June 04, 2026 |

ഇങ്ങോട്ട് കൂട്ടിയാല്‍ തിരിച്ചും കൂട്ടും, തീരുവ ചുമത്തലില്‍ ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്‌

അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ കൂടുതൽ ശക്തിപ്പെട്ടേക്കാം

ഇറക്കുമതി തീരുവയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി തീരുവ ഈടാക്കുന്നതായി ട്രംപ് ആരോപിച്ചു.  ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ന്യായമായ വ്യാപാരമല്ല നടത്തുന്നതെന്നും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ രാജ്യങ്ങൾ അമിത തീരുവ ചുമത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന വ്യാപാര നയമാറ്റത്തെക്കുറിച്ച് സംസാരിക്കവെയാണ് ചൈനയ്ക്കും യൂറോപ്യൻ യൂണിയനുമൊപ്പം ഇന്ത്യയെക്കുറിച്ചും ട്രംപ് പരാമർശിച്ചത്. അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ കൂടുതൽ ശക്തിപ്പെട്ടേക്കാമെന്ന് ട്രംപിന്റെ വാക്കുകൾ സൂചന നൽകുന്നു. .

ഏപ്രില്‍ രണ്ട് മുതല്‍ പരസ്പര നികുതി നിലവിൽ കൊണ്ടുവരുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് വലിയ നികുതി ചുമത്തുന്നതായും രാജ്യങ്ങള്‍ക്ക് മേല്‍ അതേ നികുതി തന്നെ തിരിച്ചും ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമര്‍ശം. നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ അധിക തീരുവ ചുമത്തി ചൂഷണം ചെയ്യുകയായിരുന്നു, ഇനി അമേരിക്കയുടെ ഊഴമാണ് ട്രംപ് പറഞ്ഞു. ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന നൂറ് ശതമാനം തീരുവയെക്കുറിച്ച് ട്രംപ് പ്രത്യേകം പരമാർശിച്ചു. ഇന്ത്യയുടെ ഈ നയം തെറ്റാണെന്നും, ഇത് യുഎസിനോടുള്ള നീതികേടാണെന്നും ട്രംപ് കൂട്ടിചേർത്തു. പരസ്പര നികുതി നിലവിൽ വരുന്നതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ട വ്യാപാര ബന്ധത്തിന് വിള്ളൽ വീണേക്കാം. പരസ്പര നികുതി നടപ്പിലാക്കുന്നത് ഇന്ത്യയെ മൂന്ന് വ്യത്യസ്ത തലങ്ങളെ ബാധിച്ചേക്കാമെന്ന് ​ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് ഇന്ന് നടത്തിയത്. കുടിയേറ്റ പ്രശ്‌നങ്ങള്‍, ലഹരി, ലിംഗമാറ്റം, ഇറക്കുമതിച്ചുങ്കം, യുക്രൈനുമായുള്ള കരാര്‍, പനാമ കനാല്‍ ഇടപാട് തുടങ്ങി നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഇന്ന് സംസാരിച്ചത്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നത് തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. മയക്കുമരുന്ന് മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കും. കുട്ടികളിലെ ലിംഗമാറ്റം കുറ്റകരമാക്കുന്ന നിയമം പാസാക്കും. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാന്‍ അമേരിക്ക തയ്യാറാകുകയാണെന്നും ട്രംപ് പറഞ്ഞു. പനാമ കനാല്‍ തിരിച്ചെടുക്കുന്നതിനുള്ള നീക്കങ്ങള്‍ അമേരിക്ക ആരംഭിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. യുക്രൈനുമായുള്ള കരാര്‍ അലസിപ്പിരിഞ്ഞതിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നടത്തിയ മാപ്പപേക്ഷ താന്‍ അംഗീകരിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ജോ ബൈഡന്റെ ഭരണകാലത്ത് മാത്രം 21 മില്യണ്‍ ആളുകള്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്ന് ട്രംപ് പറഞ്ഞു. 7 മില്യണ്‍ പേര്‍ യുഎസ്- മെക്‌സികോ അതിര്‍ത്തിയില്‍ അറസ്റ്റിലായി. നികുതിയുമായി ബന്ധപ്പെട്ട് യുഎസ് സമ്പദ് വ്യവസ്ഥ നിലവില്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ വൈകാതെ തന്നെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഉണര്‍ച്ച ലഭിക്കാന്‍ പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി.

content summary: In his address to Congress, Trump criticized India’s steep tariffs and warned of potential U.S. retaliation.

Leave a Reply

Your email address will not be published. Required fields are marked *

×