക തീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. ഇറാന്റെ ആണവ കേന്ദ്രങ്ങൾ യുഎസ് ബോംബാക്രമണത്താൽ നശിപ്പിക്കപ്പെട്ടിരിക്കില്ലെന്ന് റിപ്പോർട്ട് ചെയ്തതിന് സിഎൻഎന്നിനെയും ന്യൂയോർക്ക് ടൈംസിനെയും ട്രംപ് വിമർശിച്ചെങ്കിലും പ്രസിഡന്റിന്റെ നാറ്റോ അനുകൂല നിലപാടിനെ അത് ബാധിച്ചിട്ടില്ലെന്നാണ് സൂചന.

‘ചരിത്രപരമായ ഒരു നാഴികക്കല്ല്’ എന്നാണ് ഉച്ചകോടിയെ ട്രംപ് വിശേഷിപ്പിച്ചത്. വ്യക്തിഗതവും കൂട്ടായതുമായ ബാധ്യതകൾ നിറവേറ്റുന്നതിന് 2035 ഓടെ പ്രതിരോധ, സുരക്ഷാ സംബന്ധിയായ ചെലവുകളിൽ പ്രതിവർഷം ജി.ഡി.പിയുടെ അഞ്ച് ശതമാനം വർധിപ്പിക്കാൻ സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധരാണെന്ന അന്തിമ ഉച്ചകോടി പ്രസ്താവന 32 നേതാക്കളും അംഗീകരിച്ചു. 3.5% സൈനിക ചെലവിലും ബാക്കിയുള്ളത് അടിസ്ഥാന സൗകര്യങ്ങൾ, ഇന്റലിജൻസ്, സൈബർ സുരക്ഷ, മറ്റ് ചെലവുകൾ എന്നിവയിലുമായിരിക്കും. എന്നാൽ, നിക്ഷേപ പ്രതിജ്ഞയിൽ പുരോഗതി നിരീക്ഷിക്കാനും റഷ്യ ഉയർത്തുന്ന സുരക്ഷ ഭീഷണി പരിശോധിക്കാനും 2029ലെ ചെലവ് അവലോകനം ചെയ്യാനും നിശ്ചയിച്ചു. യു.എസ്.എയും യു.കെയും കാനഡയും ഫ്രാൻസും ജർമനിയും ഉൾപ്പെടെ യൂറോപ്പിലെയും ഉത്തര അമേരിക്കയിലെയും 32 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് നാറ്റോ.

നാറ്റോ അംഗങ്ങളുടെ പ്രതിരോധ ചെലവ് കുറവാണെന്ന് യുഎസ് പ്രസിഡന്റ് വളരെക്കാലമായി വിമർശനം ഉന്നയിച്ചിരുന്നു. 2018 ലെ ഉച്ചകോടിയിൽ യുഎസ്, സഖ്യത്തെ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന ചർച്ചകൾക്കും ഇത് വഴിവെച്ചിരുന്നു. 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, പ്രതിരോധ ചെലവുകൾ വർധിപ്പിക്കാത്ത പക്ഷം ആക്രമിക്കപ്പെടുന്ന ഒരു രാജ്യത്തെയും യുഎസ് പ്രതിരോധിക്കില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, നാറ്റോയുമായുള്ള യുഎസ് ഇടപെടൽ കുറയ്ക്കുമെന്നും റഷ്യയുമായി കൂടുതൽ അടുക്കുമെന്നും ഉക്രെയ്ൻ ഉപേക്ഷിക്കുമെന്നും യൂറോപ്പിൽ നിന്ന് സൈന്യത്തെ വേഗത്തിൽ മാറ്റുമെന്നും യൂറോപ്പും കാനഡയും ഭയന്നതോടെ ആ ആശങ്കകൾ മൂർച്ഛിച്ചു. യൂറോപ്പിനോടും ഉക്രെയ്നിനോടും മുൻ പ്രസിഡന്റ് ജോ ബൈഡനെക്കാൾ തണുത്ത നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും, നാറ്റോയുടെ പുതിയ തീരുമാനത്തോടെ ട്രംപിന്റെ കടുംപിടുത്തതിൽ അയവ് വന്നതായാണ് സൂചന.

content summary: Trump celebrates ‘Big Win’ as NATO countries pledge to increase defense expenditure

Leave a Reply

Your email address will not be published. Required fields are marked *

×